ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽനിന്നുള്ള അപകടകാരികളായ ബാക്ടീരിയകൾ കാറ്റിലൂടെ കിഴക്കൻ ഹിമാലയൻ മേഖലകളിലേക്ക് എത്തുന്നുവെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, പൊടിപടലങ്ങളിലൂടെ സഞ്ചരിക്കുന്ന രോഗാണുക്കൾ ഹിമാലയൻ നിവാസികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ചർമരോഗങ്ങൾക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു.
'സയൻസ് ഓഫ് ദി ടോട്ടൽ എൻവയോൺമെന്റ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, പടിഞ്ഞാറൻ ഇന്ത്യയിൽനിന്നുള്ള പൊടിപടലങ്ങൾ എങ്ങനെയാണ് ഹിമാലയത്തിലെ അന്തരീക്ഷത്തിലെ ബാക്ടീരിയകളുടെ ഘടനയിൽ മാറ്റം വരുത്തുന്നതെന്നും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ വർധിച്ചുവരുന്ന മലിനീകരണവും കാറ്റിന്റെ ഗതിയും സമന്വയിക്കുന്നതിലൂടെയാണ് ഈ സൂക്ഷ്മജീവികൾ ഹിമാലയൻ ഉയരങ്ങളിലേക്ക് എത്തുന്നത്. പടിഞ്ഞാറൻ മരുഭൂമികളിൽനിന്ന് വായുവിലൂടെ ദീർഘദൂരം സഞ്ചരിക്കുന്ന പൊടിപടലങ്ങളിൽ പറ്റിപ്പിടിച്ചാണ് ഈ രോഗാണുക്കൾ ഹിമാലയത്തിലെത്തുന്നതെന്ന് ഗവേഷകർ കണ്ടെത്തി.
അന്തരീക്ഷ സാമ്പിളുകൾ വിശകലനം ചെയ്തതിലൂടെ മരുഭൂമിയിലെ പൊടിപടലങ്ങളും ഹിമാലയത്തിലെ ബാക്ടീരിയകളിലെ മാറ്റവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ശാസ്ത്രസംഘം തെളിയിച്ചു. ഹിമാലയൻ പർവതനിരകളിൽ രോഗാണുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രാദേശിക ജനജീവിതത്തെയും പരിസ്ഥിതിയെയും ഇത് ദോഷകരമായി ബാധിക്കും.
ചികിത്സാ സൗകര്യങ്ങൾ പരിമിതമായ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഈ സാഹചര്യം കൂടുതൽ വെല്ലുവിളിയാകും. വായുവിലൂടെയുള്ള രോഗാണുക്കളുടെ വ്യാപനം ജനങ്ങളുടെ ആരോഗ്യസ്ഥിതി വഷളാക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രകൃതികൾ എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തൽ. പടിഞ്ഞാറൻ മേഖലയിലെ മാറ്റങ്ങൾ വടക്കൻ മലനിരകളെ ബാധിക്കുന്നത് ഗൗരവകരമായ പൊതുജനാരോഗ്യ വെല്ലുവിളിയാണെന്ന് പഠനം അടിവരയിടുന്നു. അതിനാൽതന്നെ അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കുന്നതിന് കൂടുതൽ ശക്തമായ സംവിധാനങ്ങൾ വേണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.
കാലാവസ്ഥാഭീഷണി മറികടക്കാൻ പരിസ്ഥിതി നയങ്ങളെയും ശാസ്ത്രത്തെയും പൊതുജനാരോഗ്യത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണ് വിദഗ്ധർ നിർദേശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം പൊടിക്കാറ്റും മലിനീകരണവും വർധിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ആരോഗ്യ ഭീഷണികൾ പ്രതിരോധിക്കാൻ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നും പഠനം നിർദേശിക്കുന്നു.
Content Highlights: New study reveals dangerous desert bacteria from West India are reaching the Himalayas via wind. Potential respiratory & skin issues for locals.
Published: 30 Jan 2026, 02:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented