ബഗഹ (ബിഹാർ): ബിഹാറിലെ ബഗഹ പ്രദേശത്തെ നദികളിൽ അടുത്ത ദിവസങ്ങളിലായി കാണപ്പെടുന്ന അസാധാരണ മത്സ്യങ്ങൾ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പുമായി അധികൃതർ. നേപ്പാളിലെ നദികൾ കരകവിഞ്ഞൊഴുകിയതിനെത്തുടന്ന് പ്രളയജലത്തോടൊപ്പമെത്തിയ മത്സ്യങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം. ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഈ മത്സ്യങ്ങളെ ഭക്ഷിച്ചതിനെത്തുടർന്ന് പ്രദേശത്ത് നിരവധി ആളുകൾക്ക് വിഷബാധ ഉണ്ടായതായും അതിനാൽ ജലാശയങ്ങളിലെ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും ബഗഹ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ചാന്ദ്‌നി കുമാരിയും ബിഹാർ മൃഗസംരക്ഷണ-മത്സ്യവിഭവ വകുപ്പും പൊതുജനങ്ങൾക്ക് നിർദേശം നൽകി.
വിചിത്രരൂപമുള്ളതും പരിചിതമല്ലാത്തതുമായ മത്സ്യങ്ങളെ പിടിക്കുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നും ഇവ സുരക്ഷിതമാണെന്ന് അധികൃതർ സ്ഥിരീകരിക്കുന്നതുവരെ ഭക്ഷിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം മത്സ്യങ്ങളെ കാണുകയാണെങ്കിൽ ഉടൻ ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ വിവരം അറിയിക്കേണ്ടതാണ്.
കൂടാതെ ഇത്തരം വിഷയങ്ങളിൽ പരക്കുന്ന കിംവദന്തികളിൽ ജനങ്ങൾ വിശ്വസിക്കരുതെന്നും സുരക്ഷിതത്വത്തിന് മുൻഗണന നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പ്രദേശത്തെ നദികളിൽ ജലനിരപ്പ് ഇപ്പോഴും ഉയർന്നുതന്നെ നിൽക്കുന്നതിനാൽ ഇനിയും കൂടുതൽ മത്സ്യങ്ങൾ ഇത്തരത്തിൽ നദികളിലെത്താൻ സാധ്യതയുണ്ടെന്ന് എസ്‌ഡിഎം ചാന്ദ്‌നി കുമാരി മുന്നറിയിപ്പ് നൽകി.
പ്രളയസമയത്ത് കുളങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയിൽനിന്നുള്ള മത്സ്യങ്ങൾ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽനിന്ന് മറ്റുസ്ഥലങ്ങളിലേക്ക് ഒഴുകിയെത്തുന്നത് സാധാരണയാണ്. ഇങ്ങനെ ഒഴുകിപ്പോകുന്ന മത്സ്യങ്ങൾ മലിനമായ ഓടകൾ, ചത്ത മൃഗങ്ങൾ, മറ്റ് മലിനവസ്തുക്കൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നതിനാൽ ഗുരുതരമായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ബാധിക്കുകയും ചെയ്യാറുണ്ട്.
Content Highlights: Unidentified fish washed into Bagaha, Bihar following heavy floods in Nepal., Authorities warned that consuming these flood-displaced fish causes severe health issues., People are advised not to catch, buy, sell, or eat unfamiliar fish until officially cleared., Seek immediate medical attention if experiencing symptoms like vomiting, diarrhea, or dizziness after consumption.
Published: 01 Sept 2026, 05:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented