കൈകാലുകളില്ലാത്ത,ശല്കാവൃതമായ, ഇഴഞ്ഞുനടക്കുന്ന,നിശ്ശബ്ദനായ ഒരു ഉരഗവർഗജീവി. അത്ര ലളിതമായ ഒന്ന്. മറ്റേതൊരു ജീവിയേയും പോലുള്ള ഒരു ജീവിവർഗ്ഗം മാത്രമാണ് പാമ്പുകൾ. പണ്ടുപണ്ട് ദിനോസറുകളുടെ കാലഘട്ടത്തിൽ, ദശലക്ഷക്കണക്കിനു വർഷങ്ങൾ മുമ്പ് മണ്ണ് തൊട്ടവർ. പരിണാമത്തിന്റെ പരീക്ഷണപരമ്പരകളെ വിജയകരമായി അതിജീവിച്ച് ഇതുവരെ ഇഴഞ്ഞെത്തിയവർ. അവരെ പിടിച്ച് വിശ്വാസങ്ങളുടെ വസ്ത്രം ധരിപ്പിച്ച് വിശുദ്ധരാക്കുന്നതിനു പകരം വിശദമായി മനസ്സിലാക്കുകയാണ് വേണ്ടത്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മൂവായിരത്തഞ്ഞൂറോളം ഇനം പാമ്പുകളേയുള്ളു ലോകത്തിൽ. അതിന്റെ പത്തിലൊന്നോളമേയുള്ളു ഇന്ത്യയിൽ. കേരളത്തിൽ വെറും നൂറ്റിപ്പതിന്നാല് ഇനങ്ങളും. ഈ നൂറ്റിപ്പതിന്നാലിനങ്ങളിൽ വിഷമുള്ള ഇനങ്ങൾ പത്തിൽ താഴെ. അതിൽ തന്നെ വളരെ സാധാരണമായി നമ്മൾ കാണാനിടയുള്ളവ നാലോ അഞ്ചോ ഇനങ്ങൾ. അവ പോലും മനുഷ്യസാമീപ്യത്തിൽ നിന്ന് ഓടിയൊളിക്കാൻ സദാ വെമ്പൽ കൊള്ളുന്നവർ. എന്നിട്ടും ഭൂരിഭാഗം സമയങ്ങളിലും നമ്മളവരുടെ പിന്നാലെ പോയി കടി ഇരന്നുവാങ്ങുന്നു. കാണാതെ കയറിച്ചവിട്ടിയോ കണ്ടിട്ടും ഹീറോ കളിക്കാൻ വെറുംകൈകൊണ്ട് പിടിക്കാൻ നോക്കുകയോ ഒക്കെ അരുത്.

Read also-അരുത്, ജീവന്‍ കൊണ്ട് കളിക്കരുത്; ശാസ്ത്രീയമായ പാമ്പുപിടിത്തം എന്തിന്, എന്തുകൊണ്ട് ?

വിഷമുളളവ

നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കാണുന്ന, മനുഷ്യനെ കൊല്ലാൻമാത്രം വീഷവീര്യമുള്ള പാമ്പുകൾ നാലേനാലിനം മാത്രം. വെള്ളിക്കെട്ടൻ ( Common Indian Krait - Bungarus caeruleus ), മൂർഖൻ ( Common Indian Spectacled Cobra - Naja naja ) റസ്സൽ അണലി ( Russell's Viper - Daboia russelli ) ചുരുട്ടമണ്ഡലി ( Saw scaled Viper - Echis carinatus ) എന്നിവയാണ് ബിഗ് ഫോർ എന്നറിയപ്പെടുന്നവ. ഇതുകൂടാതെ രാജവെമ്പാല (King Cobra - Ophiophagus hanna ) മുഴമൂക്കൻ കുഴിമണ്ഡലി ( Humpnosed Pit Viper - Hypnale hypnale ) എന്നിവയും ഉണ്ടെങ്കിലും രാജവെമ്പാലയെ സാധാരണയായി നിത്യഹരിത വനങ്ങളിലോ വനങ്ങളോടുചേർന്ന പ്രദേശങ്ങളിലോ മാത്രമേ കാണാറുള്ളു. മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയാവട്ടെ, ഒന്നോ രണ്ടോ കേസുകൾ മാത്രമേ മരണകാരണമായതായി ഇതുവരെ റിപ്പോർട്ടുകൾ ഉള്ളു.

ചോലമണ്ഡലികൾ, പവിഴപ്പാമ്പുകൾ, നാഗത്താൻ, പച്ചിലപ്പാമ്പ്, പൂച്ചക്കണ്ണൻ തുടങ്ങിയവയും വിഷമുള്ള പാമ്പുകൾ തന്നെയാണ്. കടി അത്രയേറെ മാരകമാകാറില്ലെങ്കിലും. എങ്കിലും, ഒരുപക്ഷേ, കൈകാലുകളില്ലാത്തതുകൊണ്ടാവണം, പ്രകൃതി അവർക്കു പ്രത്യേകമായ ചില അനുകൂലനങ്ങളൊക്കെ നല്കി. രസകരമെന്ന് നമുക്കു തോന്നാവുന്ന ചിലതരം അനുകൂലനങ്ങൾ. അതിൽ ചിലതെല്ലാം നമുക്ക് ഒന്നു നോക്കിയാലോ ? 

1.ഇഴഞ്ഞുനടക്കുന്നവയായതുകൊണ്ട് ശരീരം ഉരയാനും മുറിയാനുമൊക്കെ സാധ്യതയുണ്ട്.അതുണ്ടാവാതിരിക്കാനാണ് ശല്കം കൊണ്ടുതുന്നിയ കുപ്പായം! നമ്മുടെ നഖവും മുടിയുമൊക്കെ ഉണ്ടാക്കിയിരിക്കുന്ന, കെരാറ്റിൻ എന്ന് പേരുള്ള പ്രോട്ടീൻകൊണ്ടുതന്നെയാണ് പാമ്പുകളുടെ ശരീരത്തിന് ഒരു സംരക്ഷണകവചം പോലെ പ്രവർത്തിക്കുന്ന ഈ കുപ്പായം ഉണ്ടാക്കിയിട്ടുള്ളത്. പാമ്പുകളുടെ ശരീരവളർച്ചയ്ക്കനുസരിച്ച് ഈ പുറംകുപ്പായം വളരാത്തതുകൊണ്ട്, വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർക്ക് അത് ഊരിമാറ്റേണ്ടതായി വരുന്നു. ഇതാണ് പാമ്പിന്റെ ഉറയൂരൽ അഥവാ പടംപൊഴിക്കൽ.

2. വായുടെ അറ്റംമുതൽ വാലിന്റെ അറ്റംവരെ ഇറച്ചികൊണ്ടുണ്ടാക്കിയ ഒരു കുഴൽപോലെയുള്ള ആകൃതിയായതുകൊണ്ട്, പാമ്പിന്റെ ആന്തരാവയവങ്ങളെല്ലാം തന്നെ നീണ്ടതും  ഒന്നിനുപിന്നിൽ ഒന്നായി സ്ഥിതി ചെയ്യുന്നവയുമാണ്.

3.മാളങ്ങൾക്കുള്ളിലും മറ്റും ഇഴഞ്ഞുകയറുമ്പോൾ കൺപോളകളില്ലാത്ത കണ്ണിൽ പൊടിയും മണ്ണും വീഴാൻ സാദ്ധ്യതയുള്ളതുകൊണ്ട് അവയെപ്പോഴും കണ്ണടവെച്ച് നടക്കുന്നു ! അതായത്, കണ്ണിനുപുറമെ, ബ്രിൽ എന്നു വിളിക്കുന്ന സുതാര്യമായ ഒരു ശല്കാവരണമുണ്ട് പാമ്പുകൾക്ക്.

4. പാമ്പുകൾ പൊട്ടച്ചെവിയന്മാരാണ്. അവയ്ക്ക് ബാഹ്യകർണങ്ങളില്ല.ആന്തരകർണത്തിന്റെ സ്ഥാനത്തുള്ള കൊളുമെല്ല ഓറിസ് എന്ന അവയവം മാത്രമാണ് പാമ്പിന്റെ കേൾവി സംവിധാനം. കീഴ്ത്താടിയെല്ലിലൂടെ കടന്നുവരുന്ന ഭൗമകമ്പനങ്ങളും മറ്റും അതിനോട് ചേർന്നുനില്ക്കുന്ന തരുണാസ്ഥികൾ വഴി കൊളുമെല്ല ഓറിസിലെത്തുകയാണ് ചെയ്യുക. അതായത്, പൂർണമായി ശരിയല്ലെങ്കിലും, താടിയെല്ലുകൊണ്ട് കേൾക്കുന്നവയാണ് പാമ്പുകളെന്ന് നമുക്കു വേണമെങ്കിൽ പറയാം !

5. പാമ്പ് മണംപിടിക്കുന്നത് മൂക്കുകൊണ്ടല്ല,നാക്കുകൊണ്ടാണ്. ഇടയ്ക്കിടെ പുറത്തേയ്ക്കു നീട്ടുന്ന നാവിൽ പറ്റിപ്പിടിക്കുന്ന ഗന്ധതന്മാത്രകളെ വായിലേക്ക് വലിച്ചെടുത്ത്,മേലണ്ണാക്കിലുള്ള ജേക്കബ്​സൺസ് ഓർഗൻ എന്ന പ്രത്യേക അവയവത്തിലെത്തിച്ചാണ് പാമ്പുകൾ മണം തിരിച്ചറിയുന്നത്. ഈ മണം ഏതു ദിശയിൽ നിന്നാണ് വരുന്നതെന്ന് തിരിച്ചറിയാനുള്ള ഒരനുകൂലനമാണ് അറ്റം രണ്ടായി പിളർന്ന പാമ്പിൻനാവ് !

6.പല പാമ്പുകളും നല്ല ഫോട്ടോഗ്രാഫർമാരാണ് ! അവയുടെ മൂക്കിനും വായയ്ക്കുമിടയിൽ കാണുന്ന സുഷിരങ്ങൾ വഴിയോ അല്ലെങ്കിൽ മേൽചുണ്ടിന്റെ വശങ്ങളിൽ കാണുന്ന സുഷിരങ്ങൾ വഴിയോ ഒക്കെ അവ ഇരയുടെയോ ശത്രുവിന്റെയോ ഒക്കെ ശരീരതാപം പിടിച്ചെടുക്കും. ഈ താപം തലച്ചോറിലെത്തിച്ച് അവർ ആ ജീവിയുടെ ഒരു താപഫോട്ടോ നിർമ്മിക്കും.
ഇരയാണെങ്കിൽ പിടിക്കും.ശത്രുവാണെങ്കിൽ ഒഴിഞ്ഞുപോകും പെരുമ്പാമ്പ്, സുഷിരമണ്ഡലികൾ തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

7. പാമ്പുകൾ ശീതരക്തജീവികളാണ്.അതായത് ചുറ്റുപാടുമുള്ള അന്തരീക്ഷതാപനിലയനുസരിച്ച് ശരീരതാപം സ്വയം നിയന്ത്രിക്കാൻ പാമ്പുകൾക്ക് കഴിവില്ല. അതുകൊണ്ട് നല്ലതണുപ്പുകാലത്ത് പലപ്പോഴും അവയ്ക്ക് വെയിൽ കായേണ്ടി വരുന്നു.വേനൽക്കാലത്ത് തണുപ്പും വേണ്ടിവരുന്നു.

8.പാമ്പുകൾ ഇരപിടിക്കുന്ന ഭൂരിഭാഗം അവസരങ്ങളിലും ഇരയുടെ തലമുതലാണ് വിഴുങ്ങാനാരംഭിക്കുക.ഇരയുടെ കൈകാലുകളിലെ നഖവും മറ്റും കൊണ്ട് അന്നനാളം പോറാതെയും മുറിയാതെയുമൊക്കെ ഇരിക്കാനുള്ള ഒരനുകൂലനമാണിത്.

9. വായിൽ കൊള്ളാത്തത്ര വലിപ്പമുള്ള ഇരകളെ വിഴുങ്ങുമ്പോൾ  അവയുടെ താടിയെല്ലുകളുടെ പിന്നറ്റം ഗേറ്റ് തുറക്കുന്നതുപോലെ അകന്നുമാറുമെന്നുള്ളതുകൂടാതെ, ആ സമയത്ത് ശ്വാസംമുട്ടൽ അനുഭവപ്പെടാതിരിക്കാൻ അവയുടെ  തൊണ്ടയിലെ ഗ്ളോട്ടിസ് എന്ന് പേരുള്ള മാംസക്കുഴൽവഴി അവ ശ്വാസോച്ഛ്വാസം നടത്തും.

10. പാമ്പിന്റെ ഉമിനീരാണ് വിഷം. മനുഷ്യരെയുൾപ്പെടെ കൊല്ലാൻ മാത്രം വീര്യം കൂടിയ ഉമിനീരുള്ളവയെ വിഷപ്പാമ്പുകളെന്നും വീര്യം കുറഞ്ഞ ഉമിനീരുള്ളവയെ വിഷമില്ലാത്തവയെന്നും വിളിക്കുന്നു.

പാമ്പിൻ കഥകൾ

പണ്ടൊരു കൗശലക്കാരനായ കുറുക്കൻ അട്ടയോടു ചോദിച്ചു. നീ നടക്കുമ്പോൾ ഏതുകാലിനു മുമ്പിൽ ഏതുകാലാണ് വെക്കുന്നതെന്ന്. അതോടെ നിന്നു അട്ടയുടെ നടപ്പ് !

പാമ്പുകളുടെ കാര്യത്തിലും കഥയിതുതന്നെ. കാര്യമറിയാനിറങ്ങിപ്പുറപ്പെടുന്നവരോട് പഴമയിൽ നിന്നൊരു നൂറു കൗശലച്ചോദ്യം വന്നുവീഴും.

പകയില്ലേ ?
പാലുകുടിക്കില്ലേ ?
പാപമല്ലേ ?
പാണ്ടുരോഗം വരില്ലേ ?
പരമ്പര മുടിഞ്ഞുപോവില്ലേ ?

അതോടെ തീരും പഠിക്കാനിറങ്ങുന്നവന്റെ കാര്യം. പിന്നെയും മുന്നോട്ടുപോവുന്നവനെ പലതും പറഞ്ഞു പിന്നോട്ടടിക്കാൻ അറിഞ്ഞും അറിയാതെയും തയ്യാറായിരിക്കും വിശ്വാസങ്ങളുടെ വൈയ്ക്കോൽത്തുരുമ്പിൽ പൂണ്ടടക്കം പിടിച്ച് മുങ്ങിത്താഴുമ്പോഴും തങ്ങൾ അറിവിന്റെ എവറസ്റ്റ് കയറുകയാണെന്ന് സ്വയം വിശ്വസിക്കുന്ന ചിലർ. അവർ ചെയ്യുന്നത്ര അപകടം പാമ്പുകൾ ചെയ്യുന്നില്ല. പാമ്പുകൾ അപകടമുണ്ടാക്കാൻ വന്നവരല്ല. അവരെ അവരുടെ വഴിക്കുവിട്ടേക്കുക. അവർ നിങ്ങളെ കൊല്ലാൻ അവതാരമെടുത്ത വിഷപിശാചുക്കളല്ല. നിങ്ങളെപ്പോലെ ഭൂമി വാഴാൻ പ്രകൃതി രൂപംകൊടുത്ത മറ്റൊരു ജീവിവർഗം മാത്രമാണ്.

placeholder
ഫോട്ടോ:മാതൃഭൂമി

ഓരോ ജീവിക്കും ജീവിക്കാൻ ചില പ്രാഥമിക ആവശ്യങ്ങളുണ്ട്. ഇര വേണം, ഇണ വേണം, ഇടം വേണം. നമ്മളുൾപ്പെടെയുള്ള ജീവികൾ പുറത്തിറങ്ങുന്നത് പ്രധാനമായും ഈ ആവശ്യങ്ങൾക്കാണ്. പാമ്പുകളും വ്യത്യസ്തരല്ല. ഇണയൊഴികെയുള്ള രണ്ടാവശ്യങ്ങളും നമ്മുടെ വീട്ടിലോ ചുറ്റുപാടുകളിലോ ഉണ്ടോ എന്നറിയാനാണ് അവ അബദ്ധം പറ്റി നമ്മുടെ ഇടങ്ങളിലേക്ക് കടന്നുകയറുന്നത്. അതുകൊണ്ട് ആ രണ്ടാവശ്യങ്ങളും നമ്മുടെ വീട്ടിലോ വീടിനോടു ചേർന്ന ചുറ്റുപാടുകളിലോ ഇല്ലാതിരുന്നാൽ  അവർ വരില്ല.ഉറപ്പ്.

വീണ്ടും ഓർമിക്കുക

നമ്മളാണവരെ അനുകൂലസാഹചര്യങ്ങളൊരുക്കുക വഴി വിളിച്ചുവരുത്തുന്നത്. സാർവജന സ്കൂളിലെ ക്ളാസ്സ്മുറിയിൽ മാളം തുരന്നത് അവരല്ലായിരുന്നു എന്ന സത്യം വേദനയോടെ വീണ്ടും ഓർമിക്കുക. നമ്മുടെ ജാഗ്രതക്കുറവാണ് നമ്മുടെ ജീവനെടുക്കുന്നത്. പാമ്പുകളുടെ വിഷമല്ല. മനുഷ്യനെ കൊല്ലാനല്ല അവർക്ക് പരിണാമം വിഷം നല്കിയത്.അത് അവർക്ക് ഇരപിടിക്കാനും ഇരയെ ദഹിപ്പിക്കാനും പ്രകൃതി നല്കിയ ഒരു മാർഗമാണ്.നമുക്ക് ആഹാരം ദഹിപ്പിക്കാൻ വായിൽ ഉമിനീരുള്ളതു പോലെ തന്നെ.നമ്മുടെ വായിലെത്തുന്ന ഓരോ വറ്റിനേയും സംബന്ധിച്ച് കൊടിയ വിഷമാണ് നമ്മുടെ ഉമിനീർ. എന്നാലും നമ്മളെ ഒരു പാമ്പും വിഷജീവികളെന്ന് വിളിക്കുന്നില്ല.(അത് അവർക്കു സംസാരശേഷിയില്ലാത്തതുകൊണ്ടല്ല. വിവരമുള്ളതുകൊണ്ടാണ് )

അതുകൊണ്ട്, ഇരയുടെ, ഇടത്തിന്റെ ഒക്കെ കാര്യത്തിൽ നമ്മുടെ അതേ സ്റ്റാറ്റസുള്ള പാമ്പുകളേയും നമുക്ക് വെറുതെ വിടാം. അഥവാ നമ്മുടെ അനാസ്ഥ കൊണ്ടോ അവരുടെ അബദ്ധം കൊണ്ടോ അവർ നമ്മുടെ ഇടങ്ങളിലേക്ക് എത്തിപ്പെട്ടാൽ, അവരെ പെട്ടെന്ന് കണ്ണിൽ പെടാനുള്ള സാഹചര്യങ്ങളെങ്കിലും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ കണ്ടാൽ നമ്മളവരെ സൂക്ഷ്മതയോടെ അകന്നുനിന്നു ശ്രദ്ധിക്കുകയും അവർക്കു സ്വയം ഇറങ്ങിപ്പോകാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക. ഇറങ്ങിപ്പോകുന്നില്ലെങ്കിൽ മാത്രം അംഗീകാരമുള്ള പാമ്പുരക്ഷകരെ വിളിക്കുക.