തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പ്. പി.എം.ശ്രീയിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. ആയുധമാക്കിയിരുന്നു. ഭരണത്തിലെത്തിയപ്പോൾ അതിനു വിരുദ്ധമായ നിലപാട് ഉണ്ടാകരുതെന്ന അഭിപ്രായമാണ് കൂടുതൽ അംഗങ്ങളും മുന്നോട്ടുവെച്ചത്.

To advertise here,

സർക്കാർ -പാർട്ടി ഏകോപനം വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതി പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും ലഭിക്കുന്നുണ്ടെന്ന എ.ഐ.സി.സി. ജനറൽസെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞതിന്റെ തുടർച്ചയായിട്ടായിരുന്നു നേതാക്കളുടെ വിമർശനം. പ്രവർത്തകർക്ക് തങ്ങളുടെ സർക്കാരാണ് അധികാരത്തിലിരിക്കുന്നതെന്ന തോന്നലുണ്ടാകണം. സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ പ്രവർത്തകർ ജനങ്ങളിൽ എത്തിക്കുകയുംവേണം. നേതൃയോഗങ്ങൾ ചേരാൻ വൈകരുതെന്നും അവർ നിർദേശിച്ചു. പി.എം.ശ്രീയടക്കമുള്ള നയപരമായ കാര്യങ്ങളിൽ അവർ അഭിപ്രായം പറഞ്ഞതുമില്ല. ഷാഫി പറമ്പിൽ, അജയ് തറയിൽ, ജോൺസൺ എബ്രഹാം തുടങ്ങിയവരാണ് പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്ന് ശക്തമായി ആവശ്യപ്പെട്ടത്.

കരാറിൽനിന്ന് കേന്ദ്രസർക്കാരിന് മാത്രമേ പിന്മാറാനാകൂവെന്നാണ് വ്യവസ്ഥയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രം ചെലവഴിക്കുന്ന പണത്തിന്റെ വിഹിതത്തിന് നമുക്കും അർഹതയുണ്ട്. സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നതിലും കരിക്യുലം നിശ്ചയിക്കുന്നതിലും സംസ്ഥാനസർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സംസ്ഥാന താത്പര്യം ബലികഴിച്ച് ഒരു പദ്ധതിയിലും മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയുമായി ആലോചിച്ചേ അന്തിമതീരുമാനമുണ്ടാകൂ. തുടർനടപടി നിർദേശിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് അതിനായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലും കേന്ദ്രസർക്കാർ വ്യവസ്ഥകൾ അതേപോലെ അംഗീകരിക്കരുതെന്ന ആവശ്യവും യോഗത്തിലുയർന്നു.

സ്ഥിരം പ്രസിഡന്റിനെ തരൂ

കെ.പി.സി.സി.ക്ക് സ്ഥിരം പ്രസിഡന്റിനെ നൽകണമെന്ന് നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം ആവശ്യപ്പെട്ടു. മൂന്ന് മാസമായി പാർട്ടി പ്രവർത്തനം നിർജീവമാണ്. മുഴുസമയ പ്രസിഡന്റ് വേണമെന്ന് മുതിർന്ന നേതാക്കളൊക്കെ ആവശ്യപ്പെട്ടു. വികാരം എ.ഐ.സി.സി.യെ അറിയിക്കുമെന്ന് ദീപാ ദാസ്മുൻഷി പറഞ്ഞു.