
പ്രതീകാത്മക ചിത്രം
ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഒരു ഹരിത ഭാവിയിലേക്ക് മുന്നേറാനുള്ള സാധ്യതയുടെ നിർണായക നിമിഷമാണ് നമ്മുടെ രാജ്യത്തിന് മുന്നിൽ തുറന്നുകിടക്കുന്നത്. 2070-ഓടെ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ നെറ്റ്-സീറോ ലക്ഷ്യത്തിലെത്താനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഈ കാലയളവിന് സാക്ഷികളാകുന്നതും ഇന്ത്യയുടെ മാറ്റങ്ങളിൽ പങ്കാളികളാകേണ്ടി വരുന്നതും യുവതലമുറയാണ്. ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കണമെങ്കിൽ, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പൊരുത്തപ്പെടാനും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും ജോലി ചെയ്യാനും യുവാക്കൾ എത്രത്തോളം തയ്യാറാണ് എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് സാരം. ഇവിടെയാണ് കാലാവസ്ഥാ വിദ്യാഭ്യാസം എന്ന സങ്കൽപ്പത്തിന് പ്രസക്തിയേറുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ, ആഘാതങ്ങൾ, പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് കാലാവസ്ഥാ വിദ്യാഭ്യാസം. കാലാവസ്ഥാ വിദ്യാഭ്യാസം നേടുകവഴി നമുക്കുചുറ്റുമുള്ള കാലാവസ്ഥയെക്കുറിച്ചുള്ള അറിവ്, നൈപുണ്യം, വ്യതിയാനങ്ങൾ എന്നിവയെ സൂക്ഷ്മമായി നിരീക്ഷിക്കാനാകും. രാജ്യത്തെ പൗരന്മാർ പരിഷ്കൃതരാകുമ്പോൾ സമൂഹവും വളർച്ച പ്രാപിക്കും. വികസന പ്രവർത്തനങ്ങൾ ഭരണകൂടം നടപ്പാക്കുമ്പോൾ അതിനെ വേണ്ടവിധത്തിൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് കാലാവസ്ഥാ വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം.
കാലാവസ്ഥാ സാക്ഷരതയും സാധ്യതകളും
രാജ്യത്തിന്റെ നല്ല മാറ്റത്തിലേക്കുള്ള മുന്നൊരുക്കം കാലാവസ്ഥാ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാ സാക്ഷരത ഒരു ദേശീയ ശേഷിയായി വികസിപ്പിച്ചില്ലെങ്കിൽ, രാജ്യം തുറന്നിടുന്ന ജനസംഖ്യാപരമായ സാധ്യതകളിലും ഹരിത സങ്കൽപ്പങ്ങളിലും ഇന്ത്യയ്ക്ക് ലക്ഷ്യം കാണാതെ തോറ്റുമടങ്ങേണ്ടി വരും. ക്ലാസ് മുറികളിലും, കാമ്പസുകളിലും, ജോലിസ്ഥലങ്ങളിലും, സമൂഹങ്ങളിലും കാലാവസ്ഥാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാജ്യത്തിന് യുവജനങ്ങളെ കാലാവസ്ഥാ അവബോധമുള്ളവരായി മാറ്റാൻ സാധിക്കും. സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും അവർക്ക് കഴിവുണ്ടാകും.
ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 (NCF 2023) എന്നിവ കാലാവസ്ഥാ മാറ്റത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യം അംഗീകരിക്കുന്നുണ്ടെങ്കിലും, അത് നടപ്പാക്കുന്നതിൽ വിജയിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (UGC) ബിരുദ തലത്തിലുള്ള പഠനങ്ങൾ അടിസ്ഥാനപരമായ അറിവുകൾ നൽകുന്നുണ്ടെങ്കിലും, കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള യുവ തലമുറയെ വാർത്തെടുക്കാനുള്ള ശക്തി അവയ്‌ക്കില്ല.
പൊതു ധാരണയിലെ വിടവ്
കാലാവസ്ഥ സംബന്ധിച്ച് മതിയായ അറിവില്ലാത്തത് പൊതുജനങ്ങളുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ധാരണകളിലും പ്രതിഫലിക്കുന്നുണ്ട്. 2025-ലെ ഒരു ദേശീയ സർവേ അനുസരിച്ച് 91 ശതമാനം ഇന്ത്യക്കാരും ആഗോള താപനത്തിന്റെ ഫലങ്ങൾ അനുഭവിച്ചതായി പറയുന്നുണ്ടെങ്കിലും, 38 ശതമാനം പേർ മനുഷ്യന്റെ പ്രവർത്തനങ്ങളാണ് ഇതിന്റെ പ്രധാന കാരണമെന്ന് വിശ്വസിക്കുന്നില്ല. കൂടാതെ, 2024-ൽ നടന്ന മറ്റൊരു പഠനത്തിൽ ഡൽഹി-എൻസിആറിലെ 89 ശതമാനം വിദ്യാർഥികളും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് കണ്ടെത്തിയെങ്കിലും, അതിന്റെ കാരണങ്ങൾ എന്താണെന്നതുസംബന്ധിച്ച് അവർക്ക് അറിവില്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, ജോലിസ്ഥലത്തെ പഠനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും കാലാവസ്ഥാ വിദ്യാഭ്യാസം മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ സർവേകൾ സൂചിപ്പിക്കുന്നത്,
ദേശീയ രൂപരേഖയുടെ പ്രസക്തി
കാലാവസ്ഥാ വിദ്യാഭ്യാസത്തിനായി ഒരു ദേശീയ രൂപരേഖ (National Framework) കൊണ്ടുവരുന്നത് ഇന്ത്യയുടെ വിവിധതരം വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ മാറ്റം കൊണ്ടുവരാൻ സഹായിക്കും. അതേസമയം ഉള്ളടക്കം പ്രാദേശികമായ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യം നൽകുന്നതിലൂടെ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാനാകും. ഉദാഹരണമായി തീരദേശങ്ങളിലെ വിദ്യാർഥികൾക്ക് കടൽനിരപ്പ് ഉയരുന്നതിനെക്കുറിച്ചും തീരദേശ പ്രതിരോധശേഷിയെക്കുറിച്ചും പഠിക്കാം. ഹിമാലയൻ പ്രദേശങ്ങളിലോ വരണ്ട സംസ്ഥാനങ്ങളിലോ ഉള്ള വിദ്യാർഥികൾക്ക് മഞ്ഞുമലകളുടെ പിൻവാങ്ങലിനെയോ ജലക്ഷമതയുള്ള കൃഷിയെയോ കേന്ദ്രീകരിക്കാം. ഇത്തരത്തിലുണ്ടാകുന്ന പഠനങ്ങൾ പ്രകൃതിയെ അടുത്തറിയാനും കാലാവസ്ഥാ ഭീഷണിയിൽ ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുവാനും സാധിക്കും.
ഈ രൂപരേഖ പഠനത്തെ ഉപജീവന മാർഗങ്ങളുമായി ബന്ധിപ്പിക്കുകയെന്നതാണ് അടുത്ത ഘട്ടം. ക്ലീൻ എനർജി വ്യവസായങ്ങൾ വികസിക്കുകയും പരമ്പരാഗത മേഖലകൾ മെച്ചപ്പെടുകയും ചെയ്യുമ്പോൾ കൽക്കരി, സ്റ്റീൽ, കൃഷി, ലോജിസ്റ്റിക്‌സ്, നിർമ്മാണം തുടങ്ങിയ മേഖലകളിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പുതിയ നൈപുണ്യം ആവശ്യമായി വരും. ഇൻസ്റ്റിറ്റ്യൂട്ടുകളിലും വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലും, കോർപ്പറേറ്റ് പരിശീലനങ്ങളിലും കാലാവസ്ഥാ സാക്ഷരത ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ അവബോധമുള്ള ഒരു തൊഴിൽശക്തിയെ വളർത്തിയെടുക്കാൻ സഹായിക്കും.
സമഗ്രതയും പ്രായോഗിക പഠനവും
ഈ പഠനങ്ങൾക്ക് ഒരു ദേശീയ ചട്ടക്കൂടിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ഗ്രാമങ്ങളിലും ഗോത്രവിഭാഗങ്ങളിലും തുടങ്ങി കാലാവസ്ഥാ ദുർബല സമൂഹങ്ങളാണ് പലപ്പോഴും കഠിനമായ കാലാവസ്ഥാ ആഘാതങ്ങൾ നേരിടുന്നത്. എന്നാൽ ഇവർക്കാണ് അറിവുകളിലേക്കുള്ള പ്രവേശനം കുറവുള്ളതും. അതിനാൽ പ്രാദേശിക ഭാഷകളിൽ നൽകുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത പ്രോജക്റ്റുകളുമായി ജോടിയാക്കിയ കാലാവസ്ഥാ വിദ്യാഭ്യാസം ഈ സാക്ഷരതാ വിടവ് നികത്താൻ സഹായിക്കും.
പാഠ്യവിഷയങ്ങളുമായി കൂട്ടിയിണക്കുമ്പോൾ
കാലാവസ്ഥാപഠനത്തിന് ആവശ്യമായ രൂപരേഖയുടെ ഭാഗമായി, കാലാവസ്ഥാ വിദ്യാഭ്യാസം എല്ലാ വിഷയങ്ങളിലും സമന്വയിപ്പിക്കുന്നു എന്ന് ഉറപ്പാക്കോണ്ടത് ആവശ്യമാണ്. അതായത് ശാസ്ത്ര പഠനത്തിൽ കാലാവസ്ഥയെയും വിശകലനം ചെയ്യാൻ പഠിക്കാം. ഇതുവഴി കാലാവസ്ഥാ മാറ്റത്തിന്റെ ഭൗതികശാസ്ത്രം വിശദീകരിക്കാം. ഇപ്പോൾ നിലനിൽക്കുന്ന പാഠ്യഭാഗത്ത് ഇതെല്ലാം പഠിക്കുന്നുണ്ടല്ലോ എന്നാണ് ചിന്തയെങ്കിൽ ‘മഴയുണ്ടാകുന്നതെങ്ങനെ?’ എന്ന ചോദ്യത്തിന് എത്ര പേർക്ക് ഉത്തരം നൽകാനാകുമെന്ന് ആലോചിച്ചാൽ മതി. പാഠ്യവിഷയമാകുകയെന്നതല്ല, പഠിക്കുകയെന്നതാണ് പ്രധാനം.
കാലാവസ്ഥാ പഠനം സാമ്പത്തികശാസ്ത്രത്തിൽ ഉൾക്കൊള്ളിച്ചാൽ അതുവഴി കാലാവസ്ഥാ ബാഹ്യതകൾ (climate externalities) പഠിക്കാം. ഭാഷാപഠനങ്ങളിൽ സമന്വയിപ്പിച്ചാൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാമൂഹികവും ധാർമ്മികവുമായ മാനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. ഇത്തരത്തിലുള്ള വിഷയാന്തര പഠനം (interdisciplinary learning), സഹാനുഭൂതി, നേതൃത്വപരമായ കഴിവുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കും. ശാസ്ത്രീയ തെളിവുകളും കാലാവസ്ഥാ സാങ്കേതികവിദ്യകളും വികസിക്കുന്നതിനനുസരിച്ച് ഈ ചട്ടക്കൂട് നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കണം.
പ്രായോഗിക പഠനം ചട്ടക്കൂടിന്റെ കേന്ദ്രബിന്ദുവായിരിക്കണം. കാമ്പസ് എനർജി ഓഡിറ്റുകൾ, ജൈവവൈവിധ്യ മാപ്പിങ്, മാലിന്യം-മൂല്യമാക്കി മാറ്റുന്ന സംരംഭങ്ങൾ, കാലാവസ്ഥാ-സ്മാർട്ട് കൃഷി തുടങ്ങിയ പദ്ധതികൾ എന്നിവ വ്യക്തികളുടെ പ്രശ്‌നപരിഹാരശേഷി വളർത്താൻ സഹായിക്കും. ദീർഘകാല പ്രഭാവം ഉറപ്പാക്കാൻ, സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റികളിലുമുള്ള ഫലങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി ശക്തമായ നിരീക്ഷണ-മൂല്യനിർണയ സംവിധാനങ്ങളും ഈ ചട്ടക്കൂടിൽ ഉൾപ്പെടുത്തണം.
ഇപ്പോൾ പ്രവർത്തിക്കേണ്ട സമയം
കാലാവസ്ഥാ മാറ്റത്തിനെതിരായ ആഗോള പോരാട്ടത്തിൽ രാജ്യം നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഭാവി ഉറപ്പാക്കാൻ ഭാവി തലമുറയെ സജ്ജമാക്കുകയെന്ന വലിയ ദൗത്യം വിസ്മരിക്കപ്പെടുന്നുണ്ട്. ഇപ്പോൾ നടക്കുന്ന മാറ്റത്തിന്റെ തരംഗം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മാറ്റത്തിനൊപ്പം പരിഗണിക്കേണ്ടതുണ്ട്. ഈ മാറ്റത്തെ നയിക്കുന്ന ഒരു ദേശീയ കാലാവസ്ഥാ വിദ്യാഭ്യാസ ചട്ടക്കൂട് സ്ഥാപിക്കാനുള്ള സമയം ഇപ്പോഴാണ്.
കാലാവസ്ഥാ വിദ്യാഭ്യാസം എന്നത് നമ്മുടെ യുവജനതയ്ക്ക് അവരുടെ പാഠപുസ്തകങ്ങളിൽ ചേർക്കേണ്ട മറ്റൊരു വിഷയമല്ല, മറിച്ച്, നാളത്തെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്ന ഒരു ആധുനിക ഉപകരണമാണ്.
Content Highlights: Explore how climate education is crucial for India`s youth to navigate a changing world, achieve net-zero goals by 2070, and build a sustainable future. Discover the potential and challenges.
Published: 17 Dec 2025, 02:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented