രണ്ട് ലക്ഷം സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മരുഭൂമി. ലോകത്തിലെ ഏറ്റവും വലിയ പതിനെട്ടാമത്തെ മരുഭൂമിയും ഒമ്പതാമത്തെ വലിയ ഉഷ്ണ ഉപോഷ്ണ മേഖലാ മരുഭൂമിയും. ഥാര്‍ മരുഭൂമിയെ കുറിച്ച് പണ്ട് പാഠപുസ്തകങ്ങളില്‍ പഠിച്ചതിങ്ങനെയായിരുന്നു. ഇന്ന് ആഗോളതാപനമുണ്ടാക്കുന്ന തിരിച്ചടി ലോകത്തിന്റെ അങ്ങേയറ്റത്ത് അന്റാര്‍ട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ പോലും ചൂട് പിടിപ്പിക്കുമ്പോള്‍ ഇവിടെ രാജസ്ഥാനില്‍ ഥാര്‍ മരുഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീതകഥ പറയുകയാണ്. ചൂട്ടുപൊള്ളുന്നതിനു പകരം മരുഭൂമി പച്ചപുതക്കാനൊരുങ്ങുന്ന കാഴ്ചാണ് ഥാറിൽ. ഇത് സംബന്ധിച്ച പല പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നുവെങ്കിലും 38 ശതമാനത്തോളം പച്ചപ്പും 64 ശതമാനം മഴലഭ്യതയും ഇന്ന് ഥാര്‍ അനുഭവിച്ചുവരികയാണെന്നാണ് ഗാന്ധിനഗര്‍ ഐ.ഐ.ടിയിലെ വിദഗ്ധര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്.

To advertise here,

കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ജനസംഖ്യ, വര്‍ഷപാതം, സസ്യജാലങ്ങള്‍ എന്നിവയില്‍ ഒരേസമയം ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയ ലോകത്തിലെ ഒരേയൊരു മരുഭൂമി ഥാര്‍ ആയിരുന്നുവെന്ന് പഠനം പറയുന്നു. സംഗതി പച്ചപ്പാണെങ്കിലും ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള പല മരുഭൂമികളുടേയും വ്യാപ്തി വര്‍ധിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴാണ് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നിരീക്ഷണം ഥാര്‍ മരുഭൂമിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.

മഴലഭ്യതയിലും വര്‍ധനവ് 

മരുഭൂമികളില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശമാണ് ഥാര്‍ പ്രദേശം. ഇത്  വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ (രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന) സംസ്ഥാനങ്ങളിലും തെക്കുകിഴക്കന്‍ പാകിസ്താനിലുമായി 200,000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. 2000 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ലോകമെമ്പാടുമുള്ള 14 പ്രധാന മരുഭൂമികളെ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഈ പഠനത്തിലാണ് ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചയുണ്ടായ പ്രദേശമാണ് ഇവിടമെന്നും 2001-നും 2023-നും ഇടയില്‍ ഥാറിലെ മഴയുടെ അളവില്‍ 64 ശതമാനം വര്‍ധനവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ധനവിന് സ്വാഭാവികമായുള്ള കാലാവസ്ഥാ വ്യതിയാനത്തിനപ്പുറം മനുഷ്യന്റെ ഇടപെടലിനും പങ്കുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

14 പ്രധാന മരുഭൂമികളില്‍ ഥാര്‍, അറേബ്യന്‍, നെഗേവ്, കിഴക്കന്‍ ഗോബി തുടങ്ങി നാലെണ്ണത്തില്‍ മാത്രമാണ് 2001-2023 കാലയളവില്‍ മഴയുടെ അളവില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ നമീബിയയില്‍ ഇക്കാലയളവില്‍ മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടായി. ശേഷിക്കുന്ന ഒമ്പത് പ്രധാന മരുഭൂമികളിലെ ശരാശരി വാര്‍ഷിക മഴയുടെ അളവില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഥാര്‍ മരുഭൂമിയില്‍ പച്ചപ്പ് നിറഞ്ഞാല്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള തുടര്‍ പഠനത്തിലാണ് ഗവേഷകരിപ്പോള്‍.

placeholder
ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ദിരാഗാന്ധി കനാൽ | Photo: By Shemaroo at English Wikipedia, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=78308583
By Shemaroo at English Wikipedia, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=78308583

ജലസേചന പദ്ധതികള്‍, നിര്‍മാണം, കൃഷി

ഹിമാലയത്തില്‍ നിന്നും വരുന്ന നദികളായ ബിയാസ്, സത്‌ലജ് എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ദിരാഗാന്ധി കനാല്‍ വഴി ഥാറിലെത്തിച്ചതാണ് ഇവിടുത്തെ മരുവത്കരണം കുറച്ച പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഒരുപക്ഷേ, കാലാവസ്ഥാ വ്യതിയാനം ജലലഭ്യത പരിമിതപ്പെടുത്തിയേക്കാമെങ്കിലും  ജലസേചനം, ഭൂഗര്‍ഭജല ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട മാനുഷിക ഇടപെടലുകള്‍ക്ക് ജലദൗര്‍ലഭ്യമുള്ള പരിസ്ഥിതികളിലും വിളകളെ നിലനിര്‍ത്താന്‍ സാധിക്കും. ഇതാവാം ഇവിടെ പച്ചപ്പ് വര്‍ധിക്കാന്‍ കാരണമെന്നാണ് കണക്കുകൂട്ടുന്നത്. മണ്‍സൂണ്‍ കാലത്ത് 66 ശതമാനമാണ് പച്ചപ്പിന്റെ വര്‍ധനവ്. എന്നാല്‍, വരണ്ടകാലത്ത് ഭൂഗര്‍ഭ ജലത്തിന്റെ 67 ശതമാനമാണ് പച്ചപ്പിനായുള്ള പങ്ക് വഹിക്കുന്നത്. അതുകൊണ്ടു തന്നെ മണ്‍സൂണ്‍ അവസാനിക്കുമ്പോള്‍ പച്ചപ്പിന്റെ പ്രധാനവാഹകരായി ഭൂഗര്‍ഭജലം മാറുകയും ചെയ്യുന്നുണ്ട്.

1980 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഥാര്‍ മേഖലകളിലെ കാര്‍ഷിക പദ്ധതികളില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. കാര്‍ഷിക വിസ്തൃതി 74 ശതമാനവും ജലസേചന പ്രദേശം 24 ശതമാനവുമായി വര്‍ധിച്ചു. ഇത് കാര്‍ഷിക വികസനത്തെ മാത്രമല്ല ജനസംഖ്യാ വര്‍ധനവിനും കാരണമായി. കാലാവസ്ഥാ വ്യതിയാനവും ഒപ്പം മാനുഷിക ഇടപെടലും കൂടിച്ചേര്‍ന്നതോടെയാണ് ഥാര്‍ മരുഭൂമിയിലെ വര്‍ധിച്ച പച്ചപ്പിന് കാരണായിട്ടുള്ളത്. ഇവിടെ മഴക്കാലത്ത് ജനങ്ങള്‍ ഖാരിഫ് വിളകള്‍ക്കായി മഴയെ ആശ്രയിക്കുമ്പോല്‍ വേനല്‍ക്കാലത്ത് റാബി വിളകള്‍ക്കായി ജനങ്ങള്‍ ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്. 

placeholder
ഥാര്‍ മരുഭൂമി
ഥാർ മരുഭൂമി | PTI

നിലനില്‍പ്പ് കഠിനം

പച്ചപ്പിന്റെ വര്‍ധനവ് പ്രത്യക്ഷത്തില്‍ നല്ല പ്രവണതയാണെന്ന് തോന്നാമെങ്കിലും 1.6 കോടി ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാത്രമല്ല ഭൂഗര്‍ഭ ജലത്തിന്റെ വലിയ തോതിലുള്ള ഉപയോഗവും ഇവിടെ നടക്കുന്നു. ഇത് ഭാവിയില്‍ വലിയ ജലദൗര്‍ലഭ്യത്തിന് കാരണമാവും. ഇതിനെ കൃത്യമായി കൈകാര്യം ചെയ്യാന്‍ വരള്‍ച്ചയെ അതിജീവിക്കുന്ന വിളകള്‍ ഉപയോഗിക്കുന്നതും ജലസംരക്ഷണം മെച്ചപ്പെടുത്തുന്നതും പാരിസ്ഥിതിക നാശം കുറയ്ക്കുന്നതിനായി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിനും മുന്നോട്ട് വരണമെന്നും പഠനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. 

മറ്റ് ആവാസ വ്യവസ്ഥകളില്‍ നിന്ന് കഠിനമാണ് ഥാര്‍ മരുഭൂമിയിലെ ആവാസ വ്യവസ്ഥ. ഇവിടെ കാണപ്പെടുന്ന സസ്യജീവി വര്‍ഗങ്ങള്‍ക്ക് മറ്റ് ആവാസ വ്യവസ്ഥകളില്‍ നിനിലനില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇവിടെയുള്ള പച്ചപ്പ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

അപൂർവമായ സസ്യജാലങ്ങള്‍ക്കും കഠിനമായ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ തനതായ ആവാസവ്യവസ്ഥകള്‍ മരുഭൂമികള്‍ക്കുണ്ട്. എന്നാല്‍, സസ്യങ്ങളുടെ അമിതവളര്‍ച്ച, പ്രത്യേകിച്ച് തദ്ദേശീയമല്ലാത്ത സസ്യങ്ങളുടെ വളര്‍ച്ച പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെ തന്നെ അപ്പാടെ തടസ്സപ്പെടുത്തും. ഇത് മരുഭൂമിയിലെ പ്രാണികള്‍ക്കും ഉരഗങ്ങള്‍ക്കും പക്ഷികള്‍ക്കും അത്യന്താപേക്ഷിതമായ മണ്ണിന്റെ രാസഘടനയിലും സൂക്ഷ്മ ആവാസ വ്യവസ്ഥകളിലും മാറ്റം വരുത്തും. ആ പ്രദേശങ്ങളില്‍ മുമ്പ് നിലവിലില്ലാതിരുന്ന കീടങ്ങളെയും അധിനിവേശ ജീവിവര്‍ഗങ്ങളെയും വളരുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അനിയന്ത്രിതമായ മരങ്ങളുടെ വളര്‍ച്ച ഭൂഗര്‍ഭജലം വലിയ അളവില്‍ വലിച്ചെടുക്കുന്നവയുടെ വളര്‍ച്ചയ്ക്കും വഴിവെക്കും. ഇത് ജലനിരപ്പ് താഴ്ത്താന്‍ ഇടവരുത്തും. മാത്രമല്ല മണ്ണില്‍ ലവണാംശം അടിഞ്ഞുകൂടാനും കാലക്രമേണ ഫലഭൂയിഷ്ഠത കുറയാനും ഇടയാക്കും. ഇത് മണ്ണ് ദൃഢമാകുന്നതിനും മരുഭൂമിയിലെ മണലിന്റെ സ്വാഭാവിക ചലനാത്മകത നഷ്ടപ്പെടുന്നതിനും കാരണമാകും.

പച്ചപ്പ് വലിയ രീതിയില്‍ കാണപ്പെട്ട ഥാറിലെ പ്രധാന ഭാഗങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ കുറവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ ജലദൗര്‍ലഭ്യം തന്നെയാണ് പച്ചപ്പ് വര്‍ധിക്കുമ്പോഴുണ്ടാകുന്ന പ്രധാന തിരിച്ചടി. ഥാറിലെ ഈ മാറ്റത്തെ കാലാവസ്ഥാ മാറ്റത്തിന്റെ വിപരീത ഫലമെന്നാണ് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്. 

placeholder
Photo: 'X' People's Daily, China(www.news.CN)
Photo: 'X' People's Daily, China(www.news.CN)

ചൈനയുടെ ഗ്രേറ്റ് ഗ്രീന്‍വാള്‍ മാതൃക

കാലാവസ്ഥാ വ്യതിയാനം ഥാര്‍ മരുഭൂമിയില്‍ പച്ചപ്പ് നിറയ്ക്കുമ്പോള്‍ മരുഭൂമിയെ വനഭൂമിയാക്കി മാറ്റുന്ന ചൈനയുടെ ഗ്രേറ്റ് ഗ്രീന്‍വാള്‍ പദ്ധതിയെ കുറിച്ചും പരമാര്‍ശിക്കേണ്ടതുണ്ട്. 46 വര്‍ഷത്തെ കഠിനശ്രമം കൊണ്ട് 2024 ഓഗസ്റ്റിലാണ് ചൈന തക്ലമഖാന്‍ മരുഭൂമിയിലെ 3000 കിലോമീറ്ററിലെ മനുഷ്യ നിര്‍മിത വന പദ്ധതിയിലെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. ചൈനയുടെ ത്രീ-നോര്‍ത്ത് ഷെല്‍റ്റര്‍ ബെല്‍റ്റ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മരുഭൂമിയിലെ വനവല്‍ക്കരണം. 1949 ല്‍ 10 ശതമാനമായ രാജ്യത്തിന്റെ വനഭൂമിയുടെ വലിപ്പം 25 ശതമാനത്തിലേക്കെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു പദ്ധതി. 1978-2000 വരെ ഒരു  ഘട്ടം, 2001 മുതല്‍ 2020 വരെ രണ്ടാം ഘട്ടം, 2020 മുതല്‍ 2050 വരെ മൂന്നാം ഘട്ടം. പദ്ധതിയുടെ ഭാഗമായി ഇതുവരെ 30 മില്ല്യണ്‍ ഹെക്ടറിലാണ് ചൈന മരങ്ങള്‍ നട്ടത്.  

സിന്‍ജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാന്‍ വ്യാപിച്ചുകിടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ മരുഭൂമിയുടെ വ്യാപ്തി വര്‍ധിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനിടെയാണ് ചൈനയിലുടനീളമുള്ള മരുഭൂവത്കരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വനവല്‍ക്കരണ സംരംഭത്തിന്റെ ഭാഗമായി വനവത്കരണ പദ്ധതി നടപ്പിലാക്കിയത്.

മരുഭൂമിയില്‍ നിന്നുള്ള മണല്‍ക്കാറ്റിനെ വനം നിര്‍മിച്ച് തടഞ്ഞുനിര്‍ത്തി മരുഭൂമിയുടെ വ്യാപനം തടഞ്ഞുനിര്‍ത്തുക എന്നതാണ് പദ്ധതികൊണ്ട് ചൈന ലക്ഷ്യമിട്ടത്. പദ്ധതി 2050-ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ നിര്‍ണായകമായ നേട്ടമാണ് തക്ലമഖാന്‍ മരുഭൂമിയില്‍ ചൈന കൈവരിച്ചത്.  

പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചൈനയുടെ പ്രയത്നങ്ങളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്. വരണ്ട വടക്കു-പടിഞ്ഞാറന്‍ ഭാഗത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ചതുവഴി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയുടെ മൊത്തം വനവിസ്തൃതി 25 ശതമാനത്തിന് മുകളില്‍ എത്തിക്കാന്‍ സഹായിച്ചുവെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

കഴിഞ്ഞ 40 വര്‍ഷത്തിനിടെ സിന്‍ജിയാങ്ങിലെ വനവിസ്തൃതി ഒരു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ന്നതായും പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവത്കരണ ഉദ്യമമായാണ് ഇതിനെ കണക്കാക്കുന്നത്. മരുഭൂവല്‍ക്കരണം നിയന്ത്രണവിധേയമാക്കാന്‍ ചൈന തക്ലമഖാനില്‍ സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് തുടരുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.