
ഇന്ത്യയുടെ വന്യജീവി സംരക്ഷണത്തിൽ പുതിയ അധ്യായം തുറന്ന പ്രൊജക്ട് ചീറ്റ നാല് വർഷം പിന്നിടുമ്പോൾ ആ പദ്ധതിക്ക് പിന്നിലെ പരിശ്രമങ്ങളെക്കുറിച്ച് പറയുകയാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഐ.ജി. സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ഉദ്യോഗസ്ഥനും പ്രൊജക്ട് ചീറ്റയുടെ മേൽനോട്ടത്തിൽ നിർണായക പങ്കുവഹിക്കുന്നതുമായ ഡോ.സഞ്ജയൻ കുമാർ ഐ.എഫ്.എസ്. രാജ്യത്ത് നിന്ന് തന്നെ അപ്രത്യക്ഷമായ ചീറ്റകളുടെ ഇപ്പോഴത്തെ എണ്ണം 52 തികയുമ്പോൾ ലോകത്ത് തന്നെ ആദ്യത്തെ ഭൂഖണ്ഡാന്തര മാറ്റിപ്പാർപ്പിക്കൽ (continental translocation) വലിയ വിജയമാണെന്ന് സഞ്ജയൻ കുമാർ പറയുന്നു. കടുവകൾ അപ്രത്യക്ഷമായ കംബോഡിയയിലേക്ക് ഇന്ത്യ കടുവകളെ നൽകാനുള്ള മറ്റൊരു പദ്ധതിക്ക് ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊജക്ട് ചീറ്റ വിജയമാണോ? ഡോ.സഞ്ജയൻ കുമാർ ഐ.എഫ്.എസ്. സംസാരിക്കുന്നു.
2022 സെപ്റ്റംബർ 17-ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി എട്ട് ചീറ്റകളെ തുറന്നുവിട്ടത് മുതൽ ഏകദേശം നാല് വർഷം പിന്നിടുകയാണ്.
പ്രൊജക്ട് ചീറ്റ വിജയമാണോ? ഇന്ത്യയിൽനിന്ന് ഇല്ലാതായ ചീറ്റകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ പിന്നാമ്പുറങ്ങൾ എന്തൊക്കെയാണ്?
പ്രൊജക്ട് ചീറ്റ വിജയം മാത്രമല്ല, അന്താരാഷ്ട്ര വന്യജീവി സംരക്ഷണ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ല് കൂടിയാണ്. സാധാരണയായി ഒരു ജീവിവർഗത്തെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതോ, ഒരു രാജ്യത്തിനകത്ത് തന്നെ വീണ്ടും അവതരിപ്പിക്കുന്നതോ ആയ നിരവധി വിജയകഥകൾ നമുക്ക് അറിയാം. എന്നാൽ പ്രൊജക്ട് ചീറ്റ അതിലുപരി വലിയൊരു ദൗത്യമാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഒരു വലിയ മാംസഭോജിയെ, മറ്റൊരു ഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്ന് വിജയകരമായി പുനഃസ്ഥാപിക്കുന്ന വലിയൊരു ഭൂഖണ്ഡാന്തര മാറ്റിപ്പാർപ്പിക്കൽ പദ്ധതിയാണ് ഇത്. ലോകവന്യജീവി സംരക്ഷണ ചരിത്രത്തിൽ ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ ഒരു വിജയകഥയായി അംഗീകരിക്കപ്പെടുകയാണ്.
ഇന്ത്യയിൽ ചീറ്റകൾ എപ്പോഴാണ് ഇല്ലാതായത്?
ഇന്ത്യയിൽ അവസാനമായി ചീറ്റയെ വേട്ടയാടിയതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം 1948-ലാണ്. 1952-ലാണ് ചീറ്റ ഇന്ത്യയിൽ പൂർണമായി ഇല്ലാതായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ നമുക്ക് നഷ്ടമായ വലിയ വലുപ്പമുള്ള വന്യജീവികളിൽ പ്രധാനപ്പെട്ട ഏക ജീവിവർഗമാണ് ചീറ്റ. കടുവ ഉൾപ്പെടെ മറ്റു പല സ്പീഷീസുകളും ഒരുകാലത്ത് വലിയ തകർച്ച നേരിട്ടെങ്കിലും പിന്നീട് സംരക്ഷണ പ്രവർത്തനങ്ങളിലൂടെ അവയുടെ ജനസംഖ്യ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു. പക്ഷേ ചീറ്റയെ ഇന്ത്യക്ക് പൂർണമായും നഷ്ടപ്പെട്ടു.1952 മുതൽ തന്നെ ചീറ്റയെ വീണ്ടും ഇന്ത്യയിൽ കൊണ്ടുവരണമെന്ന ആഗ്രഹവും ചർച്ചകളും ഉണ്ടായിരുന്നു. അന്നത്തെ ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ് ലൈഫ് കാലഘട്ടം മുതൽ ചീറ്റയെ പുനഃസ്ഥാപിക്കാനുള്ള ആശയം നിലനിന്നിരുന്നു.
ആദ്യം ചീറ്റകളെ എവിടെനിന്ന് കൊണ്ടുവരാനായിരുന്നു പദ്ധതി?
ഇന്ത്യയ്ക്ക് ഏറ്റവും അടുത്തുള്ള ചീറ്റ ജനസംഖ്യ ഇറാനിലായിരുന്നു. അതിനാൽ 1950-കളിലും 1960-കളിലും 1970-കളിലും ഇറാനിൽനിന്ന് ചീറ്റകളെ കൊണ്ടുവരാനുള്ള ചർച്ചകളാണ് നടന്നത്. 1970-കളോടെ ആ ചർച്ചകൾ കൂടുതൽ ശക്തമായി. എന്നാൽ പിന്നീട് ഇറാനിലെ ചീറ്റകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്ന് ഇറാനിയൻ ചീറ്റകളുടെ എണ്ണം ഏകദേശം 25-30 മാത്രമാണ്. ഒരു സ്ഥലത്ത് ചീറ്റയെ പുനഃസ്ഥാപിക്കണമെങ്കിൽ ആവശ്യമായ മിനിമം സംഖ്യ വേണം. അതിനാൽ ഇറാനിൽനിന്ന് ചീറ്റകളെ കൊണ്ടുവരിക പ്രായോഗികമല്ലാതായി.
തുടർന്നാണ് ആഫ്രിക്കൻ ചീറ്റകളെ പരിഗണിച്ചത്. ഇറാനിയൻ ചീറ്റയും ആഫ്രിക്കൻ ചീറ്റയും ഒരേ ജീവിവർഗമാണ്. പക്ഷേ ചിലകാര്യങ്ങളിൽ വ്യത്യാസമുണ്ട്. അങ്ങനെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ചീറ്റകളെ കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചു.
നിയമപ്രശ്നങ്ങളും അനുമതികളും
ചീറ്റകളെ ഇന്ത്യയിൽ കൊണ്ടുവരുന്നത് ശരിയാണോ എന്ന ചോദ്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസുകളും വ്യവഹാരങ്ങളും ഉണ്ടായിരുന്നു. 2016-2020 കാലഘട്ടത്തിൽ അനുകൂലമായ ഉത്തരവുകൾ ലഭിച്ചു. അതിനുശേഷമാണ് പ്രൊജക്ട് ചീറ്റയ്ക്ക് പുതിയ ഊർജവും സർക്കാർ പിന്തുണയും ലഭിച്ചത്.
2022 സെപ്റ്റംബർ 17-ന് നമീബിയയുമായി ധാരണാപത്രം ഒപ്പുവച്ചതിന്റെ ഭാഗമായി ആദ്യ ബാച്ചായി എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചു. അവയെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. അതിനു ശേഷം ദക്ഷിണാഫ്രിക്കയുമായി കരാർ ഉണ്ടാക്കി. 2023 ഫെബ്രുവരിയോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകളെയും ഇന്ത്യയിലെത്തിച്ചു. തുടർന്ന് ബോട്‌സ്വാനയുമായും ധാരണയായി. 2026 ഫെബ്രുവരി 28-ന് ബോട്‌സ്വാനയിൽനിന്ന് ഒമ്പത് ചീറ്റകളെയും ഇന്ത്യയിൽ എത്തിച്ചു.
ഇതുവരെ നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന എന്നിവിടങ്ങളിൽനിന്നായി ആകെ 29 ചീറ്റകളാണ് ഇന്ത്യയിൽ എത്തിച്ചത്. കുനോയാണ് പ്രധാന ഹബ്. കുനോയിൽനിന്ന് മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ ഗാന്ധിസാഗർ വൈൽഡ് ലൈഫ് സാങ്ക്ച്വറിയിലേക്ക് മാറ്റിയിട്ടുണ്ട്.
എന്തുകൊണ്ട് ഒരു പ്രദേശത്ത് മാത്രം ചീറ്റകളെ സംരക്ഷിക്കാൻ കഴിയുന്നില്ല?
ചീറ്റ വളരെ ദൂരം സഞ്ചരിക്കുന്ന ജീവിയാണ്. അതിനാൽ കുനോയിൽ മാത്രം ചീറ്റകളെ നിലനിർത്തുക എന്നത് ദീർഘകാല പദ്ധതി നിലയ്ക്ക് ശരിയായ സമീപനം അല്ല. അതിനായി ചീറ്റ ലാൻഡ്സ്‌കേപ്പ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
മധ്യ ഇന്ത്യയും പടിഞ്ഞാറൻ ഇന്ത്യയും ഉൾപ്പെടുന്ന പഴയ ചീറ്റ ആവാസമേഖലകൾ മാപ്പ് ചെയ്ത് ഏകദേശം പത്ത് മെറ്റാ-പോപ്പുലേഷൻ സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സൈറ്റുകളിൽ ഘട്ടംഘട്ടമായി ചീറ്റകളെ പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുടെ ലാൻഡ്സ്‌കേപ്പിൽ ചീറ്റകൾ സ്ഥിരമായി നിലനിൽക്കുകയുള്ളൂ. ഇപ്പോൾ കുനോയും ഗാന്ധിസാഗറും വികസിപ്പിച്ചുകഴിഞ്ഞു. ഗുജറാത്തിലെ ബണ്ണി ഗ്രാസ്ലാൻഡും അടുത്ത പ്രധാന സൈറ്റായി വികസിപ്പിക്കുന്നു. മധ്യപ്രദേശിലെ നോരാദേഹി, രാജസ്ഥാനിലെ ചില മേഖലകൾ എന്നിവയും ഭാവിയിലെ മെറ്റാ-പോപ്പുലേഷൻ സൈറ്റുകളായി പരിഗണനയിലാണ്.
ഇപ്പോൾ ഇന്ത്യയിൽ എത്ര ചീറ്റകളുണ്ട്?
ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് 29 ചീറ്റകളാണ്. ഇപ്പോൾ എണ്ണം 52 ആയി ഉയർന്നിട്ടുണ്ട്. അതായത് ചീറ്റകൾ ഇവിടെ ബ്രീഡ് ചെയ്യാൻ തുടങ്ങി. മരണങ്ങൾ ഒന്നുമില്ലെന്ന് പറയാനാവില്ല. ചില ചീറ്റകളും കുഞ്ഞുങ്ങളും മരിച്ചിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ അതിജീവന നിരക്ക് മെച്ചപ്പെട്ടതാണ്. ചില ആഫ്രിക്കൻ പ്രദേശങ്ങളിൽ ചീറ്റക്കുഞ്ഞുങ്ങൾക്ക് അതിജീവനം ഏകദേശം 45 ശതമാനമാണെങ്കിൽ, കുനോയിലെ പ്രൊജക്ടിൽ അത് ഏകദേശം 67 ശതമാനമാണ്. അതിനാൽ കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് ഉയർന്നതും മരണനിരക്ക് കുറഞ്ഞതുമായ ഒരു പദ്ധതിയായാണ് ഇത് വിലയിരുത്തുന്നത്. ഇന്ത്യയിൽ ജനിച്ച ചീറ്റകൾ തന്നെ വീണ്ടും ബ്രീഡ് ചെയ്യാൻ തുടങ്ങിയതാണ് മറ്റൊരു വലിയ നേട്ടം.
ലോകത്ത് ഇതുപോലുള്ള മറ്റൊരു പദ്ധതി ഉണ്ടായിട്ടുണ്ടോ?
വലിയ മാംസഭോജി മൃഗങ്ങളുടെ ട്രാൻസ്ലൊക്കേഷൻ വിജയകഥകൾ ലോകത്തുണ്ട്. ഇന്ത്യയിൽ തന്നെ ഉദാഹരണങ്ങളുണ്ട്. സരിസ്‌കയിൽ 2005-ഓടെ കടുവകൾ ഇല്ലാതാകുന്ന സ്ഥിതിയിലായിരുന്നു. 2008-ൽ രന്തംബോറിൽനിന്ന് ഹെലികോപ്റ്റർ വഴി കടുവകളെ സരിസ്‌കയിലേക്ക് എത്തിച്ചു. ഇന്ന് അവിടെ 50-ലധികം കടുവകളുണ്ട്. പന്നയിലും സമാനമായ അവസ്ഥയായിരുന്നു. 2011 കാലഘട്ടത്തിൽ അവിടെയും കടുവകൾ ഇല്ലാതാകുന്ന നിലയിലായിരുന്നു. ഇന്ന് പന്നയിൽ 80-ലധികം കടുവകളുണ്ട്.
എന്നാൽ ഇവ ഇന്ത്യയ്ക്കകത്തോ അടുത്തുള്ള പ്രദേശങ്ങളിലോ നടന്ന പുനഃസ്ഥാപനങ്ങളാണ്. പ്രൊജക്ട് ചീറ്റയുടെ പ്രത്യേകത, ആഫ്രിക്കയിൽനിന്ന് ഒരു വലിയ മാംസഭോജിയെ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്ന് പുനഃസ്ഥാപിക്കുന്നതിലാണ്. അതാണ് ഇതിനെ വ്യത്യസ്തവും ചരിത്രപരവുമായ പദ്ധതിയാക്കുന്നത്.
ചീറ്റകളെ കൊണ്ടുവരുന്നത് പണം കൊടുത്താണോ? ഇന്ത്യയിൽനിന്നുള്ള കടുവകൾ കംബോഡിയയിലേക്ക്
ഇത് പണമിടപാട് അടിസ്ഥാനത്തിലുള്ള കരാറല്ല. രാജ്യങ്ങൾ തമ്മിലുള്ള ഗുഡ് വിൽ അടിസ്ഥാനത്തിലാണ് ഇത്തരം കരാറുകൾ. സ്പീഷീസ് കൺസർവേഷനോടുള്ള പരസ്പര പ്രതിബദ്ധതയാണ് ഇതിന്റെ അടിസ്ഥാനം.
ആഫ്രിക്കൻ രാജ്യങ്ങൾ ചീറ്റകളെ നൽകുന്നു. പകരമായി ഇന്ത്യയുടെ വന്യജീവി സംരക്ഷണ പരിചയം, പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവ ആവശ്യമായിടത്ത് പങ്കുവെക്കാം. ഇതേ സമീപനത്തിലാണ് ഇന്ത്യ കംബോഡിയയുമായി കടുവകളെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തുന്നത്. കംബോഡിയയിൽ ഇപ്പോൾ കടുവകളില്ല. ഇന്ത്യയിൽ നിന്ന് കടുവകളെ അവിടെ എത്തിക്കാനുള്ള ആശയം ചർച്ചയിലാണ്. അതായത്, ഇത് ഒരു വലിയ വന്യജീവി സംരക്ഷണ ലക്ഷ്യത്തിനുവേണ്ടിയുള്ള പരസ്പര സഹകരണമാണ്.
ചീറ്റകളെ എങ്ങനെ പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു?
ഇത് വളരെ വെല്ലുവിളിയേറിയ ദൗത്യമാണ്. ഉദാഹരണത്തിന് ബോട്‌സ്വാനയിൽനിന്ന് ചീറ്റകളെ കൊണ്ടുവന്നത് എടുത്താൽ, ആദ്യം രാജ്യങ്ങൾ തമ്മിൽ മാസങ്ങളോളം ചർച്ച നടന്നു. എത്ര ചീറ്റകളെ നൽകാനാകുമെന്ന് അവർ ശാസ്ത്രീയമായി വിലയിരുത്തി. അതിനുശേഷം ചീറ്റകളെ കണ്ടെത്തി പിടികൂടണം. അതിനായി താഴെനിന്ന് പറക്കാൻ കഴിയുന്ന ചെറു വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഉപയോഗിച്ച് ചീറ്റകളെ ട്രാക്ക് ചെയ്യും. ഗ്രൗണ്ടിൽ ട്രാക്കർമാരും ഉണ്ടാകും. ചീറ്റയെ കണ്ടെത്തിയശേഷം വെടിവച്ച് മയക്കുന്നു. തുടർന്ന് സുരക്ഷിതമായി കൂട്ടിലാക്കി ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റുന്നു.
ബോട്‌സ്വാനയിൽ ചില ക്വാറന്റൈൻ സംവിധാനങ്ങൾ പുതുതായി വികസിപ്പിക്കേണ്ടിവന്നു. പിടികൂടുന്നതിന് മുമ്പുതന്നെ ക്വാറന്റൈൻ സെന്ററുകൾ തയ്യാറാക്കണം. അവിടെ ഏകദേശം ഒരു മാസം ചീറ്റകളെ സൂക്ഷിക്കും. അവയുടെ വന്യസ്വഭാവം നഷ്ടപ്പെടാതെയും മനുഷ്യരുമായി അനാവശ്യ അടുപ്പം ഉണ്ടാകാതെയും നോക്കും.
ക്വാറന്റൈൻ എന്തിനാണ്?
അന്താരാഷ്ട്ര വന്യജീവി ആരോഗ്യ നിയമപ്രകാരം ഏതെങ്കിലും വന്യമൃഗത്തെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുവരുമ്പോൾ ക്വാറന്റൈൻ നിർബന്ധമാണ്. ചീറ്റകളിൽ രോഗാണുക്കളോ മറ്റേതെങ്കിലും അണുബാധകളോ ഉണ്ടോ എന്ന് പരിശോധിക്കണം. അവ ഇന്ത്യയിലേക്ക് വരാതിരിക്കാനാണ് ഇത്. ആദ്യം ആഫ്രിക്കയിൽ ഒരു മാസം ക്വാറന്റൈൻ. ഇന്ത്യയിലെത്തിയശേഷവും വീണ്ടും ഏകദേശം ഒരു മാസം ക്വാറന്റൈൻ. അതിനുശേഷമാണ് റിലീസിങ് സെന്ററുകളിലേക്ക് മാറ്റുന്നത്. പിന്നീട് ഘട്ടംഘട്ടമായി കാട്ടിലേക്ക് തുറന്നുവിടും
ബോട്‌സ്വാനയിൽനിന്ന് ചീറ്റകളെ കൊണ്ടുവരാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടി. ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനത്തിലാണ് അവയെ ഭോപ്പാലിലെത്തിച്ചത്. ഭോപ്പാലിൽനിന്ന് ഹെലികോപ്റ്ററുകളിൽ കുനോയിലേക്ക് മാറ്റി. കുനോയിലെ ക്വാറന്റൈൻ സെന്ററുകളിൽ സൂക്ഷിച്ചശേഷം റിലീസിങ് സെന്ററുകളിലേക്കും പിന്നീട് കാട്ടിലേക്കുമാണ് വിട്ടത്.
ഇന്ത്യൻ വനങ്ങളിലെ സ്ഥലപരിമിതി ചീറ്റകളെ ബാധിക്കുമെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
ആഫ്രിക്കയിലേതുപോലുള്ള വിശാലമായ സവാനകളും പുൽമേടുകളും ഇന്ത്യയിൽ ഇല്ല എന്നത് സത്യമാണ്. എന്നാൽ മധ്യ ഇന്ത്യയിലെ കുനോ പോലുള്ള ലാൻഡ്സ്‌കേപ്പുകളിൽ പുൽമേടുകളും തുറന്ന വനപ്രദേശങ്ങളും ചേർന്ന ആവാസവ്യവസ്ഥയുണ്ട്. ഇവിടെ അത്ര വലിയ പുൽമേടുകൾ ഇല്ലെങ്കിലും ചീറ്റകൾക്ക് അനുയോജ്യമായ തുറന്ന പ്രദേശങ്ങൾ ഉണ്ട്. അതുകൊണ്ടാണ് കുനോയിൽ മാത്രം ചീറ്റകളെ പരിമിതപ്പെടുത്താതെ അനുയോജ്യമായ വിവിധ വനമേഖലകൾ തിരഞ്ഞെടുക്കുന്നത്. പശ്ചിമഘട്ടത്തെയോ വടക്ക് കിഴക്കൻ വനമേഖലയെയോ തിരഞ്ഞെടുത്തിട്ടില്ല; കാരണം അവ ചീറ്റയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നില്ല. മധ്യ ഇന്ത്യൻ ലാൻഡ്സ്‌കേപ്പുകളാണ് ചീറ്റയ്ക്ക് കൂടുതൽ അനുയോജ്യം.
കുനോ പരിസരത്തെ ഗ്രാമങ്ങൾക്ക് ഭീഷണിയുണ്ടോ?
ചീറ്റകളെ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ കുനോ പരിസരത്തെ ജനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. ജനങ്ങൾ വളരെ പോസിറ്റീവായാണ് പദ്ധതിയെ സ്വീകരിച്ചത്. അവിടുത്തെ ജനങ്ങളുടെ നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. ചീറ്റ മിത്രാസ് എന്ന പേരിൽ വോളന്റിയർമാരും പ്രവർത്തിക്കുന്നു. ചീറ്റകൾ എവിടെ കാണുന്നു, എങ്ങോട്ടാണ് സഞ്ചരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഇവർ അധികൃതർക്ക് കൈമാറുന്നു. ഇതുവരെ മനുഷ്യരിനെതിരായ ചീറ്റ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലപ്പോൾ ആടുകളെപ്പോലുള്ള വളർത്തുമൃഗങ്ങളെ ചീറ്റകൾ പിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരം നൽകാറുണ്ട്.
ചീറ്റയുടെ വരവ് കുനോയിലെ ടൂറിസത്തെയും വളർത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ടൂറിസം പലമടങ്ങ് ഉയർന്നു. ഹോട്ടലുകൾ, ഗൈഡുകൾ, ജീപ്പ് ഓപ്പറേറ്റർമാർ തുടങ്ങിയവർക്ക് തൊഴിലും വരുമാനവും ഉണ്ടാകുന്നുണ്ട്. അതിനാൽ പ്രൊജക്ട് ചീറ്റ വന്യജീവി സംരക്ഷണത്തിനപ്പുറം സാമൂഹിക-സാമ്പത്തിക വികസനത്തിനും സഹായകമാകുന്നു.
ചീറ്റകളെ പലതവണ മയക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ?
ചീറ്റകളെ പിടികൂടാനും മാറ്റിപ്പാർപ്പിക്കാനും ട്രാങ്ക്വിലൈസ് ചെയ്യേണ്ടിവരും. അത് ഒഴിവാക്കാനാകാത്ത പ്രക്രിയയാണ്. ശാസ്ത്രീയമായി ഈ മയക്കൽ ചീറ്റയുടെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു എന്ന് തെളിയിച്ചിട്ടില്ല. ചീറ്റകൾ വളരെ വിലപ്പെട്ട സ്പീഷീസാണ്. അവയെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ചില ഘട്ടങ്ങളിൽ മയക്കൽ അനിവാര്യമാണ്. ചിലപ്പോൾ ചീറ്റകൾ ദൂരപ്രദേശങ്ങളിലേക്ക് സഞ്ചരിക്കും. കുനോയിൽനിന്ന് രന്തംബോർ ഭാഗത്തേക്കുപോലും ചീറ്റകൾ എത്തിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ ചീറ്റയെ വീണ്ടും സുരക്ഷിത പ്രദേശത്തേക്ക് മാറ്റേണ്ടിവരും.
കടുവ, പുലി, ചീറ്റ ഏറ്റുമുട്ടിയാൽ?
ചീറ്റ വളരെ വേഗമുള്ളതും സജീവവുമായെങ്കിലും താരതമ്യേന ദുർബലമായ വന്യമൃഗമാണ്. കടുവയും പുലിയും ചീറ്റയേക്കാൾ ശക്തരായ മാംസഭോജികളാണ്. ആരോഗ്യവാനായ ഒരു പ്രായപൂർത്തിയായ പുലിയുമായി ചീറ്റ ഏറ്റുമുട്ടിയാൽ ചീറ്റയ്ക്ക് അപകടം ഉണ്ടാകാം. ചില സംഭവങ്ങളിൽ പുലിയുമായി ബന്ധപ്പെട്ട് ചീറ്റയുടെ മരണം ഉണ്ടായിട്ടുണ്ട്. എന്നാൽ ഓരോ സംഭവത്തിലും ഏത് വലുപ്പത്തിലുള്ള പുലിയായിരുന്നു, സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം പരിശോധിക്കണം. വനത്തിൽ ഇത്തരം ഏറ്റുമുട്ടലുകൾ സ്വാഭാവികമാണ്. കടുവകൾ ചിലപ്പോൾ പുലികളെയും വേട്ടയാടാറുണ്ട്.
ചീറ്റകളെ എങ്ങനെ നിരീക്ഷിക്കുന്നു?
ഓരോ പ്രായപൂർത്തിയായ ചീറ്റയെയും റേഡിയോ കോളർ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. ഇന്ത്യയിൽ ജനിച്ച ചീറ്റകളും പ്രായപൂർത്തിയാകുമ്പോൾ കോളർ ചെയ്യപ്പെടുന്നു. ഓരോ ചീറ്റയുടെ സഞ്ചാരവും 24 മണിക്കൂറും നിരീക്ഷിക്കുന്നു. ജിപിഎസ് മാപ്പിങ് വഴി ചീറ്റകൾ എവിടേക്ക് പോകുന്നു, എത്ര ദൂരം സഞ്ചരിക്കുന്നു, ഏത് പ്രദേശങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു, എന്താണ് ഭക്ഷണം, ഏത് ഹാബിറ്റാറ്റിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്, എവിടെയാണ് ബ്രീഡിങ് നടക്കുന്നത് തുടങ്ങിയവ ശാസ്ത്രീയമായി പഠിക്കുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഈ ഡാറ്റകൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. അതിനാൽ പ്രൊജക്ട് ചീറ്റ ഒരു ലോജിസ്റ്റിക് ദൗത്യം മാത്രമല്ല, പൂർണമായും ശാസ്ത്രീയമായി നിരീക്ഷിക്കുന്ന സംരക്ഷണ പദ്ധതിയാണ്.
അടുത്ത ഘട്ടം എന്താണ്?
ഇന്ത്യ ഇപ്പോൾ ദക്ഷിണാഫ്രിക്കയുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ബാച്ച് ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽനിന്നായിരിക്കാമെന്നാണ് പ്രതീക്ഷ.
കുനോയും ഗാന്ധിസാഗറും ഇതിനകം വികസിപ്പിച്ചു. ഗുജറാത്തിലെ ബണ്ണി ഗ്രാസ്ലാൻഡ്, മധ്യപ്രദേശിലെ നോരാദേഹി, രാജസ്ഥാനിലെ ചില മേഖലകൾ എന്നിവയും ഭാവിയിലെ സാധ്യതാ പട്ടികയിലുണ്ട്. എന്നാൽ ഒരു വനമേഖലയിലേക്ക് ചീറ്റകളെ കൊണ്ടുവരുന്നതിന് മുമ്പ് ക്വാറന്റൈൻ സെന്ററുകൾ, റിലീസിങ് സെന്ററുകൾ, വെറ്ററിനറി സൗകര്യങ്ങൾ, സ്റ്റാഫിന്റെ പരിശീലനം, അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്യൽ, പുൽമേട് സംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം.
ഇന്ത്യയിലെ കടുവ സംരക്ഷണത്തിന്റെ അവസ്ഥ
പ്രൊജക്ട് ചീറ്റയുടെ മേൽനോട്ടം വഹിക്കുന്നത് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ്. കടുവ സംരക്ഷണത്തിൽ ഇന്ത്യയ്ക്കുള്ള വലിയ പരിചയമാണ് ഇതിന് അടിസ്ഥാനമായത്. 2005-ൽ സരിസ്‌കയിൽ കടുവകൾ ഇല്ലാതായ സംഭവം രാജ്യത്തിന് വലിയ ഞെട്ടലായിരുന്നു. അതിനുശേഷം ടൈഗർ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും കടുവ സംരക്ഷണം പ്രതിസന്ധിയിലാണെന്ന് അന്ന് വ്യക്തമായി. 2006-ൽ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രൂപീകരിക്കപ്പെട്ടു. അതിനു ശേഷം പ്രൊജക്ട് ടൈഗറിന് കൂടുതൽ നിയമപരമായ കരുത്തും ശാസ്ത്രീയ സമീപനവും ലഭിച്ചു. മുമ്പ് പഗ്മാർക്ക് രീതിയിലായിരുന്നു കടുവകളുടെ കണക്കെടുപ്പ്. പിന്നീട് ക്യാമറ ട്രാപ്പ് ഉൾപ്പെടെയുള്ള ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ ആരംഭിച്ചു.
2006-ലെ ആദ്യ കണക്കെടുപ്പിൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം 1,411 ആയിരുന്നു. ഏറ്റവും പുതിയ കണക്കെടുപ്പിൽ അത് 3,682 ആയി ഉയർന്നു. ഏകദേശം മൂന്നിരട്ടിയോളം വർധനയാണ് ഉണ്ടായത്. ലോകത്തിലെ കടുവകളിൽ വലിയൊരു ശതമാനം ഇന്ത്യയിലാണ്. 2026-ലെ ആറാമത്തെ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ നടക്കുകയാണ്. അതിന്റെ റിപ്പോർട്ട് 2027 ജൂലൈയോടെ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ കടുവകൾ?
കേരളത്തിൽ പെരിയാർ, പറമ്പിക്കുളം തുടങ്ങിയ കടുവാ സങ്കേതങ്ങളുണ്ട്. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകൾ കാണപ്പെടുന്ന ലാൻഡ്സ്‌കേപ്പുകളിൽ പ്രധാനപ്പെട്ടത് വയനാടാണ്. വയനാട്, നാഗർഹോള, ബന്ദിപ്പൂർ, മുതുമല തുടങ്ങിയ മേഖലകൾ ചേർന്ന വലിയ കടുവാ സംരക്ഷണ യൂണിറ്റിന്റെ ഭാഗമാണ്. രാജ്യത്തെ മികച്ച കടുവ ആവാസമേഖലകളിലൊന്നായി ഈ പ്രദേശം കണക്കാക്കപ്പെടുന്നു.
മനുഷ്യ-വന്യജീവി സംഘർഷം കൂടുന്നുണ്ടോ?
മനുഷ്യ-വന്യജീവി സംഘർഷം കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലാകെയും ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന പ്രശ്നമാണിത്. ഒരുപക്ഷേ നൂറ്റാണ്ടുകളായി മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപെടൽ നിലനിന്നിരുന്നു. എന്നാൽ അടുത്ത കാലത്ത് സംഘർഷങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നത് ശരിയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. വന്യജീവികളുടെ എണ്ണം കൂടിയത് മാത്രമാണ് കാരണം എന്ന് ശാസ്ത്രീയമായി പറയാനാവില്ല. പ്രധാനമായി, വനപ്രദേശങ്ങളുടെ ഫ്രാഗ്മെന്റേഷൻ വലിയ പ്രശ്നമാണ്. റോഡുകൾ, റെയിൽവേ, വൈദ്യുതി ലൈനുകൾ, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവ വനപ്രദേശങ്ങളെ തുരന്ന് കടക്കുമ്പോൾ മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുന്നു. അപ്പോൾ മനുഷ്യരുമായി ഇടപെടൽ കൂടുന്നു. അത് പലപ്പോഴും സംഘർഷമായി മാറുന്നു. വികസനം ആവശ്യമില്ലെന്ന് പറയാനാവില്ല. പക്ഷേ വികസനവും വന്യജീവി സംരക്ഷണവും തമ്മിൽ ബാലൻസ് വേണം. ഒഴിവാക്കാനാവുന്ന ഫ്രാഗ്മെന്റേഷൻ ഒഴിവാക്കണം. ഒഴിവാക്കാനാവാത്തിടത്ത് ശാസ്ത്രീയമായ മിറ്റിഗേഷൻ നടപടികൾ വേണം.
ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ദൗത്യം
കടുവയെ സംരക്ഷിക്കുന്നത് ഒരു ജീവിയെ മാത്രം സംരക്ഷിക്കുന്നതല്ല. കടുവ പരിസ്ഥിതി പിരമിഡിന്റെ മുകളിൽ നിൽക്കുന്ന വന്യജീവിയാണ്. കടുവ നിലനിൽക്കുന്നുവെങ്കിൽ അതിന്റെ ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടുന്നു. അതിലൂടെ വനങ്ങളും ജലസ്രോതസ്സുകളും കാർബൺ സംഭരണ ശേഷിയും സംരക്ഷിക്കപ്പെടുന്നു. അതിന്റെ ഗുണം മനുഷ്യ സമൂഹത്തിനും ലഭിക്കുന്നു.
ദീർഘകാലത്തേക്ക് ഇന്ത്യയിലുടനീളം കടുവകളുടെ എണ്ണം നിലനിർത്തുകയാണ് പ്രധാന ലക്ഷ്യം. അത് വനംവകുപ്പിന്റെ മാത്രം ജോലി അല്ല. പൊതുസമൂഹം, ജനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണ്. ജനപങ്കാളിത്തത്തോടെയും ശാസ്ത്രീയ സമീപനത്തോടെയും മാത്രമേ ദീർഘകാല സംരക്ഷണം സാധ്യമാകൂ.
ഒരു മലയാളിക്ക് ലഭിച്ച അപൂർവ അവസരം
ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയെന്നത് വലിയൊരു അവസരമാണ്. രാജ്യത്തെ കടുവകളെ സംരക്ഷിക്കാൻ കഴിയുന്നതും, അതോടൊപ്പം പ്രൊജക്ട് ചീറ്റ പോലൊരു അന്താരാഷ്ട്ര ശ്രദ്ധ നേടിയ പദ്ധതിയിൽ പങ്കാളിയാകുന്നതും വലിയ ഭാഗ്യമായി കാണുന്നു.
1952-ന് ശേഷം ഇന്ത്യയുടെ വനമേഖലകളിൽ വീണ്ടും ചീറ്റകളെ കാണാൻ കഴിയുന്നത് വലിയ നേട്ടമാണ്. പ്രൊജക്ട് ചീറ്റ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ്. ഇന്ത്യയിൽനിന്ന് നഷ്ടമായ ഒരു വന്യജീവിയെ വീണ്ടും നമ്മുടെ വനമേഖലകളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നത് വന്യജീവി സംരക്ഷണ ചരിത്രത്തിലെ അഭിമാനകരമായ അധ്യായമാണ്.
Content Highlights: The success of Project Cheetah in 2026. With 52 cheetahs now in India, learn how Dr. Sanjay Kumar leads this historic continental translocation.
Published: 10 Jul 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented