കൊച്ചി: ആഗോളതാപനം കൊതുകുകളുടെ ജീവിതത്തിലും പരിണാമങ്ങൾ ഉണ്ടാക്കിയെന്ന് ലോകാരോഗ്യസംഘടനയുടെ കൊതുകുപരത്തുന്ന രോഗങ്ങളുടെ വിഭാഗത്തിലെ മുൻ ഉപദേശകനും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിലെ ഇമേരിറ്റസ് പ്രൊഫസറുമായ ഡോ. കെ.എൻ. പണിക്കർ. ചേർത്തലയിലെ മന്തുരോഗ നിർമാർജന യജ്ഞത്തിൽ വലിയ പങ്കുവഹിച്ച ഡോ. പണിക്കർ നിലവിൽ ഇന്ത്യൻ നെറ്റ്‌വർക്ക് ഫോർ നെഗ്‌ളറ്റഡ് ട്രോപ്പിക്കൽ ഡിസീസസ് ചെയർമാനുമാണ്.

To advertise here,

ഐ.സി.എം.ആറിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്രേഡ് സയിൻറിസ്റ്റ് ആയിരുന്ന ഡോക്ടർ, ലോക ബാങ്കിന്റെ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ചെയർമാൻ എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കാലാവസ്ഥാ മാറ്റത്തിനിടെയുള്ള കൊതുകിന്റെ ജീവിത പരിണാമങ്ങളെ കുറിച്ച് ഡോ. പണിക്കർ സംസാരിക്കുന്നു.

‘‘ആഗോളതാപനമാണ് കൊതുകുകളുടെ വളർച്ച വേഗത്തിലാക്കുന്നത്. കൊതുകുകൾ ശീതരക്തമുള്ള ജീവികളായതിനാൽ അവയുടെ ശരീര താപനില അന്തരീക്ഷത്തിന് അനുസരിച്ച് മാറും. താപനിലയിലെ നേരിയ മാറ്റങ്ങൾ പോലും വളർച്ചയെയും രോഗം പരത്താനുള്ള ശേഷിയെയും ഗണ്യമായി സഹായിക്കുന്നു. താപനിലയെ ആശ്രയിച്ചാണ് കൊതുകുകളുടെ ജീവിതചക്രം നടക്കുന്നത്. ഉയർന്ന താപനിലയിൽ 25 മുതൽ 30 വരെ ഡിഗ്രി സെൽഷ്യസിൽ ജീവിതചക്രം വേഗത്തിൽ പൂർത്തിയാകുന്നു. കൊതുകുകൾ പെട്ടന്നുവളർന്ന് വലുതാകുകയും മുട്ടയിടുകയും പുതിയ കൊതുകുകൾ ഉണ്ടാകുകയും ചെയ്യും. സാധാരണയായി 10 ദിവസം എടുക്കുന്ന കൊതുകിന്റെ ജീവിതചക്രം ശരാശരി എട്ടു ദിവസം കൊണ്ടുതന്നെ ഇപ്പോൾ പൂർത്തിയാകുന്നുണ്ട്. ഈ മാറ്റം കൊതുകുകൾക്ക് കൂടുതൽ തലമുറകൾ വേഗമുണ്ടാകാൻ കാരണമാകുന്നു.

കേരളം പോലെയുള്ള പ്രദേശങ്ങളിൽ മൺസൂൺ നീളുന്നതും വേനൽക്കാലം ചൂടാകുന്നതും കൊതുകുകൾക്ക് വർഷം മുഴുവനും സജീവമായിരിക്കാൻ സാധിക്കുന്നു. കേരളത്തിൽ നിലവിലുള്ള മൺസൂൺ കാലാവസ്ഥയിൽ ഉയർന്ന ഈർപ്പവുമുണ്ടാകും. ഇതും കൊതുകുകളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്.

രോഗവ്യാപനം കൂട്ടും

മാറിയ കാലാവസ്ഥയിൽ കൊതുകുകൾ വഴിയുള്ള രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ഡോ. കെ.എൻ. പണിക്കർ പറഞ്ഞു.

കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ വ്യാപനത്തിനും ഇത് ശക്തികൂട്ടും. രണ്ടു തരം ഈഡിസ് കൊതുകുകളാണുള്ളത്. രണ്ടും ഡെങ്കി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയ വൈറസുകൾ പരത്താൻ സാധിക്കുന്നവയാണ്.