പത്ത് കോടിയോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്

ഇന്ത്യയിലെ ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡാണ് മാഗി. ഉത്തരേന്ത്യയിലെ ട്രക്കിങ് സ്‌പോട്ടുകളിൽ വിശപ്പകറ്റാൻ എളുപ്പം ലഭിക്കുന്നത് ഇതേ മാഗി തന്നെയാണ്. എന്നാൽ അങ്ങനെ മാഗി പാകം ചെയ്ത് വിൽക്കുമ്പോൾ ഒരു ദിവസം എത്ര രൂപ ലഭിക്കും? ഈ ചോദ്യത്തിന് ഉത്തരംതേടി ഇറങ്ങിയതാണ് ഡൽഹിയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ദേവാംശ് ത്യാഗി. മാഗി കച്ചവടവും അതിൽ നിന്ന് ലഭിച്ച വരുമാനവുമെല്ലാം ദേവാംശ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചു.
സഞ്ചാരികൾ നിറയെ എത്തുന്ന ഒരു മലമുകളിൽ താത്കാലിക മാഗി സ്റ്റാളൊരുക്കിയായിരുന്നു യുവാവിന്റെ കച്ചവടം. പാകം ചെയ്യാനുള്ള സംവിധാനങ്ങളും ഏതാനും മേശകളും കസേരകളുമെല്ലാം ദേവാംശ് സജ്ജീകരിച്ചു. വിൽപ്പന ആരംഭിച്ചത് മുതൽ സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്തി. ആളുകൾ ഇരിപ്പിടങ്ങളിലിരുന്ന് ചൂട് മാഗി ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. റെഗുലർ മാഗിക്ക് 100 രൂപയും ബട്ടർ മാഗിക്ക് 120 രൂപയുമാണ് ദേവാംശ് ഈടാക്കിയത്.
സഞ്ചാരികളുടെ പ്രവാഹമുണ്ടായതോടെ അധികം വൈകാതെ ദേവാംശിന്റെ മാഗിക്കടയിലെ സ്‌റ്റോക്ക് തീർന്നു. കച്ചവടപ്പരീക്ഷണത്തിന്റെ ഒടുവിൽ തനിക്ക് ഒറ്റദിവസം കൊണ്ട് മാഗി വിറ്റ് 24,000 രൂപ ലഭിച്ചുവെന്ന് ദേവാംശ് പറയുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ അധികം വൈകാതെ വൈറലായി. പത്ത് കോടിയോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
പുതിയൊരു ലാഭകരമായ ബിസിനസ് ആശയം ലഭിച്ചുവെന്നാണ് പലരും കമന്റിട്ടത്. മാഗി സ്റ്റാളിലേക്ക് ഇന്റേൺസിനെ വേണോ എന്ന് മറ്റുചിലർ തമാശയായി ചോദിച്ചു. താൻ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മാഗി വിൽപ്പനയിലേക്ക് തിരിഞ്ഞാലോ എന്നാണ് ഒരാൾ ചോദിച്ചത്. എല്ലാം ഓകെയാണ്, എന്നാൽ വെള്ളം അരുവിയിൽ നിന്ന് എടുത്തത് ശരിയായില്ല എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 24,000 രൂപയെന്നത് ലഭിച്ച ആകെ തുക മാത്രമാണെന്നും കച്ചവടത്തിലെ ചെലവുകൾ എന്തൊക്കെയാണെന്ന് യുവാവ് വെളിപ്പെടുത്തിയിട്ടില്ല എന്നുമാണ് മറ്റൊരാൾ ചൂണ്ടിക്കാട്ടിയത്.
Content Highlights: Delhi creator Devansh Tyagi earned 24,000 rupees in a single day by setting up a temporary Maggi stall at a popular mountain trekking spot. Charging 100 to 120 rupees per plate, his stock sold out quickly, sparking a viral debate online.
Published: 14 May 2026, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented