താനും നാളുകള്‍ക്ക് മുമ്പാണ് അറേബ്യന്‍ പെനിസുലയില്‍ ആദ്യമായി കണ്ടെത്തി വളര്‍ത്തിയ ശലഭങ്ങളില്‍ രണ്ടെണ്ണം അബുദാബി എന്‍വയോണ്‍മെന്റ് ഏജന്‍സി (Environment Agency – Abu Dhabi (EAD)) ഔദ്യോഗികമായി അവരുടെ എന്റമോളജി കളക്ഷനില്‍ കാറ്റലോഗ് ചെയ്തു ഉള്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ സ്വദേശികളെന്ന് വിശേഷിപ്പിക്കാവുന്ന കോമണ്‍ ബാന്റ്ഡ് ഔള്‍ (common banded awl) ചിത്രശലഭങ്ങള്‍ക്കാണ് യു.എ.ഇ. 'പാസ്‌പോര്‍ട്ട്' ലഭിച്ചത്. മലയാളിയും ശാസ്ത്രപ്രചാരകനുമായ കിരണ്‍ കണ്ണനാണ് അബുദാബിയില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശലഭത്തെ കണ്ടെത്തിയ അനുഭവം മാതൃഭൂമി ഡോട്കോമുമായി പങ്ക് വെയ്ക്കുകയാണ് കിരൺ കണ്ണൻ.

To advertise here,

"നമുക്ക് ചുറ്റിലും ജൈവൈവിധ്യത്തിന്റെ വിപുലമായ ഒരു രഹസ്യലോകമുണ്ട്. ജീവിത പരിസരങ്ങളില്‍ നമ്മള്‍ നിരന്തരം കാണുന്ന പക്ഷികളും പ്രാണികളുമെല്ലാം അവയില്‍ വളരെ ചെറിയൊരു ശതമാനം മാത്രാണ്. നോക്കുമ്പോള്‍ മാത്രം തെളിഞ്ഞു കാണുന്ന കാഴ്ചകള്‍. പൊഴിഞ്ഞ ഇലകള്‍ക്ക് കീഴെ, രാത്രി മരുഭൂമിയില്‍, നടപ്പാത പാകിയ കല്ലുകള്‍ക്കിടയിലെ കുഞ്ഞു പുല്‍കാടുകളില്‍. എന്നും മനസില്‍ കൗതുകങ്ങള്‍ നിറഞ്ഞ വ്യക്തിയായിരുന്നു ഞാന്‍. നാം ജീവിക്കുന്ന ലോകത്തിനെ അറിയുന്നതിന്റെ ആദ്യപടി നമുക്ക് ചുറ്റിലുമുള്ള പരിസ്ഥിതിയെ അറിയുക എന്നതാണ്. നമ്മളില്‍ ഓരോത്തരുത്തരിലും കണ്ടുപിടുത്തക്കാരുണ്ട്. ഇപ്പോള്‍ ഈ കുഞ്ഞു ശലഭം മൂലം ലഭിച്ച പ്രശസ്തി, സന്തോഷം അതെല്ലാം ഊര്‍ജമാണ്.'' കിരണ്‍ പ്രതികരിച്ചു.

"ലോകത്താകെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും, ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഈ ചിത്രശലഭത്തെ യു.എ.ഇയില്‍ കണ്ടെത്തുന്നതും ആദ്യമാണ്. രണ്ടു ചിറകുകളും വിരിച്ച് വെച്ചാല്‍ നാല് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ  വലിപ്പത്തില്‍ തവിട്ട് നിറമുള്ള ഈ ശലഭങ്ങളെ കണ്ടാല്‍ പെട്ടെന്ന് മോത്തുകള്‍ (നിശാശലഭം) ആണെന്ന് തെറ്റിദ്ധരിക്കുമെന്ന് കിരണ്‍ പറയുന്നു. വര്‍ണ ചിറകുകള്‍ ഇല്ലാത്തതിനാലും ചിത്രമെടുക്കാനുള്ള ബുദ്ധിമുച്ച് കൊണ്ടും ആര്‍ട്ട് ഫോട്ടോഗ്രഫേഴ്‌സിന് കോമണ്‍ ബാന്റ്ഡ് ഔളുകളോട് വലിയ താത്പര്യമില്ല." അപൂര്‍വ കണ്ടെത്തലിനെ കുറിച്ച് കിരണ്‍ കണ്ണന്‍ പറയുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

"ഞാന്‍ ഈ കഴിഞ്ഞ ഏപ്രില്‍ 28-ന് വൈകിട്ട് പതിവ് പോലെ അബുദാബിയിലെ റിക്രിയേഷന്‍ പാര്‍ക്കില്‍ സൂക്ഷ്മജീവികളെ തിരഞ്ഞ് നടക്കുകയായിരുന്നു. പാര്‍ക്കില്‍ നിറയെ ആര്യവേപ്പ് മരങ്ങളുണ്ട്. ഏപ്രില്‍ ഇവിടെ ആര്യവേപ്പ് പൂക്കുന്ന സമയം കൂടിയാണ്. നിറച്ചും പൂക്കള്‍. പാര്‍ക്കില്‍ നിറയെ സുഗന്ധം. പെട്ടെന്നാണ് നിശാശലഭത്തെ പോലൊന്ന് പൂക്കളില്‍നിന്ന് പൂക്കളിലേക്ക് പാറി പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്." കിരണ്‍ പറയുന്നു. 

സമയം പാഴാക്കാതെ മൊബൈലില്‍ ചിത്രം പകര്‍ത്തി. ആ മേഖലളൊക്കെ പരിചയമുണ്ടായിരുന്ന കിരണ്‍ അത്തരത്തിലൊന്ന് പ്രദേശത്ത് കാണുന്നത് ഇതാദ്യമാണ്. ശലഭങ്ങളിലുള്ള പരിചയവും മേഖലയിലെ വിദഗ്ധരായ സ്‌നേഹിതരുടെ സൂചനകളും ഉപയോഗിച്ച് കോമണ്‍ ബാന്റ്ഡ് ഔള്‍ ആണെന്ന നിഗമനത്തിലേക്ക് കിരണ്‍ എത്തുകയായിരുന്നു. 

ഗള്‍ഫില്‍ ഒരിടത്തും ഇതിനെ കണ്ടെത്തിയിട്ടില്ലെന്ന് മലയാളി ഗവേഷകനും മറ്റിനം ചില ചിത്രശലഭങ്ങളെ യു.എ.ഇയില്‍ ആദ്യം കണ്ടെത്തുകയും ചെയ്ത ബിനീഷ് കിരണിനോട് പറഞ്ഞു. ഒപ്പം ജൈവൈവിധ്യ ഇന്റര്‍നെറ്റ് പോര്‍ട്ടലായ inaturalist എന്ന സൈറ്റും പരതി. ഗള്‍ഫില്‍ ഒരിടത്തും ഇതിന് മുമ്പ് കോമണ്‍ ബാന്റ്ഡ് ഔളുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് ഉറപ്പായി. 

placeholder
കോമണ്‍ ബാന്റ്ഡ് ഔള്‍ ചിത്രശലഭത്തിന്റെ ലാര്‍വ | ഫോട്ടോ: കിരൺ കണ്ണൻ

ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യത്ത് കാണപ്പെടാറുള്ള ഇവ എങ്ങനെയാകും ഈ ശലഭങ്ങള്‍ ഗള്‍ഫിലേക്കെത്തിയത്? മേഖലയിലേക്ക് മറ്റിനം ജീവജാലങ്ങള്‍ റേഞ്ച് എക്സ്റ്റന്‍ഷന്‍ (range extension) നടത്തുന്നതിന്റെ സൂചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരു ജീവി അതിന്റെ സ്വാഭാവിക ഭൗമമേഖലയില്‍നിന്ന് വേറെ ഒരു മേഖലയിലേക്ക് ജീവിത പരിസരം വ്യാപിപ്പിക്കുന്നതിനെയാണ് റേഞ്ച് എക്സ്റ്റന്‍ഷനെന്ന് പറയുന്നത്. 

പലപ്പോഴും ജൈവാധിനിവേശം എന്ന രീതിയില്‍ പടര്‍ന്ന് വളര്‍ന്ന് നിറഞ്ഞ് തനത് ആവാസവ്യവസ്ഥകളെ തകിടം മറിക്കാന്‍ പുതുതായി എത്തുന്ന ഇത്തരം ജീവജാലങ്ങള്‍ക്ക് കഴിയും. പരിസ്ഥിതി ചരിത്രത്തില്‍ ലോകമെമ്പാടും ഇതിന് ഉദാഹരണങ്ങളുണ്ട്. പക്ഷേ എല്ലാ ജീവികളും ഇത്തരത്തില്‍ അധിനിവേശ സ്വഭാവം കാണിക്കണമെന്നില്ല. സ്വാഭാവികമായ ആവാസവ്യവസ്ഥയുടെ ഭാഗമാവകയും പരിപോഷിപ്പിക്കുകയും ചെയ്യാറുണ്ട്. കോമണ്‍ ബാന്റ്ഡ് ഔളുകളും ഇത്തരത്തില്‍ നിരുദ്രപവകാരികളെന്നാണ് കണക്കാക്കപ്പെടുന്നത്. അബുദാബി എന്‍വയോണ്‍മെന്റ് ഏജന്‍സിയിലെ എന്റമോളജിസ്റ്റ് അനിതയുടെ അഭിപ്രായം നിര്‍ണായകമായി. ഇതോടെ യു.എ.ഇയില്‍ കോമണ്‍ ബാന്റ്ഡ് ഔളുകളുടെ സാന്നിധ്യം മുമ്പുണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായ സ്ഥിരീകരണം കിരണിന് ലഭിച്ചു. പക്ഷേ ഇത് റെക്കോഡ് ചെയ്യപ്പെടണമെങ്കില്‍ കോമണ്‍ ബാന്റ്ഡ് ഔളികളുടെ പ്രജനനം നടക്കുകയും അബുദാബിയിലെ പരിസ്ഥിതിയുമായി ഇവ പൊരുത്തപ്പെടുന്നുവെന്ന് തെളിയുകയും വേണം. 

placeholder
ദുബായിലെ മിലേറ്റിയ പിനാറ്റ മരം | Photo: Angela Manthorpe

ശലഭത്തിന്റെ ആവാസവ്യവസ്ഥ കണ്ടെത്തുകയായിരുന്നു കിരണ്‍ നേരിട്ട പ്രധാന വെല്ലുവിളി. ഹോസ്റ്റ്പ്ലാന്റ് (Host plant) കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ഇതിനുള്ള പോംവഴികള്‍ സുഹൃത്തിലൂടെ കിരണിലെത്തി കൊണ്ടേയിരുന്നു. കേരളത്തില്‍ ഉങ്ങ് എന്ന് വിളിക്കുന്ന മിലേറ്റിയ പിനാറ്റ ചെടിയുടെ ഇലകള്‍ ഈ ശലഭലാര്‍വയുടെ പ്രിയഭക്ഷണമാണ്. പാര്‍ക്കില്‍ ശലഭത്തിനെ കണ്ട സ്ഥലത്തോട് ചേര്‍ന്ന് തന്നെ ഈ ചെടിയുടെ നാല് മരങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇലകള്‍ തലയ്ക്കും മുകളിലായിരുന്നു. 

സൂക്ഷ്മമായി പരിശോധിക്കാന്‍ ഇത് മൂലം കിരണിന് സാധിച്ചില്ല. സ്ഥലം മാര്‍ക്ക് ചെയ്തു പിറ്റേന്നും പരിശ്രമം കിരണ്‍ തുടര്‍ന്നു. പെട്ടെന്ന് ഒരു വേട്ടാളന്‍ (wasp) മടങ്ങിയിരിക്കുന്ന ഇലയ്ക്ക് ചുറ്റും എന്തോ പരതുന്നത് കണ്ടു. സാധാരണ ശലഭ ലാര്‍വകളെ പിടിക്കാനോ അവയുടെ ശരീരം തുളച്ച് മുട്ടയിടാനോ ആണ് വേട്ടാളന്മാര്‍ ഇങ്ങനെ ചുറ്റിതിരിയുന്നത്. ഇലയില്‍ ഒരു പുഴുവിന്റെ നിഴല്‍ വ്യക്തമായി കാണാന്‍ കിരണിന് സാധിച്ചു. ഇല അല്‍പ്പം മുകളിലായതിനാല്‍ കൈ എത്തുമായിരുന്നില്ല. ഉയരമുള്ള ഒരാളാണ് ആ ചെടി തുമ്പ് പൊട്ടിച്ച് നൽകുന്നത്.

വീട്ടിലേക്ക് പോയി പരിശോധിച്ചപ്പോഴാണ് ശലഭത്തിന്റെ ലാര്‍വ തന്നെയാണിതെന്ന് കിരണിന് മനസിലായത്. ശരിക്കും ഒരു യുറേക്കാ മൊമെന്റ് തന്നെയായിരുന്നു ഇതെന്ന് കിരണ്‍ പറയുന്നു. കാരണം കോമണ്‍ ബാന്റ്ഡ് ഔളുകള്‍ യു.എ.ഇയുടെ സ്വാഭാവിക പരിസരങ്ങളില്‍ ബ്രീഡ് ചെയ്യുന്നുണ്ടെന്നാണ് കിരണ്‍ കണ്ടെത്തിയത്. 

ഈ ശലഭലാര്‍വകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കിരണ്‍ പറയുന്നത്. പകല്‍സമയങ്ങളില്‍ ഇലകള്‍ മടക്കി തുന്നി ഒളിച്ചിരിക്കുന്ന ലാര്‍വകള്‍ പൊതുവെ രാത്രിയില്‍ മാത്രമാണ് ഇലകള്‍ ഭക്ഷിക്കാന്‍ പുറത്തിറങ്ങുക. രണ്ടിലകള്‍ ചേര്‍ത്തൊക്കെ ഒട്ടിച്ച് വെച്ചിരിക്കുന്ന ലാര്‍വകളുടെ ഒളിസ്ഥലം കണ്ണില്‍ പെടില്ല. അപകടം മണത്താല്‍ മുകളില്‍ നിന്ന് താഴെ പുല്‍പടര്‍പ്പിലേക്ക് ചാടി രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിയും. ഏതായാലും ഒരു പുതിയ ജീവി വര്‍ഗം അതിന്റെ പരിധി അറേബ്യന്‍ പെനിസുലയിലേക്ക് വ്യാപിപ്പിച്ചതിന് സുശക്തമായ തെളിവാണ് കിരണിന് ലഭിച്ചത്. 

ശലഭത്തിനെ അബുദാബി എന്‍വയോണ്‍മെന്റ് ഏജന്‍സിയിലെ ഡോ. അനിതയ്ക്ക് കിരണ്‍ കൈമാറി. ഏജന്‍സിയില്‍നിന്നാണ് ജനതിക പരിശോധനകള്‍ക്ക് സ്‌പെസിമന്‍ വിദേശ ലാബുകളിലേക്ക് അയച്ചത്. ഇതിന് ശേഷമാണ് യു.എ.ഇ. എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ സ്‌പെസിമന്‍ ആര്‍ക്കൈവിലെ പരിസ്ഥിതി ചരിത്ര രേഖയായത്. എത്ര കാലം കഴിഞ്ഞാലും കോമണ്‍ ബാന്റ്ഡ് ഔള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹസാര ക്രോമസ്സ് (hasora chromus) എന്ന ശലഭത്തിന്റെ അറേബ്യന്‍ പെനിസുലയിലെ ബ്രീഡിങ് രേഖപ്പെടുത്തിയ ചരിത്രം കിരണിനോട് ചേര്‍ത്ത് വായിക്കപ്പെടും.

placeholder
കിരൺ കണ്ണൻ

ചിത്രശലഭങ്ങളുടെ സ്ഥിതി

കാലാവസ്ഥാ വ്യതിയാനവും അതേ തുടര്‍ന്നുള്ള മാറ്റങ്ങളും ചിത്രശലഭങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാല്‍, ശലഭങ്ങളുടെ എണ്ണം കുറയുന്നുണ്ടോ എന്നതിന് വളരെ കൃത്യമായ ഒരു റിയല്‍ ടൈം ഡേറ്റ നമുക്കില്ലെന്ന് കിരണ്‍ കണ്ണന്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചികയായി ശലഭങ്ങളെ പഠിക്കേണ്ടതുണ്ട്. ഒരോ ശലഭത്തിന്റെയും ലാര്‍വകളും ഓരോ പ്രത്യേക ചെടികളുടെ ഇലകള്‍ മാത്രമേ ഭക്ഷിക്കുകയുള്ളൂ. സസ്യ വൈവിധ്യം നഷ്ടപ്പെടുന്നത് ശലഭങ്ങള്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെടാന്‍ കാരണമായേക്കാം. അമിതമായ കീടനാശിനിയുടെ ഉപയോഗവും ശലഭ പുഴുക്കളെ കൊല്ലും. കാലം തെറ്റിയ പെയ്യുന്ന മഴ, വേനല്‍ എന്നിവയ്ക്ക് പുറമേ അധിനിവേശ സസ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ചിത്രശലഭങ്ങള്‍ ഇല്ലാതാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.