ഇന്ന് ഡൽഹിയിൽ മാത്രമെന്നു കരുതി സമാധാനിച്ചിരിക്കുന്ന വിഷപ്പുക നാളെ കേരളത്തിലേക്കും എത്താമെന്ന് സാരം.

ഡൽഹി നഗരത്തിന്റെ ആകാശദൃശ്യം | Photo:REUTERS
തുടർച്ചയായി വഷളാകുന്ന വായു ഗുണനിലവാര സൂചികകളുടെ പേരിൽ ഡൽഹി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. വായുമലിനീകരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോഴും ഇത് ഡൽഹിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാരിസ്ഥിതിക പ്രശ്നമായാണ് നാം കാണുന്നത്. ശാശ്വതമായ പരിഹാരത്തിനു പകരം, എല്ലാ വർഷത്തെയും പോലെ താത്ക്കാലിക പ്രതിവിധികളാണ് ഇത്തവണയും നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ഗ്രാപ്) 1,2,3 ഘട്ടങ്ങൾവരെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ മാറിമാറി നടപ്പിലാക്കുന്നുണ്ട്. വായു മലിനീകരണം ഗുരുതരമാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകളാണിവ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പൗരന്മാരോട് പുറത്തിറങ്ങരുതെന്നും അധികൃതർ കർശന ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. എന്താണ് ഡൽഹിക്ക് ശ്വാസംമുട്ടാൻ കാരണം? എന്നുമുതലാണ് ഡൽഹിയുടെ വയുഗുണനിലവാരം ജീവനുഭീഷണിയാവുന്ന തരത്തിൽ ഉയരാൻ തുടങ്ങിയത്?
വായു മലിനീകരണം രൂക്ഷമായ ഡൽഹി
ഏകദേശം പതിനഞ്ച് വർഷങ്ങളായി ശൈത്യകാലത്തോടടുക്കുമ്പോൾ ഡൽഹിയിൽ പുകമഞ്ഞ് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്. എല്ലാ വർഷവും അപകടകരമാംവിധം ഇത് ഉയരുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാനങ്ങളുടെയും ഒരുമയില്ലായ്മ മൂലം പ്രശ്നത്തിനൊരു പരിഹാരം ഇതുവരെയുണ്ടായിട്ടില്ല. ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പാടശേഖരങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് ഡൽഹിയിലെ മലിനീകരണത്തിന്‍റെ തോത് ഉയർത്തുന്നുവെന്ന ആരോപണം പതിവായി ഉയരുന്നതാണ്. ഇത് സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ മുന്നറിയിപ്പുകളെ ഭരണകൂടങ്ങൾ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. വൈക്കോൽ കത്തിക്കൽ തടയാൻ നടപടിയെടുക്കാത്തതിൽ പഞ്ചാബ്, ഹരിയാന സർക്കാരുകളെ അടുത്തിടെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാർ പരിസ്ഥിതി സംരക്ഷണ നിയമം ദുർബലമാക്കിയെന്ന വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനു പിന്നാലെ വൈക്കോൽ കത്തിക്കുന്നതിനു ചുമത്തുന്ന പിഴ കേന്ദ്ര സർക്കാർ ഇരട്ടിയാക്കിയിരുന്നു. ഇതുകൊണ്ട് എത്രത്തോളം ഫലമുണ്ടാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഗർവാൾ ഹിമാലയത്തിലെ യമമോറി ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദിയാണ് യമുന. മലിനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന നദികളിലൊന്നായ യമുനയില്‍ 76 ശതമാനവും സമ്മാനിക്കുന്നത് ഡൽഹിയാണ്. യമുന നദിയില്‍ വിഷപ്പത നുരഞ്ഞൊഴുകുന്നത് സ്ഥിര പ്രതിഭാസമായി മാറിയിരിക്കുന്നു. നദി ശുചീകരിക്കാൻ ഇതിനകം ആയിരക്കണക്കിന് കോടി രൂപയും ചെലവഴിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ യമുന നദി വീണ്ടും വെളുത്ത നുരയിൽ മൂടപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. രാഷ്ട്രത്തിന്റെ സ്വത്തായ നദികളും വിഷമയമാകുമ്പോൾ മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും അതിന്‍റെ സംസ്ഥാന ഘടകങ്ങളുമെല്ലാം പരാജയപ്പെടുന്നെന്ന ആരോപവും ശക്തമാകുന്നുണ്ട്. മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോഴും മലിനീകരണം നിയന്ത്രിക്കാൻ ഇപ്പോഴും ശക്തമായ സംവിധാനങ്ങളും നയങ്ങളും ഇല്ല എന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വിമർശനം.
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമായി കൃത്രിമ മഴ പെയ്യിക്കാൻ ശ്രമിക്കുന്നതും അത് ദയനീയമായി പരാജയപ്പെടുന്നതും ജനങ്ങൾക്ക് നിസ്സഹായരായി കണ്ടുനിൽക്കേണ്ടിവന്നു. ഡൽഹിയിൽ ഒരോനിമിഷവും മലിനീകരണത്തോത് ഉയർന്നുവരികയാണ്. മലിനീകരണ പ്രശ്നം നേരിടുന്ന സംസ്ഥാനങ്ങൾ മാത്രം വിചാരിച്ചാൽ ഇതിന് പരിഹാരം കാണാനാവില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഈ പാരിസ്ഥിതിക പ്രതിസന്ധി അന്തർദേശീയമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചെന്നും അവർ പറയുന്നു.
വായു മലിനീകരണം ഒരു ദക്ഷിണേഷ്യൻ പ്രതിസന്ധി
ഡൽഹിയിലെ വായു മലിനീകരണ പ്രതിസന്ധി ഇന്ത്യയുടെ മാത്രം പരിധിക്കുള്ളിൽ നിൽക്കുന്നതല്ലെന്നതാണ് വസ്തുത. 2024 നവംബറിൽ, വടക്കൻ പാകിസ്താൻ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. അന്ന് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വായു മലിനീകരണതോത് രേഖപ്പെടുത്തിയ നഗരമാകാൻ ലാഹോറും ഡൽഹിയും മത്സരിക്കുകയായിരുന്നു. ഉപഗ്രഹ ചിത്രങ്ങളിൽ, അന്ന് നഗരങ്ങൾക്ക് മുകളിൽ 'തവിട്ട് മേഘങ്ങൾ' രൂപപ്പെട്ടു. ഇപ്പോൾ 2025-ലും ഡൽഹി വീണ്ടും വായുമലിനീകരണത്തിൽ ലാഹോറിനോട് മത്സരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിഷപ്പുക ‘കാറ്റടിച്ച് പാകിസ്താൻ അതിർത്തി കടന്നതാണെ’ന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
വായു മലിനീകരണ പ്രതിസന്ധിയിൽ ബംഗ്ലാദേശിനും സ്ഥാനമുണ്ട്. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ‘അറ്റ്ലാന്റിക് കൗൺസിൽ’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ശൈത്യകാലത്ത് വായുനിലവാരം മോശമാകുന്ന നഗരങ്ങളിൽ ഡൽഹിക്കും ലാഹോറിനും പിന്നാലെ ധാക്കയുമുണ്ട്. അതുപോലെതന്നെ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും വായുനിലവാരം വർഷംതോറും ആശങ്കാജനകമാംവിധം ഉയർന്ന നിലയിൽ തുടരുന്നുണ്ട്. 2023-ലെ ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മോശം വായു മലിനീകരണമുള്ള 10 നഗരങ്ങളിൽ ഒമ്പത് നഗരങ്ങളും ദക്ഷിണേഷ്യയിലാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനങ്ങളിൽനിന്നുള്ള പുക, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത്, കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്, ഫാക്ടറികളിൻനിന്ന് പുറന്തള്ളപ്പെടുന്ന പുക, മാലിന്യങ്ങൾ തുറസ്സായി നിക്ഷേപിക്കപ്പെടുന്നത് തുടങ്ങിയ മനുഷ്യ ഇടപെടലുകളാണ് ദക്ഷിണേഷ്യയിലെ വായുവിന്റെ ഗുണനിലവാരം മോശമാകാൻ കാരണമെന്ന് ഗ്രീൻപീസ് 2023 വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് അടിവരയിടുന്നു.
കാർട്ടോഗ്രഫിയിൽ തെളിഞ്ഞത്
ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ശാസ്ത്രമാണ് കാർട്ടോഗ്രഫി. ഇതനുസരിച്ച് നോക്കുമ്പോൾ ദക്ഷിണേഷ്യയുടെ ഭൂപ്രകൃതി വായുവിന്റെ സഞ്ചാരത്തിനും മലിനീകരണ വസ്തുക്കളുടെ വ്യാപനത്തിനും കാരണമാകുന്നുണ്ട്. വായു കണികകളുടെ സങ്കീർണമായ ഘടന കാരണം ഇവ വലിയ തോതിൽ ഉപരിതലത്തിൽ പരക്കുന്നു. ഇവയെ പ്രതിരോധിക്കാനുള്ള മാർഗം ഇന്തോ-ഗംഗാ സമതലത്തിലെ രാജ്യങ്ങളുടെ ഒന്നിച്ചുള്ള തീരുമാനത്തിലൂടെയേ നടപ്പിലാക്കാനാകൂ. കാർഷിക മേഖലയിലും പൊതുനിരത്തിലും വ്യവസായ മേഖലയിലും അടക്കമുള്ള മാറ്റങ്ങൾക്ക് ഒറ്റക്കെട്ടായി തീരുമാനമെടുത്താൽ മാത്രമേ പരിഹാരം കാണാനാകൂ. അത് സ്ഥിരമായ പരിഹാരമാണെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
വികസനത്തിന് വെല്ലുവിളിയാകുമോ?
വായു മലിനീകരണം വികസനത്തിന്റെ വലിയ വെല്ലുവിളികളിലൊന്നാണെന്നിൽ തർക്കമില്ല. ഇന്ത്യയിലെ ഉയർന്ന വായുമലിനീകരണ നിലവാരം രാജ്യത്തിൻ്റെ ജിഡിപിയുടെ ഏകദേശം മൂന്ന് ശതമാനം നഷ്ടത്തിന് കാരണമാകുമെന്നാണ് ലോകബാങ്കിന്റെ പഠനം പറയുന്നത്. വായു മലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന രോഗാവസ്ഥകളും മരണനിരക്കും കാരണം 2019-ൽ ഇന്ത്യയുടെ ജിഡിപി 1.36 ശതമാനം കുറഞ്ഞുവെന്ന് ലാൻസെറ്റ് ഹെൽത്ത് ജേണൽ പറയുന്നു.
ഓട്ടോമൊബൈൽ വാഹനങ്ങളുടെ വിൽപനയിൽ കുത്തനെയുള്ള വർധന, പൊതുഗതാഗതത്തിന്റെ അഭാവം, കാൽനടയാത്രക്കാരോടുള്ള മോശമായ സമീപനം എന്നിവ പരോക്ഷമായി വായു മലിനീകരണം കൂടാൻ കാരണമാകുന്നു. വായുവിന്റെ ഗുണനിലവാരം ആയുർദൈർഘ്യം, പൊതുജനാരോഗ്യം, സാമ്പത്തിക ഉൽപ്പാദനക്ഷമത, പാരിസ്ഥിതിക നീതി എന്നിവയെ സാരമായി ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വടക്കേ ഇന്ത്യയിൽ മാത്രമല്ല ഇതിന്റെ അനന്തരഫലങ്ങൾ ദൃശ്യമാകുന്നത്. മുംബൈയിലും ബെംഗളൂരുവിലും വായുവിന്റെ ഗുണനിലവാരം വഷളാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ന് ഡൽഹിയിൽ മാത്രമെന്നു കരുതി സമാധാനിച്ചിരിക്കുന്ന വിഷപ്പുക നാളെ കേരളത്തിലേക്കും എത്താമെന്ന് സാരം. വായുമലിനീകരണം നേരിടുന്ന അയൽരാജ്യങ്ങളെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ശക്തമായ നയങ്ങൾ ആവിഷ്കരിച്ചാൽ മാത്രമേ വായു മലിനീകരണം ഉയർത്തുന്ന വലിയ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു സമഗ്രപദ്ധതി വികസിപ്പിക്കാൻ കഴിയൂ എന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്.
Content Highlights: Delhi`s worsening air quality is a regional crisis. Explore the causes, impacts, and potential solutions to this critical environmental issue affecting millions.
Published: 24 Nov 2025, 08:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented