
അനുദിനം രൂക്ഷമാകുന്ന വായുമലിനീകരണം കാരണം പുകമഞ്ഞു മൂടിയ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള വാർത്തകൾ ഭീതിജനകമാണ്. വായു ഗുണനിലവാര സൂചിക (Air Quality Index- എക്യുഐ) അപകടകരമാംവിധം കൂടിയതിനെ തുടർന്ന് (400-ൽ അധികം) ഡിസംബർ 13-നു GRAP4 നിയന്ത്രണങ്ങൾ (Graded Action Plan4 - ബിഎസ് III പെട്രോൾ, ബിഎസ് IV ഡീസൽ വാഹനങ്ങൾ ദേശീയ തലസ്ഥാന മേഖലയിൽ പ്രവേശിക്കുന്നതിനു വിലക്ക്, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ 50 % ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം , സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ, കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് തുടങ്ങിയ നടപടികൾ ഏർപ്പെടുത്തിയെങ്കിലും സ്ഥിതി ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല.
കഴിഞ്ഞ 10 വർഷത്തിലധികമായി ഡൽഹിയിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഗുരുതരമാകുന്ന മലിനീകരണം വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. 2015 മുതൽ 2025 വരെയുളള 10 വർഷക്കാലത്തെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 235 ആണ് (എക്യുഐ 50-ൽ താഴെയാണ് നല്ലതെന്നു പറയുന്നത്). അനുവദനീയമായതിനേക്കാൾ എത്രയൊ മടങ്ങ് അധികമാണിത്. മലിനീകരണം രൂക്ഷമാകുന്ന തണുപ്പ് കാലത്തു എക്യുഐ മിക്ക ദിവസങ്ങളിലും 300-ലധികമാണ്. എന്നാൽ അല്ലാത്ത സമയത്തും എക്യുഐ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ശൈത്യത്തിലേക് കടക്കുന്ന ഒക്ടോബർ നവംബർ മാസങ്ങളിൽ ഏറെ ആസ്വാദ്യകരമായ കാലാവസ്ഥയായിരുന്നു മുമ്പ് ഡൽഹിയിൽ. എന്നാൽ, ഇന്ന് മലയാളികൾ അടക്കമുള്ള ഡൽഹി നിവാസികൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളെ ഏറെ ആശങ്കയോടെയാണ് കാണുന്നത്.
ദുഷിക്കുന്ന വായു
വാഹനങ്ങളിൽനിന്നു വമിക്കുന്ന പുക, നിർമാണ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പൊടിപടലങ്ങൾ, ഡൽഹിയുടെ സമീപപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളും താപവൈദ്യുതി നിലയങ്ങളും പുറത്തുവിടുന്ന പുക, ഹരിയാന,പഞ്ചാബ് സംസ്ഥാനങ്ങളിലെ കർഷകർ വിളവെടുപ്പിനുശേഷം വയലുകളിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതുൾപ്പെടെയുള്ള വിവിധ കാരണങ്ങൾ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇതിനുപുറമെ, വിറകടുപ്പുകൾ ഉപയോഗിക്കുന്നതും ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതും തണുപ്പുകാലത്തു ഡൽഹിയിലെയും സമീപത്തെയും ഗ്രാമമേഖലകളിൾ വിറക് കത്തിച്ചു തീകായുന്നതും മലിനീകരണം ഉണ്ടാക്കുന്നു.
വായു ഗുണനിലവാര മാനേജ്‍മെന്റ് കമ്മീഷൻ (CAQM) സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖ അനുസരിച്ച് 2.88 കോടിയോളം വാഹനങ്ങൾ ദേശീയ തലസ്ഥാനമേഖല (NCR)യിൽ ഉണ്ട്. ദിവസേന1600-ഓളം വാഹനങ്ങൾ പുതുതായി ദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഡൽഹിയിലെ ആകെ വാഹനങ്ങളിൽ 35 ശതമാനം ബിഎസ് - III ആണ്. ഇവയിൽനിന്നുളള പുക വൻതോതിൽ മലിനീകരണം ഉണ്ടാക്കുന്നു.
വാഹനങ്ങളിൽനിന്നുളള പുകയിൽ പിഎം 2.5, പിഎം 10, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡയോക്സയിഡ്, സൾഫർ ഡയോക്സയിഡ്, PAH (Polycyclic Aromatic Hydrocarbons) V.O.C (Volatile Organic Compounds) അടക്കമുള്ള മാരക രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. Benzo (a) Pyrene പോലുള്ള പോളിസൈക്ലിക് ഹൈഡ്രോകാർബൺ സംയുക്തങ്ങൾ കാൻസറിന് കാരണമാകുന്നു. ഡൽഹിയിലെ മലിനീകരണത്തിന്റെ 30 ശതമാനത്തിലധികം വാഹനങ്ങളിൽനിന്നാണ്. കെട്ടിട നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോളും പിഎം 2.5, പിഎം 10 മാലിന്യങ്ങളും മറ്റു രാസമാലിന്യങ്ങളും അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നു.
പിഎം 2.5 എന്ന വില്ലൻ
2.5 μ ൽ കുറവ് വ്യാപ്തമുള്ള (Diameter) സൂക്ഷ്മകണങ്ങളെയാണ് പിഎം 2.5 എന്ന് വിളിക്കുന്നത്. ദൃഷ്ടിഗോചരമല്ലത്ത ഇവയുടെ കനം നമ്മുടെ മുടിനാരിന്റെ 30-ൽ ഒന്നാണ്. മുടി ഇഴയുടെ വ്യാപ്തം 75 μ ആണ്. അതീവ സൂക്ഷ്മ കണങ്ങളായത് കൊണ്ട് ശ്വാസകോശം, തലച്ചോർ, ഹൃദയം, ഉൾപ്പെടെ ഉള്ള അവയവങ്ങളിലും രക്തത്തിലും അനായാസം കലരുന്നു. ശ്വാസകോശരോഗങ്ങൾക്കും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാൻസറിനും സ്‌ട്രോക്കിനും കാരണമാകുന്നു. കാൻസർ രോഗത്തെപ്പറ്റി ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘടന ആയ IARC, പിഎം 2.5-നെ ഗ്രൂപ് 1 കാർസിനോ ജനുകളുടെ (കാൻസർ രോഗത്തിന് കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ട ഘടകങ്ങൾ ആണ് ഗ്രൂപ് 1 കാർസിനോജൻ) പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ലോകാരോഗ്യസംഘടന പറയുന്നത് പ്രകാരം വായുവിൽ പിഎം 2.5-ന്റെ അളവു 5μgm /Meter Cube എന്ന തോതിൽ കൂടരുത്. എന്നാൽ, ഡൽഹിയിലെ വായുവിൽ പിഎം 2 .5-ന്റെ തോത് ശരാശരി 80μgm /Meter Cube ആണ്.
മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും
മലിനീകരണം കാരണം ഡൽഹിയിൽ താമസിക്കുന്നവരുടെ ശരാശരി ആയുർദൈർഘ്യം (Life Expectency ) 8.2 വർഷം കുറയുന്നതായി ചിക്കാഗോയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 2023-ൽ നടത്തിയ പഠനം പറയുന്നു. ഊർജ്ജവും ശുദ്ധവായുവും സംബന്ധിച്ച ഗവേഷണ കേന്ദ്രം (Centre For Research On Energy and Clean Air) നടത്തിയ പഠനം അനുസരിച്ച് 2023-ൽ ഡൽഹിയിൽ ഉണ്ടായ മരണങ്ങളിൽ 15 ശതമാനത്തോളം മലിനീകരണവുമായി ബന്ധപ്പെട്ടതാണ്.
കുട്ടികൾ, വൃദ്ധ ജനങ്ങൾ, ഗർഭിണികൾ, ശ്വാസകോശ രോഗമുള്ളവർ എന്നിവരെ മലിനീകരണം കൂടുതൽ ബാധിക്കുന്നു. കുട്ടികളിലെ ശ്വസന നിരക്ക് മുതിർന്നവരുടെതിനേക്കാൾ കൂടുതലാണ്. അത് കൊണ്ട് കുട്ടികൾ കൂടുതൽ വായു ശ്വസിക്കുന്നു എന്നതിനാലും ശ്വാസകോശത്തിന്റെ വളർച്ച പൂർണമല്ലാത്തതിനാലും കുട്ടികൾ കൂടുതൽ സമയം വീടിന് പുറത്തു ചിലവഴിക്കുന്നതിനാലും മലിനീകരണം കുട്ടികൾക്ക് കൂടുതൽ ദോഷം ഉണ്ടാക്കുന്നു.
അന്തരീക്ഷത്തിൽ മാലിന്യങ്ങൾ കൂടുതലായും കെട്ടിക്കിടക്കുന്നത് ഭൂമിയോട് ചേർന്നാണ്. ഉയരം കുറവായതിനാൽ കുട്ടികൾ മാലിന്യങ്ങൾ കൂടുതലുള്ള വായു ശ്വസിക്കാൻ ഇടയാകും. ഇക്കാരണങ്ങൾ കൊണ്ട് ശ്വാസകോശ രോഗങ്ങൾ കുട്ടികളിൽ കൂടുതലായി കാണുന്നു. അതുപോലെ ഓട്ടിസം സ്പെക്ട്രം (Autism Spectrum) വിഭാഗത്തിൽ പെടുന്ന രോഗങ്ങളും കുട്ടികളിലെ എ.ഡി.എച്ച്.ഡിയും ഡൽഹിയിൽ വർധിച്ചു വരുന്നുണ്ട്.
ഗർഭകാലത്തിന്റെ അവസാന മൂന്നു മാസം പിഎം 2.5 അടക്കമുള്ള മാലിന്യങ്ങൾ ശ്വസിക്കുന്നത് കുട്ടികളിൽ ഓട്ടിസത്തിനു കാരണം ആകുമെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനങ്ങൾ പറയുന്നു. കൂടാതെ മാസം തികയാതെ ഉള്ള പ്രസവം (Premature Delivery), നവജാത ശിശുക്കളിലെ ഭാരക്കുറവ് (Low Birth Weight), ഗർഭസ്ഥ ശിശുക്കളുടെ വളർച്ചാ മുരടിപ്പ് (Intrauterine Growth Retardation) തുടങ്ങിയ പ്രശ്നങ്ങളും ഗർഭിണികൾ മലിനവായു ശ്വസിക്കുന്നത് മൂലം ഉണ്ടാകുന്നു.
ഡൽഹിയിൽ ശ്വാസകോശരോഗങ്ങൾ വർധിച്ചു വരുന്നതായി ഡിസംബർ രണ്ടിന് ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രാതാപ് റാവു ജാദവ് പാർലമെന്റിനെ അറിയിച്ചു. 2022-2024 കാലത്തു ഡൽഹിയിലെ പ്രമുഖ ആശുപത്രികളിലെ എമർജൻസി വിഭാഗത്തിൽ രണ്ട് ലക്ഷത്തോളം രോഗികൾ ശ്വാസകോശ അണുബാധയ്ക്ക് ചികിത്സ (Acute Respiratory Infection) തേടിയിരുന്നു. കൂടാതെ ശ്വാസകോശാർബുദം, ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്തമ അടക്കമുള്ള രോഗങ്ങളും അലർജിയും വർധിച്ചുവരുന്നു.
പുകവലിക്കുന്നവരിലും പ്രായം കൂടിയവരിലും കൂടുതലായി കണ്ടുവന്നിരുന്ന അസുഖമാണ് ശ്വാസകോശ അർബുദം. എന്നാൽ, ജീവിത്തിൽ ഒരിക്കലും പുകവലിക്കാത്ത 40 വയസിൽ താഴെ മാത്രം പ്രായമുള്ളവരിൽ പോലും ശ്വാസകോശാർബുദത്തിന്റെ തോത് വർധിക്കുന്നത് ആശങ്കയുളവാക്കുന്നു. 10 സിഗരറ്റിന് തുല്യമായ പുക ഡൽഹിയിൽ ജീവിക്കുന്നവർ ദിവസവും ശ്വസിക്കുന്നു എന്നറിയുമ്പോൾ ഇതിൽ അദ്‌ഭുതം ഇല്ല.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid Arthritis) ഉൾപ്പെടെയുള്ള സന്ധികളെ ബാധിക്കുന്ന രോഗങ്ങൾ മലിനീകരണം കാരണം കൂടുന്നതായി ഡൽഹിയിൽ നടന്ന ചില പഠനങ്ങളിൽനിന്ന് വെളിപ്പെടുത്തുന്നു. ചർമത്തെ ബാധിക്കുന്ന രോഗങ്ങളും പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾക്കും മലിനീകരണം കാരണമാകുന്നുണ്ട്.
സ്വീകരിക്കാം ബീജിങ്ങ് മാതൃക
താത്കാലികമായ പലനടപടികളും സ്വീകരിച്ചു എങ്കിലും ഡൽഹിയിലെ മലിനീകരണം പരിഹാരമില്ലാതെ തുടരുകയാണ്. ഘട്ടംഘട്ടമായ അസൂത്രിതമായ നടപടികളിലൂടെ മലിനീകരണം നിയന്ത്രിച്ച ബീജിങ്, ഡൽഹിക്കു പിന്തുടരാവുന്ന മാതൃകയാണ്. പൊതുഗതാഗതം പൂർണമായും ഇലക്ട്രിക്ക് വാഹങ്ങളിലേക്ക് മാറ്റി, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നത് നിയന്ത്രിച്ചു, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകി, വൈദ്യതി ഉദ്പാദനത്തിനു കൽക്കരി ഉപയോഗിക്കുന്നത് കുറച്ചു, ഘന വ്യവസായങ്ങൾ മാറ്റി സ്ഥാപിച്ചു തുടങ്ങിയ നടപടികളിലൂടെ ബീജിങ് വായു മലിനീകരണം നിയന്ത്രിച്ചത് .
ഡൽഹിയിലെ മലിനീകരണത്തിന്റെ മുഖ്യ ഉറവിടം വാഹനങ്ങൾ ആണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം. വാഹനങ്ങളുടെ പുക പുറംതള്ളൽ നിയന്ത്രിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം. കാലപ്പഴക്കമുള്ള, ഉയർന്ന തോതിൽ പുക പുറംതള്ളുന്ന വാഹനങ്ങൾ ഘട്ടംഘട്ടം ആയി നിയന്ത്രിക്കണം. പൊതു ഗാതാഗത ശൃംഖല ശക്തമാക്കണം.
ബിഎസ് - VI വാഹനങ്ങളിൽ മലീനീകരണം കുറക്കാനുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടിട്ടുണ്ട്. ബിഎസ്- VI ഡീസൽ വാഹനങ്ങളിൽ ഘടിപ്പിച്ച ഡിപിഎഫ് പൊലുള്ള സാങ്കേതികവിദ്യകൾ മലിനീകരണ തോത് കുറയ്ക്കും. ഡൽഹിയിൽ റോഡിൽ കൂടുതൽ തിരക്ക് ഉണ്ടാവുന്ന സമയം വാഹനങ്ങൾ ഏറെ സമയം റോഡിൽ കിടക്കുന്നത് മലിനീകരണം കൂട്ടുന്നു. ഡൽഹിയിൽ സ്ഥിരമായി വാഹന ഗതാഗത സ്‌തംഭനം (Traffic Congestion) ഉണ്ടാകുന്ന 62 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ തിരക്ക് കുറച്ചു വാഹന ഗതഗാതതടസ്സം ഒഴിവാക്കാൻ വേണ്ട ഹ്രസ്വകാല, ദീർഘകാല നടപടികൾ വേണം. വാഹനങ്ങൾ പുറംതള്ളുന്ന പുക നിയന്ത്രിക്കൽ (Emission Reduction) ഇലക്ട്രിക്ക് വാഹനങ്ങളിലെക്കുള്ള മാറ്റം (Clean Mobility ) തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ മദ്രാസ് ഐ.ഐ.ടി. പ്രൊഫസ്സർ അശോക് ജൻജൻവാലയുടെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെട്ടിട നിർമാണ പ്രവർത്തങ്ങളുടെ ആദ്യഘട്ടത്തിൽ പഴയ കെട്ടിടം പൊളിക്കൽ, മണ്ണുനീക്കി കുഴിയെടുത്ത് പില്ലറുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ നടക്കുമ്പോൾ ആണ് മലിനീകരണം കൂടുതൽ ഉണ്ടാകുന്നത്. ഈ ജോലികൾ നടക്കുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങളും നിർമാണ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്ന മെഷീനുകളും നിർമാണ സ്ഥലത്തേക്ക് സാധന സാമഗ്രികൾ കൊണ്ട് വരുന്ന ട്രക്കുകളും മറ്റും ആണ് മലിനീകരണം ഉണ്ടാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തു വെള്ളം തളിക്കുന്നതിലൂടെ പൊടിപടലങ്ങളെ നിയന്ത്രിക്കാൻ പറ്റും. വൻ നിർമാണ പ്രവർത്തനങ്ങൾക്ക് സമയക്രമം നിശ്ചയിച്ച് കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന ആദ്യഘട്ട പ്രവൃത്തികൾ എക്യുഐ കൂടുന്ന തണുപ്പ് കാലത്തു നടത്തുന്നത് വിലക്കണം. ഇതുപോലുള്ള ദീർഘ കാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണം.
ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലെ കാർഷിക ആവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയ്ക്കാൻ സർക്കാർ തലത്തിൽ സ്വീകരിച്ച നടപടികൾ ഫലം കണ്ടിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിലെ മലിനീകരണത്തിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ പങ്കു കുറഞ്ഞിട്ടുണ്ട്. കർശനമായ നിയമങ്ങൾ നിർമ്മിക്കുകയും അത് നടപ്പിൽ വരുത്തുന്നു എന്നു ഉറപ്പ് വരുത്താനുള്ള നിരീക്ഷണ സംവിധാനവും ഉണ്ടാവണം.
ആരോഗ്യത്തെ സ്വയം സംരക്ഷിക്കുക
മലിനീകരണം രൂക്ഷമാകുന്ന സമയത്ത് അതാത് ദിവസത്തെ എക്യുഐ, സമീർ (SAMEER) ആപ് ഉപയോഗിച്ചു മനസ്സിലാക്കി താഴെ പറയുന്ന മാർഗങ്ങൾ അവലംബിക്കാം
- മലിനവായുവിൽനിന്ന് സ്വയം രക്ഷിക്കാൻ N95 മാസ്കുകൾ ഉപയോഗിയ്ക്കുക.
- വീട്ടിനുള്ളിൽ എച്ച്ഇപിഎ ഫിൽറ്റർ ഉള്ള എയർ പ്യൂരിഫയർ ഉപയോഗിക്കുക.
- രാവിലെ പാർക്കിലും മറ്റും നടക്കുന്നതും തുറന്ന ജിമ്മുകൾ ഉപയോഗിക്കുന്നതും നിർത്തുക.
- കുട്ടികൾ പുറത്തു കളിക്കുന്നത് വിലക്കുക.
- വീട്ടിനകത്തു മലിനീകരണം (Indor Pollution) കുറയ്ക്കാൻ ശ്രദ്ധിക്കുക, ഇതിനായി ഭക്ഷണം പാകം ചെയ്യുന്ന സമയം ക്രമീകരിക്കാം. പുറത്തു മലിനീകരണം കൂടുതലുള്ള അതിരാവിലെയും വൈകുന്നേരവും ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കാം.
- അടുക്കളയിൽ ചിമ്മിനി (Chimney)ഉപയോഗിക്കുക.
- വീട്ടിനകത്തു ചന്ദനത്തിരി മുതലായവ കത്തിക്കുന്നത് നിർത്തുക. ചന്ദനത്തിരി കത്തിക്കുമ്പോൾ കാർബൺ മോണോക്സൈഡ് V.O.C , പിഎം 2.5പോലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട് .
- ആസ്തമ പോലുള്ള ശ്വാസകോശ രോഗമുള്ളവർ മലിനീകരണം കൂടുതലുള്ള സമയത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക .
- ഭക്ഷണത്തിൽ ആന്റി ഓക്സിഡന്റുകൾ കൂടുതൽ ഉൾപ്പെടുത്തുക .
(ഡൽഹി ആരോഗ്യ വകുപ്പ് (ഹോമിയോപ്പതി വിഭാഗം ) ചീഫ് മെഡിക്കൽ ഓഫിസറാണ് ലേഖകൻ)
Published: 25 Dec 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented