തെറ്റായ ഭൂവിനിയോഗംകൊണ്ടും വനനശീകരണംകൊണ്ടും പാരിസ്ഥിതികമായ തകര്‍ച്ചയും ദാരിദ്ര്യവുമനുഭവപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ധനവും കാലിത്തീറ്റയും പച്ചിലവളവും ആഹാരവും കൈത്തൊഴിലിനാവശ്യമായ വനോത്പന്നങ്ങള്‍ നല്‍കാനും പരിസ്ഥിതി പുനരുജ്ജീവനത്തെ ത്വരപ്പെടുത്താനുമാണ് സാമൂഹികവനവത്കരണം (സോഷ്യല്‍ ഫോറസ്ട്രി) ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നടപ്പാക്കിയത്. ലോകബാങ്ക്, കനേഡിയന്‍ ഡിവലപ്മെന്റ് ഏജന്‍സി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ ഇതിനായി 'സഹായധനം' നല്‍കി. ആദ്യമേ ഭീകരമായ അഴിമതിയില്‍ മുങ്ങിപ്പോയ ഈ പദ്ധതിക്ക് വന്‍വിവാദവും കടുത്ത എതിര്‍പ്പും അഭിമുഖീകരിക്കേണ്ടിവന്നു. ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുക എന്നതില്‍നിന്ന് വ്യതിചലിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, കാറ്റാടി, പൈന്‍ തുടങ്ങിയ വിദേശ സസ്യയിനങ്ങള്‍ ഏകവിളത്തോട്ടങ്ങളാക്കി വളര്‍ത്തിയെടുക്കാനാണ് പദ്ധതി ഉപയോഗപ്പെടുത്തിയത്. 1992-93 കാലത്ത് കേരളത്തില്‍ 5000 ഹെക്ടര്‍ ഭൂമിയാണ് സോഷ്യല്‍ ഫോറസ്ട്രി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

To advertise here,

85 കോടിരൂപ ചെലവാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയിലേക്ക് വനംവകുപ്പിലെ അനേകം ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് വനസംരക്ഷണത്തിനായുള്ള സ്റ്റാഫിനെ വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വനത്തിനുലഭിക്കാറുള്ള നാമമാത്രമായ സംരക്ഷണംപോലും അവതാളത്തിലായി. ശുഷ്‌കിച്ച വനങ്ങളെ ഇടതൂര്‍ന്ന വനങ്ങളാക്കാനും വന്ധ്യമായ വനഭൂമിയെ മുഴുവന്‍ വനവത്കരിക്കാനുമുള്ള സോഷ്യല്‍ ഫോറസ്ട്രിയുടെ പദ്ധതി ഇന്ന് എവിടെ എത്തിനില്‍ക്കുന്നെന്ന് പകല്‍പോലെ വ്യക്തം.

ഒരിടത്ത് സ്വഭാവികമായി ­വളരുന്ന സസ്യം. മറ്റൊരു ആവാസവ്യവസ്ഥയില്‍കൊണ്ടെത്തിക്കുകയും അത് അവിടത്തെ മണ്ണും വെള്ളവും ജൈവവൈവിധ്യവും നശിപ്പിച്ചുകൊണ്ട് പടര്‍ന്നുപിടിക്കുകയും ചെയ്യുമ്പോഴാണ് അധിനിവേശസസ്യങ്ങള്‍ എന്നുപറയുന്നത്.

മുളമാറി യൂക്കാലിയായി

ഇപ്പോള്‍ വിവാദമാകുന്നത് കേരള വനവികസന കോര്‍പ്പറേഷന്റെ യൂക്കാലിപദ്ധതിയാണ്. വനവികസനത്തിനായുള്ള കോര്‍പ്പറേഷന്‍, കച്ചവട-വ്യവസായിക താത്പര്യത്തിന് വനനാശത്തിനായി നിയോഗിക്കപ്പെട്ടവരാണെന്ന് പൊതുജനത്തിന് ഇപ്പോഴാണ് മനസ്സിലായത്. മരം ചതച്ച് അരച്ചെടുത്ത് അതിലെ സെല്ലുലോസ് വേര്‍തിരിച്ചെടുക്കുന്നതാണ് പള്‍പ്പ്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനും പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സിനും വേണ്ടിയാണ് കാട്ടിലെ മുളയും നാട്ടിലെ മൃദുമരങ്ങളും വെട്ടി കാടും നാടും വെളുപ്പിച്ചത്. മുള പെട്ടെന്ന് വളരും. സെല്ലുലോസ് സമൃദ്ധമായുണ്ടുതാനും. മുള ഏതാണ്ട് തീര്‍ന്നുതുടങ്ങുമ്പോഴാണ് മുളയുടെ മേല്‍പ്പറഞ്ഞ ഗുണങ്ങളുള്ള യൂക്കാലിയിലേക്ക് വ്യവസായികളുടെ ശ്രദ്ധതിരിയുന്നത്. മുന്നൂറിലേറെ സ്പീഷീസുള്ള യൂക്കാലിയില്‍ ഒന്നുരണ്ടിനമൊഴികെ ഭൂരിഭാഗത്തിന്റെയും ജന്മസ്ഥലം ഓസ്ട്രേലിയന്‍ ചതുപ്പാണ്. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചായത്തോട്ടങ്ങളിലെ ചതുപ്പ് വറ്റിക്കാനാണ് യൂക്കാലിപ്റ്റസ് ആദ്യകാലത്ത് അവിടെ വെച്ചുപിടിപ്പിച്ചത്.

ഇല വാറ്റിയെടുത്ത് തൈലമുണ്ടാക്കുന്ന ഗ്‌ളോബുലസ് ഇനം നീലഗിരിക്കുന്നുകളിലാണ് ആദ്യമെത്തിയത്. മഴ ധാരാളം പെയ്യുന്നിടത്ത് 135 മീറ്റര്‍വരെ ഉയരത്തില്‍ വളരാന്‍പറ്റുന്ന ഗ്രാന്‍ഡിസ് പിന്നീട് നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. നാടിനുപറ്റുന്ന ഇനം കണ്ടെത്താനുള്ള ഗവേഷണം തുടര്‍ന്ന് അമ്പലവയലില്‍ ആരംഭിച്ചു. ഉയര്‍ന്ന മഴപ്രദേശങ്ങളില്‍ ഗ്രാന്‍ഡിസും സമതലങ്ങളില്‍ റിറ്റി കോര്‍ണിസും ശുപാര്‍ശ ചെയ്യപ്പെട്ടു.

നാല് പള്‍പ്പുവ്യവസായങ്ങള്‍. അവിടെയുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍. വ്യവസായവത്കരിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യമുയര്‍ന്നു. മുളവെട്ടിക്കൊടുക്കാന്‍ ബാംബൂ കോര്‍പ്പറേഷനെയും ചുമതലപ്പെടുത്തി. മുള തീരുമെന്നുറപ്പായപ്പോള്‍ വെട്ടാന്‍വേണ്ടി യൂക്കാലി നടാന്‍തുടങ്ങി. ലോകബാങ്കില്‍നിന്ന് കടമെടുത്ത സോഷ്യല്‍ ഫോറസ്ട്രിയിലും യൂക്കാലി വീട്ടുപടിക്കല്‍വരെയെത്തി.

placeholder
മഞ്ഞ കൊന്നയുടെ പൂവ്

അപകടകാരിയായ കൊന്ന

ഒരിടത്ത് സ്വാഭാവികമായി വളരുന്ന സസ്യം. മറ്റൊരു ആവാസവ്യവസ്ഥയില്‍കൊണ്ടെത്തിക്കുകയും അത് അവിടത്തെ മണ്ണും വെള്ളവും ജൈവവൈവിധ്യവും നശിപ്പിച്ചുകൊണ്ട് പടര്‍ന്നുപിടിക്കുകയും ചെയ്യുമ്പോഴാണ് അധിനിവേശസസ്യങ്ങള്‍ എന്നുപറയുന്നത്. ഇതില്‍ പശ്ചിമഘട്ട മലനിരകളില്‍ പ്രത്യേകിച്ച് വയനാട്ടില്‍ പടര്‍ന്നുപന്തലിച്ച ഇനമാണ് സ്വര്‍ണക്കൊന്ന. മഞ്ഞക്കൊന്ന, രാക്ഷസക്കൊന്ന എന്നൊക്കെ മറ്റുപേരുകള്‍. നീലഗിരി ജൈവമണ്ഡലത്തിലെ ഏറ്റവും വിനാശകാരിയായ അധിനിവേശസസ്യമായി സെന്ന സ്‌കെപ്റ്റാബിലിസ് എന്ന സ്വര്‍ണക്കൊന്ന മാറിക്കഴിഞ്ഞു. വനംവകുപ്പ് ഇവ വെട്ടിമാറ്റാന്‍ ആരംഭിച്ചപ്പോള്‍ മരക്കുറ്റികളില്‍നിന്ന് അനേകം പുതുനാമ്പുകളാണ് ഒന്നിച്ച് കിളിര്‍ത്തുയര്‍ന്നത്.

പത്തുമീറ്ററിലധികം ഉയരത്തില്‍ വളരുന്ന സ്വര്‍ണക്കൊന്നമരങ്ങള്‍ അവിടങ്ങളിലെ തനത് സസ്യങ്ങളെയും വന്യജീവികളെയും വന്‍തോതില്‍ ബാധിച്ചു. വയനാട് വന്യജീവിസങ്കേതത്തില്‍നിന്ന് ഈ സസ്യം ബന്ദിപ്പുര്‍, നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വുകളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ആന, കടുവ, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വലിയ ജീവികളുടെ പ്രശ്‌നങ്ങള്‍മാത്രമാണ് അധിനിവേശസസ്യങ്ങളുമായി ബന്ധപ്പെടുത്തി പൊതുവേ ചര്‍ച്ചചെയ്യുന്നത്. ലാര്‍വാഭക്ഷണ സസ്യമില്ലാതെ വംശനാശത്തിലെത്തുന്ന പൂമ്പാറ്റകളും പുഴുക്കളെ തിന്നുന്ന പക്ഷികളും ഉരഗങ്ങളുമൊക്കെ പൊതുവേ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഇന്ന് ആനയും മനുഷ്യരും അഭിമുഖമായിവരുന്ന ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ പുല്‍മേടുകളില്‍ യൂക്കാലിയും പൈനും വെച്ചുപിടിപ്പിച്ചു. 410 ഹെക്ടര്‍ പൈനും 130 ഹെക്ടര്‍ യൂക്കാലിയും തോട്ടമായി നില്‍ക്കുന്ന ഇടത്താണ് 2002-ല്‍ ആദിവാസി ജനവിഭാഗങ്ങളെയും പാര്‍പ്പിക്കാന്‍ പതിച്ചുനല്‍കുന്നത്.

അന്ധമായ ദുര

വനവികസനത്തിന്റെ പിന്നിലുള്ള അജന്‍ഡകൂടി ആലോചിക്കണം. 1990-ല്‍ അഗളി വില്ലേജിലെ കട്ടേക്കാടുതൊട്ട് കുറവന്‍പാടിവരെയുള്ള ശിരുവാണിപ്പുഴയുടെ തീരങ്ങളിലെ മുളങ്കാട് ആദ്യം 500 രൂപയ്ക്ക് ലേലമുറപ്പിച്ചു. പിന്നീട് ഇതില്‍ സ്റ്റേ വന്നു. തുടര്‍ലേലംചെയ്തപ്പോള്‍ 4,60,000 രൂപകിട്ടി. കാട്ടിലെ തടി തേവരുടെ ആന എന്ന ചൊല്ലാണ് വന വികസനത്തിന്റെ ആപ്തവാക്യം. ഒരു ടണ്‍ മുള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് നല്‍കിയത് ഒന്നേകാല്‍ രൂപയ്ക്കാണെന്നതും ചേര്‍ത്തുപഠിക്കണം.

1980-കളില്‍ ഒരു ടണ്‍ യൂക്കാലിയുടെ ഉത്പാദനച്ചെലവ് എഴുപതുരൂപയായിരുന്നു. ഇത് പള്‍പ്പ് വ്യവസായികള്‍ക്ക് നല്‍കിയത് പതിനൊന്ന് രൂപയ്ക്കായിരുന്നു. വ്യവസായത്തൊഴിലാളികളുടെ പേരില്‍ ഖജനാവിന് വന്‍നഷ്ടം. എന്നാല്‍, ഈറ്റ ഉപയോഗിച്ച് ലക്ഷക്കണക്കിനുപേര്‍ കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. അവര്‍ക്ക് മുളകിട്ടാതായപ്പോള്‍ ആ കണ്ണുനീരിന് വിലകൊടുത്തതുമില്ല.

മനുഷ്യന്‍ ഇന്ന് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി പാരിസ്ഥിതിക പ്രതിസന്ധികൂടിയാണ്. പ്രകൃതിയില്‍ നിന്നുള്ള അന്യവത്കരണം ദുരന്തങ്ങള്‍ വിതയ്ക്കുകയേ ചെയ്യൂ.

(പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീക്ക് എന്ന സംഘടനയുടെ ഡയറക്ടറാണ് ലേഖകന്‍)