ചെറുപട്ടണങ്ങളില്‍നിന്നുള്ള അഴുക്കുചാലുകളെല്ലാം തുറന്നുവെച്ചിട്ടുള്ളത് ഭാരതപ്പുഴയിലേക്കാണ്. പുഴയിലേക്ക് ചേരുന്ന ഭാഗത്ത് ശുചീകരണ പ്ലാന്റ് സ്ഥാപിച്ച് അഴുക്കുവെള്ളം ശുചീകരിച്ച് മാത്രമേ പുഴയിലേക്ക് ഒഴുക്കാവൂ എന്നത് എവിടെയും പാലിക്കപ്പെടുന്നില്ല. പട്ടാമ്പി ടൗണിലെ അഴുക്കുചാലുകളെല്ലാം ചേരുന്നത് നിളയിലേക്കാണ്. നിളയോരത്തെ കാഴ്ചകളെക്കുറിച്ച് 'മാതൃഭൂമി ' നടത്തുന്ന അന്വേഷണം, നാഥനില്ലാതെ നിള.

To advertise here,

തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ക്ഷേത്ര നഗരിയിലേതടക്കം മൂന്ന് നഗരസഭകള്‍, ആറ് പഞ്ചായത്തുകള്‍, ജില്ലയിലെ പട്ടാമ്പി നഗരസഭ, ആറ് പഞ്ചായത്തുകള്‍ എന്നിവ മലിനജലം ഒഴുക്കുന്നത് വെള്ളിയാങ്കല്ല് തടയണയിലെ കുടിവെള്ളത്തിലേക്കാണ്. പട്ടാമ്പി നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്കുള്ളത് പുഴയ്ക്കരികിലാണ്. ഒറ്റപ്പാലത്തെ രണ്ട് തോടുകളും ഭാരതപ്പുഴയിലേക്ക് ചെന്നെത്തുന്നത് മലിനജലവുമായാണ്.

കിഴക്കേത്തോട്ടില്‍നിന്ന് മാര്‍ക്കറ്റ് കോംപ്ലക്‌സില്‍നിന്നുള്ള മലിനജല മുള്‍പ്പെടെയാണ് പുഴയിലേക്കെത്തുന്നത്. കണ്ണിയംപുറംതോടിന്റെ സ്ഥിതിയും സമാനമാണ്. മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന പാലത്തിന് സമീപത്തുനിന്നും വെള്ളം ഭാരതപ്പുഴയിലെത്തുന്നു.

റെയില്‍വേ ജങ്ഷന്‍കൂടിയായ ഷൊര്‍ണൂരിന്റെ സ്ഥിതിയും മറിച്ചല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായി നിയമസഭാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഇവര്‍ കണ്ടെത്തിയ പ്രശ്നവും ടൗണില്‍നിന്നും റെയില്‍വേ സ്റ്റേഷനില്‍നിന്നും ഉള്ള മാലിന്യം ഒഴുകി ഭാരതപ്പുഴയിലെത്തുന്നു എന്നാണ്. പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റെയില്‍വേയ്ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കിയിരുന്നു.

Also Read:  ചത്താല്‍ തള്ളിവിടുന്നത് പുഴയിലേക്ക്; കോവിഡ് കാലത്തോടെ കാലിത്തൊഴുത്തായ ഭാരതപ്പുഴ

പരിസ്ഥിതിമലിനീകരണ നിയന്ത്രണ ബോര്‍ഡിനായിരുന്നു തുടര്‍പരിശോധനകളുടെ ചുമതല. ഇതിന്റെ ഭാഗമായി റെയില്‍വേയും നഗരസഭയും ചേര്‍ന്ന് മലിനജല സംസ്‌കരണ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. ഇപ്പോള്‍ നഗരസഭയും റെയില്‍വേയും രണ്ടിടങ്ങളിലായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കയാണ്. റെയില്‍വേയുടെ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായി. നഗരസഭയുടെ പദ്ധതി ഉടന്‍ ആരംഭിക്കും.

ഗുരുതരഭീഷണി

ഭാരതപ്പുഴ സംരക്ഷണത്തിനായി മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ ടെക്നിക്കല്‍ സെല്ലും ചെറുതുരുത്തി ജ്യോതി എന്‍ജിനിയറിങ് കോളേജും ചേര്‍ന്ന് 2022-ല്‍ നടത്തിയ പഠനത്തില്‍ ആരോഗ്യത്തിന് ഹാനികരമായ കോപ്പറിന്റെയും ലെഡ്ഡിന്റെയും മൈക്രോപ്ലാസ്റ്റിക്സ് അംശങ്ങള്‍ കുടിവെള്ളത്തില്‍ കണ്ടെത്തിയിരുന്നു. പുഴവെള്ളത്തിലെ കോപ്പറിന്റെ സാന്നിധ്യം മായന്നൂരില്‍ 0.202 മില്ലീഗ്രാമും പട്ടാമ്പിയില്‍ 0.134 മില്ലീഗ്രാമുമാണ്. അനുവദനീയമായ അളവാകട്ടെ 0.112 മില്ലീഗ്രാം മാത്രവും.

ലെഡ്ഡ് (പി.ബി.) അംശം യഥാക്രമം 0.132 മില്ലീഗ്രാം/ ലിറ്റര്‍-0.173 മില്ലീഗ്രാം/ ലിറ്റര്‍ എന്ന നിലയിലാണ്. 0.05 മില്ലീഗ്രാമാണ് അനുവദനീയമായ അളവ്. പ്രോജക്ടിന്റെ ഭാഗമായി ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി നഗരസഭകളിലെ നാല് പ്രദേശങ്ങളില്‍നിന്നും വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലാണെന്ന് കണ്ടെത്തി.ഇതില്‍ ഷൊര്‍ണൂര്‍, പട്ടാമ്പി പ്രദേശങ്ങളില്‍ കോളിഫോം ബാക്ടീരിയ കൂടുതല്‍ കണ്ടെത്തിയിട്ടുണ്ട്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

കൂടാതെ ലെഡ്ഡ്, കോപ്പര്‍ എന്നിവയുടെ അളവും ക്രമാതീതമായി കണ്ടെത്തിയിട്ടുണ്ട്. നൂറ് മില്ലീലിറ്റര്‍ വെള്ളമെടുത്ത് പരിശോധിച്ചപ്പോള്‍ 1,100നും മുകളിലാണ് കോളിഫോം ബാക്ടീരിയയുടെ അളവ്. 2019-ല്‍ നടത്തിയ പരിശോധനയില്‍ പട്ടാമ്പിയില്‍ മൈക്രോപ്ലാസ്റ്റിക്സ് അംശങ്ങളും വെള്ളത്തില്‍ ഉള്ളതായാണ് കണ്ടെത്തിയത്.

(തുടരും)