തൃശ്ശൂർ: ഇനി പാമ്പിൻപേടിയില്ലാതെ ഉറങ്ങാമെന്ന ആശ്വാസത്തിൽ പൂങ്കുന്നം ശ്രീകൃഷ്ണനിലയത്തിൽ കാർത്തിക്കും കുടുംബവും. കഴിഞ്ഞ ദിവസങ്ങളിലായി 18 പാമ്പിൻകുഞ്ഞുങ്ങളെ വീട്ടുവളപ്പിൽനിന്ന് പിടികൂടിയതോടെയാണ് കുടുംബം ആശങ്കയിലായത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ മതിൽ പൊളിച്ച് മുഴുവൻ പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടെത്തി.

To advertise here,

തോടിനോടുചേർന്ന മതിൽ പൊളിച്ചുപരിശോധിച്ചപ്പോൾ രണ്ട് പാമ്പിൻകുട്ടികളെക്കൂടിയാണ് പിടികൂടാനായത്. 22 പാമ്പിൻമുട്ടത്തോടുകളും ഇവിടെനിന്ന് കണ്ടെത്തി. പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ട് പാമ്പിൻകുഞ്ഞുങ്ങൾ കഴിഞ്ഞദിവസം തോട്ടിൽച്ചാടി രക്ഷപ്പെട്ടിരുന്നു. വിരിഞ്ഞ പാമ്പിൻകുഞ്ഞുങ്ങളെയൊക്കെയും കണ്ടെത്തിയെന്നതിനാൽ ഇനി ഭയക്കേണ്ടതില്ലെന്നാണ് സ്‌നേക്ക് റസ്‌ക്യൂവിഭാഗം പറയുന്നത്. മുട്ടയിട്ടതിനുശേഷം അടയിരിക്കില്ലെന്നതിനാൽ പെരുമ്പാമ്പും ഇനി അവിടെയുണ്ടാകില്ല.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മതിൽ പൊളിച്ചത്. സ്‌നേക്ക് റെസ്‌ക്യൂവർ ക്ലീറ്റസാണ് തുടർന്ന് ഇവിടെ വിശദപരിശോധന നടത്തിയത്. രാജൻ പല്ലൻ എം.എൽ.എ., തഹസിൽദാർ അശോക്കുമാർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ ഗേറ്റിനോടുചേർന്ന് പാമ്പു ഇഴഞ്ഞുപോകുന്നത് ആദ്യം കണ്ടത്. വൈകീട്ടോടെ വളപ്പിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തി. ഇതോടെ ഭയന്ന കുടുംബം വനംവകുപ്പിനെ വിവരമറിയിച്ചു.

അമ്പതു സെന്റിമീറ്ററോളം നീളമുള്ള 10 കുഞ്ഞുങ്ങളെ ആദ്യദിവസം പിടികൂടി. ഇതിൽ രണ്ടെണ്ണമാണ് സമീപത്തുള്ള തോട്ടിലേക്ക് ചാടിരക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വീണ്ടും എട്ടു പാമ്പുകളെക്കൂടി കണ്ടെത്തി.

വൈകീട്ട് വീടിനു ചേർന്ന് നിർത്തിയ വാഹനങ്ങളിലും പാമ്പുകളെ കണ്ടതോടെയാണ് മതിൽ പൊളിച്ചുപരിശോധിക്കാൻ തീരുമാനിച്ചത്.