ഡോ. എം.എസ്‌. സ്വാമിനാഥനെ ഇന്നോർക്കുക എന്നതിനർഥം ലബോറട്ടറികളിലും പാടങ്ങളിലും ജനിച്ച, ഒരു രാജ്യത്തിന്റെ വിധിയെത്തന്നെ മാറ്റിമറിച്ച, ഒരു നിശ്ശബ്ദ ശാസ്ത്രവിപ്ലവത്തെ ഓർക്കുക എന്നതാണ്. സ്വാമിനാഥന്റെ ജീവചരിത്രം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യയെ വേട്ടയാടിയ ഭക്ഷ്യക്ഷാമത്തിന്റെ ഇരുണ്ടചരിത്രത്തിൽനിന്ന് വേർതിരിക്കാനാവാത്തതാണ്. 1943-ലെ ബംഗാൾക്ഷാമത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന് തീക്ഷ്ണമായൊരു ബാല്യകാലാനുഭവമായിരുന്നു. ആ അനുഭവം വിശപ്പിനെ തുടച്ചുനീക്കുന്നതിനുള്ള ഒരു ജീവിതസപര്യയ്ക്ക് പ്രേരകമായി. അങ്ങനെ അദ്ദേഹം ഒരു ജനിതകശാസ്ത്രജ്ഞനായി. നോർമൻ ബോർലോഗിനും സമർപ്പിതരായ എണ്ണമറ്റ ഇന്ത്യൻ ശാസ്ത്രജ്ഞർക്കും കർഷകർക്കുമൊപ്പം ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ നിർണായകശില്പിയായി. 1960-കളിൽ വ്യാപകമായ വരൾച്ചയെയും ക്ഷാമങ്ങളുടെ അശുഭകരമായ പ്രവചനങ്ങളെയും അഭിമുഖീകരിച്ച സ്വാമിനാഥൻ, മെക്സിക്കോയിൽ ബോർലോഗ് വികസിപ്പിച്ചെടുത്ത, ഉയർന്ന വിളവുനൽകുന്ന അർധകുള്ളൻ (semid warf) ഗോതമ്പിനങ്ങളിൽ ഒരു പ്രതീക്ഷ കണ്ടു.

To advertise here,

അദ്‌ഭുതങ്ങളുടെ വിളവെടുപ്പ്

ഇന്ത്യയിലെ കാർഷികഗവേഷണ സ്ഥാപനങ്ങളിൽ ഈ മെക്സിക്കൻ ഇനങ്ങളെ ഇന്ത്യൻ ഇനങ്ങളുമായി ക്രോസ്ബ്രീഡ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് സ്വാമിനാഥൻ അക്ഷീണമായ നേതൃത്വംനൽകി. അങ്ങനെ ഗോതമ്പിലും പിന്നീട് അരിയിലും ഉയർന്ന വിളവുനൽകുന്ന, ഉയരം കുറഞ്ഞ, രോഗപ്രതിരോധശേഷിയുള്ള, വളപ്രയോഗങ്ങളോട് പ്രതികരിക്കുന്ന, ഹ്രസ്വകാല വിത്തിനങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ ശാസ്ത്രലോകത്തിന് കഴിഞ്ഞു. 1963-’64-ൽ 10 ദശലക്ഷം ടൺ ഗോതമ്പാണ് ഇന്ത്യ ഉത്പാദിപ്പിച്ചതെങ്കിൽ 1969-’70-ൽ അത് 20 ദശലക്ഷം ടണ്ണായി. ഇന്നത് 354 ദശലക്ഷം ടണ്ണിൽ എത്തിനിൽക്കുന്നു. അഞ്ചുവർഷംകൊണ്ടുള്ള ഉത്‌പാദനത്തിന്റെ ആ ഇരട്ടിക്കൽമൂലമാണ് അതൊരു ഹരിതവിപ്ലവമായത്. അർധകുള്ളൻ ഗോതമ്പിനങ്ങളുടെ അന്നത്തെ സാധ്യത ആദ്യമായി തിരിച്ചറിഞ്ഞ സ്വാമിനാഥൻ ഇല്ലായിരുന്നെങ്കിൽ ഏഷ്യയിലെ ഹരിതവിപ്ലവം ഉണ്ടാകുമായിരുന്നില്ല എന്ന് ബോർലോഗ് തന്റെ നൊബേൽസമ്മാനപ്രസംഗത്തിൽ പറഞ്ഞത് ചരിത്രത്തിന്റെ ഭാഗമാണ്.

ദീർഘവീക്ഷണത്തിന്റെ ഗുണഫലങ്ങൾ

സ്വാമിനാഥന്റെ ശാസ്ത്രദർശനം 1960-കളിലെ അടിയന്തര ഭക്ഷ്യപ്രതിസന്ധിക്കപ്പുറത്തേക്കുകൂടി വ്യാപിച്ചിരുന്നു. അക്കാലത്തെ മുഖ്യധാരാ പരിസ്ഥിതിചിന്തയെക്കാൾ ഏറെ മുന്നിൽനിന്നിരുന്നു സ്വാമിനാഥൻ. കൂടുതൽ തീവ്രമായ കൃഷിരീതികൾ സംഘടിപ്പിക്കുമ്പോൾ അതിന്റെ ഭാഗമായി നിർവഹിക്കേണ്ട അടിയന്തര ചുമതലകളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. അങ്ങനെ 1968-ൽ അദ്ദേഹം ആദ്യമായി ‘നിത്യഹരിതവിപ്ലവം’ എന്ന ആശയം മുന്നോട്ടുവെച്ചു. മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും പൊതുവിൽ പരിസ്ഥിതിയുടെയും സംരക്ഷണം ഹരിതവിപ്ലവത്തിന്റെ ശാസ്ത്രപാരമ്പര്യത്തോട് ചേർത്തുവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉത്‌പാദനക്ഷമതയും ലാഭക്ഷമതയും സുസ്ഥിരതയും ഒരുപോലെ കാർഷികനയങ്ങളുടെ ലക്ഷ്യങ്ങളാകണമെന്ന് അദ്ദേഹം വാദിച്ചു. 

സംരക്ഷിക്കപ്പെട്ട വനങ്ങൾ

നിയോലിത്തിക് ചരിത്രത്തിന്റെ 12,000 വർഷങ്ങൾക്കുള്ളിൽ കാടുകളെയും മറ്റ് ലോലപ്രദേശങ്ങളെയും വെട്ടിനിരത്തി കൃഷിയിറക്കിക്കൊണ്ടാണ് മനുഷ്യൻ ഭക്ഷ്യോത്‌പാദനം വർധിപ്പിക്കാൻ ശ്രമിച്ചിരുന്നത്. അങ്ങനെ പരിസ്ഥിതിക്കുമേലുള്ള വലിയൊരു ആക്രമണമായി പാരമ്പര്യ കാർഷികസമ്പ്രദായങ്ങൾ മാറി. പക്ഷേ, പുതിയ കാടുകളോ പരിസ്ഥിതിലോലപ്രദേശങ്ങളോ അല്പംപോലും വെട്ടിനിരത്താതെ ഭക്ഷ്യോത്‌പാദനം പതിന്മടങ്ങ് വർധിപ്പിക്കാമെന്ന് കാട്ടിത്തന്നതായിരുന്നു ഹരിതവിപ്ലവത്തിന്റെ സംഭാവന. ഇന്ത്യ ഇന്ന് ഉത്പാദിപ്പിക്കുന്ന 354 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഹരിതവിപ്ലവത്തിന്റെ അഭാവത്തിൽ ഉത്പാദിപ്പിക്കേണ്ടിവന്നിരുന്നെങ്കിൽ ഏകദേശം 100 മുതൽ 120 ദശലക്ഷം ഹെക്ടർവരെ കാടുകളും പരിസ്ഥിതിലോലപ്രദേശങ്ങളും വെട്ടിനിരത്തേണ്ടിവന്നേനെ. അങ്ങനെ വന്നിരുന്നെങ്കിൽ ഇന്ന് നമ്മൾ വമിപ്പിക്കുന്ന കാർബണിന്റെ എത്രയോ മടങ്ങ്‌ കൂടുതലായി വമിപ്പിക്കേണ്ടിവന്നേനെ. അത്രയും കാർബണാണ് ഹരിതവിപ്ലവം അന്തരീക്ഷത്തിലേക്ക് വമിപ്പിക്കാതെ സംരക്ഷിച്ചുനിർത്തിയത്. 

‘ജീൻ കൊള്ള’ എന്ന അസംബന്ധം

ഇതുപോലെത്തന്നെ ഉയർന്നുവന്ന അസംബന്ധമായ ഒരു ആരോപണമാണ് ജീൻ ബാങ്കുകളെ സംബന്ധിക്കുന്ന ‘ജീൻ കൊള്ള’. ‘ഓരോ ജീനിന്റെയും നഷ്ടം ഭാവിയിലേക്കുള്ള നമ്മുടെ സാധ്യതകളെ കുറേശ്ശെ പരിമിതപ്പെടുത്തുന്നു’ എന്ന വീക്ഷണകോണിൽനിന്നാണ് സ്വാമിനാഥൻ ജീൻ ബാങ്കുകളെ കണ്ടത്. 1980-കളിൽ സ്വാമിനാഥന്റെ ചുമതലയ്ക്കുകീഴിൽ സ്ഥാപിക്കപ്പെട്ട ദേശീയ അന്താരാഷ്ട്ര ജേംപ്ലാസം ബാങ്കുകളിൽ ഒന്നരലക്ഷംമുതൽ രണ്ടുലക്ഷംവരെ അരിയുടെയും മറ്റുധാന്യങ്ങളുടെയും വിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചു. ഒരു മോഷണവും നടന്നിരുന്നില്ല. ഓരോ രാജ്യത്തെയും ജേംപ്ലാസങ്ങളുടെ ഒരു ഡ്യൂപ്ലിക്കേറ്റ് കോപ്പിമാത്രമാണ് ഈ ജീൻ ബാങ്കുകളിൽ ശേഖരിച്ച് സൂക്ഷിക്കപ്പെട്ടത്. അതുമൂലം പിന്നീട് വലിയ ഗുണങ്ങളുണ്ടായി. ഉദാഹരണത്തിന്, വർഷങ്ങൾ നീണ്ടുനിന്ന കംബോഡിയയിലെയും വിയറ്റ്‌നാമിലെയും യുദ്ധങ്ങൾ അവിടങ്ങളിലെ പരമ്പരാഗത നെല്ലുവിത്തിനങ്ങളെ പരിപൂർണമായി നശിപ്പിച്ചു. ഒരു വിത്തുപോലും ബാക്കിയുണ്ടായില്ല. ആ അവസരത്തിൽ ഇതേ ജീൻ ബാങ്കുകളുടെ ശേഖരത്തിൽനിന്നെടുത്ത വിത്തുകളാണ് ആ രാജ്യങ്ങൾക്ക് സൗജന്യമായി മടക്കിക്കൊടുത്ത് അവിടത്തെ പാടങ്ങളിൽ വീണ്ടും നെൽക്കൃഷി സമൃദ്ധമാക്കാൻ സഹായിച്ചത്. ഇന്ന് വിയറ്റ്‌നാം ലോകത്തെ പ്രധാന നെല്ല് കയറ്റുമതിചെയ്യുന്ന രാജ്യമാണ്. ഈ ജീൻ ബാങ്കുകൾ ഇല്ലായിരുന്നെങ്കിൽ അവിടങ്ങളിലെ ആയിരക്കണക്കിന് പരമ്പരാഗത വിത്തിനങ്ങൾ ചരിത്രത്തിന്റെ വിസ്മൃതിയിൽ ആണ്ടുപോയേനെ.

കർഷകരുടെ കാവലാൾ

വിത്തുകൾക്കുമേൽ കർഷകരുടെ പരമ്പരാഗത അവകാശങ്ങൾക്കായുള്ള ശക്തനായ ഒരു വക്താവായിരുന്നു സ്വാമിനാഥൻ. തലമുറകളായി വിത്തുകളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന കർഷകർ അംഗീകാരത്തിനും ആനുകൂല്യങ്ങളുടെ പങ്കിടലിനും അർഹരാണെന്നും അതൊരു അന്താരാഷ്ട്രമാനദണ്ഡമായി മാറണമെന്നും വർഷങ്ങൾക്കുമുൻപുതന്നെ അദ്ദേഹം വാദിച്ചിരുന്നു. ഇന്ത്യയിലെ ഒരു നാഴികക്കല്ലായ സസ്യവൈവിധ്യ സംരക്ഷണ കർഷക അവകാശ നിയമം 2001-ൽ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം ഒരു നിർണായക പങ്കുവഹിച്ചിരുന്നു.
കർഷകരുടെയും കർഷകപ്രസ്ഥാനങ്ങളുടെയും അടുത്ത ഒരു സഖാവുകൂടിയായിരുന്നു സ്വാമിനാഥൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2006-ൽ സമർപ്പിക്കപ്പെട്ട ദേശീയ കർഷകകമ്മിഷന്റെ അഞ്ചുറിപ്പോർട്ടുകൾ ഇന്ത്യൻ കാർഷികവ്യവസ്ഥയെ പരിവർത്തനംചെയ്യുന്നതിനുള്ള ഒരു ബ്ലൂപ്രിന്റ് ആയിരുന്നു. ഇതിന്റെ ഭാഗമായി സ്വാമിനാഥൻ നിർദേശിച്ച ഒരു ആശയം ഇന്ന് ഇന്ത്യയിലെ കർഷകരെ ഇളക്കിമറിക്കുന്ന ഒരു രാഷ്ട്രീയമുദ്രാവാക്യമായി മാറിയിട്ടുണ്ട്. കർഷകർക്ക് നൽകുന്ന തറവില അവരുടെ മൊത്തം (സി2) ഉത്‌പാദനച്ചെലവിന്റെ 150 ശതമാനമായി പ്രഖ്യാപിക്കണം എന്നതായിരുന്നു ആ ആശയം. 2020-ൽ മൂന്ന് കാർഷികനിയമങ്ങൾക്കെതിരേനടന്ന കർഷകരുടെ ചരിത്രപരമായ പോരാട്ടത്തിന് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2021-ൽ ആ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചപ്പോൾ പരസ്യമായി സന്തോഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.