‘ഈ മണ്ണിൽ വന്ന് എന്തും നടത്താമല്ലേ, ഇവിടത്തെ പാവം മനുഷ്യർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ.. അതാണല്ലേ എൻഡോസൽഫാനിൽ സംഭവിച്ചത്, അത് തന്നെയാണ് ഇനി ബോക്‌സൈറ്റ് ഖനനത്തിലും സംഭവിക്കാൻ പോകുന്നത്...’ എൻഡോസൾഫാൻ കീടനാശിനി വിഷമഴ പെയ്യിച്ച നാട്, അതിന്റെ ദുരിതം പേറി ഇന്നും വീടുചുമരുകൾക്കുള്ളിൽ ജീവിതത്തോട് മല്ലിട്ട് ജീവിക്കുന്ന മനുഷ്യർ, ആ മനുഷ്യരുടെ മുകളിലേക്കാണ് ബോക്‌സൈറ്റ് ഖനനത്തിന്റെ പേരിൽ പുതിയ ദുരന്തം വിതയ്ക്കാൻ ഭരണകൂടം തയ്യാറെടുക്കുന്നത്. കാസർകോട് കാറഡുക്കയിലെ നാർളത്തെ നിർദ്ദിഷ്ട ബോക്‌സൈറ്റ് ഖനന പ്രദേശത്ത് ഒരുനാട് ഒന്നാകെ സമരമുഖത്തേക്ക് ഇറങ്ങുകയാണ്. തങ്ങളുടെ ഭൂമിയെയും ജലത്തെയും കൃഷിയെയും സ്വൈര്യജീവിതത്തെയും തകർക്കാനെത്തുന്ന ബോക്‌സൈറ്റ് ഖനനത്തിനെതിരെ. അവർ കേരളത്തോട് പറയുകയാണ്, ഇന്ന് ഈ അനീതിക്കെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ നാളെ നിങ്ങളുടെ മണ്ണും ഖനനത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെടുമെന്ന്.

To advertise here,

കൃത്യമായ പരിസ്ഥിതി ആഘാതപഠനമോ ജനാഭിപ്രായരൂപീകരണമോ പോലും നടത്താതെ കാസർകോട് കാറഡുക്കയിൽ ബോക്‌സൈറ്റ് ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. കാറഡുക്കയിലെ നാർളത്തടക്കം അഞ്ച് ബ്ലോക്കുകളാണ് ബോക്‌സൈറ്റ് ഖനനത്തിനായി കാസർകോട്ട്  കണ്ടെത്തിയിട്ടുള്ളത്. ഖനനത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ രഹസ്യമാക്കി വച്ചാണ് ടെൻഡർ നടപടിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. എങ്ങനെയായിരിക്കും ഖനനം..? എന്തൊക്കെ നശിപ്പിക്കപ്പെടും..? ആളുകളെ കുടിയൊഴിപ്പിക്കുമോ..? ഖനനശേഷം ഈ ഭൂമി എന്ത് ചെയ്യും. അങ്ങനെ ഒരു കാര്യം പോലും ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല. തീർത്തും ഏകാധിപത്യരീതിയിലാണ് കോടികൾ കൊയ്യുന്ന ഖനന പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ആയിരങ്ങൾ പങ്കെടുത്ത മനുഷ്യമതിൽ തീർത്ത് സി.പി.എമ്മും ജനകീയ സമരസമിതിയും തങ്ങളുടെ ഖനന വിരുദ്ധ പ്രക്ഷോഭത്തിന് തൊഴിലാളി ദിനത്തിൽ തുടക്കമിട്ടിരിക്കുകയാണ്. എന്തുവിലകൊടുത്തും ബോക്‌സൈറ്റ് ഖനനത്തെ തടയുമെന്ന് ഈ നാട് ഒരൊറ്റ മനസ്സോടെ പറയുന്നു.

എന്താണ് ബോക്‌സൈറ്റ്..?

മണ്ണിനടിയിലെ പ്രകൃതിദത്ത ഖനിയാണ് ബോക്‌സൈറ്റ്. അലുമിനിയം, സിമന്റ് എന്നിവയുടെ ഉൽപാദനത്തിനാണ് പ്രധാനമായും ബോക്‌സൈറ്റ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ പ്രതിരോധം, വൈദ്യുതി, ഗതാഗതം, ഓട്ടോ മൊബൈൽ തുടങ്ങി വ്യാവസായിക ആവശ്യങ്ങൾക്കും ബോക്‌സൈറ്റ് ആവശ്യമാണ്. ബോക്‌സൈറ്റ് ഇറക്കുമതിയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒരുടൺ സിമന്റ് ഗ്രേഡ് ബോക്‌സൈറ്റിന് 900 രൂപവരെ വിലയുണ്ട്. അലുമിനിയം നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റലർജിക്കൽ ഗ്രേഡ് ബോക്‌സൈറ്റിന് 2300 രൂപയ്ക്ക് മുകളിലാണ് വില.

2027-ഓടെ ആഭ്യന്തര ഉൽപാദനം 50.7 മില്യൺ ടൺ ആയി വർധിപ്പിക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. ഇതിനായി ഖനനം വ്യാപാകമാക്കാൻ ഖനി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പിന്നാലെയാണ് കാസർകോട് അടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ പഠനങ്ങൾ നടക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3.8 ബില്യൺ ടൺ ബോക്‌സൈറ്റ് നിക്ഷേപം ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് കണ്ടെത്തിയിട്ടുണ്ട്. അനുയോജ്യമായവയ്ക്ക് മിന്നൽ വേഗത്തിൽ ഖനനാനുമതി നൽകുകയാണ്. പലയിടത്തും ആഘാതപഠനമടക്കമുള്ളവ കൃത്യമായി നടത്താതെ ആണ് ഖനനാനുമതി നൽകിയിരിക്കുന്നതെന്ന് ഇതിനകം ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു.

കാസർകോട്; ബോക്‌സൈറ്റിന്റെ അക്ഷയ ഖനി

2017-ൽ കാസർകോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് കടലാടിപ്പാറയിലാണ് 200 ഹെക്ടറിൽ ആദ്യമായി ജില്ലയിൽ ബോക്‌സൈറ്റ് നിക്ഷേപം കണ്ടെത്തുന്നതും ഖനനാനുമതി നൽകിയതും. മുംബൈ ആസ്ഥാനമായുള്ള ആശാപുര മൈനിങ്ങിന് ഖനനാനുമതി ലഭിച്ചെങ്കിലും വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായി. ഇതോടെ ഖനന പ്രവൃത്തികൾ അവസാനിപ്പിക്കേണ്ടി വന്നു. ഇതിന് ശേഷം ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിലാണ് കാസർകോട് ജില്ലയിലെ അഞ്ച് ബ്ലോക്കുകളിലാണ് ബോക്‌സൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. കാറഡുക്ക നാർളത്ത് 100 ഹെക്ടർ, ഉക്കിനടുക്കയിൽ 250 ഹെക്ടർ, പെർളയിൽ 690 ഹെക്ടർ, മണിയംപാറയിൽ 620 ഹെക്ടർ, കരിയത്ത് 400 ഹെക്ടറിലുമാണ് ജിയോളജി വകുപ്പ് പഠനത്തിൽ വാണിജ്യപരമായി പര്യവേക്ഷണം ചെയ്യാവുന്ന ബോക്‌സൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്.

സാധാരണ ഖനികളിൽ 8 മുതൽ 35 ശതമാനം വരെ ബോക്‌സൈറ്റ് അംശം കാണപ്പെടുമ്പോൾ കാസർകോട്ടെ ഈ അഞ്ചു ബ്ലോക്കുകളിൽ 40 മുതൽ 45 ശതമാനം വരെ ബോക്‌സൈറ്റ് അംശം ഉണ്ടെന്ന് അധികൃതർ പറയുന്നു. ഈ അഞ്ച് ബ്ലോക്കുകളിൽ നിന്നായി ഒരു ലക്ഷം കോടിയുടെ വരുമാനം കണ്ടെത്താമെന്നാണ് സംസ്ഥാനസർക്കാരും മൈനിങ് ആൻഡ് ജിയോളജി വകുപ്പും ലക്ഷ്യംവയ്ക്കുന്നത്. ഇതിൽ ആദ്യം ഖനനം ആരംഭിക്കാൻ ലക്ഷ്യമിടുന്നത് കാറഡുക്കയിലെ നാർളത്താണ്, ഇവിടെ നിന്ന് മാത്രം 5000 കോടിയിലേറെ രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു. പദ്ധതിക്ക് കേന്ദ്രസർക്കാരും പച്ചക്കൊടി വീശിയതോടെ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണ്. കേന്ദ്ര ഖനി മന്ത്രാലയമാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്. അദാനി ഗ്രൂപ്പ് അടക്കമുള്ള വൻകിട മൈനിങ് കമ്പനികൾ കാസർകോട് ബ്ലോക്കിനായി ലേലത്തിനെത്തുമെന്നാണ് സൂചന.

എന്തുകൊണ്ട് ആദ്യം നാർളം...?

ജനവാസം കുറഞ്ഞ പാറ, വന പ്രദേശമാണ് ഖനന ഭൂമി എന്നതിനാൽ ജനങ്ങളുടെ പ്രതിഷേധം വലിയ തോതിൽ ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് നാർളത്തെ ഭൂമി തന്നെ ആദ്യ ഖനനത്തിനായി തിരഞ്ഞെടുത്തത്. 0.2113 ദശലക്ഷം ടൺ ഹൈ ഗ്രേഡ് ബോക്‌സൈറ്റും 5.1417 ദശലക്ഷം ടൺ അലുമിനിയം ലാറ്ററേറ്റും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അവകാശവാദം. എന്നാൽ ഖനനഭൂമിക്ക് ചുറ്റും ഉന്നതികളും വീടുകളും കൃഷി ഭൂമിയും നിലനിൽക്കുന്നുണ്ട്. ഇവരെ എങ്ങനെ ഖനനം ബാധിക്കുമെന്നോ പ്രദേശത്തെ ജലലഭ്യതയെയും ഭൂഘടനയെയും ഖനനം എങ്ങനെ മാറ്റിമറിക്കും എന്ന് ചോദിച്ചാൽ അധികൃതർക്ക് കൃത്യമായ ഉത്തരമില്ല. ഈ അഞ്ചിടങ്ങളിൽ കൂടാതെ കാസർകോട് ഏത്തടക്കയിലും പരിശോധന അന്തിമ ഘട്ടത്തിലാണ്. ജില്ലയിൽ കണ്ടെത്തിയ ബോക്‌സൈറ്റ് ഭൂരിഭാഗവം സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന അയിരാണ്.

ഖനനരീതി എങ്ങനെ..?

നിർമാണ ആവശ്യത്തിനുള്ള ചെങ്കല് മുറിച്ചെടുക്കുന്ന രീതിയിലാണ് ബോക്‌സൈറ്റ് ഖനനം നടത്തുകയെന്നാണ് അധികൃതർ പറയുന്നത്. കല്ല് മുറിക്കുന്നതിന് പകരം പൊട്ടിച്ചെടുക്കുന്നു എന്ന് മാത്രം. 10 മീറ്റർ വരെ ആഴത്തിൽ കല്ല് എടുത്ത് ഇത് വാഹനങ്ങളിൽ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായ രീതിയിൽ ബോക്‌സൈറ്റ് വേർതിരിച്ചെടുക്കും. കളിമണ്ണാകും അവശിഷ്ടമായി ഉണ്ടാകുക. ഖനനം പൂർത്തിയാകുന്ന പ്രദേശത്ത് മേൽമണ്ണിട്ട് മൂടി മരത്തൈകൾ പിടിപ്പിക്കുമെന്നും അധികൃതർ പറയുന്നു. നർളത്തെ വനഭൂമിയായതിനാലാണ് മരത്തൈകൾ നടുന്നതെന്നും മറ്റ് ഖനന പ്രദേശങ്ങളിൽ അനുയോജ്യമായ രീതിയിൽ പ്ലാനുകൾ തയ്യാറാക്കുമെന്നുമാണ് വാദം.

ഖനനം നടത്തുന്ന കമ്പനികൾ അത്തരം കൃത്യമായ പ്ലാനുകൾ തയ്യാറാക്കിയശേഷം മാത്രമേ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകുകയുള്ളൂ എന്നും അധികൃതർ പറയുന്നു. എന്നാൽ അഞ്ചുമുതൽ പത്ത് മീറ്റർ വരെ മാത്രമേ ഖനനം നടത്തുകയുള്ളൂ എന്ന വാദം വ്യാജമാണെന്നാണ് ജനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ഒഡീഷയിൽ അടക്കമുള്ള ബോക്‌സൈറ്റ് ഖനികളിൽ ഇതേ വാഗ്ദാനത്തോടെ തുടങ്ങി ഖനനം 30 മീറ്ററോളം ആഴത്തിലേക്ക് അവസാനം എത്തിയത് അവർ ചൂണ്ടികാണിക്കുന്നു. ഇതേ തുടർന്ന് അവിടങ്ങളിലെല്ലാം വലിയ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്.

പൊള്ളയായ ഉറപ്പുകൾ..

സാധാരണ ഗതിയിൽ വനപ്രദേശത്ത് ഖനനത്ത് അനുമതി നൽകാറില്ല. എന്നാൽ 1957-ലെ മൈൻസ് ആൻഡ് മിനറൽസ് (ഡവലപ്‌മെന്റ് ആൻഡ് റഗുലേഷൻ) നിയമത്തിൽ 2023 ൽ കൊണ്ടുവന്ന ഭേദഗതിയോടെയാണ് വനത്തിനുള്ളിലും ഖനനാനുമതി നൽകിത്തുടങ്ങിയത്. നാർളത്ത് ഖനനം പൂർത്തിയാൽ ഉക്കിനടുക്കയിലാണ് രണ്ടാമാതായി ഖനനം നടത്തുക. നാർളത്ത് പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ ടെൻഡർ നടപടികൾ ആരംഭിക്കൂ എന്ന് ആദ്യഘട്ടത്തിൽ അധികൃതർ പറഞ്ഞിരുന്നെങ്കിലും ആ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇതുവരെ ഖനനത്തെ കുറിച്ച് വിശദീകരിക്കാൻ യോഗം പോലും ചേർന്നിട്ടില്ലെന്ന് ജനകീയ സമരസമിതി ചെയർമാനും കാർഡുക്ക പഞ്ചായത്തംഗവുമായ എ.വിജയകുമാർ പറയുന്നു.

‘നാർളത്തെ ഖനന ഭൂമിക്കുചുറ്റും ജനവാസ കേന്ദ്രങ്ങളാണ്. ഉന്നതികളിലടക്കം 250 കുടുംബങ്ങളിലായി ആയിരത്തിലധികം പേർ താമസിക്കുന്നുണ്ട്. ഈ പ്രദേശത്തേക്കുള്ള യാത്ര സൗകര്യങ്ങളും ജനങ്ങൾ ഉപയോഗിക്കുന്ന റോഡുകളും ഖനനം തുടങ്ങിയാൽ ഇല്ലാതാകും. വലിയ രീതിയിൽ വായുമലിനീകരണം ഉണ്ടാകുകയും ജല ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യും. ഖനനത്തിനായി കണ്ടെത്തിയ പ്രദേശം ഈ നാടിന്റെയാകെ ജലസംഭരണിയാണ്. ഈ ചെങ്കൽക്കുന്നിൽ ശേഖരിക്കുന്ന ജലമാണ് വർഷം മുഴുവൻ ഇവിടത്തെ കിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കും കിനിഞ്ഞിറങ്ങുന്നത്. കൂടാതെ ഖനനത്തിനായി കണ്ടെത്തിയ പ്രദേശത്ത് മൂന്ന് പള്ളങ്ങൾ (ജലസംഭരണി) ഉണ്ട്. വേനൽക്കാലത്തിന്റെ പകുതി വരെ ജലകെട്ടിനിൽക്കുന്ന ഈ പള്ളങ്ങൾ ഇവിടത്തെ കാർഷിക മേഖലയുടെ നെടുംതൂണാണ്. ഇവ ഇല്ലാതാകുന്നതോടെ കൊട്ടംകുഴി, പാണൂർ തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെടും. പൊതുവേ കാറഡുക്ക ബ്ലോക്ക് വരൾച്ചബാധിത പ്രദേശമായി രേഖപ്പെടുത്തിയ സ്ഥലമാണ്. അവിടെയാണ് നിലനിൽക്കുന്ന ജലശേഷിപ്പ് ഇല്ലാതാക്കികൊണ്ട് അദാനി അടക്കമുള്ള വൻകിട കമ്പനികൾ വന്ന് ഖനനം നടത്താൻ പോകുന്നത്. അതും വനപ്രദേശത്ത്.

ഈ ഖനന ഭൂമി ഉൾക്കൊള്ളുന്ന വനപ്രദേശത്ത് കൂടി കൊട്ടൻകുഴി ഉന്നതിയിലേക്ക് ഒരുറോഡ് പോകുന്നുണ്ട്. ആ റോഡ് എത്രയോ കാലമായി പൊട്ടിപൊളിഞ്ഞ് കിടക്കുകയായിരുന്നു. പലതവണ അത് റീടാർ ചെയ്ത് നന്നാക്കാൻ ഫണ്ട് അനുവദിച്ച് വനംവകുപ്പിന്റെ അനുമതി തേടിയപ്പോൾ ഓരോ കാരണം പറഞ്ഞ് അനുമതി നൽകിയില്ല. ഏറെ വർഷത്തെ പോരാട്ടത്തിനൊടുവിൽ അടുത്ത കാലത്താണ് ആ റോഡ് നന്നാക്കാൻ വനംവകുപ്പ് അനുവദിച്ചത്. സാധാരണക്കാരന്റെ ഏറ്റവും അടിസ്ഥാനആവശ്യത്തിന് പോലും അനുമതി നൽകാത്ത അതേ വനഭൂമിയാണ് മിന്നൽവേഗത്തിൽ ഖനനത്തിനായി വിട്ടുകൊടുക്കുന്നത് എന്നത് ഏറെ സംശയാസ്പദമാണ്.’

ഖനനാനുമതി രഹസ്യനീക്കത്തിലൂടെ

2018-ൽ ആന്ധ്രയിലെ ഒരുസംഘം വന്നാണ് ഈ വനപ്രദേശത്ത് ആദ്യമായി ദിവസങ്ങളോളം പല പരിശോധനകളും ഗവേഷണങ്ങളും നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അന്ന് നാട്ടുകാർ വിചാരിച്ചത് വനംവകുപ്പിന്റെ എന്തെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടക്കുന്നത് എന്നാണ്. അല്ലാതെ മറ്റൊരു വിധത്തിലുള്ള വിവരവും നൽകിയിരുന്നില്ല. പിന്നീടാണ് ഇവിടെ മണ്ണ് പരിശോധനയും ഭൂമിക്കടിയിൽ ഖനനസാധ്യതയുള്ള വസ്തുക്കളുണ്ടോ എന്നുള്ള പഠനമാണ് നടന്നതെന്ന് ജനങ്ങൾ അറിയുന്നത്. എട്ടുമാസം മുമ്പ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം വന്ന് പഠനങ്ങൾ നടത്തുമ്പോൾ ജനങ്ങൾ നേരിട്ടെത്തി അവരോട് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴും അവർ പറഞ്ഞത് ഇവിടെ ബോക്‌സൈറ്റ് ഖനനത്തിനുള്ള സാധ്യതയുണ്ടോ എന്ന പരിശോധനമാത്രമാണ് നടക്കുന്നതെന്നാണ്.

ഇതിന്റെ തുടർനടപടികളുണ്ടെങ്കിൽ അത് പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ചശേഷമേ ഉണ്ടാകുകയൂള്ളു എന്നും ആശങ്കപ്പെടേണ്ടതില്ല എന്നുമായിരുന്നു. ഈയൊരു ഉറപ്പിൽ പ്രദേശവാസികൾ സമാധാനത്തോടെ ജീവിച്ചു. അതവർ വിശ്വാസത്തിലെടുത്തു. എന്നാൽ അപ്രതീക്ഷിതമായി മിന്നൽ വേഗത്തിൽ കേന്ദ്രസർക്കാർ ഖനനാനുമതി നൽകുകയും ടെൻഡർ നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. അന്ന് തൊട്ട് ഇവിടത്തെ ജനങ്ങൾ ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്ക തിരിച്ചറിഞ്ഞ സി.പി.എം ജനങ്ങളെയാകെ ഒന്നിപ്പിക്കുകയും ജനകീയ സമരസമിതി ഉണ്ടാക്കുകയും ചെയ്തു. നാർളത്തടക്കമുള്ള ഈ അഞ്ച് ഖനന പ്രദേശങ്ങളിലെ പദ്ധതി വിജയമായാൽ കടലാടിപ്പാറ ഖനനത്തിന് വീണ്ടും ജീവൻവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പിന്തുണയുമായി സംസ്ഥാനവും

ഖജനാവിൽ പൂച്ചപെറ്റുകിടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനസർക്കാറുകൾക്ക് ഇത്തരം ഖനന പദ്ധതികൾ അക്ഷരാർഥത്തിൽ ബമ്പർ ലോട്ടറിയാണ്. കാരണം ബോക്‌സൈറ്റ് ഖനനം ലേലം ചെയ്തുലഭിക്കുന്ന മുഴുവൻ വരുമാനവും സംസ്ഥാന സർക്കാറിനാണ്. ജി.എസ്.ടി മാത്രമേ കേന്ദ്ര സർക്കാറിന് നൽകേണ്ടകുള്ളൂ. റോയൽറ്റി തുകയുടെ 10 ശതമാനം അതത് തദ്ദേശ സ്ഥാപനങ്ങൾക്കും ലഭിക്കും. ജില്ലാ കലക്ടർ ചെയർമാനായ മിനറൽ ഫണ്ടിലേക്കാണ് ഈ തുക പോകുക. ഖനനം നടക്കുന്ന പ്രദേശത്തെ ഗ്രാമസഭകൾക്കാണ് ഈ തുക എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വൻ സാമ്പത്തിക നേട്ടം മുൻകൂട്ടി കണ്ടാണ് ബോക്‌സൈറ്റ് ഖനന പദ്ധതിക്ക് സർവപിന്തുണയും നൽകി കേരള സർക്കാർ കൂടെകൂടിയത്.

ആദ്യഘട്ടത്തിൽ ജനങ്ങളിൽ നിന്ന് പ്രതിഷേധം വരാതിരിക്കാൻ പദ്ധതി വിവരങ്ങൾ ഭൂരിഭാഗവും ജനങ്ങളിലേക്ക് എത്തിക്കാതെ രഹസ്യമായി വയ്ക്കുകയാണ് ചെയ്തത്. സിപിഎമ്മിന്റെ പ്രാദേശിക പാർടി നേതൃത്വത്തിന് പോലും ബോക്‌സൈറ്റ് ഖനന പദ്ധതിയുടെ വിശാല വിവരങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. പിന്നാലെ പദ്ധതിയെ കുറിച്ച് വിശാലപഠനം നടത്തിയതോടെയാണ് ഖനനം നാർളത്തിന്റെ പരിസ്ഥിതിയെയും ജനജീവിതത്തെയും അടിമുടി മാറ്റിമറിക്കുമെന്ന് സി. പി. എമ്മിന് ബോധ്യപ്പെട്ടത്. ഇതോടെയാണ് ജനകീയ കമ്മിറ്റി രൂപീകരിക്കാനും സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചത്.

പ്രതിഷേധം വ്യാപിക്കുന്നു..

82 ഹെക്ടർ പ്രദേശം ആഴത്തിൽ കുഴിച്ചെടുത്താൽ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ അത് ബാധിക്കും. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങൾ ഖനനത്തോടെ ജലദൗർലഭ്യം അനുഭവപ്പെടുകയും കൃഷി ഉപേക്ഷിക്കുയും ചെയ്യേണ്ട സ്ഥിതി വരും. ഇടനാടുകളുടെ ജലസംഭരണികളാണ് ചെങ്കിൽ കുന്നുകൾ. ഇവ നശിപ്പിക്കപ്പെടുന്നതോടെ പ്രദേശത്ത് വൻതോതിൽ ജലക്ഷാമം അനുഭവപ്പെടും. നാട്ടുകാർക്കോ, ജനപ്രതിനിധികൾക്കോ ഇന്നു വരെയും ഖനനത്തെ കുറിച്ച് കൃത്യമായ വിവരം അധികൃതർ നൽകിയിട്ടില്ല. ജില്ലാതലത്തിൽ ഒരുയോഗം നടത്തിയിരുന്നുവെങ്കിലും അതിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഗൗരവകരമായ രീതിയിൽ ഇടപെട്ടില്ല. അത്തരമൊരു ഇടപെടൽ നടത്തിയിരുന്നെങ്കിലും അതീവരഹസ്യമായി മിന്നൽവേഗത്തിൽ എല്ലാ ഖനനാനുമതി നൽകി ടെൻഡറിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകില്ലായിരുന്നു എന്ന് ജനങ്ങൾ പറയുന്നു.

‘കുണ്ടടുക്ക, കൊട്ടൻകുഴി, കല്ലളിക്കാൽ, ചായ്ക്കലം, നാർളം, വണ്ണാക്കടവ്, കൊളത്തിങ്കാൽ എന്നീ ഗ്രാമങ്ങളെ ഖനനം നേരിട്ട് ബാധിക്കും. ഖനനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ എം.എൽ.എ മാരെ വിളിച്ച് ഇതുമായി ബന്ധപ്പെട്ട് ഒരുയോഗം നടത്തിയിരുന്നതായി പിന്നീട് അറിഞ്ഞു. അന്ന് കാസർകോട് എംഎൽഎ ആയിരുന്ന എൻ.എ നെല്ലിക്കുന്ന് യോഗത്തിൽ പങ്കെടുത്തിരുന്നതായും വിയോജനകുറിപ്പ് എഴുതി നൽകിയതായും പറയുന്നു. എന്നാൽ അദ്ദേഹം അതിനെ കുറിച്ച് അന്ന് കാറഡുക്ക പഞ്ചായത്തിനോ അറിയിച്ചിരുന്നില്ല. ഏറെ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ഒരുപക്ഷേ അന്ന് അദ്ദേഹത്തിനും ഇതിന്റെ ഗൗരവം മനസ്സിലായിക്കാണില്ല.’- എ.വിജയകുമാർ പറയുന്നു.

ഒഡീഷ ഒരുപാഠം…

ഈ വർഷം ആദ്യം ഒഡീഷയിലെ സിജിമാലി ഹിൽസിലും സെറുബാന്ധ ഹിൽസിലും ബലാഡിയും ആദിവാസി സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടം ഇവിടങ്ങളിൽ നടക്കുന്ന അനിയന്ത്രിതമായ ബോക്‌സൈറ്റ് ഖനനത്തിനെതിരെ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. കാസർകോട് ഖനനത്തിന് മുന്നോടിയായി വാഗ്ദാനം ചെയ്യുന്ന സമാന ഉറപ്പുകൾ നൽകി ആരംഭിച്ച ഒഡീഷയിലെ ബോക്‌സൈറ്റ് ഖനികളിൽ ഈ വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടതോടെയാണ് ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതും. ഇവിടങ്ങളിൽ ഇപ്പോഴും പ്രക്ഷോഭങ്ങൾ തുടരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇവിടെ ഖനനത്തിന് കോപ്പ് കൂട്ടുന്നത് എന്നാണ് വൈരുധ്യം.

ഖനനം അനുവദിക്കില്ല..

‘രാത്രി കിടക്കുമ്പോൾ ആലോചിച്ചിട്ട് ഉറങ്ങാൻ കഴിയുന്നില്ല. ഇത് ഞങ്ങളുടെ മണ്ണാണ്. ഇവിടം വന്ന് കുഴിതോണ്ടിയാൽ ഞങ്ങൾ പിന്നെ എവിടേക്ക് പോകും. ഖനനത്തിന് വേണ്ടിയിട്ട സർവേക്കല്ലുകൾ കാണുമ്പോൾ തന്നെ ഭീതിയാകുന്നു. ഈ മണ്ണിലാണ് ജീവിച്ചത്, ഈ മണ്ണിൽ തന്നെ മരിക്കണം എന്നാണ് ആശ. അതിന് തടസ്സപ്പെടുത്താൻ എന്ത് വന്നാലും ഞങ്ങൾ പ്രതിഷേധിക്കും, കൊല്ലുന്നുണ്ടെങ്കിൽ അവർ ഞങ്ങളെ കൊല്ലട്ടെ, എന്നിട്ട് ഈ മണ്ണ് കീറിമുറിക്കട്ടെ. ഈ നാടിന്റെ മണ്ണിനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ഓരോ പൗരന്റെയും പ്രാഥമിക കടമ.’- സമരസമിതി പ്രവർത്തകർ പറയുന്നു.

ജനകീയ സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ നടന്ന മനുഷ്യമതിലിൽ വലിയ ജനകീയ പങ്കാളിത്തമാണുണ്ടായത്. ടെൻഡർ നടപടികൾ തുടരാനാണ് തീരുമാനമെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിലേക്ക് ഈ നാട് നീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്ത് വില കൊടുത്തും ഈ നാടിന്റെ പ്രകൃതിയെയും മനുഷ്യരുടെ ജീവിതത്തെയും ഇല്ലാതാക്കുന്ന ഖനനത്തെ തടയാൻ തന്നെയാണ് അവരുടെ തീരുമാനം. ജില്ലാ ഭരണകൂടം, റവന്യൂ വകുപ്പ്, തദ്ദേശ സ്ഥാപനം, വനം വകുപ്പ് ഇവിടങ്ങളിലെല്ലാം ജനകീയ സമര സമിതി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ അവർക്കൊന്നും തന്നെ ഖനനത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അവരെല്ലാം കൈമലർത്തുകയാണ്. ഭൂമിയെയും മണ്ണിനെയും വായുവിനെയും സൈര്യ ജീവിതത്തിനും വേണ്ടിയുള്ള ഈ സമരത്തിൽ കേരളം മുഴുവൻ തങ്ങളുടെ കൂടെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെടുന്നു.