ജയ്പുര്‍: രാജസ്ഥാനിലെ മൂന്ന് പ്രധാന വന്യജീവി സങ്കേതങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ജനിച്ചത് പത്ത് കടുവക്കുട്ടികള്‍. സരിസ്‌കാ ടൈഗര്‍ റിസര്‍വില്‍ മൂന്നും രന്തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ രണ്ടും നാഹര്‍ഗഢ് ബയോളജിക്കല്‍ പാര്‍ക്കില്‍ അഞ്ചും കടുവക്കുട്ടികൾ ജനിച്ചു. ഇതോടെ സരിസ്‌കയിലെ കടുവകളുടെ എണ്ണം 44-ഉം രന്തംബോറിലേത് 72-ഉം ആയി ഉയര്‍ന്നു. 

To advertise here,

രാജസ്ഥാനിൽ 25 കടുവക്കുട്ടികളാണ് കഴിഞ്ഞവര്‍ഷം പിറന്നത്. ഈ വര്‍ഷം ഇതുവരെ പത്ത് കടുവക്കുട്ടികളും ജനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സരിസ്‌കാ കടുവ സങ്കേതത്തിലെ എസ്ടി-30 എന്ന് പേരുനല്‍കിയിരിക്കുന്ന പെണ്‍കടുവയെ മൂന്ന് കുട്ടികള്‍ക്കൊപ്പം വനംവകുപ്പ് അധികൃതർ കണ്ടത്. രണ്ടുമാസം പ്രായമുള്ള കുട്ടികള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ പറഞ്ഞു.

2023-ലാണ് എസ്ടി-30 എന്നുപേരുള്ള പെണ്‍കടുവയെ രന്തംബോറില്‍ നിന്ന് ഇവിടെയെത്തിച്ചത്. സരിസ്‌കയില്‍ കടുവകള്‍ക്ക് അനുകൂല സാഹചര്യമൊരുങ്ങുന്നതിന്റെ ശുഭസൂചനയായിട്ടാണ് കടുവക്കുട്ടികളുടെ ജനനം വിലയിരുത്തപ്പെടുന്നത്. അമ്മക്കടുവയുടെയും കടുവക്കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്കായി പട്രോളിങ് സംഘത്തെ വിന്യസിച്ചതായും ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. 

തിങ്കളാഴ്ചയാണ് രന്തംബോറില്‍ രണ്ട് കടുവക്കുട്ടികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഞായറാഴ്ചയാണ് നാഹര്‍ഗഢില്‍ റാണി എന്ന പെണ്‍കടുവ അഞ്ച് കടുവക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് 2021-ലാണ് റാണിയെ നാഹര്‍ഗഢ് ബയോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്.