കൊളംബോ: ഡിറ്റ്വ ചുഴലിക്കാറ്റും തുടർന്നുണ്ടായ പ്രളയവും കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടി ഡോളറിന്റെ(4034 കോടി രൂപ) സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ദൂതനായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നടത്തിയ ശ്രീലങ്കാ സന്ദർശനത്തിനിടെയാണ് സഹായപ്രഖ്യാപനം.
അതിൽ 35 കോടി ഡോളർ ഇളവോടുകൂടിയ ലൈൻ ഓഫ് ക്രെഡിറ്റായും(എൽഒസി) 10 കോടി ഡോളർ മറ്റ് ഗ്രാന്റുകളായുമാണ് നൽകുക. ശ്രീലങ്കൻ സർക്കാരുമായി കൂടിയാലോചിച്ച് പാക്കേജിന് അന്തിമാംഗീകാരം നൽകും. ഒരു നിശ്ചിതതുകവരെ ആവശ്യമുള്ളപ്പോൾ കടമെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന വായ്പാസൗകര്യമാണ് എൽഒസി. തിരിച്ചടച്ച തുക വീണ്ടും കടമെടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രളയത്തിൽ തകർന്ന റോഡ്, റെയിൽവേ, പാലങ്ങൾ എന്നിവയുടെ പുനർനിർമാണം, വീടുകളുടെ പുനർനിർമാണവും കുടുംബങ്ങളുടെ പുനരധിവാസവും, ആരോഗ്യ-വിദ്യാഭ്യാസമേഖലയ്ക്കുള്ള പിന്തുണ, കൃഷി, ഭാവി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കം എന്നീ അഞ്ച് മേഖലകളിലാണ് സഹായം വിനിയോഗിക്കുക.
ശ്രീലങ്ക പ്രതിസന്ധിനേരിടുമ്പോൾ സഹായവുമായി മുന്നോട്ടുവരുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് സ്വാഭാവിക നടപടിയാണെന്നും അതിൽ അഭിമാനമുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു. ചൊവ്വാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയുമായി കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ടുള്ള മോദിയുടെ കത്ത് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയ്ക്ക് കൈമാറി.
ഡിറ്റ്വ ചുഴലിക്കാറ്റിൽ തകർന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യവുമായി ഇന്ത്യ മുന്നോട്ടുവന്നിരുന്നു. ചുഴലിക്കാറ്റ് രാജ്യത്ത് 644 പേരുടെ ജീവനെടുത്തു.
Content Highlights: India announces a $450 million aid package to Sri Lanka for cyclone & flood relief. Includes credit line & grants for reconstruction & rehabilitation.
Published: 24 Dec 2025, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented