നാല്‍പത്തിനാലു വര്‍ഷങ്ങള്‍ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1979 ഫെബ്രുവരി 18-ന്, ഒരു അത്ഭുതം നടന്നുവെന്ന് വാര്‍ത്ത പരന്നു. ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലെ ചുവന്ന മണല്‍ക്കടലില്‍ ശക്തമായി മഞ്ഞുവീഴുന്നു. ഫോട്ടോയെടുക്കാന്‍ ഡിജിറ്റല്‍ ക്യാമറയോ വിവരം സന്ദേശമായി അയയ്ക്കാന്‍ മൊബെല്‍ ഫോണോ ഇല്ലാത്ത കാലം. ടെലിവിഷന്‍ പോലും പലയിടത്തും കണ്ടുതുടങ്ങുന്നേ ഉളളു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്ത കേട്ടവര്‍ക്കും വായിച്ചറിഞ്ഞവര്‍ക്കുമെല്ലാം അന്നതൊരു കടങ്കഥപോലെ തോന്നി. അധികമാരും കാണാതെപോയ ആ ശക്തമായ മഞ്ഞുവീഴ്ചയുടെ ആയുസ്സ് കേവലം അരമണിക്കൂര്‍ മാത്രമായിരുന്നു.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group 

പിന്നീടിങ്ങോട്ട്, നാലു പതിറ്റാണ്ടിനു ശേഷം നാലു തവണ വീണ്ടും സഹാറയില്‍ മഞ്ഞു പെയ്തു.  2016,  2018,  2021 എന്നീ വര്‍ഷങ്ങള്‍ക്കുശേഷം 2022 ജനുവരി 18-നാണ് അവസാനമായി മഞ്ഞു വീണത്. സഹാറയെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ വലിപ്പവും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഭൂമിശാസ്ത്രവുമാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ മഴയുടെയും മഞ്ഞുവീഴ്ചയുടെയും സമയവും അളവും വിതരണവും മാപ്പ് ചെയ്യാന്‍ ഫീല്‍ഡ് നിരീക്ഷണങ്ങളേക്കാള്‍ ഉപഗ്രഹ റിമോട്ട് സെന്‍സിംഗ് രീതികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് നിലവില്‍വന്നിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളു. അതുകൊണ്ടുതന്നെ 1970-കള്‍ക്കു മുമ്പുള്ള മഞ്ഞുവീഴ്ചയെക്കുറിച്ച് വിശ്വസനീയമായ രേഖകളൊന്നും ലഭ്യമല്ല. 300-400 കൊല്ലങ്ങള്‍ക്കുമുമ്പ് ഇവിടെ മഞ്ഞുപെയ്യുമായിരുന്നുവെന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്.

'മരുഭൂമിയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്ന ഐന്‍ സെഫ്രയില്‍ പകല്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാണു രേഖപ്പെടുത്താറുള്ളത്. വടക്കു പടിഞ്ഞാറന്‍ അള്‍ജീരിയയിലെ ഐന്‍ സെഫ്രയിലെ താപനില -2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞ ദിവസത്തിലാണ് മഞ്ഞുവീണത്. 2005-ലെ ഒരു രാത്രിയില്‍ ഇവിടെ -14 ഡിഗ്രി തണുപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിരുന്നില്ല.

placeholder
മഞ്ഞുപുതഞ്ഞ മരുഭൂമി | Photo: www.facebook.com/kbouchetata

അറ്റ്‌ലസ് പര്‍വതനിരകള്‍ സഹാറ മരുഭൂമിയുമായി ചേരുന്ന ഇടമാണിത്. സമുദ്രനിരപ്പില്‍നിന്ന് 1,000 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. രാത്രിയില്‍ തണുപ്പ് കൂടുതലാണെങ്കിലും വായുവില്‍ ആവശ്യത്തിന് ജലകണികകൾ ഇല്ലാത്തതിനാൽ ഇവിടെ സാധാരണയായി  മഞ്ഞ് പെയ്യാറില്ല. എന്നാല്‍, അവസാന തവണ വന്ന മഞ്ഞുകാറ്റ് സഹാറയുടെ മണല്‍പ്പരപ്പിനെ പൂര്‍ണമായി വെള്ള മേലാപ്പ് അണിയിച്ചുകളഞ്ഞു. മഞ്ഞുരുകാന്‍ ഏതാണ്ട് ഒരു ദിവസം പൂര്‍ണമായെടുക്കുകയും ചെയ്തു. 2018-ലും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞ് വീണിരുന്നു.

ഏറ്റവും ചൂടുള്ള മരുഭൂമി

ഭൂമിയിലെ ഏറ്റവും ചൂടുള്ള മരുഭൂമിയാണ് സഹാറ മരുഭൂമി. ഇത് വടക്കന്‍ ആഫ്രിക്കയിലെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു: അള്‍ജീരിയ, ചാഡ്, ഈജിപ്ത്, ലിബിയ, മാലി, മൗറിറ്റാനിയ, മൊറോക്കോ, നൈജര്‍, വെസ്റ്റേണ്‍ സഹാറ, സുഡാന്‍, ടുണീഷ്യ. പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം, കിഴക്ക് ചെങ്കടല്‍, വടക്ക് മെഡിറ്ററേനിയന്‍ കടല്‍, തെക്ക് സഹേല്‍ സവന്ന എന്നിവയാണ് സഹാറയുടെ അതിര്‍ത്തി.

അങ്ങേയറ്റം വരണ്ട കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴയും മേഘങ്ങളുടെ രൂപീകരണവും തടയുന്ന, സ്ഥിരമായ ഉയര്‍ന്ന മര്‍ദ്ദമുള്ള ഇടം. ഉപരിതലത്തില്‍ ബാഷ്പീകരിക്കപ്പെട്ട ജലത്തിന് ഇവിടെ ഉയരാനും തണുക്കാനും കഴിയില്ല. ഇതുകൊണ്ടുതന്നെ മേഘങ്ങള്‍  സാധാരണമായി രൂപം കൊള്ളാറില്ല. എന്നാല്‍ മൊറോക്കോയിലെയും അള്‍ജീരിയയിലെയും  ഉയര്‍ന്ന പ്രദേശങ്ങളില്‍  ഉയര്‍ന്നു വരുന്ന വായു തണുക്കുകയും ഘനീഭവിക്കുകയും ചെയ്യും. ശീതകാല വായു, അറ്റ്‌ലാന്റിക്, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളില്‍നിന്ന് വടക്കന്‍ സഹാറയിലേക്ക് തണുത്തതും ഈര്‍പ്പമുള്ളതുമായ വായു വലിച്ചെടുക്കാറുണ്ട്. ഈ സീസണില്‍ സഹാറയുടെ പ്രാന്തപ്രദേശത്ത് മഴ പെയ്യാറുണ്ട്. ഈ ഈര്‍പ്പം മരവിക്കുമ്പോഴാണ് മഞ്ഞുപരലുകള്‍ രൂപപ്പെടുകയും മഞ്ഞുവീഴ്ചയുടെ പുതപ്പ് ഉണ്ടാകുകയും ചെയ്യുന്നത്.

വൈറലായി കരീമിന്റെ ഫോട്ടോകള്‍

കൃത്യസമയത്ത്, കൃത്യമായ ഇടത്ത് എത്തിച്ചേരുക എന്നത് ഒരു ഫോട്ടോഗ്രാഫര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. 2018-ല്‍ ഐന്‍ സെഫ്ര എന്ന ചെറുപട്ടണത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു അമേച്വര്‍ ഫോട്ടോഗ്രാഫറായ കരിം ബൗച്ചെറ്റാറ്റ. സഹാറ മരുഭൂമിയിലെ അത്ഭുതക്കാഴ്ച തീര്‍ത്തും അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ കണ്ണില്‍ പതിഞ്ഞത്. തിളങ്ങുന്ന ചുവന്ന മണല്‍ക്കടല്‍ മഞ്ഞിന്റെ നേര്‍ത്ത പുതപ്പ് പുതച്ച് കിടക്കുന്ന കാഴ്ച. ഉടനെതന്നെ തന്റെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അത് ലോകമൊട്ടാകെ ഇങ്ങനെ പ്രചരിക്കുമെന്ന് അദ്ദേഹം പോലും ഓര്‍ത്തിരുന്നില്ല. ഈ  മഞ്ഞ് ഏകദേശം ഒരു ദിവസം നീണ്ടുനിന്നു. ചരിവുകള്‍ കുത്തനെയുള്ള സ്ഥലങ്ങളിലെല്ലാം ആകര്‍ഷകമായ ചുഴലിക്കാറ്റുകള്‍ തീര്‍ത്ത പാറ്റേണുകളില്‍ മഞ്ഞ് പുതിയ ഡിസൈനുകള്‍ പണിതു. ഒട്ടകങ്ങളും മണല്‍ക്കൂനകളും ഒരുപോലെ മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്ന കാഴ്ചകള്‍ മതിയാവോളം കരീം തന്റെ ഫ്രെയിമുകളിൽ പകര്‍ത്തി. കത്തി നില്‍ക്കുന്ന സൂര്യനു കീഴെ, 58 ഡിഗ്രി ചൂടില്‍ മഞ്ഞ് ഉരുകി തീരുന്നതുവരെ അദ്ദേഹം ചിത്രങ്ങളെടുത്തു.  
'മരുഭൂമിയില്‍ മഞ്ഞ് വീഴുന്നത് കണ്ട് എല്ലാവരും സ്തംഭിച്ചുപോയി; വളരെ അപൂര്‍വമായ ഒരു സംഭവമായിരുന്നു അത്. ഒരുകൂട്ടം നല്ല ഫോട്ടോകള്‍ പകര്‍ത്താനും അത് ലോകത്തിനു മുമ്പില്‍ എത്തിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അതിയായ സന്തോഷവാനാണ്.''  പടങ്ങള്‍ വൈറലായ ശേഷം കരീം ബൗച്ചെറ്റാറ്റ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട വാക്കുകളാണിത്.

placeholder
സഹാറയിലെ മഞ്ഞു വീഴ്ച ചിത്രങ്ങൾ പകർത്തിയ കരീം

മഞ്ഞും മഴയും കാലാവസ്ഥാ വ്യതിയാനവും

വരണ്ടിരിക്കുന്ന സഹാറയില്‍ പ്രതിവര്‍ഷം 100 മില്ലീമീറ്ററില്‍ താഴെ മഴ ലഭിക്കാറുണ്ട്. അതിന്റെ നാല് വശങ്ങളില്‍ മൂന്നിലും ജലാശയങ്ങളാണ്. അറ്റ്‌ലാന്റിക് സമുദ്രം, മെഡിറ്ററേനിയന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍നിന്ന് ശൈത്യകാലത്ത് വടക്കന്‍ സഹാറയിലെ ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റും വേനല്‍ക്കാലത്ത് തെക്കന്‍ സഹാറയില്‍ മണ്‍സൂണ്‍ മഴയും മൂലം ആര്‍ദ്രവായു ഈ മേഖലയിലേക്ക് വരുന്നു. അതിനാല്‍ മരുഭൂമിയുടെ പ്രാന്തപ്രദേശത്ത് മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്. സഹാറയില്‍ മഞ്ഞുപെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് ഇന്നും വലിയ ഉത്തരങ്ങളൊന്നുമില്ല. ഇതിനു മുമ്പുള്ള മഞ്ഞുവീഴ്ചകളെ ശാസ്ത്രജ്ഞര്‍ അത്ര കൃത്യമായി പിന്തുടര്‍ന്നിരുന്നുമില്ല.

ആഗോളതലത്തില്‍, കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പ്രവചനാതീതമായ കാലാവസ്ഥയിലേക്ക് നയിക്കുന്നതിന്റെ ഫലംകൂടിയാണ് ഇത്തരം മഞ്ഞുവീഴ്ച. സഹാറയുടെ പല പ്രാന്തപ്രദേശങ്ങളിലും മഴയുടെ തോത് വര്‍ദ്ധിച്ചത് ഇതിനെ സാധൂകരിക്കുന്നു. പര്‍വതങ്ങളില്‍ തണുപ്പ് നിലനില്‍ക്കുകയാണെങ്കില്‍, ഇനിയും വലിയ ഇടവേളകളില്ലാതെ സഹാറയില്‍ മഞ്ഞ് പെയ്യാന്‍ സാധ്യതയുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തില്‍ സഹാറ നേരിടുന്ന പ്രധാന വെല്ലുവിളി ഇതൊന്നുമല്ല. പര്‍വതങ്ങളുടെ കര കൂടുതലുള്ള ഭാഗം മരുഭൂമിയായി  മാറാനും സഹാറയുടെ മധ്യഭാഗം വരണ്ടതായിത്തന്നെ തുടരാനും കൂടുതല്‍ ചൂടാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. സമീപദശകങ്ങളില്‍, തെക്കന്‍ സഹേല്‍ കൂടുതല്‍ വരണ്ട് മരുഭൂമിയായി മാറുന്നതു കാരണം സഹാറ തന്നെ വലുതായിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലും ഇത് തുടരാന്‍ സാധ്യതയുണ്ട്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിത്തന്നെ, 15000 വര്‍ഷങ്ങള്‍ക്കപ്പുറം സഹാറ വീണ്ടും ഹരിതാഭമാവുമെന്ന പ്രതീക്ഷയും ചില ഗവേഷകര്‍ തരുന്നുണ്ട്.

placeholder
placeholder
placeholder
placeholder
placeholder
+6