ലിഥിയം കല്ലുകൾ | Photo: PTI
ജമ്മു-കശ്മീരിലെ റിയാസി ജില്ലയില്‍ 5.9 ദശലക്ഷം ടണ്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയതോടുകൂടി ലോകത്ത് ഏറ്റവുമധികം ലിഥിയം നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആറാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ബൊളീവിയ, അര്‍ജന്റീന, ചിലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ലിഥിയം അയോണ്‍ ബാറ്ററിനിര്‍മാണത്തില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ചൈനയിലുള്ളതിനെക്കാള്‍ കൂടിയ അളവിലാണ് കശ്മീരില്‍ കണ്ടെത്തിയിരിക്കുന്ന ലിഥിയം നിക്ഷേപം എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഈ നിക്ഷേപം ശരിയായവിധത്തില്‍ ഉപയോഗപ്പെടുത്തുകയെന്നതാണ് പ്രധാന വെല്ലുവിളി.
2008 മുതല്‍ 2018 വരെയുള്ള കാലയളവിനുള്ളില്‍ ആഗോളതലത്തില്‍ ലിഥിയത്തിന്റെ ഖനനം മൂന്നുമടങ്ങിലധികം വര്‍ധിച്ച് 85,000 ടണ്ണില്‍ എത്തിനില്‍ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈദ്യുതവാഹനങ്ങളുടെ ബാറ്ററി നിര്‍മാണമാണ് ഈ വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2030-ല്‍ ഏകദേശം 12.5 കോടി വൈദ്യുതവാഹനങ്ങള്‍ ലോകത്താകമാനമായി നിരത്തിലിറങ്ങും. ഇവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ലിഥിയം പ്രകൃതിയില്‍നിന്ന് കണ്ടെത്തിയേ മതിയാകൂ. കൂടാതെ ഫോണ്‍, ലാപ്ടോപ് തുടങ്ങി നാമുപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളിലും ലിഥിയം ബാറ്ററികളാണുള്ളത്. ബാറ്ററികളിലെ മുന്‍തലമുറക്കാരെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നതും ഭാരം നന്നേ കുറവാണെന്നതും കൂടുതല്‍നേരം ചാര്‍ജ് നില്‍ക്കുമെന്നതുമെല്ലാം ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് വ്യാപകപ്രചാരം നേടിക്കൊടുത്തിട്ടുണ്ട്.
ഇലക്ട്രോഡുകളുടെ നിര്‍മാണവും സെല്ലുകളുടെ സംയോജനവുമാണ് ലിഥിയം അയോണ്‍ ബാറ്ററികളെ രൂപപ്പെടുത്തുന്നത്. സാധാരണ നാം കാണുന്ന ഒരു ലിഥിയം ബാറ്ററിക്കുള്ളില്‍ ധാരാളം ചെറിയ സെല്ലുകളുണ്ട്. ഓരോ സെല്ലിലും ആനോഡും കാഥോഡും ഇലക്ട്രോലൈറ്റും ഉണ്ട്. ഒരു സെല്ലില്‍നിന്നു പവര്‍ കിട്ടുന്നത്, അതിലെ ആനോഡില്‍നിന്ന് ഇലക്ട്രോണുകള്‍ കാഥോഡിലേക്ക് ഇലക്ട്രോലൈറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ്. ഇത്തരത്തിലുള്ള അനവധി സെല്ലുകളെ സംയോജിപ്പിച്ചുകൊണ്ട് ആവശ്യമായ വോള്‍ട്ടേജുണ്ടാക്കുകയാണ് ഒരു ലിഥിയം ബാറ്ററിയുടെ പ്രവര്‍ത്തനതത്ത്വം.
ഖനനപ്രക്രിയ
പ്രധാനമായും രണ്ടുരീതികളിലാണ് ഭൂമിയില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്നത്. ഒന്ന് അയിരില്‍ നിന്നുള്ള വേര്‍തിരിച്ചെടുക്കല്‍. രണ്ട് സലാറുകളില്‍ ബാഷ്പീകരണപ്രക്രിയ വഴിയുള്ള വേര്‍തിരിക്കല്‍. ഇവയില്‍ അയിരുകളില്‍നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കല്‍ കൂടുതല്‍ സങ്കീര്‍ണമാണ്. ഏകദേശം 145 തരം അയിരുകളില്‍ ലിഥിയത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും അവയില്‍ അഞ്ച് അയിരുകളില്‍നിന്നു മാത്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുക. വ്യാപകമായി കാണപ്പെടുന്നതും ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതുമായ അയിരാണ് സ്‌പോഡുമിന്‍ . ഓസ്ട്രേലിയയാണ് സ്‌പോഡുമിനില്‍നിന്ന് ലിഥിയം വേര്‍തിരിക്കുന്നതില്‍ മുന്‍പിലുള്ളത്.
താരതമ്യേന ലളിതവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഖനനപ്രക്രിയ സലാറുകള്‍ അഥവാ ഉപ്പുപാടങ്ങള്‍ വഴിയുള്ളതാണ്. ഭൂഗര്‍ഭഭാഗങ്ങളില്‍നിന്ന് ഉപ്പുജലത്തെ ഉപരിതലത്തിലേക്ക് പമ്പുചെയ്‌തെത്തിക്കുന്നു. ബാഷ്പീകരണതടാകങ്ങളില്‍ സംഭരിച്ചുനിര്‍ത്തുന്ന ഈ ജലം സൂര്യന്റെ ചൂടേറ്റ് നീരാവിയായിമാറുമ്പോള്‍ അതിലെ ലിഥിയമുള്‍പ്പെടെയുള്ള ലവണങ്ങള്‍ വേര്‍തിരിഞ്ഞുവരുന്നു . കാല്‍സ്യം ഹൈഡ്രോക്‌സൈഡിന്റെ സഹായത്തോടെ ഈ ഉപ്പുജലത്തില്‍നിന്ന് ആവശ്യമില്ലാത്ത മൂലകങ്ങളെ ഘട്ടംഘട്ടമായി നീക്കംചെയ്യുന്നു. ക്രമേണ ലിഥിയത്തിന്റെ അളവ് ആവശ്യാനുസരണം ഉയര്‍ന്നുകഴിയുമ്പോള്‍ തുടര്‍പ്രക്രിയകള്‍ വഴി ലിഥിയത്തെ വേര്‍തിരിച്ചെടുക്കുന്നു.
ലിഥിയത്തിന്റെ മൂല്യം നിലവില്‍ കുതിച്ചുയരുകയാണ്. 2021-ന്റെ അവസാനം ടണ്ണിന് 13,400 ഡോളറായിരുന്നെങ്കില്‍, 2022 മാര്‍ച്ചായപ്പോഴേക്കും അത് ടണ്ണിന് 76,700 ഡോളറെന്ന നിലയിലെത്തിയിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധികളില്‍ കുടുങ്ങിയ ചരിത്രമുള്ള അര്‍ജന്റീനയ്ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ലിഥിയം ഖനനം നേടിക്കൊടുത്തിട്ടുള്ളത്. ഖനനത്തിനായുള്ള വിദേശകമ്പനികളുടെ കടന്നുവരവിനെ സ്വാഗതംചെയ്ത അര്‍ജന്റീനയില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനികള്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ അര്‍ജന്റീനയുടെ കയറ്റുമതിവരുമാനം വര്‍ധിച്ചത് നാലിരട്ടിയോളമാണ്.
ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണത്തിലും കയറ്റുമതിയിലും മുന്‍പന്തിയിലാണ് ദക്ഷിണകൊറിയ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ രണ്ടിരട്ടിയിലധികമാണ് ലിഥിയം അയോണ്‍ ബാറ്ററിയുടെ കയറ്റുമതിമൂല്യം വര്‍ധിച്ചിട്ടുള്ളത്. 2018-ല്‍മാത്രം രണ്ടായിരം പുതിയ തൊഴിലവസരങ്ങളാണ് ബാറ്ററി നിര്‍മാണ-കയറ്റുമതി മേഖലയില്‍ ഇവിടെയുണ്ടായത്. വൈകാതെ, ഇത് ഇരട്ടിയാകും. നികുതിയിളവും മറ്റാനുകൂല്യങ്ങളുമായി വിദേശപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന നയത്തിലൂടെ 2030-ഓടുകൂടി ഒരു ലിഥിയം പവര്‍ ഹൗസാകാനാണ് ദക്ഷിണകൊറിയ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയെ സംബന്ധിച്ച് 2021-22-ല്‍ അഞ്ച് ബില്യണ്‍ ഡോളറായിരുന്ന ലിഥിയം കയറ്റുമതിവരുമാനം, 2022-23-ല്‍ 16 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍
ലിഥിയം ഖനനം വലിയതോതില്‍ നടക്കുന്ന ഭൂപ്രദേശങ്ങളില്‍ വരള്‍ച്ചയനുഭവപ്പെടുന്നതായി ആരോപണങ്ങളുണ്ട്. ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ ബ്രൈന്‍ എന്ന ഭൂഗര്‍ഭ ഉപ്പുജലം മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഉപ്പുജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കപ്പെടുമ്പോള്‍, ചുറ്റിലുമുള്ള ശുദ്ധജലം ആ ഒഴിവിലേക്ക് ഒഴുകിമാറിയെത്തുന്നതാണ് വരള്‍ച്ചയ്ക്ക് കാരണമായി കരുതപ്പെടുന്നത്. ഇത് സ്ഥിരീകരിക്കാന്‍ ഭൂഗര്‍ഭജലവിന്യാസത്തിലെ മാറ്റങ്ങളെ ശാസ്ത്രീയമായി നിരീക്ഷിക്കുക അനിവാര്യമാണ്. നിലവില്‍ ഒരു ടണ്‍ ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ രണ്ട് മില്യണ്‍ ലിറ്ററിലധികം വെള്ളം വേണ്ടിവരുന്നുവെന്നാണ് കണക്കുകള്‍.
ഇതിന് പുറമേ, ലിഥിയം ഖനനത്തിന്റെ മറ്റ് പ്രധാന ദോഷവശങ്ങള്‍:
1. ജലസ്രോതസ്സുകളെ മലിനമാക്കുന്നു: ഖനനകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ശുദ്ധജലസ്രോതസ്സുകളില്‍ വിഷകരമായ ഖനനാവശിഷ്ടങ്ങള്‍ വന്നുചേരാന്‍ സാധ്യതയേറെയാണ്. ഇത് പ്രദേശവാസികള്‍ക്ക് പ്രയാസകരമായിത്തീര്‍ന്നേക്കാം.
2. ജൈവവൈവിധ്യത്തെ ബാധിക്കുന്നു: കാലാവസ്ഥാവ്യതിയാനംമൂലവും ഖനനാവശ്യങ്ങള്‍ക്കായി വലിയതോതില്‍ ബാഷ്പീകരിക്കപ്പെടുന്നതിനാലും ലിഥിയം ട്രയാങ്കിളില്‍പ്പെടുന്ന സലാറുകള്‍ സാരമായ തോതില്‍ ചുരുങ്ങിയിട്ടുണ്ട്. ഈ ഉപ്പുനിലങ്ങളില്‍ കാണപ്പെടുന്ന ഡയാറ്റം പോലെയുള്ള ആല്‍ഗകള്‍ (മഹഴമല) ആണ് ഫ്‌ളെമിംഗോ പക്ഷികളുടെ പ്രധാന പോഷകാഹാരങ്ങളിലൊന്ന്. ആല്‍ഗകളില്ലാതാകുന്നത് ഫ്‌ളെമിംഗോ പക്ഷികള്‍ക്ക് ഒരു ഭീഷണിയായിമാറുന്നു. പ്രധാനമായും ചിലിയന്‍ (ഇവശഹലമി), ആന്‍ഡിയന്‍ , ജെയിംസ് എന്നീ മൂന്ന് അപൂര്‍വയിനം ഫ്‌ളെമിംഗോകളുടെ നിലനില്‍പ്പ് നാള്‍ക്കുനാള്‍ പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
3.കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളല്‍: ലിഥിയത്തിന്റെ ഖനനപ്രക്രിയയില്‍ കാര്‍ബണ്‍ ഡയോക്‌സൈഡുള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാറുണ്ട്. ഖനികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സാധാരണഗതിയില്‍ വൃക്ഷങ്ങളില്ലാത്തതിനാല്‍, പ്രകാശസംശ്ലേഷണത്തിനുള്ള സാധ്യതയുമടയുന്നു. ഇത് ആഗോളതാപനത്തിന്റെ ആക്കം കൂട്ടിയേക്കാം.
4 കൃഷിയോജ്യഭൂമിയുടെ നഷ്ടം: വലിയതോതില്‍ ലിഥിയം ഖനനംചെയ്യുന്നതിന് ധാരാളം ഭൂപ്രദേശം ആവശ്യമായി വരാറുണ്ട്. ഇതിനായി നിലം കണ്ടെത്തുമ്പോള്‍, ഫലപുഷ്ടിയുള്ള പ്രദേശങ്ങള്‍ ധാരാളമായി നഷ്ടപ്പെടും. ഇത്, ആ നാടിന്റെ കാര്‍ഷികവിളകളുടെ ഉത്പാദനത്തെ ബാധിക്കുന്നു.
5. ആരോഗ്യപ്രശ്‌നങ്ങള്‍: ഖനികളുടെ സമീപം കഴിയുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
6. മാലിന്യസംസ്‌കരണം: ഖനനപ്രക്രിയയുടെ ഭാഗമായി സള്‍ഫ്യൂരിക് ആസിഡ്, യുറേനിയം, മഗ്‌നീഷ്യം എന്നിവയെല്ലാമടങ്ങുന്ന ധാരാളം മാലിന്യം പുറന്തള്ളപ്പെടുന്നുണ്ട്. ഇത് ശരിയായ രീതിയില്‍ സംസ്‌കരിക്കുകയെന്നത് ഒരു പ്രതിസന്ധിയാണ്. മനുഷ്യനും പരിസ്ഥിതിക്കും ഇത് വലിയ വെല്ലുവിളിയുയര്‍ത്തുന്നു.
ലിഥിയം ഖനനം ഇന്ത്യയില്‍
റിയാസിയിലെ ലിഥിയം നിക്ഷേപത്തെ 'ഇന്ത്യന്‍ സമ്പദ്ഘടനയുടെ ബാറ്ററി' എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ, ഈ നിക്ഷേപത്തെ എങ്ങനെ ഉപയോഗപ്പെടുത്തും എന്നതനുസരിച്ചാണ് അത് സമ്പദ്ഘടനയെ സ്വാധീനിക്കാന്‍ പോകുന്നത്. ലിഥിയം നിക്ഷേപങ്ങള്‍ അപൂര്‍വമല്ല. ഒരു നിക്ഷേപത്തിനെ ഖനനപ്രക്രിയാ കേന്ദ്രമാക്കി മാറ്റി, വാണിജ്യാടിസ്ഥാനത്തില്‍ ലാഭകരമായി ലിഥിയം വേര്‍തിരിച്ചെടുക്കല്‍ സാധ്യമാക്കുക എന്നതാണ് ഒരു രാജ്യത്തിന്റെ വെല്ലുവിളി. വലിയ ലിഥിയം നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ള പല രാജ്യങ്ങളിലും ഇനിയും കാര്യമായ അളവില്‍ ഖനനം നടന്നുതുടങ്ങിയിട്ടില്ല (ഉദാ: ജര്‍മനി, കാനഡ). ഓസ്ട്രേലിയയില്‍നിന്നും ചിലിയില്‍നിന്നുമുള്ള ഇറക്കുമതിയെയാണ് ഇപ്പോഴും ജര്‍മനി ആശ്രയിക്കുന്നത്. ഖനനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള പ്രായോഗിക തടസ്സങ്ങള്‍ തന്നെയാണ് ഇതിന് കാരണം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാങ്കേതിക പ്രതിസന്ധികള്‍ക്ക് പുറമേ കശ്മീരിന്റെ സംഘര്‍ഷം നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി ഒരു വെല്ലുവിളിയാകുന്നു. നിയന്ത്രണരേഖ (ലൈന്‍ ഓഫ് കണ്‍ട്രോള്‍)യില്‍നിന്ന് 30 മൈല്‍ മാത്രം ദൂരമാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയ പ്രദേശത്തേക്കുള്ളത്. നിലവില്‍ ലോകത്തിലെ മുന്‍നിര മോട്ടോര്‍ വാഹന നിര്‍മാതാക്കളില്‍പ്പെടുന്ന ഇന്ത്യക്ക് ഭാവിയുടെ വൈദ്യുത വാഹന വിപണിയില്‍ വമ്പന്മാരാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ തുറന്നുകിട്ടിയിരിക്കുന്നത്. ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാന്‍ സാധിച്ചാല്‍ അത് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തും. ക്രമേണ കയറ്റുമതിയിലേക്കും കടക്കാം. കശ്മീരില്‍ നിലവിലുള്ള തൊഴില്‍ക്ഷാമത്തിന്റെ രൂക്ഷത കുറയ്ക്കാനും റോഡ്-റെയില്‍ നവീകരണം വഴി മെച്ചപ്പെട്ട ജീവിത-സാമ്പത്തിക സാഹചര്യങ്ങള്‍ രൂപപ്പെട്ടുവരാനും സാധ്യതകളുണ്ട്.
2070-ഓടുകൂടി 'നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍' എന്ന ലക്ഷ്യമാണ് 2021-ല്‍ സ്‌കോട്ട്ലന്‍ഡില്‍ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചത്. ആഗോള താപനില വര്‍ധിപ്പിക്കുന്ന പ്രധാന ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിന്റെയും അന്തരീക്ഷത്തില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നതിന്റെയും തോത് സമമാക്കുക എന്ന ആശയമാണ് 'നെറ്റ് സീറോ'. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് തദ്ദേശീയ ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിര്‍മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ കരുത്താകുമെന്നാണ് പ്രതീക്ഷ.
(ഏപ്രിൽ ലക്കം ജി.കെ കറണ്ട് അഫയേർസ് മാസികയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: lithium deposits in india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..