ടുവ, പുള്ളിപ്പുലി, ചെന്നായ് തുടങ്ങിയ വന്യജീവികളും പറട്ടി, പാലി തുടങ്ങിയ മരങ്ങളുമടങ്ങുന്ന ജെെവെെവിധ്യമാണ് നെല്ലിയാമ്പതിയുടേത്. മലമുഴക്കി വേഴാമ്പലടക്കമുള്ള വേഴാമ്പലുകളുടെ ഉപജാതികളും സാന്നിധ്യമറിയിച്ച കാടുകളിലൊന്ന് കൂടിയാണ് ഇവിടം. മൂന്ന് വര്‍ഷം മുന്‍പ് നേരിട്ട് കണ്ടറിഞ്ഞ ജൈവസമ്പന്നമായ നെല്ലിയാമ്പതി കാട്ടിലേക്ക് തൃശ്ശൂര്‍ സ്വദേശിയായ ഫൈസല്‍ മാഗ്നറ്റ് വീണ്ടുമെത്തി. അവിടേക്കൊരു യാത്ര ആദ്യമായിട്ടല്ലായിരുന്നുവെങ്കിലും അത്തവണ ഫെെസലിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. നെല്ലിയാമ്പതിയുടെ കാടകങ്ങളെ കുറിച്ചൊരു ഡോക്യുമെന്ററിയായിരുന്നു ഫൈസലിന്റെ മനസ് നിറയെ. 'വെെൽഡ് നെല്ലിയാമ്പതി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്​ലറും യൂട്യൂബിൽ റിലീസ് ചെയ്തുകഴിഞ്ഞു.

To advertise here,

ഡോക്യുമെന്ററിയെ പറ്റിയറിഞ്ഞിട്ടാണ് ഫൈസലിനെ സമീപിക്കുന്നത്. ഒരുദിവസം ദൃശ്യങ്ങളെടുക്കാന്‍ പോകുമ്പോള്‍ വരുന്നതില്‍ പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ആ ദിനം വന്നെത്തി. രാവിലെ അഞ്ചുമണിക്ക് തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ട ഞങ്ങള്‍ നെല്ലിയാമ്പതി വനമേഖലയില്‍ ഏഴോടെ എത്തി. മൂന്ന് വർഷത്തോളമായി ഭൂരിഭാഗം സമയവും കാട്ടിൽ ചെലവഴിക്കുന്ന ഫെെസലിന് കാടിന്റെയും വന്യജീവികളുടെയും അനവധി കഥകളുടെ കെട്ടഴിക്കുവാനുണ്ടായിരുന്നു. കഥകൾക്ക് അകമ്പടിയായി ദൃശ്യവിസ്മയമൊരുക്കിയ വനപാതയും.

placeholder
കാടിന്റെ കാഴ്ചകൾ പകർത്താൻ ഫെെസലിന് കൂട്ടായ ജിപ്സി, വോക്കി ടോക്കി അടക്കമുള്ള സംവിധാനങ്ങൾ ഇതിലുണ്ട് | ഫോട്ടോ: സരിൻ എസ്.രാജൻ

കാഴ്ചവിരുന്നൊരുക്കിയ വനപാത

പുള്ളിപ്പുലി, കടുവ, വേഴാമ്പല്‍ തുടങ്ങിയ അനവധി ജീവജാലങ്ങളടങ്ങിയ ജൈവൈവിധ്യമേഖല കൂടിയാണിത്. ഫിഷ് ഔളിനെ കണ്ടായിരുന്നു തുടക്കം. ചിത്രം പകര്‍ത്തുന്നുവെന്ന് മനസിലാക്കിയ ഫിഷ് ഔള്‍ ഭംഗിയായി പോസ് ചെയ്തു. രണ്ടുവട്ടം കൂടൊരുക്കി മുട്ടിയിട്ടപ്പോഴും കൂട് നശിച്ച വേദന അനുഭവിക്കുന്ന വേഴാമ്പല്‍ ജോഡിയാണ് വരവറിയിച്ച് അടുത്തതായി എത്തിയത്. 

തലയില്‍ കിരീടം ചൂടി രാജാവിനെ പോലെ തോന്നിക്കുന്ന ക്രെസ്റ്റ്ഡ് ഹോക്ക് ഈഗിള്‍, കിങ്ഫിഷര്‍, മയില്‍, കേഴമാന്‍ തുടങ്ങിയ അനേകം വന്യജീവികളെ വനപാതയുടെ ഇരുവശങ്ങളിലായി കണ്ടു. ഒരേസമയം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കുകയും വന്യജീവികളെ കണ്ടെത്തുകയും ചെയ്ത ഫൈസലിന്റെ കഴിവ് തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. ഇടയ്ക്ക് വെച്ച് ഫോട്ടോഗ്രഫിയിലേക്ക് താന്‍ കാലെടുത്തുവെയ്ക്കാനുണ്ടായ സാഹചര്യവും അദ്ദേഹം വിവരിച്ചു. 

placeholder
ഫിഷ് ഔൾ | ഫോട്ടോ: അരുൺ നിലമ്പൂർ / മാതൃഭൂമി.കോം

തുടക്കം ചെറിയ ക്യാമറയില്‍

എല്ലാവരെയും പോലെ ചെറിയ ക്യാമറയിലായിരുന്നു ഫൈസലിന്റെയും തുടക്കം. ആദ്യക്കാലത്ത് ഫോട്ടോഗ്രഫി കാര്യഗൗരവത്തോടെ കണ്ടിരുന്നില്ല. പിന്നീടങ്ങോട്ട് അത് നിത്യജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രഫി മടുത്ത് തുടങ്ങിയപ്പോഴാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്. ഡോക്യുമെന്ററിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. അഞ്ച് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനും ഫൈസല്‍ പദ്ധതിയിടുന്നു. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മറ്റുള്ളവരെ പോലെ കേരളത്തിന് പുറത്തെ കാടുകളില്‍ പോയി ചിത്രം പകര്‍ത്താന്‍ ഫൈസലിന് താത്പര്യമില്ല. അതിനുമുണ്ട് ഒരു കാരണം. ബന്ദിപ്പുര്‍ വനമേഖലയാണ് ഉദാഹരണമായി ഫൈസല്‍ പറഞ്ഞത്. അവിടുത്തെ കടുവകള്‍ക്കും മറ്റും മനുഷ്യരെ കണ്ട് ഭയം മാറി കഴിഞ്ഞു. വാഹനത്തിലൂടെ പോകുമ്പോള്‍ ചിലപ്പോള്‍ മുന്നിലെ റോഡില്‍ വന്ന് കടുവകള്‍ കിടക്കും. ഒപ്പം ഫോട്ടോഗ്രാഫര്‍മാരുണ്ടെങ്കില്‍ കിട്ടുക ഒരേ ഫ്രെയിം ആയിരിക്കും, അതിലെന്ത് കാര്യം?, ഫൈസല്‍ ചോദിക്കുന്നു. അതേ സമയം കേരളത്തിലെ കാടുകളിലെ വന്യജീവികളുടെ ചിത്രം വ്യത്യസ്തമായവയാണെന്നും ഫൈസല്‍ പറയുന്നു.

placeholder
ക്രെസ്റ്റ്ഡ് ഹോക്ക് ഈ​ഗിൾ, തലയിൽ കിരീടം ചൂടി നിൽക്കുന്ന ഈ പക്ഷിയെ കാണാൻ തന്നെ ഭം​ഗിയാണ് | ഫോട്ടോ: അരുൺ നിലമ്പൂർ / മാതൃഭൂമി.കോം

ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ടാകും. ഫൈസലിന്റെ ചിത്രങ്ങള്‍ ഒരായിരം കഥ പറയും. കാരണം അത്രമേല്‍ ഫൈസലിനെ നെല്ലിയാമ്പതിയിലെ ജനങ്ങളും വനംവകുപ്പും പിന്തുണയ്ക്കുന്നു. ഏതെങ്കിലും വന്യജീവിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കാപ്പിത്തോട്ടത്തിലെ തൊഴിലാളികള്‍ ഫൈസലിനെ ഉടനെ വിളിച്ച് അറിയിക്കും. ഇത് പലപ്പോഴും ഫൈസലിന് സഹായകരമാകുന്നു. 

ജൈവൈവിധ്യ സമ്പന്നമായ നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ഷം തോറും കൂടുകയാണെന്ന് ഫൈസലിന്റെ സുഹൃത്തും ടൂറിസ്റ്റ് ഗൈഡുമായ മഹേഷ് പറയുന്നു

placeholder
മ്ലാവിനെ വേട്ടയാടിത്തിന്നുന്ന ചെന്നായ്ക്കളും കുട്ടികളും | ഫെെസൽ പകർത്തിയ ചിത്രം

ഗ്രൂപ്പ് തിരിഞ്ഞ ചെന്നായ്ക്കള്‍

ചെന്നായ്ക്കള്‍ വേട്ടയാടുന്ന ചിത്രം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണെന്ന് ഫൈസല്‍ പറയുന്നു. പുഴവക്കത്തേക്ക് മ്ലാവിനെ ചതിച്ച് കൊണ്ടുവന്നാണ് ചെന്നായ്ക്കള്‍ വേട്ടയാടിയത്. ജീവന്‍ പോകുന്നതിന് മുന്‍പ് തന്നെ മാംസ കൊതിയന്മാരായ ചെന്നായ്ക്കള്‍ അകത്താക്കി. ചിത്രം പകര്‍ത്തുന്നുവെന്ന് തോന്നിയ നിമിഷം ചെന്നായ്ക്കള്‍ ഗ്രൂപ്പായി തിരിയുകയായിരുന്നു. അപകടം മണത്താല്‍ അവ ഇങ്ങനെ പ്രതികരിക്കാറുണ്ട്. 

ഫൈസല്‍ അനങ്ങാതെ ശാന്തനായി അവിടെ തുടര്‍ന്നു. ഭീഷണിയില്ലെന്ന് മനസിലാക്കിയ ചെന്നായ്ക്കള്‍ വീണ്ടും ഒന്നുചേര്‍ന്നു. നെല്ലിയാമ്പതിയെന്ന ഹരിതവനത്തില്‍ പുള്ളിപ്പുലിയും കുട്ടികളും നടന്നുനീങ്ങുന്ന കാഴ്ചയും തന്നെ ആകര്‍ഷിച്ചുവെന്നാണ് ഫൈസല്‍ പറയുന്നത്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക്കുകളുടെ അസാന്നിധ്യം വന്യജീവികളുടെ അതിജീവനത്തിന് ഇവിടെ സഹായകരമാകുന്നുവെന്നാണ് ഫെെസലിന്റെ പക്ഷം.

placeholder
ഫെെസൽ പകർത്തിയ കരിങ്കുരങ്ങും കോഴി വേഴാമ്പലും

കരിങ്കുരങ്ങും കോഴി വേഴാമ്പലും

പൊതുവെ നാണക്കാരായ കരിങ്കുരങ് ഒരു ദിവസം നെല്ലിയാമ്പതിയില്‍  മുന്നില്‍പെടുകയായിരുന്നു. എന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടും അന്ന് ആ കരിങ്കുരങ് മാറിപ്പോയില്ല. ഞങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന മനുഷ്യന്മാര്‍ ചിരിക്കുന്നത് പോലെ ചിരിക്കുകയാണ്. അതും എനിക്ക് ക്യാമറയില്‍ പകര്‍ത്താനായി. സാധാരണ കളിയാക്കി ചിരിക്കുന്നത് പോലെയാകും ഇവ ചിരിക്കുക. എന്നാല്‍ അന്ന് അതുണ്ടായില്ല. ഈ ചിത്രം എന്നും എന്റെ ഓര്‍മയിലുണ്ടാകും. മറ്റൊരു ദിവസം കോഴി വേഴാമ്പലിന്റെ ശബ്ദം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മരക്കൊമ്പും അപ്പോഴാണ് ഞാന്‍ കാണുന്നത്. ഈ കൊമ്പില്‍ കോഴി വേഴാമ്പല്‍ വന്നെങ്കിലെന്ന് ആശിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു. ചിത്രവും പകർത്തി.

placeholder
ഫെെസൽ വയനാട് നിന്ന് പകർത്തിയ കാട്ടാനയുടെ ചിത്രം 

ഛിന്നം വിളിച്ചെത്തിയ കാട്ടാനകൾ

ബന്ദിപ്പുരില്‍ നിന്ന് വയനാട്ടിലേക്ക് രാത്രി തിരിച്ച് വരുന്ന സമയത്ത് താന്‍ അനുഭവിച്ച ടെന്‍ഷന് കൈയും കണക്കുമില്ലെന്ന് ഫൈസല്‍ പറയുന്നു. ഒരു കൂട്ടം കാട്ടാനകളെ കണ്ടാണ് വണ്ടിനിര്‍ത്തിയത്. ഒരു കുഞ്ഞന്‍ ആനയും ഗ്രൂപ്പിലുണ്ട്. സാധാരണ ഇത്തരം ആനക്കൂട്ടത്തെ നിരീക്ഷിക്കാനും മറ്റുമായി ഒരു പിടിയാന മാറി നില്‍ക്കുന്നുണ്ടാകും. കാട്ടാന ഛിന്നം വിളിച്ചപ്പോള്‍ ഗതാഗത കുരുക്കുണ്ടാക്കിയ കാട്ടാനകള്‍ വഴിമാറി. പിന്നീട് വണ്ടിയെടുത്ത് പായുകയായിരുന്നു ഫൈസല്‍. കാട്ടില്‍ കടന്നാല്‍ വന്യജീവികള്‍ പ്രതികരിക്കുക സ്വാഭാവികമാണ്. അത് അവരുടെ മേഖലയാണ്. പലപ്പോഴും വന്യജീവികള്‍ സമീപത്ത് എത്തിയിട്ടുണ്ടെങ്കിലും അവക്ക് ഭീഷണിയെന്ന് തോന്നിയാല്‍ മാത്രമേ അവ പ്രതികരിക്കൂ. 

placeholder
കാപ്പിതോട്ടങ്ങൾക്കിടെ കണ്ട സാംബർ ഡിയർ | ഫോട്ടോ: അരുൺ നിലമ്പൂർ / മാതൃഭൂമി.കോം

പത്ത് ദിവസം വരെ കാട്ടില്‍

ഡോക്യുമെന്ററിക്ക് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നാടായ തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടാല്‍ ചിലപ്പോള്‍ പത്ത് ദിവസം കഴിഞ്ഞാകും തിരിച്ചെത്തുക. മനസിന് സംതൃപ്തി തോന്നുന്ന ദൃശ്യം കിട്ടിയാല്‍ പിന്നെ നേരെ നാട്ടിലേക്ക്. കൂട്ടിന് മാരുതി ജിപ്‌സിയുമുണ്ട്. വോക്കി ടോക്കി പോലുള്ള സംവിധാനങ്ങളുള്ള തന്റെ നാലാമത് ജിപ്‌സിയാണിതെന്നും ഫൈസല്‍ പറയുന്നു. കാട് കയറിയാല്‍ പിന്നെ സുഖസൗകര്യങ്ങള്‍ക്ക് സ്ഥാനമില്ല. തങ്ങാനൊരു മുറി, ഭക്ഷണം അത്ര മാത്രം മതി ഫൈസലിന്. നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ പ്രകൃതി അത് തരുമെന്ന് ഫൈസല്‍ വിശ്വസിക്കുന്നു. 

placeholder
കിങ്ഫിഷർ | ഫോട്ടോ: അരുൺ നിലമ്പൂർ / മാതൃഭൂമി.കോം

അപ്‌ഡേറ്റഡ് ആകാന്‍

പത്തുകൊല്ലം മുന്‍പ് ഫോട്ടായെടുത്ത പല സുഹൃത്തുക്കളും ഇന്നും അതേ രീതിയില്‍ ചിത്രം പകര്‍ത്തുന്നത് നിരാശ സമ്മാനിക്കുന്നുവെന്ന് ഫൈസല്‍ പറയുന്നു. തുടക്കകാലത്ത് എല്ലാവരും എടുക്കുക മോശം ചിത്രങ്ങള്‍ തന്നെയാകും. പിന്നീട് അത് മെച്ചപ്പെടുത്തിയെടുക്കാതെ ഇരിക്കുമ്പോഴാണ് പ്രശ്‌നം. ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ഇഷ്ടമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തതയാണ് വന്യജീവി ഫോട്ടോഗ്രഫിയിലെ പ്രധാന ഘടകം. 

ഒരു പക്ഷി വെറുതെ മരത്തില്‍ ഇരിക്കുന്ന പടത്തിനെക്കാള്‍ ജീവന്‍ പറക്കുന്ന ചിത്രത്തിനുണ്ടാകും. അതാണ് ഏറ്റവും വലിയ ഉദാഹരണം. ക്ഷമയാണ് മറ്റൊരു ഘടകം. ഒരു ചിത്രത്തിന് ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. അത് പകര്‍ത്താന്‍ സാധിക്കുകയെന്നത് ഭാഗ്യമാണ്. ഒരിക്കലും ചിത്രം പകര്‍ത്താന്‍ കാത്തിരിക്കുന്നത് തന്നെ മടുപ്പിച്ചിട്ടില്ലെന്നും ഫൈസല്‍ പറയുന്നു. ഷൂട്ടിനായി നെല്ലിയാമ്പതിയില്‍ കഴിയുകയാണെങ്കില്‍ അലാറം പോലും വേണ്ട, 5.30-ന് മലമുഴക്കി വേഴാമ്പലിന്റെ ശബ്ദം കേള്‍ക്കാം-ഫെെസലിന്റെ വാക്കുകളില്‍ 100 % സംതൃപ്തി വ്യക്തം. 

placeholder
ഗ്രേ വാഗ്‌ടെയ്ല്‍ പക്ഷി | ഫോട്ടോ: അരുൺ നിലമ്പൂർ / മാതൃഭൂമി.കോം

അംഗീകാരങ്ങള്‍

ആനകളുടെ ഇണചേരല്‍ ചിത്രത്തിനാണ് ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നത്. ആനകളുടെ ഇണചേരല്‍ അപൂര്‍വമാണ്. ആ സയമത്ത് ആനകള്‍ കൂടുതലായി ദേഷ്യവും മറ്റും പ്രകടിപ്പിക്കും. പാടുപെട്ടാണ് ചിത്രം പകര്‍ത്തിയത്. 2017-ല്‍ രണ്ടാമത്തെ അവാര്‍ഡും ഫൈസലിനെ തേടിയെത്തി. ബ്ലാക്ക് വിങ്ഡ് കൈറ്റിന്റെ ചിത്രത്തിനായിരുന്നു അംഗീകാരം. താനെടുക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ക്കും മറ്റും അധികമായി നല്‍കാറില്ലെന്ന് ഫൈസല്‍ പറയുന്നു.

placeholder
ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്ലും ക്രെസ്റ്റ്ഡ് സെര്‍പെന്റ് ഈഗിളും | ചിത്രം പകർത്തിയത് ഫെെസൽ മാ​ഗ്നറ്റ്

ഭാവിപരിപാടികള്‍

ഇനിയും ഈ മേഖലയില്‍ ഒരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ടെന്ന് ഫൈസല്‍ പറയുന്നു. ഇനിയും മെച്ചപ്പെടാനുണ്ട്. ഡോക്യുമെന്ററി എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി. വിദേശ ചാനലുകളുമായി അവസാന വട്ട ചര്‍ച്ചകളിലാണ്. നെല്ലിയാമ്പതിയുടെ കാഴ്ചകള്‍ എത്ര പകര്‍ത്തിയാലും തീരില്ലെന്നും ഫൈസല്‍ പറയുന്നു. വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് ഫൈസല്‍ തിരിഞ്ഞപ്പോള്‍ വീട്ടിലെ അംഗങ്ങള്‍ മുറ്റത്തെത്തുന്ന പക്ഷികളെയും മറ്റും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഭാര്യയും മക്കളും എല്ലാ സപ്പോര്‍ട്ടുകളുമായി ഒപ്പമുണ്ട്.