
ഏതു കാരണം കൊണ്ടായാലും ജീവന് അകാലത്തില്‍ നഷ്ടപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ്.
അത് തികച്ചും ചിന്താശൂന്യമായ ഒരു നടപടികൊണ്ടാണ് സംഭവിക്കുന്നതെങ്കില്‍ പോലും
വാവസുരേഷാണ് വിഷയം.
മനുഷ്യജീവനെക്കുറിച്ച് ഇത്തിരിയെങ്കിലും കരുതലുള്ള എത്രയോ ആള്ക്കാര് എത്രയോ കാലങ്ങളായി നിരന്തരം ചൂണ്ടിക്കാട്ടിക്കൊണ്ടിരുന്നതാണ് അദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള അപകടങ്ങള്‍. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ പറയുന്ന ആള്ക്കാര് അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചു കാണുന്നവരാണെന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ തോന്നല്‍. അതുകൊണ്ട് അവരെ കളിയാക്കിക്കൊണ്ടുപോലും അദ്ദേഹം തന്റെ തെറ്റായതും അപകടകരമായതുമായ രീതി തുടര്‍ന്നു.
ഇതിനിടയില്‍ പലവട്ടം അദ്ദേഹത്തിന് വിഷപ്പാമ്പുകളുടെയുള്പ്പെടെ കടിയേറ്റു. ചിലപ്പോഴെങ്കിലും ഐ.സി.യു.വിലായി. എങ്കിലും ഓരോതവണയും ഏറ്റ വിഷത്തിന്റെ മാത്ര കുറവായതുകൊണ്ടാവാം, ജീവിതത്തിലേക്ക് തിരിച്ചു വന്നു.

ഏതോ ഒരുതവണത്തെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത് വിഷത്തിനെതിരെയുള്ള ആന്റിബോഡികള്‍ രക്തത്തില്‍ ഉള്ളതുകൊണ്ടാണെന്നോ മറ്റോ ഒരു ഡോക്ടര്‍ പറഞ്ഞത് കൃത്യമായി മനസ്സിലാക്കാതെ, എല്ലാക്കാലത്തേയ്ക്കുമുള്ള ഒരു പ്രസ്താവനയായി കരുതി പറഞ്ഞുനടന്നു. ഇത്തരം അശാസ്ത്രീയമോ അര്‍ദ്ധശാസ്ത്രീയമോ ആയ പ്രസ്താവനകളെ കൂട്ടുപിടിച്ചായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പോരാത്തതിന് ആവേശം മാത്രം നുരഞ്ഞുപതയുന്ന, ചിന്താശേഷി അല്പംപോലും കാണിക്കാത്ത ഫാന്‍സ് അസോസിയേഷന്‍കാരുടെ പിന്‍ബലവും.
അദ്ദേഹം നിത്യജീവിതത്തിലും നായകന്റെ വീരപരിവേഷം അഴിച്ചു വെക്കാതെ കൊണ്ടുനടക്കുക എന്ന വിഡ്ഢിത്തം നിരന്തരം തുടര്‍ന്നു.
ഫാന്‍സ് അസോസിയേഷന്‍കാരുടെ ഇത്തിരിപ്പോന്ന ഇടുങ്ങിയ ആവേശത്തിയേറ്ററുകളിലരങ്ങേറുന്ന,സീരിയലൈസ് ചെയ്യപ്പെട്ട അത്തരം വീരത്വവിഡ്ഢിത്തത്തിന്റെ
ഏറ്റവും പുതിയ എപ്പിസോഡ് ആണ് കഴിഞ്ഞദിവസം കോട്ടയം കുറിച്ചിയില്‍ കണ്ടത്. ലഭ്യമായ അറിവനുസരിച്ച് പാമ്പുകളെ രക്ഷിക്കാന്‍ നിലവില്‍ ലൈസന്‍സ് ഇല്ലാത്ത അദ്ദേഹം യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളോ മുന്‍കരുതലുകളോ ഇല്ലാതെയാണ് അവിടെ വന്ന് ആ വലിയ മൂര്‍ഖനെ പിടികൂടിയത്.
വാലില്‍ തൂക്കിയെടുത്ത് അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടയില്‍ അത് അദ്ദേഹത്തിനെ പലവട്ടം കടിക്കാന്‍ ശ്രമിക്കുന്നത് ആ വീഡിയോയില്‍ വ്യക്തമായി കാണാം.
ഒരിക്കല്‍ ഇടതുകാലിന്റെ മുട്ടിനുമുകള്ഭാഗം ലക്ഷ്യമാക്കി വന്ന കടിയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത് ഒരുപക്ഷേ ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.
എന്നിട്ടും നിര്‍ത്താന്‍ തയ്യാറാകാതെ വീണ്ടും അതിനെ കളിപ്പിച്ച് വലതുകാലിന്റെ തുടയില്‍ കടിവാങ്ങി അദ്ദേഹം. തീര്‍ത്തും ഒഴിവാക്കാമായിരുന്ന,വിളിച്ചു വരുത്തിയ അപകടം.
കടിയേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു മാദ്ധ്യമറിപ്പോര്‍ട്ടുകള്‍. കൃത്രിമശ്വാസോച്ഛ്വാസമൊക്കെ ( CPR ) നല്‍കിയാണ് അദ്ദേഹത്തിന്റെ ജീവന് ഡോക്ടര്‍മാര്‍ തിരിച്ചു പിടിച്ചത്. അതിനുമുമ്പ് ആവശ്യത്തിന് ഓക്സിജന്‍ കിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ തലച്ചോറുള്‍പ്പെടെയുള്ള ആന്തരികകാവയവങ്ങള്ക്ക് എന്തൊക്കെ കേടുകളാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയില്ല. എങ്കിലും അദ്ദേഹം സുഖം പ്രാപിച്ച് തിരികെ ജീവിതത്തിലേക്ക് വരുന്നത് കാത്തിരിക്കുകയാണ് നമ്മളെല്ലാം.

പക്ഷെ ഓര്‍മ്മിക്കുക. ജീവരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കാന്‍ കാണിച്ച വിമുഖത ഒന്നുകൊണ്ടു മാത്രം സംഭവിച്ചതാണിതെല്ലാം.
( സ്റ്റീവ് ഇര്‍വിനും ജെറി മാര്‍ട്ടിനും മാര്‍ക് ഓഷിയായും ഓസ്റ്റിന്‍ സ്റ്റീവന്‍സും ബ്രാഡി ബ്രാറുമൊക്കെ വെറുംകൈകൊണ്ട് പാമ്പുകളെ പിടിച്ചവരല്ലേ എന്ന് ചോദിക്കുന്നവരോട്, അവരാണ് കാണിച്ചതെന്നു കരുതി വിഡ്ഢിത്തം വിഡ്ഢിത്തമാകാതിരിക്കുന്നില്ല എന്ന് മാത്രമാണ് മറുപടി )
ശാസ്ത്രീയമായ പാമ്പുപിടുത്തം എന്ത് ? എന്തുകൊണ്ട് ?

വല്ലാതെ അമര്‍ത്തിപ്പിടിച്ചാല്‍ പൊട്ടിപ്പോയേക്കാവുന്നത്ര കനംകുറഞ്ഞ വാരിയെല്ലുകളാണ് പാമ്പുകള്‍ക്കുള്ളത്. കഴുത്തിലോ മറ്റു ഭാഗങ്ങളിലോ അമര്‍ത്തിപ്പിടിച്ചാല്‍ അങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ്. മറ്റൊന്ന് അവയുടെ ആന്തരാവയവങ്ങളുടെ ഘടനയും സ്ഥാനവുമാണ്. ശരീരാകൃതി ഒരു കുഴല്‍ പോലെയായതുകൊണ്ടുതന്നെ അവയുടെ ആന്തരികാവയവങ്ങളും ഒന്നിനു പിറകില്‍ ഒന്നായാണ് നീളമുള്ള ആ മാംസക്കുഴലിനുള്ളില് ഒതുക്കി വെച്ചിരിക്കുന്നത്. അതുകൊണ്ട് ഹൃദയമൊക്കെയുള്ളത് കുറെയേറെ പിന്നിലേക്ക് മാറിയാണ്. അതുപോലെ ശ്വാസകോശം - പാമ്പിന്റെ ഇടതുശ്വാസകോശം ചുരുങ്ങി ചെറുതായി പോയതാണെങ്കിലും വലതുശ്വാസകോശത്തിന് പലപ്പോഴും ശരീരത്തിന്റെ ഏതാണ്ട് പകുതിയിലധികത്തോളം നീളമുണ്ടാകും.
പിടിക്കുമ്പോള്‍ ഹൃദയമോ ശ്വാസകോശമോ ഒക്കെ കൈകൊണ്ട് ഞെക്കിയമര്‍ത്തി പിടിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഓര്‍ത്തു നോക്കുക.
വാലിനോട് ചേര്‍ത്ത് പിടിച്ചാലും ഇതുപോലെയൊക്കെത്തന്നെയാണ് കാര്യങ്ങള്‍. ആണ്പാമ്പുകളുടെ hemipenis പെണ്‍പാമ്പുകളുടെ അണ്ഡാശയം തുടങ്ങിയ ഭാഗങ്ങള്‍ പാമ്പിന്റെ ഗുദദ്വാരത്തോട് ചേര്‍ന്ന ഭാഗങ്ങളിലാണുള്ളത്. അതിന്റെയൊക്കെ മുകളിലേല്‍ക്കുന്ന അധികസമ്മര്ദ്ദങ്ങള് അവയുടെ സുഗമമായ ഭാവിജീവല്പ്രവര്ത്തനങ്ങള്ക്ക് തടസ്സമുണ്ടാക്കിയേക്കാം.
നമ്മള് എത്ര മൃദുലമായി പിടിച്ചാലും ശരി, പിടിക്കുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ചിലപ്പോള്‍ പാമ്പ് പിടയുകയും പുളയുകയും ശക്തിയായി കറങ്ങിമറിയുകയുമൊക്കെ ചെയ്യാം. ആ സമയത്ത് പിടുത്തം വിട്ടുപോകാതിരിക്കാന്‍ നമ്മളറിയാതെ പിടുത്തം മുറുക്കെയാക്കും. വിഷപ്പാമ്പാണെങ്കില്‍ പ്രത്യേകിച്ചും. പാമ്പിന്റെ വാരിയെല്ലുകള്‍ക്കോ ആന്തരാവയവങ്ങള്‍ക്കോ കേടുവരാന്‍ ഇത്തരമൊരു മുറുക്കിപ്പിടുത്തം മാത്രം മതിയാവും. ഇതിനൊക്കെ പുറമേയാണ് അവയെ പിടിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന വലിയ മാനസികസമ്മര്‍ദ്ദം. Post Traumatic Stress Disorder ( PTSD ) എന്നറിയപ്പെടുന്ന ഈയൊരൊറ്റ മാനസികപ്രശ്നം മാത്രം മതി പാമ്പിന്റെ പില്ക്കാല ജീവിതത്തില്‍ ദീര്‍ഘകാലത്തേയ്ക്ക് നിലനിന്നേക്കാവുന്നതോ ജീവന് പോകാന്‍ പോലും കാരണമായേക്കാവുന്നതോ ആയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍. അതുകൊണ്ടാണ് കഴിയുന്നത്ര minimum contact ല്‍ പാമ്പുകളെ രക്ഷപ്പെടുത്തണമെന്ന് സയന്റിസ്റ്റുകള്‍ പറയുന്നത്.
മാനസികമായോ ശാരീരികമായോ സമ്മര്‍ദ്ദങ്ങളില്ലാതെ അവയെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് Snake hook, Pipe, Bag, Bag with square frame,തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വളരെ ശാന്തമായി വേണം Snake rescue ചെയ്യാന്‍ എന്ന് സംസ്ഥാന വനംവകുപ്പ് ഊന്നിപ്പറയുന്നത്.
അതിനുവേണ്ടിയാണ് അവര്‍ പാമ്പുരക്ഷകര്ക്ക് പരിശീലനവും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സും നല്‍കുന്നത്. ലൈസന്‍സ് കിട്ടിയ പാമ്പുരക്ഷകരുടെ rescue നിരന്തരം monitor ചെയ്യുന്നത്. പാമ്പുകളെ വെച്ച് ഷോ കാണിക്കുകയോ അവയെ രക്ഷപ്പെടുത്തുമ്പോഴോ അല്ലാത്തസമയത്തോ വല്ലാതെ പീഡിപ്പിക്കുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ഒക്കെ ചെയ്യുന്ന പാമ്പുരക്ഷകരുടെ ലൈസന്‍സ് എടുത്തുകളയുന്നത്.

അല്ലെങ്കില്‍ തന്നെ നിയമനടപടികള്‍ക്കു കാത്തുനില്‍ക്കുകയല്ല, അവനവന്റെ ചിന്താശേഷിയും അറിവും ഉപയോഗിച്ച് ( അറിവ് മറ്റുള്ളവര്‍ തരുന്നതായാലും അറിവു തന്നെ ) താനിടപെടുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജീവന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ ( പാമ്പിനായാലും അവനവനായാലും ) ആണ് ചിന്താശേഷിയുള്ള മനുഷ്യര്‍ എന്ന നിലയില്‍ നമ്മള് ഓരോരുത്തരും ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം തീര്‍ത്തും അനാവശ്യമായ, ചിന്താശൂന്യത കൊണ്ടുമാത്രം സംഭവിച്ച ഇത്തരം അപകടങ്ങള്‍ പോലും നമുക്ക് ഒരിക്കലും ഒരു പാഠമാവില്ല.
ശാസ്ത്രബോധത്തേയും ശാസ്ത്രീയസംവിധാനങ്ങളേയും പുച്ഛത്തോടെ തള്ളിക്കളയുന്നവര്‍ തന്നെ അതേ ശാസ്ത്രവികാസത്തിന്റെ മടിയില്‍ നിസ്സഹായമായ ഒരു കൈക്കുഞ്ഞിനെപ്പോലെ വീണുകിടന്ന് ജീവരക്ഷയ്ക്കുവേണ്ടി വിലപിക്കേണ്ടിവരുന്ന സങ്കടകരമായ വൈരുദ്ധ്യം, തലയോടിനുള്ളില്‍ ചിന്താശേഷിയുള്ള മസ്തിഷ്കമുള്ള ഒരു മനുഷ്യനും ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ. വൈകല്യങ്ങളൊന്നുമില്ലാതെ പരിപൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം ജീവിതത്തിലേക്ക് തിരികെവരികയും ശാസ്ത്രീയമായിത്തന്നെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സേവനമേഖലയില്‍ പ്രവര്‍ത്തനനിരതനാവുകയും ചെയ്യട്ടെ.
Published: 02 Feb 2022, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented