
1980കളുടെ പകുതി. സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി ഏതാനും വിത്തുകള്‍ വനംവകുപ്പ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. വയനാടൻ കാട് ഹരിതാഭമാക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം മഞ്ഞപ്പൂ പൂത്തു നിൽക്കുന്ന മരങ്ങൾ കാടിനു മോടികൂട്ടുമെന്ന ചെറു പ്രതീക്ഷയും. പക്ഷെ ആരും കരുതുന്നതിലും വേഗത്തിൽ അവ വളർന്നു പന്തലിച്ചു. നൂറും ആയിരവും കവിഞ്ഞുള്ള ആ വളർച്ച ഒടുവിൽ വിനാശം തൊട്ടു. വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്ത ആ പച്ചപ്പും സൗന്ദര്യവും വയനാടന്‍ കാടിന്റെ ശാപമായി പരിണമിച്ചു. നമ്മുടെ കാടിന്റെ എല്ലാ സ്വാഭാവികതയെയും മെതിച്ചു വളർന്ന ആ മഞ്ഞക്കൊന്നയ്ക്ക് വരവേറ്റവർ തന്നെ ഒടുവിൽ വിളിപ്പേരിട്ടു- രാക്ഷസക്കൊന്ന. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഹെക്ടര്‍ കണക്കിന് വനം പൂര്‍ണമായും രാക്ഷസക്കൊന്ന കൈയ്യടക്കി. മുത്തങ്ങയ്ക്ക് മാത്രമല്ല, ഈ വനമേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന തമിഴ്നാടിന്റേയും കര്‍ണാടകത്തിന്റേയും വനപ്രദേശത്തേക്കും രാക്ഷസകൊന്നയെന്ന സെന്ന സ്പെക്ടാബിലിസ് പടർന്നു. ഓരോ മരത്തിൽ നിന്നും ആറായിരം പുതിയ ചെടികളുണ്ടായി നമ്മുടെ തനത് കാടിനെയാകെ വിഴുങ്ങിയപ്പോൾ അത് ഭരണകേന്ദ്രം വരെ ഇടപെടേണ്ടുന്ന ആഭ്യന്തരപ്രശ്നമായി മാറി. വയനാടിന്റെ കാടകങ്ങളെ വേരോടെ ഇല്ലാതാക്കാനൊരുങ്ങിയ സെന്നയെന്ന ചെടിയുടെ ചരിത്രവും വർത്തമാനവും ഉന്മൂലന പ്രവര്‍ത്തനങ്ങളും കാലം രേഖപ്പെടുത്തുന്ന ഹരിതയുദ്ധമാവുമെന്ന് തീർച്ച.
അമേരിക്കയില്‍ നിന്നെത്തിയ 'രാക്ഷസന്മാര്‍'
രാക്ഷസക്കൊന്ന, മഞ്ഞക്കൊന്ന, സ്വര്‍ണക്കൊന്ന എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെടിയുടെ ശാസ്ത്രീയനാമം സെന്ന സ്പെക്ടാബിലിസ് (Senna spectabilis)എന്നാണ്. ഫബേസിയ(Fabaceae) കുടുംബത്തില്‍പ്പെടുന്ന ചെടിയുടെ ജന്മദേശം മധ്യ-തെക്കേ അമേരിക്കയാണ്. വേനല്‍ക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. കടുത്ത മഞ്ഞനിറത്തിലുള്ള പൂക്കള്‍ ഉള്ളതിനാല്‍ വീടുകളിലും പാര്‍ക്കുകളിലും റോഡരികുകളിലും മറ്റും അലങ്കാരസസ്യമായി സെന്നയെ വളര്‍ത്താറുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയില്‍ ഇത് ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ട് വ്യാപിച്ചതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം കെനിയ, മലാവി, ടാന്‍സാനിയ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കന്‍ മേഖലകളിലും തെക്കേഇന്ത്യയിലും സെന്നയുടെ അമിതവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെന്നയുടെ വ്യാപനം വനനശീകരണത്തിനും സ്വാഭാവിക ആവാസവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും അതുവഴി ജനവാസമേഖലയിലെ വന്യമൃഗശല്യങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സ്ഥാപിക്കുന്നു. തെക്കേ ഇന്ത്യയില്‍ കേരളത്തിലേയും കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും വനമേഖലയില്‍ സെന്നയുടെ വ്യാപനം അതിവേഗത്തിലാണ് നടക്കുന്നത്. കര്‍ണാടകയിലെ ഭദ്ര കടുവസംരക്ഷണ കേന്ദ്രം, തമിഴ്നാട്ടിലെ സത്യമംഗലം കാടുകള്‍ മുതുമല, നാഗര്‍ഹോളെ വന്യജീവി സങ്കേതങ്ങളിലും ഇന്ന് രാക്ഷസക്കൊന്നകളുടെ സാന്നിധ്യമുണ്ട്. കേരളത്തില്‍ വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിന് പുറമേ തേക്കടി, അട്ടപ്പാടി വനമേഖലയിലും സെന്ന വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മുതല്‍ എട്ടു കൊല്ലങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ വനപ്രദേശങ്ങളില്‍ ആദ്യമായി രാക്ഷസക്കൊന്നയെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഗവേഷകര്‍ പറയുന്നു.
മുത്തങ്ങയെ കീഴടക്കി സെന്ന
വയനാട്ടിലേക്ക് എങ്ങനെയാണ് സെന്ന എത്തിയതെന്ന ചോദ്യം തേടിപ്പോയാല്‍ അത് കാടിന്റെ സൗന്ദര്യം കൂട്ടാനെത്തിയ അലങ്കാരച്ചെടികളുടെ ചരിത്രത്തിലാവും എത്തിച്ചേരുക. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി, അല്ലെങ്കില്‍ സാമൂഹ്യവനവത്കണത്തിന്‍റെ ഭാഗമായാണ് സെന്ന കേരളത്തിലെത്തിയത് എന്നാണ് വനംവകുപ്പും പരിസ്ഥിതി ഗവേഷകരും പറയുന്നത്. 2023ല്‍ പി.എ വിനയന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് 1986ലാണ് വയനാട്ടില്‍ ആദ്യമായി സെന്ന അവതരിപ്പിച്ചത് എന്നാണ്. സാമൂഹ്യവനവത്കരണ വിഭാഗം മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴിയിലായിരുന്നു വിത്തുമുളപ്പിച്ചത്. പിന്നീട് ഇവ മുത്തങ്ങയിലെ ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നട്ടുപിടിപ്പിച്ചു. പത്തില്‍ കുറവ് തൈകള്‍ മാത്രമായിരുന്നു അന്ന് നട്ടുപിടിപ്പിച്ചത്. തണല്‍മരങ്ങളായാണ് അന്ന് ഇവയെ കണക്കാക്കിയിരുന്നത്. കണിക്കൊന്നയാണെന്ന് കരുതിയാവാം രാക്ഷസക്കൊന്നയെ കൊണ്ടുവന്നതെന്നും കരുതുന്നുണ്ട്. കാരണമെന്തായാലും സെന്ന എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ചുറ്റുമുള്ള ചെടികളെ നശിപ്പിച്ചുകൊണ്ട് സെന്ന പെരുകാന്‍ തുടങ്ങി. ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നിന്ന് കാടിനുള്ളിലേക്ക് അത് വ്യാപിച്ചു. പിന്നെയും കാല്‍നൂറ്റാണ്ട് വേണ്ടിവന്നു ഈ ചെടി ഒരു അധിനിവേശ സസ്യമാണെന്ന് തിരിച്ചറിയാന്‍ പോലും. ഇന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളില്‍ ഇവ വ്യാപകമായി തഴച്ചു വളര്‍ന്ന് കഴിഞ്ഞിരിക്കുകയാണിപ്പോള്‍. വയനാട്ടില്‍ മാനന്തവാടിയില്‍ തുടങ്ങി തോല്‍പ്പെട്ടി വരെയുള്ള മേഖലയുടെ ഇരുവശങ്ങളിലും രാക്ഷസക്കൊന്നകളിന്ന് സുലഭമായ കാഴ്ചയാണ്.
മുത്തങ്ങയില്‍ വനത്തിനുള്ളില്‍ സെന്ന ക്രമാതീതമായി വ്യാപിച്ചുകഴിഞ്ഞു. കാടിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് സഫാരിയുണ്ടായിരുന്ന കാലത്ത് വന്യമൃഗങ്ങളെ കാണാനായി നിരവധി സെന്ന മരങ്ങള്‍ പകുതിവെച്ച് മുറിച്ചുമാറ്റിയിരുന്നു. കാലക്രമേണെ ഈ ഭാഗത്തുനിന്നെല്ലാം പുതിയ നാമ്പുകള്‍ മുളച്ചുവരികയും സെന്ന വളര്‍ന്നുപന്തലിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് മരങ്ങള്‍ കാടിനുള്ളില്‍ കാണാം. ഇതിനുപുറമേ താനേ വളര്‍ന്നുവന്ന വലിയ മരങ്ങളും വിത്തുവിതരണത്തിലൂടെ വളര്‍ന്നുവരുന്ന സെന്ന ചെടികളുമുണ്ട്. ഒടിഞ്ഞുവീണ മരങ്ങളില്‍ നിന്ന് പലതായി വളരുന്ന ശിഖരങ്ങളുമേറെയുണ്ട്. ഫലത്തില്‍ എല്ലാപ്രായത്തിലുമുള്ള സെന്ന ചെടികളുടെ സങ്കേതമാണ് മുത്തങ്ങ റേഞ്ച്.

മുറിച്ചാലും മുറികൂടും പിഴുതുമാറ്റിയാലും വളരും
രാക്ഷസക്കൊന്ന എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കാടടക്കി വാഴുന്ന രാക്ഷസന്മാരായി മഞ്ഞക്കൊന്നകള്‍ മാറിയിരിക്കുന്നു. വ്യാപനം കൂടിയതോടെ സെന്നയെ ഇല്ലാതാക്കാനുള്ള നിരവധി വഴികള്‍ വനംവകുപ്പ് തന്നെ നടപ്പിലാക്കിയിരുന്നു. 2013ലാണ് ആദ്യമായി സെന്ന നശീകരണം ആരംഭിച്ചത്. മരം വെട്ടിക്കളഞ്ഞ്, ബാക്കിഭാഗത്തെ തൊലി ചെത്തിമാറ്റി, കടയ്ക്കലില്‍ മണ്ണെണ്ണ ഒഴിച്ച് മരം ഉണക്കി കളയുന്ന രീതിയായിരുന്നു ആദ്യം വനംവകുപ്പ് നടപ്പിലാക്കിയിരുന്നത്. ഇത്തരത്തില്‍ ഇരുപതിനായിരത്തോളം ചെടികള്‍ ഇത്തരത്തില്‍ ചെയ്തു. വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഈ രീതിയെ കുറിച്ച് പിന്നീട് വിശകലനം ചെയ്യുകയുണ്ടായി. അന്നവര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ വളരെ ചെറിയ ശതമാനം സെന്ന ചെടികള്‍ മാത്രമേ ഇത്തരത്തില്‍ നശിച്ചുപോവുകയേ ഉള്ളൂ എന്നായിരുന്നു. അതും എട്ട് മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തായിരുന്നു മരങ്ങള്‍ ഉണങ്ങിയത്. മാത്രമല്ല ഇത്തരത്തില്‍ ചെയ്ത ചില മരങ്ങളില്‍ നിന്ന് പുതിയ തൈകള്‍ ഉണ്ടാവുകയും ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളിലും ഇതേ രീതി പിന്തുടര്‍ന്നെങ്കിലും സെന്ന വ്യാപനം അതിശക്തമായി തുടരുക തന്നെ ചെയ്തു. മണ്ണില്‍ വീണ ആയിരക്കണക്കിന് വിത്തുകള്‍ പിന്നേയും മുളച്ചുപൊങ്ങി. മുറിച്ചുമാറ്റപ്പെട്ട തടിയില്‍ നിന്നും ഒന്നില്‍കൂടുതല്‍ ശിഖരങ്ങള്‍ വളര്‍ന്നു. വനംവകുപ്പ് ചെയ്ത ഈ രീതി കൂടുതല്‍ സെന്നകളുടെ വളര്‍ച്ചയിലേക്കാണ് നയിച്ചതെന്ന് പല പഠനങ്ങളും പറയുന്നുണ്ട്.
കാടിന്റെ സ്വാഭാവിക ഘടനയെ തന്നെ മാറ്റിമറിക്കാന്‍ രാക്ഷസക്കൊന്നകള്‍ക്ക് സാധിക്കും. രാക്ഷസക്കൊന്നയിലെ യഥാര്‍ത്ഥ വില്ലന്മാര്‍ തൊലിയിലും ഇലയിലുമുള്ള രാസപദാര്‍ത്ഥങ്ങളാണ്. സെന്ന തഴച്ചുവളരുന്നതിനൊപ്പം ചുറ്റുമുള്ള പച്ചപ്പിനെ അത് ഇല്ലാതാക്കുന്നു. അതിനാല്‍ സെന്ന ചെടികളുടെ ചുറ്റും ചെടികള്‍ അധികം വളരില്ല. പുല്ല് വര്‍ഗങ്ങളെ യാതൊരു തരത്തിലും വളരാന്‍ അനുവദിക്കാത്ത രാക്ഷസക്കൊന്നകള്‍ സൂര്യപ്രകാശം കാടുകളിലെത്തുന്നതിനും തടസ്സമാണ്. കുറ്റിച്ചെടികളും പുല്ലുകളും വളരാതെ തരിശ്ശുനിലമായി സെന്ന പ്രദേശം മാറി.
മൂന്ന് വര്‍ഷം കൊണ്ട് കായുണ്ടാവുന്ന രാക്ഷസക്കൊന്നയുടെ ഒരു മരത്തില്‍ നിന്നു തന്നെ ആറായിരത്തോളം വിത്തുകളുണ്ടാകും. രാക്ഷസക്കൊന്നകള്‍ ഒരിക്കല്‍ വ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് നശിപ്പിക്കുക താരതമ്യേനെ അസാധ്യമാണെന്നാണ് കരുതുന്നത്. ഒരിക്കല്‍ വെട്ടിമാറ്റിയാല്‍ വീണ്ടും മുളയ്ക്കും. ഒരു മരം കടയ്ക്കല്‍വെച്ചോ പകുതിവെച്ചോ മുറിച്ചുമാറ്റിയാല്‍ മുറിക്കപ്പെട്ട ഭാഗത്തുനിന്നും പലശാഖകളായി വളരുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനാല്‍ മരം മുറിച്ചുമാറ്റുന്നത് ശാസ്ത്രീയമാര്‍ഗമല്ലെന്ന് മാത്രമല്ല അത് സെന്നയുടെ രൂക്ഷമായ വ്യാപനത്തിന് മാത്രമേ വഴിയൊരുക്കുകയുമുള്ളൂ. വേരോടെ പിഴുതു മാറ്റി നശിപ്പിക്കുകയാണ് പോംവഴി. എന്നാല്‍ ഭൂരിഭാഗം വേരുകളും പിഴുതെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വേരില്‍ നിന്നും പുതിയ മുളകള്‍ വളര്‍ന്നുതുടങ്ങും. വേരോടെ പിഴുതു മാറ്റി കാടിനു വെളിയില്‍ കൊണ്ടു പോയി തീയിട്ടു നശിപ്പിക്കുകയാണ് സാധാരണയായി ചെയ്യുക. തൊലി ചെത്തിമാറ്റി ഉണക്കിയും നശിപ്പിക്കാം. വേരോടെ പിഴുതു തലകീഴായി കുഴിച്ചിട്ട് നശിപ്പിക്കുന്ന രീതിയും അവലംബിക്കുന്നുണ്ട്.

അടിക്കാടുകളും പുല്ലുകളും ഇല്ലാതാകുന്നത് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണമാവുന്നു. 30 മീറ്റര്‍ വരെയെങ്കിലും ഉയരത്തില്‍ വളരുന്ന ഇവയുടെ ഇലകളോ തളിരോ മൃഗങ്ങള്‍ പോലും ഭക്ഷണമാക്കാറില്ല. ഇലകളിലേയും പൂക്കളിലേയും രാസപദാര്‍ഥത്തിന്റെ സാന്നിധ്യം അലര്‍ജി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നത് കൊണ്ടാണ് മൃഗങ്ങള്‍ ഇത് ഭക്ഷിക്കാത്തത്. സെന്നയുമായി നിരന്തരം ഇടപഴകുന്ന മനുഷ്യര്‍ക്കും അലര്‍ജികളുണ്ടാവാറുണ്ട്. അതേസമയം സെന്നയുടെ പഴുത്ത കായ്കള്‍ മാനുകളും കരടികളും കഴിക്കാറുണ്ട്. ഇവയുടെ കാഷ്ഠത്തിലൂടെ വിത്തുകള്‍ വനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്നു. ആനയും വിത്തുവിതരണത്തില്‍ പങ്കുവഹിക്കുന്നുണ്ടെന്നാണ് വനം അധികൃതരും പറയുന്നത്.

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ക്കും കാരണം
മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ക്ക് സെന്നയും കാരണമാവുന്നുണ്ടെന്ന് സി.ഡബ്ല്യു,ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മനോജ് പി സാമുവേല്‍ പറഞ്ഞു. സെന്നയുടെ വ്യാപനം കാരണം പുല്ലുകളും ചെടികളും നശിക്കുന്നത് ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യമൃഗങ്ങളുടെ ജീവിതചക്രത്തെ സെന്ന ഇതിനോടകം ബാധിച്ചു കഴിഞ്ഞു. സെന്ന വ്യാപനം ഇനിയും രൂക്ഷമായതോടെ ആഹാരം തേടി വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്കിറങ്ങിത്തുടങ്ങി. മാനും മുയലും നാട്ടിലേക്കിറങ്ങിയാല്‍ ഇവയെ തേടി കടുവയും പുലിയും കാടിറങ്ങുന്നതും പ്രതീക്ഷിക്കാം. സെന്നയുടെ വ്യാപനം തടയുന്നതിനെ കുറിച്ച് പീച്ചിയിലെ ഗവേഷണ കേന്ദ്ര സമഗ്രപഠനം നടത്തുന്നുണ്ട്. സ്വാഭാവിക വനമേഖലയെ തിരിച്ചുപിടിക്കാനും കാലാവസ്ഥാ മാറ്റത്തെ അടക്കം പ്രതിരോധിക്കാനും അധിനിവേശ സസ്യമായ സെന്നയുടെ നശീകരണം അടിയന്തരമായി ചെയ്യേണ്ടതുണ്ട്. സെന്ന നശീകരണത്തിന് ഡീബാര്‍ക്കിങ് താരതമ്യേനെ ഫലപ്രദമായ രീതിയാണ്. എന്നാല്‍ എല്ലാമരങ്ങളും ഡീബാര്‍ക്കിങ് ചെയ്ത് സെന്ന നശിപ്പിക്കുക എന്നത് വലിയ മനുഷ്യാധ്വാനം വേണ്ട പ്രവര്‍ത്തനമായതിനാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തീരുന്ന ഒന്നല്ല. അതിനാല്‍ ജൈവിക കളനാശിനികള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ബദല്‍മാര്‍ഗങ്ങളിലൂടെ നശീകരണം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ചുരുങ്ങിയ മാസത്തിനുള്ളില്‍ അത് ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എങ്ങനെ നശിപ്പിക്കും?
2016-17 വര്‍ഷത്തില്‍ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ന വ്യാപന വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. തുടര്‍ന്ന് സെന്ന നശീകരണത്തെ സഹായിക്കുന്ന 12 രീതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വനംവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. രാക്ഷസക്കൊന്നകള്‍ ഒരിക്കല്‍ വ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് നശിപ്പിക്കുക അസാധ്യമാണ്. ഇത്രയും വനമേഖലയിലെ രാക്ഷസക്കൊന്നകളെ ഇല്ലാതാക്കാന്‍ കോടിക്കണക്കിന് രൂപയും വര്‍ഷങ്ങളോളം നീണ്ട അധ്വാനവും വേണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിക്കുന്ന മൂന്ന് ശാസ്ത്രീയമാര്‍ഗങ്ങള്‍ ഒരുപരിധിവരെ ഫലവത്താണെന്ന് പരീക്ഷിച്ചുതെളിഞ്ഞിട്ടുണ്ട്. കെ.എഫ്.ആര്‍.എ നിര്‍ദേശിക്കുന്ന മൂന്ന് മാര്‍ഗങ്ങള്‍ ഇവയാണ്.
1. വേരുകള്‍ അവശേഷിപ്പിക്കാതെ പിഴുതുമാറ്റുക.
2. തൊലി ചെത്തിയശേഷം മണ്ണിട്ട് ഉണക്കിക്കളയുന്ന രീതി (Debarking)
3. രാസവസ്തുക്കള്‍ കുത്തിവെച്ച് ഇല്ലാതാക്കുക

ശാസ്ത്രീയമായ മൂന്ന് മാര്‍ഗങ്ങളാണ് ഇവയെങ്കിലും ഒരു ചെടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പലപ്പോഴും ഈ മാര്‍ഗങ്ങളിലൂടെ സാധിച്ചെന്ന് വരില്ല. വേരുകള്‍ തീരെ അവശേഷിപ്പിക്കാതെ മരം പിഴുതിമാറ്റാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഈ രീതിയില്‍ ഫലപ്രദമായി രാക്ഷസക്കൊന്നകളെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. മരം പിഴുതുമാറ്റുമ്പോള്‍ പിഴവ് പറ്റി വേരുകള്‍ പൊട്ടിപ്പോവുകയോ മറ്റോ ചെയ്താല്‍ അതില്‍ നിന്നും പുതിയ ശിഖരങ്ങള്‍ മുളച്ചുവരുന്നതായി കാണപ്പെടുന്നുണ്ട്. വനത്തില്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് സ്വാഭാവിക ആവാസ്ഥവ്യവസ്ഥയ്ക്കും മൃഗങ്ങള്‍ക്കും ഹാനികരമാണ്. അതിനാല്‍ രാസവസ്തുക്കള്‍ കുത്തിവെയ്ക്കുന്നതും പ്രായോഗികമല്ല. തൊലിചെത്തി മണ്ണിട്ട് ഉണക്കിക്കളയുന്ന രീതിയും വ്യാപകമാണ്. മരത്തിന്റെ വേരില്‍ നിന്നും മുകളിലേക്ക് തൊലി പൂര്‍ണമായും ചെത്തിമാറ്റിക്കളഞ്ഞ് കടയ്ക്കല്‍ മണ്ണിട്ട് മൂടി മരം ഉണക്കിക്കളയുന്ന രീതിയാണ് ഡീബാര്‍ക്കിങ്. ഇത്തരത്തില്‍ നശിപ്പിക്കുമ്പോഴും തൊലി എവിടെയെങ്കിലും അവശേഷിച്ചാല്‍ ആ ഭാഗത്ത് നിന്നും പുതിയ മുളകള്‍ വളര്‍ന്നുവരും.
സെന്നയോട് പോരാടാന്‍ 'പൃഥ്വി'
പരിസ്ഥിതിക്ക് വേണ്ടി തങ്ങളാലാവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ന് നിരവധി സന്നദ്ധസംഘടനകളും പരിസ്ഥിതി കൂട്ടായ്മകളും മുത്തങ്ങയില്‍ സെന്ന നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൃഥ്വി റൂട്ട്‌സ് എന്ന പരിസ്ഥിതി കൂട്ടായ്മ. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയാണിത്. മുത്തങ്ങയിലെ സെന്ന അധിനിവേശം ചെറുക്കുന്നതിന്റെ ഭാഗമായി കൂട്ടായ്മയിലെ അംഗങ്ങള്‍ കാട്ടിലേക്കിറങ്ങി സെന്ന നശീകരണത്തിലേര്‍പ്പെടും. തൊലി ചെത്തിക്കളഞ്ഞ് ഉണക്കിക്കളയുന്ന ഡീബാര്‍ക്കിങ് രീതിയാണ് ഇവര്‍ പിന്തുടരുന്നത്.
രാമകൃഷ്ണ മിഷന്‍ സ്‌കൂളില്‍ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയിലെ അംഗങ്ങളായിരുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന് ശേഷം രൂപീകരിച്ച കൂട്ടായ്മയാണ് പൃഥ്വി റൂട്ട്‌സ്. 2010ലാണ് പൃഥ്വി റൂട്ട്‌സ് രൂപീകരിച്ചത്. പൃഥ്വി റൂട്ട്‌സ് ഈ വര്‍ഷത്തിനിടെ ഏറ്റെടുത്ത പ്രധാന പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൊന്നാണ് രാക്ഷസക്കൊന്നയുടെ നശീകരണം. 2024 മാര്‍ച്ച് മുതലാണ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഡീബാര്‍ക്കിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനോടകം പതിനൊന്ന് ഘട്ടങ്ങളിലായി മൂന്നര ഹെക്ടര്‍ സ്ഥലത്തെ 1300ഓളം മരങ്ങള്‍ പൃഥി റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ഡീബാര്‍ക്ക് ചെയ്തുകഴിഞ്ഞു.

മൂന്ന് ലെയര്‍ തൊലിയാണ് സെന്നയ്ക്കുള്ളത്. കടയ്ക്കല്‍ മുതല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തൊലി ചെത്തിക്കളഞ്ഞ് വേരുകളോട് ചേര്‍ന്ന് മണ്ണിട്ട് മൂടും. ഇങ്ങനെ ചെയ്യുമ്പോള്‍ വേരിലേക്ക് സൂര്യപ്രകാശം എത്തുന്നത് തടസ്സപ്പെടുകയും സ്വഭാവികപ്രക്രിയ തടസ്സപ്പെട്ട് മരം ഉണങ്ങിപ്പോവുകയും ചെയ്യും. അല്ലെങ്കില്‍ അരമീറ്റര്‍ ഉയരത്തില്‍ മരം മുറിച്ചുകളഞ്ഞ് ബാക്കിയുള്ള ഭാഗത്തെ തൊലി ചെത്തിക്കളഞ്ഞ് മരത്തെ ഉണക്കുകയും ചെയ്യാം. മരത്തിന്റെ വലിപ്പവും പ്രായവുമനുസരിച്ച് മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെയാണ് ഇത്തരത്തില്‍ ചെയ്ത ഒരു മരം ഉണങ്ങിപ്പോവാന്‍ വേണ്ടുന്ന സമയം. വേരിന്റെ ചുവട്ടില്‍ ഇടാനുപയോഗിക്കുന്ന മണ്ണ് സെന്ന സാന്നിധ്യം ഇല്ലാത്ത സ്ഥലത്ത് നിന്ന് എടുത്താല്‍ മാത്രമേ ഫലം കാണുകയുള്ളൂ.
വേനല്‍ക്കാലത്താണ് ഈ പ്രവര്‍ത്തനം ഫലവത്താവുന്നത്. അല്ലാത്തപക്ഷം മഴയില്‍ സെന്ന മരങ്ങളുടെ കടയ്ക്കലിട്ട മണ്ണൊലിച്ചുപോവുകയും ഡീബാര്‍ക്കിങ് ഫലം കാണാതെവരികയും ചെയ്യും. അതിനാല്‍ മഴക്കാലം തുടങ്ങിയതോടെ കാട്ടില്‍ പുതിയതായി വളരുന്ന സെന്ന ചെടികള്‍ പറിച്ചുകളയുന്ന (uproot)പ്രവര്‍ത്തനങ്ങളാണ് പൃഥ്വി റൂട്ട്‌സിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. മഴ ശക്തിപ്പെട്ടാല്‍ വിത്തുവിതരണത്തിലൂടെയുള്ള പുതിയ ചെടികള്‍ അതിവേഗത്തില്‍ വളര്‍ന്നുവരും. മൃഗങ്ങള്‍ ഭക്ഷിച്ച് വിസര്‍ജിക്കുന്ന വിത്തുകളിലൂടെയാണ് മഴക്കാലത്ത് പുതിയ തൈകള്‍ പ്രധാനമായും വളരുന്നത്. സെന്ന അധികം വ്യാപിക്കാത്ത വനപ്രദേശത്ത് ഇത്തരത്തില്‍ പുതിയ ചെടികള്‍ വളരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉള്‍ക്കാടുകളില്‍ കയറി പുതിയ ചെടികള്‍ പറിച്ച് ഉണക്കിനശിപ്പിക്കുന്നത്.

രാമകൃഷ്ണ മിഷന്‍ സ്കൂളിലെ അധ്യാപകന്‍ കൂടിയായ രഞ്ജിത്ത് ആണ് പൃഥ്വി റൂട്ട്സ് കൂട്ടായ്മയുടെ രക്ഷാധികാരി.30 വയസ്സ് പിന്നിട്ടവര്‍ മുതല്‍ ഇപ്പോള്‍ പ്ലസ് വണില്‍ പഠിക്കുന്നവര്‍വരെ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്.. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അധ്യാപകരുമടങ്ങുന്ന ഈ കൂട്ടായ്മ ഏറെക്കാലമായി പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സ്‌കൂള്‍വിദ്യാര്‍ഥികളായിരിക്കേ സന്ദര്‍ശിച്ച മുത്തങ്ങ വന്യജീവിസങ്കേതം, അധിനിവേശസസ്യമായ മഞ്ഞക്കൊന്ന പടര്‍ന്നതോടെ തകര്‍ച്ചയിലാണെന്ന തിരിച്ചറിവാണ് ഇവരെ സെന്ന നശീകരണത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. സംഘടനയുടെ ഭാഗമായവര്‍ എല്ലാ വെള്ളിയാഴ്ചയും രാത്രിയോടെ മുത്തങ്ങയിലെത്തും. ശനിയും ഞായറും മുത്തങ്ങയില്‍ തങ്ങി മഞ്ഞക്കൊന്ന നശീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ഞായറാഴ്ച വൈകീട്ട് മടങ്ങും. ഡീബാര്‍ക്കിങ് രീതി മഴക്കാലത്ത് ഫലപ്രദമല്ലാത്തതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം ഈ പ്രവര്‍ത്തനം തുടരാനാണ് ഇവരുടെ തീരുമാനം.

247 ഏക്കറില്‍ ഫോറസ്റ്റ് ഫസ്റ്റ് സമിതിയുടെ 'യുദ്ധം'
സെന്ന നശീകരണം സജവമായി തുടരുന്ന മറ്റൊരു സംഘടനയാണ് ഫോറസ്റ്റ് ഫസ്റ്റ് സമിതി. മൂന്ന് വര്‍ഷം കൊണ്ട് ഏകദേശം ഒരുലക്ഷത്തോളം മഞ്ഞക്കൊന്നകള്‍ ഈ സംഘം പിഴുതുമാറ്റിക്കളഞ്ഞു. മഞ്ഞക്കൊന്ന നിറഞ്ഞ് പുല്ലുപോലും മുളയ്ക്കാതിരുന്ന വയനാട്ടിലെ തോല്‍പ്പെട്ടി റേഞ്ചില്‍ 247 ഏക്കര്‍സ്ഥലത്താണ് അത് വേരോടെ പിഴുതെടുത്ത് കാടിനെ പഴയരൂപത്തിലാക്കിയത്. മരം പിഴുതിമാറ്റി ഇവിടെ ഞാവലും ഈട്ടിയും കരിമരുതുമടക്കം നാല്പതിനായിരത്തോളം മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാടിനെ സമൃദ്ധമാക്കുകയും ചെയ്തിട്ടുണ്ട് ഫോറസ്റ്റ് സമിതി. മരത്തിന്റെ ചുറ്റുമുള്ള മണ്ണ് നീക്കംചെയ്ത് വേരുകള്‍ വെട്ടിമാറ്റിയശേഷം ചെയിന്‍ബ്ലോക്കിന്റെ സഹായത്തോടെ താഴ് വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. പിഴുതെടുത്താലും ബാക്കിയുള്ള വേരുകളില്‍നിന്ന് എവിടെയെങ്കിലുമൊക്കെ പൊട്ടിമുളയ്ക്കും. അതും നീക്കംചെയ്യും. അവസാനവര്‍ഷം മണ്ണില്‍ വിത്തുവീണ് മുളച്ചുവരുന്ന ചെറിയതൈകള്‍ മാത്രമേയുണ്ടാവുകയുള്ളൂ. അവകൂടി നീക്കംചെയ്യുന്നതോടെ കാട് മഞ്ഞക്കൊന്നവിമുക്തമാവും. ഇതിനിടയിലാണ് ചെടികള്‍ നട്ടുവളര്‍ത്തുന്നത്. 150 ഏക്കറിലധികം സ്ഥലത്ത് തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 400 ഏക്കര്‍ സ്ഥലത്തെ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനും നാല്പതിനായിരത്തോളം തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനുമായി 2.3 കോടിയാണ് ചെലവായത്. പരിസ്ഥിതിമേഖലയില്‍ താത്പര്യമുള്ളവരില്‍നിന്ന് ഫണ്ട് ശേഖരിച്ചാണ് പണം കണ്ടെത്തുന്നത്. തോല്‍പ്പെട്ടിയിലെ ആദിവാസിവിഭാഗത്തില്‍പ്പെട്ടവരെയാണ് ഇതിന് നിയോഗിക്കുന്നതെന്നതുകൊണ്ട് അവര്‍ക്കിത് വരുമാനമാര്‍ഗം കൂടിയാവുന്നുണ്ട്. 'ഫോറസ്റ്റ് ഫസ്റ്റ് സമിതി' സഹസ്ഥാപക മീരാചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍

ഇന്‍സൈറ്റില്‍ മീര ചന്ദ്രന്‍
വരുന്നു, ജൈവായുധം
രാക്ഷസക്കൊന്ന നശീകരണത്തിനായി കെ.എഫ്.ആര്‍.എ നിര്‍ദേശിച്ച മൂന്ന് മാര്‍ഗങ്ങളിലൊന്നായ മരുന്ന് പ്രയോഗത്തിനുള്ള ഒരുക്കത്തിലാണ് സി.ഡബ്ല്യൂ.ആര്‍.ഡി.എം. സെന്നയെ പൂര്‍ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള മരുന്നിന്റെ വികസനം അവസാനഘട്ടത്തിലാണ്. അന്തിമപരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇത് വനത്തിലെ സെന്ന ചെടികളില്‍ പ്രയോഗിക്കാന്‍ കഴിയുകയുള്ളൂ.
മുത്തങ്ങയിലെ സെന്നയുടെ വ്യാപ്തി നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് സെന്നയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ സി.ഡബ്ല്യൂ.ആര്‍.ഡി.എം ആരംഭിച്ചത്. മുത്തങ്ങയില്‍ സെന്നയുള്ള ഭാഗത്തുനിന്നും സെന്ന ഇല്ലാത്ത ഭാഗത്ത് നിന്നും മണ്ണ് ശേഖരിച്ചു. രണ്ടും ചേര്‍ന്ന് നടത്തിയ താരതമ്യ പഠനത്തില്‍ സെന്ന എത്രത്തോളം ആഴത്തിലാണ് മണ്ണിന്റെ പോഷകങ്ങളെ സെന്ന ഇല്ലാതാക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. പയര്‍വര്‍ഗങ്ങളുടെ കുടുംബമായ ഫബേസിയയില്‍ ഉള്‍പ്പെടുന്ന ചെടിയാണ് സെന്ന. പയര്‍ ചെടികളുടെ വേരില്‍ നൈട്രജന്‍ ഡെപ്പോസിറ്റ് കാണാന്‍ സാധിക്കും. എന്നാല്‍ സെന്നയുടെ വേരുകളില്‍ മണ്ണിന് ഉപകാരപ്പെടുന്ന ഒരു ഘടകത്തിന്റേയും സാന്നിധ്യമില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തി. ഈ സെന്നയെ നശിപ്പിക്കാനുള്ള രാസമരുന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം വികസിപ്പിച്ചിട്ടുണ്ട്. ഈ മരുന്ന് സെന്നയുടെ കുടുംബത്തില്‍പെട്ട, സെന്നയുടെ സ്വഭാവത്തോട് സാമ്യമുള്ള ശീമക്കൊന്ന ചെടിയില്‍ പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട്. മൂന്ന് മുതല്‍ നാല് വര്‍ഷം പ്രായമുള്ള ചെടി ഡീബാര്‍ക്ക് ചെയ്തതിന് ശേഷം ചെറിയ തുളകളിട്ട് ഇതിലേക്ക് രാസമലായനി പ്രയോഗിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ചെയ്തപ്പോള്‍ ചെടി പൂര്‍ണമായും ഉണങ്ങിപ്പോയിരുന്നു. എന്നാല്‍ ഇത് കെമിക്കല്‍ ആണ്. ഇതിന്റെ പ്രയോഗം മണ്ണിനും ജീവജാലങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ വനമേഖലയില്‍ ഇത് പ്രയോഗിക്കാന്‍ കഴിയില്ല. പകരം പൂര്‍ണമായും ജൈവഘടകങ്ങള്‍ അടങ്ങിയ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സി.ഡബ്ല്യൂ.ആര്‍.ഡി.എം- സുഗമ്യ,റിസേര്‍ച്ച് ഫെലോ, സി.ഡബ്ല്യൂ.ആര്‍.ഡി.എം

വനംവകുപ്പിനുണ്ട് പള്‍പ്പ് പദ്ധതി
സെന്ന മരങ്ങളെ മുറിച്ചുമാറ്റി മരത്തിന്റെ പള്‍പ്പ് പേപ്പര്‍ നിര്‍മാണത്തിന് എടുക്കാനുള്ള ഒരുക്കത്തിലാണ് കേരളവനം വകുപ്പ്. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മരം മുറിച്ചുതുടങ്ങിയാല്‍ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എല്‍, പേപ്പര്‍ പള്‍പ്പ് ഉല്‍പാദിപ്പിക്കാന്‍ ഇനി മഞ്ഞക്കൊന്നയും ഉപയോഗപ്പെടുത്തും. വിപണിയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തില്‍ മഞ്ഞക്കൊന്ന വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും എന്ന് കണ്ടാണ് മഞ്ഞക്കൊന്ന മുറിച്ചു മാറ്റാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സി.സി.എഫ് ഉത്തരവിട്ടത്. സംരക്ഷിത വനമേഖലകളില്‍ നിന്ന് മുറിച്ചു മാറ്റുന്ന മരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ കെ.പി.പി.എല്ലിന് കൈമാറും. ഈ പണം വനം പുനസ്ഥാപനത്തിന് ഉപയോഗിക്കും. 5000 മെട്രിക് ടണ്‍ മഞ്ഞക്കൊന്നയാണ് തുടക്കത്തില്‍ കെ.പി.പി.എല്‍ ശേഖരിക്കുക. കെ.പി.പി.എല്‍ നേരിട്ട് നടത്തിയ പഠനത്തിലാണ് മഞ്ഞക്കൊന്ന പേപ്പര്‍ ഉല്‍പാദനത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടത്. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ കെ.പി.പി.എല്‍ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറിന് വനം വകുപ്പും കെ.പി.പി.എല്ലുമായി നേരത്തെ ധാരണയായിരുന്നു.
Reference: Mathrubhumi Archives
Content Highlights: Eradication of exotic invasive plant Senna Spectabilis in wayanad
Published: 28 Jun 2024, 10:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented