കണ്‍പോളകളും ബാഹ്യകര്‍ണ്ണവുമില്ല, പക്ഷെ പാമ്പുകള്‍ക്ക് കാഴ്ചശക്തിയുണ്ട് 

മണം പിടിക്കാനുള്ള കഴിവ്

ഇന്ദ്രിയസംവേദനങ്ങളില്‍ പാമ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ളത് ഘ്രാണേന്ദ്രിയത്തിനാണ്. കാഴ്ചയേക്കാളും കേള്‍വിയേക്കാളും സ്പര്‍ശത്തെക്കാളും അവ ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ ഗന്ധസംവേദനത്തെയാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

king cobra
രാജവെമ്പാല | ഫോട്ടോ : പി.പി രതീഷ്

വായുവില്‍ കലരുന്ന ഗന്ധതന്മാത്രകളെ അവ നാവുകൊണ്ട് പിടിച്ചെടുക്കുകയാണ് ചെയ്യുക.നാവിന്റെ അറ്റം രണ്ടായി പിളര്‍ന്നിരിക്കുന്നതു കൊണ്ടുതന്നെ ഏതുദിശയില്‍ നിന്നാണ് ഗന്ധതന്മാത്രകള്‍ കൂടുതലായി നാവില്‍ വന്നുവീഴുന്നതെന്ന് അവയ്ക്ക് മനസ്സിലാകുകയും ചെയ്യും. ഇങ്ങനെ നാവില്‍ പുരളുന്ന ഗന്ധതന്മാത്രകളെ അവ നാവ് ഉള്ളിലേക്ക് വലിച്ച് വായില്‍ മേലണ്ണാക്കിലുള്ള ജേക്കബ് സണ്‍സ് ഓര്‍ഗന്‍ എന്ന പ്രത്യേക അവയവത്തിലേക്ക് വിടുന്നു. ഈ അവയവമാണ് മണത്തെ കൃത്യമായി എന്തിന്റെ മണമാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത്. അതായത്, പാമ്പ് മണം പിടിക്കുന്നത് മൂക്കുകൊണ്ടല്ല, നാക്കുകൊണ്ടാണെന്ന് സാരം. മൂക്ക് അതിന് ശ്വാസോച്ഛ്വാസത്തിനു മാത്രമുള്ള അവയവമാണ്.

കണ്ണും കാഴ്ചശക്തിയും

snake
വില്ലൂന്നിപ്പാമ്പ് | ഫോട്ടോ: ഷംനാദ് ഷാജഹാൻ | യാത്രാ മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

പാമ്പുകള്‍ക്ക് കണ്‍പോളകളില്ല. അതുകൊണ്ടുതന്നെ മണ്ണിലിഴയുമ്പോഴും മാളത്തിലിറങ്ങുമ്പോഴുമെല്ലാം കണ്ണില്‍ മണ്ണുവീഴാന്‍ സാദ്ധ്യത ഏറെയാണ്.
അതുകൊണ്ട് കണ്ണുകളുടെ പുറമേ ചില്ലുപോലെ സുതാര്യമായ, കണ്ണട പോലുള്ള ഒരാവരണമുണ്ട്. ഇതിന്റെ പേര് ബ്രില്‍ എന്നാണ്. പല പാമ്പുകളും അത്യാവശ്യം നല്ല കാഴ്ചശക്തിയുള്ളവയാണ്. അതുപക്ഷേ ചെറിയൊരു ദൂരം വരെയേ ഉള്ളെന്നു മാത്രം.( പാമ്പിന്റെ ഇനമനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും )അതുകൊണ്ടുതന്നെ അവ കാഴ്ചയേക്കാള്‍ കൂടുതല്‍ മണത്തേയാണ് നിലനില്പിനുവേണ്ടി ആശ്രയിക്കാറുള്ളത്.

 

ചെവിയും കേള്‍വിശക്തിയും

king cobra
രാജവെമ്പാല | ഫോട്ടോ : പി. പി രതീഷ്

പാമ്പിന് ബാഹ്യകര്‍ണ്ണങ്ങളില്ല. മദ്ധ്യകര്‍ണ്ണത്തിലാവട്ടെ, കൊളുമെല്ല ഓറിസ് എന്ന അസ്ഥി മാത്രമാണുള്ളത്. ഇതിന്റെ ഒരറ്റം ആന്തരകര്‍ണ്ണവുമായും മറ്റേയറ്റം കീഴ്ത്താടിയെല്ലുമായും ചേര്‍ന്നു നില്ക്കുന്നു. അതുകൊണ്ടുതന്നെ തറയിലൂടെ വരുന്ന ശബ്ദതരംഗങ്ങള്‍ താടിയെല്ലില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന കമ്പനങ്ങള്‍ ഈ അസ്ഥിവഴി ആന്തരകര്‍ണ്ണത്തിലെത്തുകയും കേള്‍വി സാദ്ധ്യമാകുകയുമാണ് ചെയ്യുന്നത്.

തറയിലൂടെ വരുന്ന ശബ്ദതരംഗങ്ങള്‍ അവയ്ക്ക് കേള്‍ക്കാന്‍ കഴിയുമെങ്കിലും വായുവിലൂടെ വരുന്ന ശബ്ദതരംഗങ്ങള്‍ കേള്‍ക്കാന്‍ പ്രയാസമാണ്. മനുഷ്യന് 20 മുതല്‍ 20000 Hertz വരെ ആവൃത്തിയുള്ള,  വായുവിലൂടെയുള്ള ശബ്ദതരംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയുമ്പോള്‍ പാമ്പുകള്‍ക്ക് ഏകദേശം 80 മുതല്‍ 600 വരെ Hertz ആവൃത്തിയിലുള്ള വായുവിലൂടെയുള്ള ശബ്ദതരംഗങ്ങളേ കേള്‍ക്കാന്‍ കഴിയൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.

മാത്രമല്ല, അവയുടെ ആന്തരകര്‍ണ്ണത്തില്‍ കോക്‌ളിയയുടെ ഉള്ളിലുള്ള , ശബ്ദകമ്പനങ്ങളെ പിടിച്ചെടുക്കുന്ന auditory hairs എന്നറിയപ്പെടുന്ന അതിസൂക്ഷ്മരോമങ്ങളുടെ എണ്ണം ഏകദേശം 250 വരെ മാത്രമാണ്. എന്നാല്‍ മനുഷ്യനില്‍ ഇതിന്റെ എണ്ണം 15000 - 16000 ആണ്. ഇത്തരം ആന്തരകര്‍ണ്ണശ്രവണരോമങ്ങള്‍ വളരുന്ന മുകുളപാളിയുടെ (basilar papillae )നീളമാകട്ടെ പലയിനം പാമ്പുകളിലും പലതരത്തിലാണ് താനും. മണ്ണില്‍ തുരന്നിറങ്ങുന്ന സ്വഭാവമുള്ള കവചവാലന്‍ പാമ്പുകളെപ്പോലുള്ളവയില്‍ ഇതിന്റെ നീളം വളരെ കൂടുതലും മരംകയറിപ്പാമ്പുകളായ വില്ലൂന്നി പോലുള്ളവയില്‍ ഈ പാളിയുടെ നീളം താരതമ്യേന കുറവുമാണ്.

അധോവായു

പാമ്പുകളും അധോവായു പോലുള്ള ശബ്ദമുണ്ടാക്കും. ശത്രുക്കളെയോ മറ്റു പാമ്പുകളേയോ ഒക്കെ അകറ്റിനിര്‍ത്താന്‍ വേണ്ടിയുള്ള പ്രതിരോധമുന്നറിയിപ്പ് ആയാണ് ആ ശബ്ദം പുറപ്പെടുവിക്കാറ്. ചിലപ്പോള്‍ അവ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നതോടൊപ്പം വിസര്‍ജ്ജിക്കുകയും ചെയ്യും.

snake eating iguana
ഇഗ്വാനയെ തിന്നുന്ന രാജവെമ്പാല | മാതൃഭൂമി ആർക്കൈവ്

ആഹാരസമ്പാദനം

എല്ലാ പാമ്പുകളും ഇരയെ വേട്ടയാടിപ്പിടിച്ചു ഭക്ഷിക്കുന്ന മാംസഭുക്കുകളാണ്. പാമ്പുകളില്‍ സസ്യഭുക്കുകളോ മിശ്രഭുക്കുകളോ ഇല്ല. ചില പാമ്പുകള്‍ പതിയിരുന്ന് ഇരപിടിക്കുന്നവയാണെങ്കില്‍ മറ്റുചിലത് ഇരയെ പിന്തുടര്‍ന്ന് പിടികൂടുന്നവയാണ്. ചിലത് ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു ഞെരിച്ചു കൊന്നു വിഴുങ്ങും.
മറ്റു ചിലത് വിഷം കുത്തിവെച്ച് കൊല്ലുകയും വിഴുങ്ങുകയും ചെയ്യും.

ഇരയെ കടിച്ചുകീറാനോ ചവയ്ക്കാനോ ഒന്നും ആവശ്യമായ വദനഭാഗങ്ങളോ പല്ലുകളോ അവയ്ക്ക് ഇല്ലാത്തതു കൊണ്ട് അവ ഇരയെ വിഴുങ്ങുകയാണ് ചെയ്യുക. ( ഈ കാര്യത്തില്‍ നമ്മുടെ പച്ച ആറ്റുവായ് പാമ്പിനെ ( Glossy Marsh Snake - Gerarda prevostiana ) വേണമെങ്കില്‍ ഒരപവാദമായി പറയാം. അത് ശരീരം ചുരുളുകളാക്കി ഞണ്ടിനേയും മറ്റും ആ ചുരുളുകള്‍ക്കിടയില്‍ ഞെരിച്ചു വലിച്ച് കഷ്ണങ്ങളാക്കി കഴിക്കാറുണ്ട് )മിക്കവാറും ഇരയുടെ തലമുതലാണ് ആദ്യം വിഴുങ്ങിത്തുടങ്ങുക. 

snake biteമിക്ക പാമ്പുകളും മുട്ട വിഴുങ്ങുമെങ്കിലും അതിന്റെ തോട് ഛര്‍ദ്ദിച്ചു കളയാറാണ് പതിവ്.

മണ്ണിര, ചിതല്‍, ഉറുമ്പിന്റെയും മറ്റും മുട്ട, തേള്‍ എന്നിവ മുതല്‍ തവള, എലി, മത്സ്യം,പക്ഷി,തുടങ്ങിയവ വരെയാണ് പൊതുവെ പാമ്പുകളുടെ ആഹാരമെങ്കിലും പെരുമ്പാമ്പിനെപ്പോലുള്ള വലിപ്പം കൂടിയ പാമ്പുകള്‍ പൂച്ച,നായ, കുറുക്കന്‍,മാന്‍ തുടങ്ങിയ ഇത്തിരി വലിയ സസ്തനികളേയും ആഹാരമാക്കാറുണ്ട്. അപൂര്‍വം ചില പാമ്പുകള്‍ ചിലന്തികളേയും ഒച്ചുകളേയും പോലും ഭക്ഷണമാക്കാറുണ്ട്.

രാജവെമ്പാലയുടെ പ്രധാനഭക്ഷണം തന്നെ മറ്റു പാമ്പുകളാണ്. ഇവയും വെള്ളിക്കെട്ടനെപ്പോലെ പലപ്പോഴും സ്വന്തം വര്‍ഗ്ഗക്കാരെ തന്നെ ആഹാരമാക്കാറുണ്ട്.


ശരീര ശല്കങ്ങള്‍ ഉണ്ടാക്കിയത് കെരാറ്റിൻ കൊണ്ട്

king cobra
ഫോട്ടോ : പി. പി രതീഷ്

ശരീരം കുഴല്‍ പോലെ നീണ്ടതും ശല്കാവൃതവുമാണ്. ശല്കങ്ങള്‍ കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മാളത്തിനുള്ളിലേയ്ക്കും മറ്റും വഴുതിയിറങ്ങിപ്പോകാന്‍ പറ്റുന്ന തരത്തില്‍ മിനുസമായ ശല്കങ്ങളാണ് ഇവയ്ക്കുള്ളത്. മാത്രമല്ല അത് കട്ടിയുള്ള ഒരു ആവരണം പോലെ അതിന്റെ ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യും. ശരീരത്തിലെ ആന്തരകോശങ്ങള്‍ വളരുന്നത് പോലെ ഈ ബാഹ്യാവരണം വളരാറില്ല. അതുകൊണ്ട് വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പാമ്പിന് ഈ ബാഹ്യാവരണം ഊരിക്കളയേണ്ടിവരുന്നു. അതിനെയാണ് നമ്മള്‍ പടം പൊഴിക്കല്‍, ഉറയൂരല്‍ എന്നൊക്കെ വിളിക്കുന്നത്.
ഇങ്ങനെ പടം പൊഴിക്കുമ്പോള്‍ ആ പടം അകംപുറം മറിയും. മാത്രമല്ല,

പാമ്പു പോയതിന്റെ എതിര്‍ദിശയിലേയ്ക്കായിരിക്കും ഊരിയിട്ട പടത്തിന്റ തല.

പൊട്ടിപ്പോകാതെയും ചുളിഞ്ഞുമടങ്ങാതെയുമൊക്കെ, തലയിലെ ശല്കങ്ങളുടെ വിന്യാസക്രമം മനസ്സിലാക്കാന്‍ പറ്റുന്ന തരത്തിലും ശരീരത്തിലെ ശല്കങ്ങളുടെ എണ്ണമെടുക്കാന്‍ പറ്റുന്ന തരത്തിലും കിട്ടിയാല്‍, പൊഴിച്ച പടത്തില്‍ നിന്ന് പാമ്പിന്റെ ഇനം തിരിച്ചറിയാം എങ്കിലും നൂറില്‍ തൊണ്ണൂറ്റൊമ്പതു പടങ്ങളും ഇങ്ങനെ കിട്ടാന്‍ സാദ്ധ്യതയില്ലാത്തതു കൊണ്ട് അതത്ര എളുപ്പമുള്ള ഒരേര്‍പ്പാടല്ല.

വിഷപ്പാമ്പുകൾ

ഭൂരിഭാഗം പാമ്പുകള്‍ക്കും വിഷമില്ല. ചിലതിന് അതിന്റെ ഇരയെ കൊല്ലാന്‍ മാത്രം നേരിയ വിഷമേ ഉണ്ടാവൂ. വളരെ ചുരുക്കം ചില ഇനങ്ങള്‍ക്ക് മനുഷ്യനെയോ അതുപോലുള്ള മററ് വലിയ ജീവികളെയോ കൊല്ലാന്‍ മാത്രം മാരകമായ വിഷം. കേരളത്തില്‍ ജീവിക്കുന്ന 5-6 ശതമാനം പാമ്പുകള്‍ക്കേ വിഷമുള്ളൂ..ആകെയുള്ള 112 പാമ്പിനങ്ങളില്‍ കൊടും വിഷമുള്ള കരപ്പാമ്പുകള്‍ നാലെണ്ണം മാത്രമാണുള്ളത്.

വിഷഗ്രന്ഥി കണ്ണിനു പിന്നിൽ

വിഷം രൂപപ്പെടുന്നത് വിഷഗ്രന്ഥികളിലാണ്. പാമ്പുകളുടെ വായുടെ മുകളില്‍, കണ്ണിനു പിന്നിലായാണ് വിഷഗ്രന്ഥി.ഈ വിഷഗ്രന്ഥിയില്‍ രൂപപ്പെടുന്ന വിഷം നേരിയ ഒരു കുഴല്‍ വഴി വിഷപ്പല്ലുകളുടെ ചുവടറ്റത്ത്, പല്ലിലെ നാളികളിലേക്ക് തുറക്കുന്നു. ഇരയെയോ ശത്രുവിനെയോ കടിക്കുമ്പോള്‍ വിഷഗ്രന്ഥി അമരുകയും വിഷം ഈ കുഴലിലൂടെ പല്ലിലെ നാളിയിലേക്ക് എത്തുകയും ചെയ്യും. ഇന്‍ജക്ഷന്‍ സിറിഞ്ചിന്റെ സൂചിപോലെ ഇരയുടെയോ ശത്രുവിന്റെയോ ശരീരത്തിലേക്ക് തുളഞ്ഞിറങ്ങുന്ന പല്ലുകള്‍ വഴി ഈ വിഷം അവയുടെ ശരീരത്തില്‍ പ്രവേശിക്കും.

snake venom
പാമ്പിൻ വിഷം ശേഖരിക്കുന്നു | ഫോട്ടോ : AP

 

പിന്നിലേക്ക് മടക്കി വെക്കാവുന്ന വികാസം പ്രാപിച്ച പല്ലുകൾ

വിഷപ്പല്ലുകളുടെ ഘടന ഇരയില്‍ അല്ലെങ്കില്‍ ശത്രുവില്‍ വിഷമേല്പിക്കാന്‍ സമര്‍ത്ഥമായ രീതിയില്‍ ഉള്ളതാണ്. സാധാരണയായി പാമ്പുകളില്‍ വിഷപ്പല്ല് മേല്‍ത്താടിയില്‍ ഇരുവശത്തുമായാണ് കാണാറുള്ളത്. അവ മറ്റു പല്ലുകളെക്കാള്‍ വലുതായിരിക്കും. ചിലയിനം പാമ്പുകള്‍ക്ക് വായുടെ മുന്നറ്റത്ത് മുകളില്‍ ഇരുവശത്തുമായിട്ടായിരിക്കും വിഷപ്പല്ലുകള്‍ കാണുക.ഇത്തരം പാമ്പുകളെ proteroglyphs എന്ന് വിളിക്കുന്നു. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

ചിലയിനങ്ങള്‍ക്ക് ഈ പല്ലുകള്‍ നീളം കൂടിയതും പിന്നിലേക്ക് മടക്കിവെക്കാവുന്ന തരത്തിലുള്ളതുമാണ്. ഇതാണ് ഏറ്റവും വികാസം പ്രാപിച്ച വിഷപ്പല്ലുകള്‍. ഇത്തരം വിഷപ്പല്ലുള്ള പാമ്പുകളെ solenoglyphs എന്ന് വിളിക്കുന്നു. അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍ ഇതിന് ഉദാഹരണമാണ്. ഇതില്‍ തന്നെ ആഫ്രിക്കയിലും മറ്റും കാണുന്ന, മണ്ണ് തുരന്നിറങ്ങുന്ന സ്വഭാവക്കാരായ സ്റ്റിലറ്റോ അണലികളുടെ വിഷപ്പല്ലുകള്‍ വായ അടച്ചുപിടിച്ചിരിക്കുന്ന അവസ്ഥയില്‍ പോലും വായയുടെ പുറത്തുകൂടി കീഴ്ത്താടിയുടെ രണ്ടുവശങ്ങളിലൂടെ താഴേയ്ക്ക് നീണ്ടുനില്ക്കും. അതായത് ഇത്തരം അണലികള്‍ക്ക് വായ തുറക്കുക പോലും ചെയ്യാതെ ഇരയിലോ ശത്രുവിലോ വിഷമേല്പിക്കാന്‍ കഴിയും.

snake
ഫോട്ടോ: ജിജു അഥീന | യാത്ര മാഗസിനിൽ പ്രസിദ്ധീകരിച്ച ചിത്രം

വായില്‍, മേല്‍ത്താടിയുടെ പിന്നറ്റത്തായി വിഷപ്പല്ലുള്ളവയാണ് മറ്റൊരിനം. ഇവയെ opisthoglypha എന്നാണ് വിളിക്കുന്നത്. വായില്‍ പിന്നറ്റത്താണ് വിഷപ്പല്ലുകളുടെ സ്ഥാനം എന്നുള്ളതു കൊണ്ട് ഇവയുടെ കടി മാരകമാകാറില്ല. പച്ചിലപ്പാമ്പ്, നാഗത്താന്‍ പാമ്പ്,പൂച്ചക്കണ്ണന്‍ പാമ്പ് തുടങ്ങിയവ ഉദാഹരണം.

വിഷപ്പല്ലുകളില്ലാത്ത പാമ്പുകളെ പൊതുവായി aglypha എന്ന് വിളിക്കാറുണ്ട്. ഇതു കൂടാതെ അപൂര്‍വം ചിലയിനം പാമ്പുകള്‍ക്ക് അവയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് തൊലിക്കടിയില്‍ കാണപ്പെടുന്ന  Nuchal glands എന്നറിയപ്പെടുന്ന ഗ്രന്ഥിയില്‍ ചിലയിനം വിഷപദാര്‍ത്ഥങ്ങള്‍ കാണാറുണ്ട്. ഇത്തരം പാമ്പുകളെ ആഹാരമാക്കാന്‍ ശ്രമിക്കുന്ന ജീവികള്‍, ഈ പാമ്പുകളെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ കഴുത്തിനു പിന്നിലെ തൊലിയിലൂടെ അവയുടെ വായിലേക്ക് ഈ വിഷപദാര്‍ത്ഥങ്ങള്‍ ഊറിയിറങ്ങുകയും അവയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. Himalayan Red necked keelback എന്നയിനം പാമ്പ് ഇതിനുദാഹരണമാണ്.

snake

പാമ്പുകളുടെ ജീവിതകാലത്ത് പലതവണ അവയുടെ വിഷദന്തങ്ങള്‍ പൊഴിഞ്ഞു പോകുകയും പകരം പുതിയവ ഉണ്ടാകുകയും ചെയ്യും.

ഗാഢത കൂടിയ ചിലയിനം രാസാഗ്‌നികളുടേയും മാംസ്യങ്ങളുടേയും വിഷവസ്തുക്കളുടേയും മിശ്രിതമാണ് പാമ്പുവിഷം. ഇത് രക്തപര്യയനവ്യവസ്ഥയിലെത്തുമ്പോഴാണ് മാരകമായ ഫലങ്ങള്‍ ഉണ്ടാകുക. നമ്മുടെ നാട്ടില്‍ കരയിലെ പാമ്പുകളില്‍ പ്രധാനമായും രണ്ടുതരം വിഷങ്ങളാണ് കാണപ്പെടുന്നത്. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന Neurotoxic വിഷവും രക്തപര്യയനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന Haemotoxic വിഷവും.