ജൂൺ എട്ട് ലോക സമുദ്രദിനം. മനുഷ്യചരിത്രത്തിൽ ഇത്ര വേഗത്തിൽ സമുദ്രങ്ങൾ ചൂടുപിടിച്ച മറ്റൊരു കാലഘട്ടമില്ല. ഇത് ആഗോള ഊർജ അസന്തുലിതാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നു. ഈ ആഗോളപ്രതിഭാസം കേരളവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാന ചോദ്യം

ജൂൺ എട്ട് ലോക സമുദ്രദിനമായി ആചരിക്കുമ്പോൾ, സമുദ്രങ്ങളെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ധാരണയിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. സമുദ്രങ്ങൾ വെറും മത്സ്യസമ്പത്തിന്റെ കലവറയോ കപ്പൽഗതാഗതപാതകളോ അല്ല. ഭൂമിയുടെ കാലാവസ്ഥാവ്യവസ്ഥയെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ പ്രകൃതിദത്ത സംവിധാനമാണ് അവ. അന്തരീക്ഷത്തിൽ മനുഷ്യപ്രവർത്തനങ്ങളിലൂടെ വർധിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആഘാതം ഏറ്റുവാങ്ങി ഭൂമിയെ സംരക്ഷിക്കുന്ന അദൃശ്യകവചമാണ് സമുദ്രങ്ങൾ. എന്നാൽ, ഈ സംരക്ഷണത്തിന് വലിയൊരു വില സമുദ്രങ്ങൾ ഇന്ന് നൽകിക്കൊണ്ടിരിക്കയാണ്.
Nature Reviews Earth & Environment ശാസ്ത്രമാസികയിൽ 2022-ലും 2026-ലുമായി പ്രസിദ്ധീകരിച്ച രണ്ടുപഠനങ്ങൾ ലോകസമുദ്രങ്ങളുടെ അവസ്ഥയെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പാണ് നൽകുന്നത്. ഭൂമിയിലെ അധികതാപോർജത്തിന്റെ ഏകദേശം 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണംചെയ്യുന്നതെന്ന് ഇതിൽ ഗവേഷകസംഘം വ്യക്തമാക്കുന്നു. അതിനാൽ ആഗോളതാപനത്തിന്റെ ഏറ്റവും വിശ്വസനീയമായ സൂചിക അന്തരീക്ഷതാപനിലയല്ല, മറിച്ച് സമുദ്രങ്ങളിലെ താപസംഭരണമാണെന്നും ഗവേഷകർ അടിവരയിടുന്നു.
2022-ലെ പ്രസിദ്ധീകരണത്തിൽ, 1958 മുതൽ 2019 വരെ സമുദ്രത്തിന്റെ മുകളിലെ 2000 മീറ്റർ ജലപാളിയിൽമാത്രം 351 സെറ്റാ ജൂൾ (Z.J.) അധിക താപോർജം സംഭരിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2026-ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അവലോകനമനുസരിച്ച് 1960 മുതൽ 2025 വരെ ആഗോള സമുദ്ര താപസംഭരണം 481+or-48 സെറ്റാജൂളായി ഉയർന്നിരിക്കയാണ്. 2025 തുടർച്ചയായ ഒൻപതാം വർഷവും സമുദ്രതാപസംഭരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ വർഷമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2024 മുതൽ 2025 വരെമാത്രം 24 സെറ്റാജൂൾ അധികതാപം സമുദ്രങ്ങൾ ആഗിരണംചെയ്തിരിക്കുന്നതായി പഠനം കാണിക്കുന്നു. മനുഷ്യചരിത്രത്തിൽ ഇത്ര വേഗത്തിൽ സമുദ്രങ്ങൾ ചൂടുപിടിച്ച മറ്റൊരു കാലഘട്ടമില്ലെന്നതാണ് യാഥാർഥ്യം. ഇത് ആഗോള ഊർജ അസന്തുലിതാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്ന കണക്കുകളാണ്.
അറിയാം, കേരളബന്ധം
ഈ ആഗോളപ്രതിഭാസം കേരളവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. ഉത്തരം വളരെ ലളിതമാണ്. കേരളത്തിന്റെ ചരിത്രവും സംസ്കാരവും സമ്പദ് വ്യവസ്ഥയും സമുദ്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 590 കിലോമീറ്റർ നീളമുള്ള തീരദേശവും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളും കൊച്ചി, വിഴിഞ്ഞം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളും വിനോദസഞ്ചാര മേഖലയുമെല്ലാം അറബിക്കടലിന്റെ ആരോഗ്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ സമുദ്രങ്ങളിലെ മാറ്റങ്ങൾ കേരളത്തിന്റെ ഭാവിയെ നേരിട്ട് സ്വാധീനിക്കുന്നു.
അറബിക്കടലിലെ ഉപരിതല ജലതാപനിലയിൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായുണ്ടായ വർധന ഇന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന കാലാവസ്ഥാ ആശങ്കയായി മാറിയിരിക്കുകയാണ്. കേരളം നേരിടുന്ന അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുമായി ഈ സമുദ്രതാപനത്തിന് അടുത്ത ബന്ധമുള്ളതാണ്. 2018-ലെ മഹാപ്രളയം, 2019-ലെയും 2021-ലെയും അതിശക്തമായ മഴ, ഇടയ്ക്കിടെ ഉണ്ടാകുന്ന മിന്നൽപ്രളയങ്ങൾ, കടൽക്ഷോഭം എന്നിവയെല്ലാം ചൂടുപിടിക്കുന്ന സമുദ്രങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ്. സമുദ്രോപരിതല താപനില ഉയരുമ്പോൾ കൂടുതൽ ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും അതുവഴി തീവ്രമായ മഴയ്ക്കുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നു. അതായത്, സമുദ്രത്തിലെ ചൂട് ഒടുവിൽ കേരളത്തിന്റെ മലനിരകളിൽ തട്ടി അതിശക്തമായ മഴയായി തിരിച്ചെത്തുന്നു.
ചുഴലിക്കാറ്റുകളുടെ കാര്യത്തിലും സമാനമായ മാറ്റമാണ് കാണുന്നത്. ഒരുകാലത്ത് ബംഗാൾ ഉൾക്കടലിനെക്കാൾ സുരക്ഷിതമായി കണക്കാക്കിയിരുന്ന അറബിക്കടൽ ഇന്ന് കൂടുതൽ ശക്തമായ ചുഴലിക്കാറ്റുകളുടെ കേന്ദ്രമായി മാറുകയാണ്. ഓഖി, തൗക്കേ, തേജ്, ബിപർജോയ്, അസ്ന ശക്തി തുടങ്ങിയ ചുഴലിക്കാറ്റുകൾ ഈ മാറ്റത്തിന്റെ സൂചനകളാണ്. ചൂടേറിയ സമുദ്രജലം ഇത്തരം ചുഴലിക്കാറ്റുകൾക്ക് ഇന്ധനമായി പ്രവർത്തിക്കുന്നു.
ഉയരുന്ന സമുദ്രനിരപ്പ്
കേരളത്തിന്റെ തീരപ്രദേശങ്ങൾ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ് സമുദ്രനിരപ്പുയർച്ച. സമുദ്രജലം ചൂടാകുമ്പോൾ അത് വികസിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. ഹിമാനികളുടെ ഉരുകലും ഇതിന് ആക്കംകൂട്ടുന്നു. കൊച്ചി, ആലപ്പുഴ, കൊല്ലം, പൊന്നാനി, ചെല്ലാനം, വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനകം കടലേറ്റവും തീരശോഷണവും രൂക്ഷമായിട്ടുണ്ട്. ഒട്ടേറെ തീരഗ്രാമങ്ങൾ ഓരോ വർഷവും കടലിലേക്ക് അലിഞ്ഞുപോകുന്ന സാഹചര്യമാണുള്ളത്. സമുദ്രനിരപ്പുയർച്ചയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് തീരദേശസമൂഹങ്ങൾക്കായിരിക്കും.
സമുദ്രതാപനം മത്സ്യസമ്പത്തിനും വലിയ വെല്ലുവിളിയാണ്. സമുദ്രജീവികളുടെ വിതരണവും പ്രജനനചക്രങ്ങളും താപനിലയുമായി അടുത്ത ബന്ധമുള്ളവയാണ്. ജലതാപനില ഉയരുമ്പോൾ പല മത്സ്യവർഗങ്ങളും തണുത്ത പ്രദേശങ്ങളിലേക്ക് നീങ്ങുന്നു, ചില സ്പീഷീസുകളുടെ എണ്ണംകുറയുന്നു, ചില പുതിയ സ്പീഷിസുകൾ പ്രത്യക്ഷപ്പെടുന്നു. കേരളത്തിലെ മത്സ്യബന്ധനമേഖലയിൽ ഇതിനകം ഇത്തരം മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സ്യസമ്പത്തിലെ വ്യതിയാനങ്ങൾ തീരദേശ സമ്പദ്‌വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കും.
സമുദ്രതാപനത്തോടൊപ്പം സമുദ്ര അമ്ലീകരണവും വർധിച്ചുവരുന്നു. മനുഷ്യർ പുറന്തള്ളുന്ന കാർബൺ ഡൈഓക്സൈഡിന്റെ വലിയൊരു പങ്ക് സമുദ്രങ്ങൾ ആഗിരണം ചെയ്യുമ്പോൾ സമുദ്രജലത്തിന്റെ അമ്ലത വർധിക്കുന്നു. ഇത് പവിഴപ്പുറ്റുകൾക്കും ഷെൽ നിർമിക്കുന്ന സമുദ്രജീവികൾക്കും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നു. ലക്ഷദ്വീപിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും പവിഴപ്പുറ്റുകൾ ഇതിനകംതന്നെ താപസമ്മർദത്തിന്റെയും പവിഴവെളുപ്പിക്കലിന്റെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രം കടലുമായി ചേർന്നാണ് എഴുതപ്പെട്ടിട്ടുള്ളത്. നമ്മുടെ വ്യാപാരവും സംസ്കാരവും ഭക്ഷണരീതികളും ജീവിതശൈലിയും കടലിന്റെ ദാനമാണ്. അതിനാൽ, സമുദ്രസംരക്ഷണം പരിസ്ഥിതിസംരക്ഷണം മാത്രമല്ല; കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കലുമാണ്. ലോക സമുദ്രദിനത്തിൽ നാം ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഇതാണ്: സമുദ്രത്തിന്റെ ആരോഗ്യം ഭൂമിയുടെ ആരോഗ്യമാണ്, സമുദ്രത്തിന്റെ ഭാവി കേരളത്തിന്റെ ഭാവിയുമാണ്.
(കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് മേധാവിയാണ് ലേഖകൻ)
Content Highlights: 90% of global excess heat is absorbed by oceans, making it a key climate indicator., Ocean heat content reached record levels in 2025, with 481 ZJ accumulated since 1960., Rising sea temperatures are directly linked to Kerala's extreme weather, including floods and cyclones., Arabian Sea is becoming a hotspot for intense cyclones like Ockhi and Biparjoy., Coastal erosion and changing fish migration patterns threaten Kerala's economy and food security.
Published: 08 Jun 2026, 03:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented