
വർഷങ്ങളായി ലോകം കണ്ട ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തങ്ങളെയാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ശ്രീലങ്കയും ഇപ്പോൾ അഭിമുഖീകരിക്കുന്നത്. നൂറ്റാണ്ടിലെതന്നെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച ഈ മേഖലകളിൽ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകളാൽ രൂക്ഷമായ മൺസൂൺ മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. ഇൻഡൊനീഷ്യ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലാവുകയും നൂറുകണക്കിന് പേർ മരിക്കുകയും ആയിരത്തോളം പേരെ കാണാതാവുകയും ചെയ്തു.
അടിയന്തരാവസ്ഥയിൽ ദ്വീപ് രാജ്യം
ഡിറ്റ് വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ശ്രീലങ്കയെന്ന കൊച്ചുദ്വീപ് രാജ്യം ഒന്നടങ്കം ദുരിതത്തിലായ കാഴ്ചയാണ് ലോകം കണ്ടത്. തുടർച്ചയായി പെയ്ത മഴയിൽ ശ്രീലങ്കയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 159 ആയെന്നും 200- ലധികം പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്കുകൾ. ദശാബ്ദങ്ങൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തങ്ങളിൽ ഒന്നായിരുന്നു ഡിറ്റ് വാ ശ്രീലങ്കയ്ക്ക് നൽകിയത്.
രാജ്യത്തെ ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് അനുസരിച്ച്, 20,000-ത്തിലധികം വീടുകൾ നശിച്ചിട്ടുണ്ട്. ഏകദേശം 1,08,000 പേരെ സർക്കാരിന്റെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നു. പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യമെമ്പാടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വൈദ്യുതിയോ കുടിവെള്ളവുമില്ലാതെ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്കായി കാത്തുകിടക്കുകയാണ്.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കാണ്ടിയിലും ബദുള്ളയിലുമാണ്. റോഡുകൾ മണ്ണിടിച്ചിലിൽ തകർന്നതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. കുറുനെഗലയിലെ വടക്കൻ-മധ്യ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഒരു വൃദ്ധസദനത്തിലെ 11 താമസക്കാരും മഴക്കെടുതിയ്ക്ക് ഇരകളായി. അവർ മുങ്ങിത്താഴുന്നത് നിസ്സഹായതോടെ നോക്കി നിൽക്കാൻ മാത്രമേ രാജ്യത്തിനു കഴിഞ്ഞുള്ളൂ. എന്നാൽ, നാവികസേനയുടെ സഹായത്തോടെ രക്ഷപെട്ടവരും അനവധിയാണ്. അനുരാധപുരയിൽ വെള്ളത്തിൽ മുങ്ങിയ ബസിൽനിന്ന് 69 പേരെയാണ് സേന രക്ഷപ്പെടുത്തിയത്.
ഇത്തരത്തിലുള്ള അതിതീവ്ര കാലാവസ്ഥ ശ്രീലങ്കയിൽ അപൂർവമാണെങ്കിലും, അപരിചിതമായിരുന്നില്ല. 2003 ജൂണിലുണ്ടായ വെള്ളപ്പൊക്കത്തിൽ 254 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിലവിലെ പ്രതിസന്ധി നേരിടാൻ സർക്കാർ അന്താരാഷ്ട്ര സഹായത്തിനായി അഭ്യർഥിക്കുകയും വിദേശത്തുള്ള ശ്രീലങ്കൻ പൗരന്മാരോട് പണം സംഭാവന ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇൻഡൊനീഷ്യ യിലെ സെൻയാർ ദുരന്തം
ഇൻഡൊനീഷ്യ , മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചുകൊണ്ട് വെള്ളപ്പൊക്കം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
സെൻയാർ എന്ന അപൂർവമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ഇൻഡൊനീഷ്യയിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. ഇൻഡൊനീഷ്യ യിലെ സുമാത്ര ദ്വീപിൽ മാത്രം മരണസംഖ്യ 300 കവിഞ്ഞെന്നാണ് പുറത്തുവരുന്ന കണക്കുകൾ. അറുനൂറിലധികം ആളുകളെ ഇനിയും കണ്ടെത്താൻ കഴിയാത്തതിനാൽ ഈ കണക്ക് ഉയരുമെന്നാണ് കരുതുന്നത്.
ചെറിയ മഴയിൽ തുടക്കമിട്ട വലിയ ദുരന്തമായിരുന്നു സെൻയാർ. നിമിഷനേരംകൊണ്ടാണ് മഴ പേമാരിയായി മാറിയത്. അപ്രതീക്ഷിതമായി അതൊരു വെള്ളപ്പൊക്കമായി മാറി. വെള്ളം കയറിയ വീടുകളിൽനിന്ന് ജനങ്ങൾ തെരുവുകളിലേക്കിറങ്ങി ജീവനുവേണ്ടി നിലവിളിച്ചു. എന്നാൽ, നിയന്ത്രണാതീതമായി വെള്ളം പൊങ്ങിയ വഴികളിൽ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചെങ്കിലും നൂറുകണക്കിന് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പ്രധാന റോഡുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്റർനെറ്റും വൈദ്യുതിയും ഭാഗികമായി മാത്രമേ പുനഃസ്ഥാപിച്ചിട്ടുള്ളൂ. ദുരിതബാധിത പ്രദേശമായ തപനുലിയിൽ, ഭക്ഷണം തേടി ആളുകൾ പലചരക്ക് കടകൾ കൊള്ളയടിച്ചതായി റിപ്പോർട്ടുകളുണ്ട്. ദുരന്തനിർമാർജനം സുഗമമാക്കാൻ സുമാത്രയിലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ജക്കാർത്തയിൽ സമ്മർദം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.
തായ്‌ലൻഡിലെ അസാധാരണ മഴ
തായ്‌ലൻഡിൽ ശനിയാഴ്ച വരെ പെയ്ത കനത്ത മഴയിൽ 160 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3.8 ദശലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. തെക്കൻ സോങ്ഖ്ല പ്രവിശ്യയിൽ വെള്ളം 10 അടിവരെ ഉയർന്നിരുന്നു.
ഹാറ്റ് യായ് നഗരത്തിൽ ഒറ്റ ദിവസം 335 മില്ലിമീറ്റർ മഴ പെയ്തത് 300 വർഷത്തിനിടയിലെ റെക്കോഡായിരുന്നു. വെള്ളം താഴ്ന്നതോടെ മരണസംഖ്യയിൽ കുത്തനെ വർധനയുണ്ടായി. ഹാറ്റ് യായ് നഗരത്തിലെ ആശുപത്രിയിൽ, മോർച്ചറി നിറഞ്ഞതിനെത്തുടർന്ന് ജീവനക്കാർ മൃതദേഹങ്ങൾ റഫ്രിജറേറ്റഡ് ട്രക്കുകളിലേക്ക് മാറ്റാൻ നിർബന്ധിതരായി.
ഇതിനിടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് 2 ദശലക്ഷം ബാറ്റ് (62,000 ഡോളർ) വരെ നഷ്ടപരിഹാരം വാഗ്ദാനം നൽകിക്കൊണ്ട് സർക്കാർ ദുരിതാശ്വാസ നടപടികൾക്ക് തുടക്കംകുറിച്ചു.
മലേഷ്യൻ നാശനഷ്ടങ്ങൾ
തായ്‌ലൻഡിന്റെയും ഇന്തോനേഷ്യയുടെും അയൽരാജ്യമായ മലേഷ്യയിൽ മരണസംഖ്യ താരതമ്യേന കുറവാണെങ്കിലും, നാശനഷ്ടങ്ങൾ ഭീകരമായിരുന്നു. വടക്കൻ പെർലിസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. രണ്ട് പേർ മരിച്ചതായും പതിനായിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മലേഷ്യൻ സർക്കാർ പറഞ്ഞു.
കാലാവസ്ഥാ കാരണങ്ങൾ
ഫിലിപ്പീൻസിൽ വീശിയടിച്ച കൊടുങ്കാറ്റ് ‘കോട്ടോ’യുടെ പ്രതിപ്രവർത്തനവും മലാക്ക കടലിടുക്കിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റും മൂലമാകാം തെക്കുകിഴക്കൻ ഏഷ്യയിലെ ഈ അതിതീവ്ര കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഈ മേഖലയിലെ വാർഷിക മൺസൂൺ മഴ നൽകാറുണ്ട്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം സീസണിന്റെ തീവ്രതയും ദൈർഘ്യവും ഉൾപ്പെടെയുള്ള രീതികളിൽ മാറ്റം വരുത്തിയിരിക്കുന്നു. ഇത് കനത്ത മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് എന്നിവയുടെ അപ്രതീക്ഷിത വരവിന് കാരണമായി.
ഡിറ്റ് വാ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് നാശം വിതച്ചെങ്കിലും ശനിയാഴ്ചയോടെ തീരത്തുനിന്നു പിൻവലിഞ്ഞിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ഇന്ത്യയിലെ തമിഴ്നാട് തീരത്തേക്കടുത്തതിനെത്തുടർന്ന് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതുവരെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കേരളത്തിൽ ഡിറ്റ് വ കാര്യമായ മഴയോ കെടുതികളോ ഉണ്ടാക്കിയിട്ടില്ല.
ചുഴലിക്കാറ്റ് ദുർബലമായിട്ടുണ്ടെന്നും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ലെന്നുമാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്. ഇത് സത്യമാകുമോ അതോ ശ്രീലങ്കയ്ക്കും മലേഷ്യയ്ക്കും തായ്ലൻഡിനും ഇന്തൊനേഷ്യയ്ക്കും പിന്നാലെ ഇന്ത്യയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയാകുമോ?
Content Highlights: Millions impacted by severe floods & landslides in Southeast Asia & Sri Lanka.
Published: 30 Nov 2025, 01:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented