ഇന്ന് അന്താരാഷ്ട്ര പർവതദിനം

പ്രതീകാത്മക ചിത്രം | Photo:PTI
ജൈവവൈവിധ്യത്തിന്റെ നിധിശേഖരമാണ് പർവതങ്ങൾ. ലോകത്തിന്റെ 27 ശതമാനംമാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും അവ ഭൂമിയിലെ ജൈവവൈവിധ്യത്തിന് ആ അനുപാതത്തിനും എത്രയോ മേലെ സംഭാവന നൽകുന്നു. കാലാവസ്ഥാപരമായ കഠിനസാഹചര്യങ്ങൾ, ഉയരം, ഒറ്റപ്പെടൽ തുടങ്ങിയ ഘടകങ്ങളാണ് പർവതങ്ങളിൽ ജൈവവൈവിധ്യം വികസിക്കാനുള്ള സാഹചര്യമൊരുക്കിയത്. അതുപോലെത്തന്നെയണ് അവിടെ വികസിച്ച മനുഷ്യസമൂഹങ്ങളുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം. പർവതങ്ങൾ ലോകത്തിന്റെ ജലഗോപുരങ്ങളായും അറിയപ്പെടുന്നു. അവ നമ്മുടെ ഗ്രഹത്തിന് ആവശ്യമായ ശുദ്ധജലസ്രോതസ്സുകളുടെ 60-80 ശതമാനം നൽകുന്നു. ലോകജനസംഖ്യയുടെ പകുതിയെങ്കിലും അതിജീവിക്കാൻ പർവത ആവാസവ്യവസ്ഥയുടെ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്-വെള്ളംമാത്രമല്ല, ഭക്ഷണവും ശുദ്ധമായ ഊർജവും.
2025-ലെ പർവതദിനത്തിൽ ‘പർവതങ്ങളും കാലാവസ്ഥാവ്യതിയാനവും: മാറുന്ന ലോകവുമായി പൊരുത്തപ്പെടൽ’ എന്ന പ്രമേയത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഹിമാനികളുടെ പിൻവാങ്ങൽ, ജലസ്രോതസ്സുകൾ, സുസ്ഥിര പർവതവികസനം എന്നീ വിഷയങ്ങളിലാണ് ഇക്കൊല്ലം ഊന്നൽകൊടുക്കുന്നത്. ഹിമാനികളുടെയും അതിലൂടെ പർവത ജലഗോപുരങ്ങളുടെയും സംരക്ഷണം, പർവതപരിസ്ഥിതിവ്യവസ്ഥകളുടെ പുനഃസ്ഥാപനം എന്നീ ആശയങ്ങളുമായി ഇന്ത്യയും യുഎന്നുംചേർന്ന് ഈ ദിനം ആചരിക്കുന്നു. എന്നാൽ, ദിനാചരണംകൊണ്ടുമാത്രം നാം എവിടെയും എത്തില്ല. നമ്മുടെ പർവതങ്ങൾ അതിതീവ്രമായ പാരിസ്ഥിതികാഘാതത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു.
ഹിമാലയവും പശ്ചിമഘട്ടവും
കാലാവസ്ഥാവ്യതിയാനംകാരണം ലോകമെമ്പാടുമുള്ള പർവതനിരകളിലെ ഹിമാനികൾ പിൻവാങ്ങുകയും അപ്രത്യക്ഷമാകുകയുംചെയ്യുന്നു. കഴിഞ്ഞ ദശകങ്ങളിൽ ലോകത്താകെ കുറഞ്ഞത് 600 ഹിമാനികൾ പൂർണമായും അപ്രത്യക്ഷമായി. ഇത് താഴെ താമസിക്കുന്ന കോടിക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ജലവിതരണത്തെ ബാധിക്കുന്നു. ഉദാഹരണത്തിന്, പാകിസ്താനിൽ, ഹിന്ദുകുഷ് ഹിമാലയത്തിൽനിന്ന് ഉദ്ഭവിക്കുന്ന വെള്ളം സിന്ധുനദീതടത്തിലെ 180 ദശലക്ഷം ആളുകൾക്ക് 80 ശതമാനം ജലസേചനം നൽകുന്നു. അതുപോലെ ഇന്ത്യയിൽ ഗംഗാനദീതടത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഏകദേശം 90 ശതമാനം കൃഷിക്കാണ്. ഹിമാനികളുടെ പിൻവാങ്ങൽ ഗംഗ-സിന്ധു നദികളുടെ ഒഴുക്ക് കുറയുന്നതിന് ഇടയാക്കുകയും ജലസേചനത്തിന് ലഭ്യമായ വെള്ളത്തെയും സാരമായി ബാധിക്കുകയും ഭാവിയിൽ ഭക്ഷ്യോത്പാദനത്തെ കുറയ്ക്കുകയുംചെയ്യും.
ഹിമാലയം, സഹ്യാദ്രി, ആരവല്ലി, വിന്ധ്യൻ എന്നീ പർവതങ്ങളാൽ ഇന്ത്യ അനുഗൃഹീതമാണ്. വിവിധ കാലഘട്ടങ്ങളിൽ ഉയർന്നുപൊങ്ങിയതാണ് അവയെല്ലാം. ഇതിൽ ഹിമാലയമാണ് അവസാനമുണ്ടായത്. ഇന്ത്യയുടെ വടക്ക് ഹിമാലയപർവതമേടുകൾ ഇല്ലാത്തൊരു സ്ഥിതിവിശേഷം സങ്കൽപ്പിച്ചുനോക്കുക. സൈബീരിയയിൽനിന്നുള്ള തണുത്ത കാറ്റിനെ തടയാൻ പർവതമില്ലാത്തതുകൊണ്ട് വടക്കേയിന്ത്യ തണുത്തതും വരണ്ടതുമായ ഒരു മരുപ്രദേശമായി മാറും. ഹിമാലയപർവതമാണ് ഈർപ്പമുള്ള കാറ്റിനെ മുകളിലേക്ക് വലിച്ചുകൊണ്ട് ഇന്ത്യയിൽ മൺസൂൺ വർഷപാതത്തിന് അനുകൂലമാക്കുന്നത്. പർവതമില്ലെങ്കിൽ കടലിൽനിന്ന് വീശിയടിക്കുന്ന കാറ്റ് ഏഷ്യയുടെ വടക്കോട്ട് ഇന്ത്യ കടന്നുപോകും. ഇതുകാരണം ഇന്ത്യൻ സമതലങ്ങൾ വരണ്ട മരുഭൂമിയായി മാറും. ഹിമാലയത്തിലെ ഹിമാനി സ്രോതസ്സുകൾവഴി ജലം ലഭിക്കുന്ന ഗംഗ, സിന്ധു, ബ്രഹ്മപുത്ര എന്നീ നദികൾ ഒന്നുമുണ്ടാവില്ല.
ഇതൊക്കെത്തന്നെയാവും പശ്ചിമഘട്ടമലനിരയായ സഹ്യാദ്രിയുടെ അഭാവത്തിൽ കേരളംപോലുള്ള പ്രദേശങ്ങളിലും സംഭവിക്കുന്നത്. ഹിമാലയപർവതനിരകളെക്കാൾ പഴക്കമുള്ള പശ്ചിമഘട്ടത്തിലെ പർവതനിരകൾ ജൈവഭൗതിക, പാരിസ്ഥിതിക പ്രക്രിയകളാൽ വളരെയധികം പ്രാധാന്യമുള്ള ഭൂമിശാസ്ത്രസവിശേഷതകളെ പ്രതിനിധീകരിക്കുന്നു. ഈ സ്ഥലത്തിന്റെ ഉയർന്ന പർവത-വന ആവാസവ്യവസ്ഥ ഇന്ത്യൻ മൺസൂൺ കാലാവസ്ഥാരീതിയെ സ്വാധീനിക്കുന്നു. ഉയർന്ന ജൈവവൈവിധ്യവും തദ്ദേശീയതയും ഇവിടെ കാണുന്നുണ്ട്. കൂടാതെ, ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ എട്ട് ഹോട്സ്പോട്ടുകളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആഗോളതലത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, കുറഞ്ഞത് 325 സസ്യജന്തുജാലങ്ങൾ, പക്ഷികൾ, ഉഭയജീവികൾ, ഉരഗങ്ങൾ, മത്സ്യയിനങ്ങൾ എന്നിവയുടെ ആവാസകേന്ദ്രമാണിത്.
നാശത്തിന്റെ വഴിയിൽ
ഇന്ത്യയിലെ എല്ലാ മലനിരകളും പ്രകൃതിക്ക് അന്യമായ വികസനപദ്ധതികളുടെപേരിൽ നാശത്തിന്റെ വഴിയിലാണ്. ഭൂമിശാസ്ത്രപരമായി ദുർബലമായ കുന്നുകളിലെ നിർമിതപരിസ്ഥിതിയുടെ (വീതികൂടിയ റോഡുകൾ, വനനശീകരണം, റെയിൽ ട്രാക്കുകൾ, അണക്കെട്ടുകൾ, തുരങ്കങ്ങൾ മുതലായവ) അനിയന്ത്രിതമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഗവൺമെന്റ് വൻതോതിലുള്ള നിർമാണപദ്ധതികളിൽ ഏർപ്പെടുകയും യാഥാർഥ്യങ്ങളിൽനിന്ന് തലതിരിച്ചുകളയുകയുംചെയ്യുന്നു. അതിശക്തമായ മഴ കൂടുതൽ പതിവായിക്കൊണ്ടിരിക്കയാണ്. ഹിമാനികൾ പിൻവാങ്ങുന്നു.
തുരങ്കങ്ങൾ നിർമിക്കൽ, സ്ഫോടനം, വനനശീകരണം എന്നിവയാൽ കുന്നിൻചെരിവുകൾ അസ്ഥിരമാകുന്നു. അണക്കെട്ടുകളുടെ നിരന്തരമായ നിർമാണംകാരണം നദികൾ മരിക്കും. ഒരിക്കലും താങ്ങാൻ പാടില്ലാത്ത ആവാസവ്യവസ്ഥയിലാണ് നഗരശൈലിയിലുള്ള അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നത്. പ്രകൃതിയുടെ ശക്തിക്ക് ഏറ്റവും മികച്ച എൻജിനിയറിങ്ങിനെപ്പോലും ഇടിച്ചുതാഴ്ത്താൻ കഴിയും. പ്രതലം വഴുതിമാറുമ്പോൾ, കോടികൾ വിലമതിക്കുന്ന പാലങ്ങളും അണക്കെട്ടുകളും വീഴുന്നു. അടിസ്ഥാനസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്, പക്ഷേ, അത് പർവതയുക്തിയിൽ വേരൂന്നിയതായിരിക്കണം. യഥാർഥപുരോഗതിയെന്നാൽ പ്രകൃതിയോടൊപ്പം പണിയുക എന്നതാണ്, അതിനെതിരേയാകരുത്.
Content Highlights: Discover mountains` vital role in biodiversity, water resources, and cultural richness. Learn about climate change impacts and conservation needs.
Published: 11 Dec 2025, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented