ജയ്പുര്‍: രന്തംബോര്‍ ദേശീയോദ്യാനത്തിലെ പ്രധാനപ്പെട്ട കടുവകളിലൊന്നായ ആരോഹെഡ് (ടി-84) വിടപറഞ്ഞു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വ്യാഴാഴ്ചയോടെയാണ് കടുവയുടെ മരണം സ്ഥിരീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 11 വയസ്സ് പ്രായമുള്ള ആരോഹെഡ് മുതലയെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

To advertise here,

രന്തംബോറിലെ രാജ്ഞിയെന്നറിയപ്പെടുന്ന മച്ച്‌ലിയെന്ന പെണ്‍കടുവയുടെ കൊച്ചുമകള്‍ കൂടിയാണ് ആരോഹഡ്. മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി സ്‌നേഹികളും അനുശോചനം രേഖപ്പെടുത്തി. 

2014 ഫെബ്രുവരിയിലാണ് ആരോഹെഡ് എന്ന പെണ്‍കടുവയുടെ ജനനം. രാജ്ബാഗ് തടാകമായിരുന്നു ആരോഹെഡ് എന്ന പെണ്‍കടുവയുടെ പ്രധാന വിഹാരകേന്ദ്രങ്ങളിലൊന്ന്. കടുവകളില്‍തന്നെ ഒത്ത ശരീരപ്രകൃതിയുടെ പേരില്‍ മാത്രമല്ല ആരോഹെഡ് പ്രശസ്തി നേടിയത്. രന്തംബോറിലെ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതിലും ആരോഹെഡ് പ്രധാന പങ്കുവഹിച്ചു.

നാലുതവണയാണ് ആരോഹെഡ് കടുവക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പത്തുകടുവക്കുട്ടികളില്‍ ആറെണ്ണം ഇപ്പോഴും ഇവിടെയുണ്ട്. 2023-ലാണ് ആരോഹെഡ് അവസാനമായി കടുവക്കുഞ്ഞുങ്ങൾക്ക് ജന്മംനല്‍കിയത്. അടുത്തിടെ ആരോഹെഡിന്റെ മക്കളിലൊന്നായ കന്‍കാട്ടിയെ രണ്ടുപേരുടെ ജീവനെടുത്തതിന്റെ പേരില്‍ പ്രദേശത്തുനിന്ന് സ്ഥലം മാറ്റിയിരുന്നു.