തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വനം ഡിവിഷന് കീഴില്‍ ചരിത്രപരമായ ഒരു സമുദ്രജീവി സംരക്ഷണ ദൗത്യം നടക്കുകയാണ്. ആ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത് തിരുവല്ലക്കാരനും തഞ്ചാവൂര്‍ ഡി.എഫ്.ഒ.യുമായ അഖില്‍ തമ്പി ഐ.എഫ്.എസ്. ആണ്.  കടലിനടിയില്‍ പുല്‍മേടുകള്‍ സൃഷ്ടിക്കലാണ് ലോകരാഷ്ട്രങ്ങള്‍തന്നെ ശ്രദ്ധിക്കുന്ന ഈ ദൗത്യം. ലോകത്ത് വംശമറ്റുകൊണ്ടിരിക്കുന്ന കടല്‍പ്പശു അഥവാ ഡുഗോങ്ങുകള്‍ക്ക് വേണ്ടിയാണ് കടലിനടിയില്‍ ഇത്തരത്തില്‍ പുല്‍മേടുണ്ടാക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ഡുഗോങ്ങുകളുള്ളത് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ പുതുക്കോട്ട മേഖലകള്‍ ഉള്‍പ്പെടുന്ന പാക് കടലിടുക്കുകളിലാണ്. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് ഇരുനൂറ്റിനാല്‍പത് ഡുഗോങ്ങുകള്‍ ഈ മേഖലയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അഖില്‍ തമ്പി പറയുന്നു. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ഡുഗോങ്ങുകളുടെ സ്ഥാനം. 

To advertise here,

കടല്‍പ്പുല്ലാണ് ഡുഗോങ്ങുകളുടെ മുഖ്യഭക്ഷണം. കടലിനടിയിലെ പുല്ലുകളുടെ ശോഷണം ഡുഗോങ്ങുകളുടെ വംശനാശത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. 2018 നവംബറില്‍ തമിഴ്നാട് തീരത്ത് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റുകാരണം കടലിനടിയിലെ പുല്ല് ചെളികയറി നശിച്ചിരുന്നു. തീറ്റതേടി അലഞ്ഞിരുന്ന ഡുഗോങ്ങുകള്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ പലപ്പോഴും കുടുങ്ങിത്തുടങ്ങി. ഈ സാഹചര്യം പഠനങ്ങളില്‍ തെളിഞ്ഞതോടെയാണ് ണ്ടഡുഗോങ്ങുകളെ സംരക്ഷിക്കാന്‍ തമിഴ്നാട് വനംവകുപ്പ് ശക്തമായി മുന്നിട്ടിറങ്ങിയത്. 2020-ല്‍ തമിഴ്നാട്ടിലെ പുതുക്കോട്ടമുതല്‍ തഞ്ചാവൂര്‍വരെയുള്ള നാനൂറ്റിനാല്‍പത്തിയെട്ട് സ്‌ക്വയര്‍ കിലോമീറ്റര്‍ ഡുഗോങ് സംരക്ഷണ റിസര്‍വ് ആക്കിക്കൊണ്ടാണ് തമിഴ്നാട് സര്‍ക്കാര്‍ നടപടിതുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ ഡുഗോങ് സംരക്ഷണ റിസര്‍വ് കൂടിയാണിത്.  

ദൗത്യം ശ്രമകരം 

ഡുഗോങ്ങുകളുടെ സംരക്ഷണത്തിനായുള്ള പ്രധാന വെല്ലുവിളി കടലിനടിയില്‍ പുല്‍മെത്തകള്‍ (സീ ഗ്രാസ് ബെഡ്) ഉണ്ടാക്കലാണ്. ഇതിനായി തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് സന്നദ്ധ സംഘടനയായ ഓംകാര്‍ ഫൗണ്ടേഷന്റെ മേധാവിയും ഡുഗോങ് ഗവേഷകനുമായ ഡോ. ബാലാജിയാണ്. ബോട്ടുകളില്‍ കടലിലെത്തി മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെയാണ് പുല്ല് കടലിനടിയില്‍ വെച്ചുപിടിപ്പിക്കുന്നത്. ഇതിനായി ഡ്രോണുകളും അണ്ടര്‍വാട്ടര്‍ ക്യാമറകളും ഉപയോഗിച്ച് പുല്ലില്ലാത്ത മേഖലകള്‍ നിരീക്ഷണം നടത്തും. ഈ മേഖലയില്‍ തിരകളില്ലാത്തതിനാല്‍ അടിത്തട്ടുവരെ കാണാനാകും. 

പുല്ലില്ലാത്ത മേഖലകളില്‍ പ്രത്യേകം തയ്യാറാക്കിയ മുളകൊണ്ടുള്ള ഫ്രെയിമുകളില്‍ പുല്ലുകള്‍ കോര്‍ത്ത് ക്ലാമ്പുകളുപയോഗിച്ച് കടലിനടിയില്‍ ഉറപ്പിച്ചുവെക്കുകയാണുചെയ്യുന്നത്. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഈ ദൗത്യം. കടലിനടിയില്‍ ക്ലിപ്പുചെയ്തുവെച്ചതിനുശേഷം പുല്ല് വളരുന്നുണ്ടോ എന്ന് തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്യും. കയര്‍മെത്തയില്‍ പുല്ലുകൊരുത്തുവെച്ച് കടലിനടിയില്‍ ഉറപ്പിച്ചുവെക്കുന്ന രീതിയും പരീക്ഷിക്കുന്നുണ്ട്. ആറുമാസംകൊണ്ട്  പുല്ലുവളര്‍ന്ന്  പുല്‍മേടിനു സമാനമായി ഈ ഭാഗം മാറും.  കടലിനടിയിലെ പുല്ലുവളര്‍ത്തല്‍ വിജയംകണ്ടതോടെ ഡുഗോങ്ങുകള്‍ കൂട്ടമായി ഇവിടേക്ക് എത്തിത്തുടങ്ങി.

സംരക്ഷകരായി മത്സ്യത്തൊഴിലാളികളും 

മത്സ്യത്തൊഴിലാളികളെക്കൂടി ഈ ദൗത്യത്തില്‍ വനംവകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഡുഗോങ്ങുകളെ വേട്ടയാടിയിരുന്ന മത്സ്യത്തൊഴിലാളിസമൂഹം ഇപ്പോള്‍ ഇവരുടെ സംരക്ഷകരാണ്. വലയില്‍ക്കുടുങ്ങിയ ഡുഗോങ്ങുകളെ അവര്‍തന്നെ രക്ഷപ്പെടുത്തുകയാണിപ്പോള്‍ പതിവ്. ഇതിന് വലിയ തുക വനംവകുപ്പ് പാരിതോഷികമായി അപ്പോള്‍ത്തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നു. കടലില്‍ മുങ്ങി പുല്ലുവെച്ചുപിടിപ്പിക്കുന്ന മുങ്ങല്‍വിദഗ്ധരും മത്സ്യത്തൊഴിലാളി വിഭാഗത്തില്‍നിന്നുതന്നെ ഉള്ളവരാണ്. പുല്ല് വെച്ചുപിടിപ്പിക്കുന്നതിനിടയില്‍ തൊട്ടരികിലൂടെ ഡുഗോങ്ങുകള്‍ കടന്നുപോകുന്നത് അതിമനോഹരമായ കാഴ്ചയാണെന്ന്  മുങ്ങല്‍വിദഗ്ധനായ മുരുകേശന്‍ പറയുന്നു. 

placeholder
dugong
മുളന്തണ്ടില്‍ വിരിച്ച പുല്ലുമായി മുങ്ങള്‍ വിദഗ്ധര്‍ കടലിനടിയില്‍ | ചിത്രം ബിനു തോമസ്  

അന്താരാഷ്ട്ര ഡുഗോങ് കണ്‍സര്‍വേഷന്‍ സെന്റര്‍ 

ഡുഗോങ് സംരക്ഷണം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചതോടെ ഇരുപതുകോടിമുടക്കി തഞ്ചാവൂരിനടുത്ത് മനോര ബീച്ചില്‍ ഒരു അന്താരാഷ്ട്ര ഡുഗോങ് സംരക്ഷണകേന്ദ്രം തമിഴ്നാട് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതി അടുത്തവര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഈ രംഗത്ത് രാജ്യം പുതിയ മാതൃക സൃഷ്ടിക്കും. ഗവേഷണത്തിനും പഠനത്തിനുമായാണ് ഈ സെന്റര്‍ തുടങ്ങുന്നത്. 

കടലിലെ വെജിറ്റേറിയന്‍, നാണംകുണുങ്ങി  

ഡുഗോങ്ങിനെ 'മത്സ്യകന്യക' എന്നാണ് മുന്‍കാലങ്ങളില്‍ നാവികര്‍ വിളിച്ചിരുന്നത്. കടലിലെ പെണ്‍കുട്ടിയെന്ന് മലായി ഭാഷയില്‍ അര്‍ഥമുള്ള വാക്കില്‍നിന്നാണ് ഡുഗോങ് എന്ന പേര് കടല്‍പ്പശുവിന് വീണത്. പശുവിനെപ്പോലെ സസ്യാഹാരം മാത്രം കഴിച്ച് ജീവിക്കുന്ന കടലിലെ സസ്തനികൂടിയാണ് കടല്‍പ്പശു. പശുവെന്ന് വിശേഷിപ്പിക്കുമ്പോഴും ആനയാണ് പരിണാമപരമായി ഡുഗോങ്ങുകളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്. നാലുമീറ്റര്‍ നീളവും അഞ്ഞൂറ് കിലോവരെ ഭാരവും ഡുഗോങ്ങുകള്‍ക്കുണ്ട്. എഴുപത് വര്‍ഷം വരെയാണ് ആയുസ്സ്. പതിമൂന്ന് മുതല്‍ പതിനഞ്ച് മാസം വരെയാണ് ഡുഗോങ്ങുകളുടെ ഗര്‍ഭകാലം. 

പ്രസവിച്ച് കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഒന്നരവര്‍ഷത്തോളം അമ്മയ്‌ക്കൊപ്പം തന്നെയാണ്, പിന്നീട് അവര്‍ സ്വതന്ത്രരാകും. ഇന്ത്യയില്‍ ഗള്‍ഫ് ഓഫ് മനാറിലും പാക് ബേയിലും ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിലും അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് ഇവയുടെ വാസസ്ഥലം. അന്തമാന്‍ നിക്കോബാര്‍ ദ്വീപിന്റെ ഔദ്യോഗിക മൃഗവും ഡുഗോങ് തന്നെ. തായ്ലാന്‍ഡ്, ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളിലും ഡുഗോങ്ങുകളെ കാണാനാകും. കടലിലെ പരിസ്ഥിതിസംരക്ഷകര്‍ എന്ന വിശേഷണംകൂടി ിവര്‍ക്കുണ്ട്. ഭക്ഷിച്ചശേഷം പുറന്തള്ളുന്ന വിസര്‍ജ്യങ്ങള്‍ മത്സ്യസമ്പത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയ്ക്കുവേണ്ടി പുല്‍മേടുകള്‍ പുനഃസൃഷിക്കുന്നതും കടലിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍  സഹായിക്കുന്നു.