2005ൽ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്തുള്ള കാവതികളം. അവിടെയുള്ള ഒരു സാധുകർഷകൻ മുഹമ്മദ് രാവിലത്തെ ജോലിയെല്ലാം കഴിഞ്ഞ് തന്റെ വയലിൽനിന്നു വീട്ടിലേക്കെത്തിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് വയലിനടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ഒരുകാര്യം അറിയിച്ചത്. ആരോ രണ്ട് സന്ദർശകർ പാടത്ത് മുഹമ്മദിനെയും കാത്ത് നിൽക്കുന്നെന്ന്. തിരക്കിട്ട് അങ്ങോട്ട് ചെന്നപ്പോൾ ഒരാൾ സുപരിചിതൻ, കോട്ടയ്ക്കലിലെ കൃഷിഓഫീസർ ജയപ്രകാശ്. രണ്ടാമതായി കൈനീളൻ ജൂബയും മുണ്ടുമണിഞ്ഞൊരു സുമുഖൻ. മുഹമ്മദിന് ആദ്യം ആളെ മനസ്സിലായില്ല. അപരിചിതൻ മുഹമ്മദിനെ ചേർത്തുപിടിച്ചപ്പോഴാണ് കൃഷിഓഫീസർ അയാളെ മുഹമ്മദിന് പരിചയപ്പെടുത്തിക്കൊടുത്തത്. അതെ അത് വേറാരുമായിരുന്നില്ല.. തെക്കുകിഴക്കനേഷ്യയിൽ തന്റെ ആത്മാർഥ സമർപ്പണം കൊണ്ടും പ്രയത്‌നം കൊണ്ടും പട്ടിണിയകറ്റിയ നമ്മുടെ സ്വന്തം ഹരിതവിപ്ലവനായകൻ-മങ്കൊമ്പ് എം.എസ്. സ്വാമിനാഥൻ.
കഥ തുടങ്ങുന്നത് ഇതിനും ഒരു അഞ്ചുമാസം മുൻപാണ്. കോട്ടയ്ക്കലിലെ ഒരു സാധാരണ നെൽക്കർഷകനായിരുന്നു മുഹമ്മദ്. അന്ന് അവിടെ കൃഷി ഓഫീസറായിരുന്ന ജയപ്രകാശ് ആധുനിക കൃഷിരിതികൾ തങ്ങളുടെ പാടത്ത് പ്രാവർത്തികമാക്കിക്കാൻ കോട്ടയ്ക്കൽ പഞ്ചായത്തിലെ ഒട്ടേറെ കർഷകരെ പ്രചോദിപ്പിച്ചു.
അദ്ദേഹത്തിന്റെ പ്രോത്സാഹനം ആവോളം കിട്ടിയ ഒരാളായിരുന്നു മുഹമ്മദ്. ജപ്പാൻകാരനായ മസനോബു ഫുക്കുവോക്കയുടെ ഒറ്റഞാർ കൃഷിരീതിയെക്കുറിച്ചറിയാനും അത് തന്റെ പാടത്ത് നടപ്പാക്കാനും മുഹമ്മദിന് പ്രേരണയായത് കൃഷിഓഫീസറായിരുന്നു. അങ്ങനെ പാട്ടത്തിനെടുത്ത പാടത്ത് 50 സെന്റ് സഥലത്ത് ഒറ്റഞാർ കൃഷിചെയ്തു. അത് വിളഞ്ഞപ്പോൾ ശരിക്കും നൂറുമേനി തന്നെയായിരുന്നു. ഓരോ ഞാറിൻ കടയിലും 26-28 പൊടിപ്പുകൾ.. അവയിലെല്ലാം നിറകതിരും.. ഇത് കാണാനാണ് കൃഷിയോഫീസർ അറിയിച്ചതുപ്രകാരം ഡോ. എം.എസ്. സ്വാമിനാഥൻ എത്തിയത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണിന്ന്.
1966 മുതൽ 1972 വരെ ഐഎആർഐയുടെ ഡയറക്ടറായിപ്രവർത്തിച്ച ആറുവർഷംകൊണ്ട് ഇന്ത്യയിലെ ഗോതമ്പുത്പാദനം അനേകമിരട്ടിവർധിപ്പിച്ച് ഇന്ത്യയെ മിച്ചധാന്യരാജ്യമാക്കിമാറ്റിയപ്പോൾ അദ്ദേഹത്തെ ഒരു അദ്ഭുതമനുഷ്യനായാണ് ലോകം വീക്ഷിച്ചത്. അദ്ദേഹം അതുമാത്രമായിരുന്നില്ല. തികച്ചും കർഷകപക്ഷമായിരുന്നു അദ്ദേഹത്തിന്റേത്.
സാധാരണകർഷകനെ സ്‌നേഹിച്ച പ്രതിഭ
1995 കാലം വിദർഭയിലെ ഒട്ടേറെ കരഷകർ ആത്മഹത്യ ചെയ്ത കാലം. കുറെ മാധ്യമ പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് 80-കാരനായ സ്വാമിനാഥൻ കർഷകരെ സന്ദർശിക്കാൻ തയ്യാറായി. അവിടെയെത്തിയ അദ്ദേഹം സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഒഴിവാക്കി സ്വന്തംനിലയിൽ കർഷകരെയും അവരുടെ കുടുംബങ്ങളെയും സന്ദർശിച്ച് അവരുടെ പരാതികൾകേട്ടു.
1990-കളിൽ മഹാരാഷ്ട്രയിലെ പരുത്തികൃഷി ആകമാനം പിങ്ക്‌വേമുകൾ തിന്നുതീർത്തപ്പോൾ ദിനംപ്രതി സ്വയം കഴുത്തിൽ കുരുക്കണിഞ്ഞിരുന്ന കർഷകരുടെ കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാനും അദ്ദേഹം പാഞ്ഞെത്തി. പടിഞ്ഞാറൻ വിദർഭയിലെ ദാനം ഗ്രാമത്തിലെ സോയാബീൻ പാടങ്ങളിൽ കീടങ്ങൾ തീമഴ പെയ്യിച്ചപ്പോഴും അദ്ദേഹത്തിന്റെ കരുതൽ പാവപ്പെട്ട കർഷകർക്ക് തണലായിമാറി. അവിടെയെത്തിയ അദ്ദേഹം ഗ്രാത്തിലെ മിക്കവാറും വീടുകൾ സന്ദർശിക്കുകയും കണ്ണീരണിഞ്ഞ മുഖത്തോടെ അവരുടെ സങ്കടം തന്റെതാക്കിമാറ്റുകയും ചെയ്തു. വിജയ് ജവാന്ധിയ എന്ന പ്രകൃതി സ്നേഹി, വൈഫാദ്, വാർദ്ധ മേഖലയിലെ ദുരിതമനുഭവിക്കുന്ന കർഷകരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിൽ സ്വാമിനാഥൻ പങ്കെടുത്തു. യോഗത്തിനിടയ്ക്ക് ഒരു പ്രായംചെന്ന കർഷകൻ ''എന്തുകൊണ്ടാണ് സർക്കാർ ഞങ്ങളെ ഇത്രയധികം വെറുക്കുന്നത്, ഞങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ ഇനി ഞങ്ങൾ തീവ്രവാദികളാവുകയാണോ ചെയ്യേണ്ടത്'' എന്ന് ചോദിച്ചു. അത്യധികം വേദനയോടെ, സ്വാമിനാഥൻ അയാളെയും മറ്റുള്ളവരെയും ആശ്വസിപ്പിച്ചു.
തറവിലയും കാർഷിക നിയമവും
കർഷകർക്ക് നൽകുന്ന തറവില മൊത്തം ഉത്പാദനച്ചെലവിന്റെ 150 ശതമാനം വർധിപ്പിക്കണമെന്ന് സ്വാമിനാഥൻ റിപ്പോർട്ടിലെ നിർദ്ദേശം തന്നെ കാണിക്കുന്നത് അദ്ദേഹം എത്രത്തോളം കർഷകപക്ഷത്തായിരുന്നു എന്നതാണ്. മോദിസർക്കാർ 2020-ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കർഷകനിയമങ്ങളെ എതിർത്തുമുന്നോട്ടുവരാൻ അദ്ദേഹത്തിന് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. 2021-ൽ ആ നിയമങ്ങൾ റദ്ദാക്കിപ്പോഴാണ് ആശ്വാസമായതെന്നു പറയാനും ആ കർഷകസ്നേഹി മടിച്ചില്ല. പ്രശസ്തരായ ഉരുളക്കിഴങ്ങു വറത്തുവിൽക്കുന്ന കമ്പനിയും മഹാരാഷ്ട്രയിലെ ഉരുളക്കിഴങ്ങ് കർഷകരും തമ്മിലുള്ള കേസിൽ കർഷകർക്കനുകൂലമായിരുന്നു അദ്ദേഹത്തിന്റെ തീവ്രനിലപാട്.
നടക്കാത്ത പാക്കേജ്
ദക്ഷിണേഷ്യയെ മൊത്തം പട്ടിണിയിൽനിന്നു രക്ഷിച്ച സ്വാമിനാഥന് മരണംവരെ നോവായിരുന്നു ഒരിക്കലും നടപ്പാക്കാത്ത സ്വന്തം നാട്ടിലെ കുട്ടനാട് പാക്കേജ്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലൊരുങ്ങിയ പാക്കേജ് പല കാരണങ്ങളാലും സർക്കാരുകൾ നടപ്പാക്കാതെ കൊണ്ടുപോയി. സ്വന്തം ജന്മഭൂമിയിലെ കർഷകരുടെ ദുരിതങ്ങൾക്ക് അറുതി കാണാനുള്ള ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.
Content Highlights: M.S. Swaminathan, the Father of India`s Green Revolution, and his unwavering support for farmers
Published: 07 Aug 2025, 12:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented