
പ്രതീകാത്മക ചിത്രം
പുറത്തിറങ്ങാൻ സദാ സമയവും മാസ്ക്, നഗരത്തിലാകമാനം കനത്ത പുകമഞ്ഞ്, അഞ്ഞൂറുമീറ്ററിനപ്പുറം നിൽക്കുന്ന ആളെ പോലും കാണാനാകാത്ത അവസ്ഥ, ശ്വാസമെടുക്കാൻ ഭയപ്പെടുന്ന ഒരു ജനത.. ഇന്ന് അതാണ് ഡൽഹി. ശൈത്യകാലമായതോടെ പുകമഞ്ഞിൽ പൊതിഞ്ഞ നഗരം, വിഷവായു ശ്വസിച്ച് ജീവിക്കാൻ പഠിച്ചുകഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, വായു മലിനീകരണത്തെക്കുറിച്ച് ലോകത്ത് എവിടെ സംസാരിച്ചാലും ഡൽഹി ഒരു റഫറൻസ് പോയിന്റായി നിലകൊള്ളുന്നു.
2015-നും 2025 നവംബറിനുമിടയിൽ മലിനീകരണ പട്ടികയിൽ ഒരു ഇന്ത്യൻ നഗരവും സുരക്ഷിതമായ വായുഗുണനിലവാരം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഡൽഹി മിക്കവാറും എല്ലാ വർഷവും ഒന്നാമതെത്തുക പതിവാണ്. 2025-ൽ ഡൽഹിയുടെ വാർഷിക ശരാശരി വായുഗുണനിലവാരം 180 ആണ്. ഇത് 2016-നേക്കാൾ മെച്ചപ്പെട്ട കണക്കാണെങ്കിലും ഒട്ടും ആശ്വാസകരമല്ല. ഡൽഹിയുടെ പ്രതിസന്ധിക്ക് കാരണം ദീർഘകാലമായി തുടർന്നുപോന്ന കാർബൺ പുറന്തള്ളലുകളിലും ഭൗമശാസ്ത്രപരമായ ഘടകങ്ങളിലും വേരൂന്നിയതാണ്.
ഡൽഹി; ശ്വാസമടക്കിപ്പിടിച്ച നഗരം
ഹിമാലയത്തിനും ഉപദ്വീപായ പീഠഭൂമിക്കും ഇടയിലുള്ള ഇന്തോ- ഗംഗാ സമതലത്തിന്റെ ഭൗമഘടന കാറ്റിന്റെ ഒഴുക്കിനെയും വായുസഞ്ചാരത്തെയും തടസപ്പെടുത്തുന്നു. അതിനാൽ ഇവ പുകമഞ്ഞും മലിനമായ വായുവും ഡൽഹി നഗരത്തിന് മുകളിൽ തങ്ങിനിൽക്കാൻ കാരണമാകുന്നു. ഡൽഹി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിക്കൽ ഈ വർഷം കുറഞ്ഞെങ്കിലും, ഒക്ടോബർ മുതൽ മഴ പെയ്യാതിരുന്നത് നഗരത്തിന് തിരിച്ചടിയായി. താത്ക്കാലികാശ്വാസമെന്നോണം കൃത്രിമ മഴ പെയ്യിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമവും പാടേ പരാജയപ്പെടുകയാണുണ്ടായത്. ഹെപ്പ പ്യൂരിഫയറുകൾ, എൻ-95 മാസ്കുകൾ, പുകമഞ്ഞ് ടവറുകൾ, അടച്ചിട്ട സ്കൂളുകൾ, നിർമ്മാണ നിരോധനങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവയിൽ ആശ്വാസം കണ്ടെത്തി, ഡൽഹി രോഗങ്ങളെ ഉൾക്കൊണ്ട് അതിജീവിക്കാൻ പഠിച്ചു.
എന്നാൽ ഈ വർഷം സാധാരണയിൽ നിന്നും വ്യത്യസ്തമായി, മുംബൈ നഗരവും പുകമഞ്ഞ് മൂടിയ ആകാശത്തിന് കീഴിൽ ശ്വാസം മുട്ടി ഉണരുകയാണ്. ഡൽഹി വർഷങ്ങളായി നേരിടുന്ന 'വളരെ മോശം' വായു നിലവാരത്തിലേക്ക് മുംബൈയും കടന്നിരിക്കുന്നു. എന്നാൽ ഈ രണ്ട് നഗരങ്ങളുടെയും പ്രതിസന്ധി പ്രഥമ ദൃഷ്ടിയിൽ ഒന്നാണെങ്കിലും ഡൽഹിയിലേതിൽ നിന്നും വ്യത്യസ്തമായി മുംബൈ നടത്തുന്ന പരിസ്ഥിതി യുദ്ധം വ്യത്യസ്തമാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) വികസിപ്പിച്ചെടുത്ത വായു ഗുണനിലവാര നിരീക്ഷണ സംവിധാനമാണ് സമീർ ആപ്പ്. ഓരോ മണിക്കൂറിലും ഇന്ത്യയുടെ ദേശീയ വായു ഗുണനിലവാര സൂചിക (എക്യുഐ) ഈ ആപ്പ് രേഖപ്പെടുത്തും. ഇതനുസരിച്ച് നവംബർ 25-ന് മുംബൈയിലെ വായു ഗുണനിലവാരം 198 ആയി ഉയർന്നിരുന്നു. മുംബൈയിലെ ഇപ്പോഴത്തെ യഥാർഥ വില്ലന്മാർ 2.5 മൈക്രോമീറ്ററിൽ താഴെ വലിപ്പം വരുന്ന കണികകളാണ്. വിഷലിപ്ത കണികകളായ ഇവ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും നേരിട്ട് കടക്കാൻ കഴിയുന്നത്ര ചെറുതാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ ഭീഷണിയാകട്ടെ വളരെ വലുതും.
ഈ രണ്ട് നഗരങ്ങളിലും ഒരേ നിയന്ത്രണങ്ങൾ പിന്തുടരേണ്ടി വരുമ്പോഴും, മലിനീകരണത്തിന്റെ കാരണങ്ങൾ വ്യത്യസ്തമാണെന്ന് കാണാനാകും.
എല്ലാ ശൈത്യകാലത്തും പുകമഞ്ഞ് പരക്കുന്ന ഡൽഹിയിൽ നിന്ന് വ്യത്യസ്തമായി, മുംബൈയിലെ മലിനീകരണം പ്രധാനമായും കടൽക്കാറ്റിന്റെ ദിശകൊണ്ടും നഗരം പുറന്തള്ളുന്ന പുകയും കാരണമാണ് കുതിച്ചുയരുന്നത്. എങ്ങനെയാണ് കാലാകാലങ്ങളായി മുംബൈയുടെ സ്വന്തമായിരുന്ന കടൽക്കാറ്റ് ഇപ്പോൾ വായുമലിനീകരണത്തിന് കാരണമാകുന്നത്?
കാറ്റിനെ ബാധിക്കുന്ന ലാ നിന
കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ തണുത്ത ഉപരിതല ജലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് എൽ നിനോ സതേൺ ഓസിലേഷൻ (ENSO). ഇതിന് രണ്ട് ഘട്ടങ്ങളുണ്ട്. ഇന്ത്യയിൽ വേനൽക്കാലത്ത് കടുത്ത ചൂടിന് കാരണമായി പറയാറുള്ള എൽ നിനോയാണ് ചക്രത്തിന്റെ ചൂട് ഘട്ടം. ഇതിന് നേരെ വിപരീതമായ പ്രവർത്തനത്തിൽ രൂപം കൊള്ളുന്ന ചക്രത്തിന്റെ തണുത്ത ഘട്ടമാണ് ലാ നിന. ഇതുമൂലം ഉണ്ടാകുന്ന തണുപ്പ് ലോകമെമ്പാടുമുള്ള അന്തരീക്ഷ ഘടനയിലും കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റങ്ങളുണ്ടാകാൻ കാരണമാകുന്നു. മുംബൈ നഗരത്തിന്റെ പ്രത്യേകതയായ അറബിക്കടലിൽ നിന്നുള്ള കാറ്റിനെയും ലാ നിന ബാധിച്ചു. 2025-ലെ ലാ നിനയുടെ സാന്നിധ്യം കാറ്റ് ശക്തി കുറഞ്ഞ് വീശാൻ കാരണമായി.
അന്തരീക്ഷത്തിലെ വായു ഗുണനിലവാരം അതിലെ വിഷലിപ്തമായ കണികകളുടെ ചലനത്തിലൂടെ വ്യത്യാസപ്പെടും. വായുവിന് ചലനമുണ്ടാകുന്തോറും കണികകൾക്കും ചലനമുണ്ടകും. ഇവ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്തോറും മലിനീകരണത്തോത് കുറയാൻ കാരണമാകും. എന്നാൽ വായുവിന് അനക്കമില്ലാതാകുന്ന സന്ദർഭങ്ങളിൽ കണികകൾ കൈമാറ്റം ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പുകമഞ്ഞ് രൂപപ്പെടുകയും മലിനീകരണത്തോത് കൂടുകയും ചെയ്യും. സാധാരണ ശൈത്യകാലത്തിനുമുമ്പ് ലഭിക്കേണ്ടിയിരുന്ന മഴ ലഭിക്കാതിരുന്നതും കാറ്റിൻ്റെ വേഗം കുറഞ്ഞതും നഗരത്തിന് തിരിച്ചടിയായി.
ഇതിനുപുറമെ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ പുറന്തള്ളുന്ന പുക, കെട്ടിട നിർമ്മാണത്തിൽ നിന്നുള്ള പൊടി, കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിക്കൽ, വ്യാവസായിക സ്രോതസ്സുകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ എന്നിവയെല്ലാം മുംബൈ നഗരത്തിന് എക്കാലവും ഭീഷണിയായി തുടരുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, രണ്ടുനഗരങ്ങളിലും മലിനീകരണം ഗുരുതരമാണെങ്കിലും ഡൽഹിയുടെ പുകമഞ്ഞ് ഭൂമിശാസ്ത്രപരവും, മുംബൈയുടേത് കാലാവസ്ഥാ വ്യതിയാനം കൊണ്ട് രൂപപ്പെട്ടവയുമാണ്.
ഭാവിയിലെ പ്രതിസന്ധികൾ ഒഴിവാക്കാൻ
വായു മലിനീകരണം വഷളായതോടെ നിർമാണം നിർത്തിവെച്ചും പിഴ ഉയർത്തിയും ഫ്ലൈയിങ് സ്ക്വാഡുകളെ വിന്യസിച്ചും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ-4 (ഗ്രാപ് 4) പ്രകാരമുള്ള കടുത്ത നിയന്ത്രണങ്ങൾ മുംബൈ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ പ്രദേശവാസികളിൽ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്നതായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണെരിച്ചിൽ, ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായെത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കാരണം ഡൽഹിയിൽ നിന്ന് വ്യത്യസ്തമായി, മുംബൈ നഗരം വേഗത്തിൽ പ്രവർത്തിച്ചാൽ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇപ്പോഴും സാധ്യതയുണ്ട്. ഭാവിയിലെ പ്രതിസന്ധികൾ ഒഴിവാക്കാൻ, മുംബൈ കർശനമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. മലിനീകരണ നിയന്ത്രണങ്ങളിലും, പിഴയീടാക്കലിലും മാത്രം ഒതുങ്ങാതെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന, പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്ന് മനസിലാക്കണം. സീസണൽ പാച്ച്‌വർക്കുകളല്ല, മറിച്ച് ദീർഘകാല കാലാവസ്ഥാ നയമാണ് ഇവിടെ നടപ്പാക്കേണ്ടത്.
മുംബൈ ഒറ്റരാത്രികൊണ്ട് ഡൽഹിയായി മാറിയില്ല എന്ന മുന്നറിയിപ്പ് ഗൗരവമായി കാണേണ്ടതുണ്ട്. മുംബൈയുടെ നിലവിലെ സാഹചര്യം ഭാവിയിൽ ഭീഷണിയായേക്കാവുന്ന വലിയ പ്രതിസന്ധയുടെ താൽക്കാലിക മുന്നറിയിപ്പാണ്, എന്നാൽ ഡൽഹിയുടെ സ്ഥിതി വളരെക്കാലമായി തുടർന്നുപോന്ന ശൈത്യകാല പ്രതിസന്ധിയായി മാറിക്കഴിഞ്ഞു. പതിനഞ്ച് വർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽ രൂപപ്പെട്ട പുകമഞ്ഞിനെ ജനങ്ങളും ഭരണകൂടവും അവഗണിച്ചു, വർഷങ്ങളോളം അതിന്റെ തീവ്രത കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഏവരും പ്രവർത്തിക്കാതെ നോക്കിനിൽക്കുകയാണുണ്ടായത്. അതിനാൽ ഇപ്പോൾ നഗരം ശ്വാസത്തിനായി പിടയുന്നു. ഈ അനുഭവം മുൻനിർത്തി മുംബൈ ഇപ്പോൾ തന്നെ കർശന നടപടികളിലേക്ക് മാറിയില്ലെങ്കിൽ, ഡൽഹി അനുഭവിക്കുന്ന അതേ ഭാരം മുംബൈയ്ക്കും താങ്ങേണ്ടിവരുമെന്നത് തീർച്ച..
Content Highlights: Explore the contrasting air pollution crises in Delhi and Mumbai. Understand the unique factors driving smog in each city and the lessons learned from Delhi`s long struggle.
Published: 03 Dec 2025, 03:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented