
എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ പുകച്ചുരുൾ| ഫോട്ടോ: AP
ഞായറാഴ്ചയാണ് എത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ പന്ത്രണ്ടായിരം കൊല്ലത്തോളമായി നിദ്രയിലായിരുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സജീവമായത്. അഗ്നിപർവതം പൊട്ടിത്തെറിച്ചതിന് ശേഷം മണിക്കൂറുകളോളം 14 കിലോമീറ്ററോളം ഉയരത്തിൽ ചാരം നിറഞ്ഞ പുക ഉയർന്നുപൊങ്ങിയെന്നാണ് ഫ്രാൻസിലെ ടൂളൂസ് വൊൾകാനിക് ആഷ് അഡ്വൈസറി സെന്റർ (വിഎഎസി) റിപ്പോർട്ട് ചെയ്തത്. എന്നാൽ അധികം വൈകാതെ അഗ്നിപർവത അവശിഷ്ടങ്ങളും പൊടിപടലങ്ങളും ഗംഗാ സമതലത്തിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇന്ത്യയിലെത്തിയ ചാരം കലർന്ന പുക രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
എത്യോപ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനം എങ്ങനെയാണ് 4000 കിലോമീറ്ററോളം അകലെയുള്ള ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്? ഡൽഹിയിൽ നിലവിൽ മോശമായി തുടരുന്ന വായു ഗുണനിലവാരം അഗ്നിപർവത സ്ഫോടനത്തോടെ വഷളാകുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക.
ഞായറാഴ്ച രാവിലെയാണ് 12000 വർഷങ്ങളായി നിഷ്ക്രിയമായിരുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ അടുത്തുള്ള അഫ്‌ഡെറ ഗ്രാമം പൊടിയിൽ മൂടപ്പെട്ടു. എർട്ട ആലെയ്ക്കും അഫ്‌ഡെറ പട്ടണത്തിനും ചുറ്റും ഭൂചലനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധികം വൈകാതെ ചാരം കലർന്ന പുക ചെങ്കടലിന് കുറുകെ കടന്ന് യെമനിലേക്കും ഒമാനിലേക്കും വ്യാപിച്ചു.
എന്നാൽ തിങ്കളാഴ്ച രാവിലെ ചാരമേഘം പടിഞ്ഞാറൻ ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുകയും വൈകിട്ടോടെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതായും കാലാവസ്ഥാ ഏജൻസികൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, ഹൈഡ്രജൻ സൾഫൈഡ്, റാഡൺ, ഹൈഡ്രജൻ ഫ്ലൂറൈഡ്, സൾഫ്യൂറിക് ആസിഡ് എന്നിങ്ങനെ രാസപദാർഥങ്ങൾ ശ്വസിക്കുന്നത് ജീവനുതന്നെ അപകടമാകുന്ന സന്ദർഭങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നതിനിടെ സ്ഫോടനത്തിന്റെ പുകപടലങ്ങൾ എങ്ങനെയാകും ഇന്ത്യയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നത്.
തകർന്ന പാറക്കഷണങ്ങൾ, ധാതുക്കൾ, അഗ്നിപർവ്വത ഗ്ലാസ് എന്നിവയാണ് സ്ഫോടന അവശിഷ്ടങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത്. ഈ അഗ്നിപർവ്വത ചാരം നഗരത്തിലെ ഇതിനകം വിഷലിപ്തമായ വായുവിനെ കൂടുതൽ വഷളാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇതിനുപുറമെ അഗ്നിപർവ്വത ചാരവും വാതകങ്ങളും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതും ഭീഷണിയാകുന്നുണ്ട്.
അതേസമയം, ചാര കലർന്ന മേഘം ദൃശ്യപരതയെയും വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും, അത് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാര നിലവാരത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ വായുഗുണനിലവാരം മോശമായി തുടരുന്നുണ്ടെങ്കിലും ഇതിൽ അഗ്നിപർവത സ്ഫോടനത്തിന്റെ പൊടിപടലങ്ങൾ കാരണമായിട്ടില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര ചൊവ്വാഴ്ച പറഞ്ഞത്.
അഗ്നിപർവത ചാരം അന്തരീക്ഷത്തിലെ പ്രഥമ പാളിയായ ട്രോപോസ്ഫിയറിൽ നിറഞ്ഞിരിക്കുന്നതിനാൽ, അത് വിമാന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മൊഹപത്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വായുവിന്റെ ഗുണനിലവാരത്തിലും കാലാവസ്ഥയിലും ഇതിന് സ്വാധീനമില്ലെന്നും ചൊവ്വാഴ്ച രാത്രി ഏഴരയോടെ പുകപടലങ്ങൾ ചൈനയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സ്ഫോടന പരമ്പരയുടെ ബാക്കി അവശിഷ്ടങ്ങൾ ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നാണ് പരിസ്ഥിതി പ്രവർത്തകനായ വിംലേന്ദു ഝാ അഭിപ്രായപ്പെടുന്നത്. സൾഫർ ഡയോക്സൈഡും ഗ്ലാസ് കണികകളും വളരെ വലുതാണെങ്കിലും, പുകയും ചാരവും അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ നിലനിൽക്കുന്നതിനാൽ, അതിന്റെ ആഘാതം ഡൽഹിയുടെ വായുഗുണനിലവാരത്തെ ഉടനടി ബാധിക്കില്ലെന്ന് ഝാ പറഞ്ഞു. എന്നിരുന്നാലും ഇത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ മേഘങ്ങളിൽ തുടർച്ചയായ നിരീക്ഷണം വേണമെന്നാണ് ഝാ പറയുന്നത്.
ഇന്ത്യയിലെ കാലാവസ്ഥാ നിരീക്ഷണ കമ്പനിയായ ഇന്ത്യ മെറ്റ് സ്കൈ വെതറിന്റെ വിശകലനത്തിൽ സ്ഫോടനത്തിന്റെ പുകപടലങ്ങൾ വടക്കേ ഇന്ത്യയിൽ നിന്ന് മാറി ചൈനയ്ക്കും പസഫിക്കിനും മുകളിലേക്ക് നീങ്ങുന്നുണ്ട്. ഇതനുസരിച്ച് വിമാനഗതാഗതം പുനഃക്രമീകരിക്കണമെന്നും അവർ റിപ്പോർട്ട് ചെയ്തു.
അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ
അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ പുറത്തുവിടുന്ന ചാരം സാധാരണ പൊടിയിൽ നിന്നും വ്യത്യസ്തമാണ്. പൊടിഞ്ഞ പാറയും ഗ്ലാസുമാണ് ഇതിലെ പ്രധാന കണികകൾ, പലപ്പോഴും രാസ സംയുക്തങ്ങൾ കൊണ്ട് പൊതിഞ്ഞതും സൾഫർ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളുമായി കലർന്നതുമാണ് ഈ അവശിഷ്ടങ്ങൾ. നേർത്ത ചാരം അല്ലെങ്കിൽ വോഗ് (അഗ്നിപർവ്വത പുക) ശ്വസിക്കുന്നത് സാധാരണയായി ശ്വാസകോശത്തെ ബാധിക്കുകയും ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അഗ്നിപർവതങ്ങളുടെ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ പരക്കുമ്പോൾ ഇത് വിമാന ഗതാഗതത്തെയും ബാധിക്കുന്നു. ചാരം വിമാന എൻജിന്റെ പ്രവർത്തനം തകരാറിലാക്കും. ഇത് കണക്കിലെടുത്ത് ഇന്നലെ അഗ്നിപർവതത്തിൽ നിന്നുള്ള ചാരംനിറഞ്ഞ മേഘങ്ങളുള്ള സ്ഥലത്ത് എത്ര ഉയരത്തിൽ വിമാനം പറത്താമെന്നതു സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശമിറക്കിയിരുന്നു.
വിമാനം സാധാരണയായി ഭൂമിയുടെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ ഒന്നാം പാളിയായ ട്രോപോസ്ഫിയറുമായി സമ്പർക്കമുണ്ടാകും. ഇവിടെയുണ്ടാകുന്ന പൊടിപടലങ്ങൾ വിമാനത്തിന്റെ സുഗമമായ യാത്രയെ ബാധിക്കും. ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്നലെ എല്ലാ വിമാനക്കമ്പനികൾക്കും ചാരം ബാധിച്ച പ്രദേശങ്ങൾ ഒഴിവാക്കാൻ ഒരു ഉപദേശം നൽകിയിരുന്നു.
എന്നിരുന്നാലും അപ്രതീക്ഷിതമായി ഇന്ത്യയിലെത്തിയ പുകയെ നേരിടുന്നതിനായി യാതൊരു നടപടിയും രാജ്യം സ്വീകരിച്ചിട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് രാജ്യം എടുക്കുന്ന മറ്റൊരു ഭാഗ്യപരീക്ഷണമായി മാറുകയാണ് ഈ പുതിയ പ്രതിസന്ധി.
Content Highlights: Mount Haile Gebbi erupts in Ethiopia, sending ash clouds thousands of km to India.
Published: 25 Nov 2025, 06:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented