
പരിസ്ഥിതി പ്രവര്‍ത്തകരും എണ്ണക്കിണറുകളും സത്യത്തില്‍ കീരിയും പാമ്പും പോലെയാണ്. എണ്ണ പര്യവേക്ഷണം സമുദ്രത്തിലെയും കരയിലേയും ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തിയേക്കാമെന്ന വാദമാണ് അതിനുപിന്നില്‍. സമീപകാലത്ത് കാലിഫോര്‍ണിയയിലെ ഒരു എണ്ണക്കിണറുമായി ബന്ധിപ്പിച്ച പൈപ്പ്‌ലൈന്‍ തകര്‍ന്ന് 25,000 ഗാലന്‍ എണ്ണച്ചോര്‍ച്ചയുണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ എണ്ണ പര്യവേക്ഷണം ചെയ്യുന്ന രീതി പലപ്പോഴും സമുദ്രജീവികളെ ദോഷകരമായി ബാധിക്കും. കരയില്‍ എണ്ണക്കിണര്‍ കുഴിക്കുന്നത് അവിടത്തെ സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കും. ഇതൊക്കെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എണ്ണക്കിണറുകള്‍ക്കെതിരെ തിരിയാന്‍ കാരണം. എന്നാല്‍ തെക്കന്‍ കാലിഫോര്‍ണിയയില്‍ പസഫിക് സമുദ്രത്തിലുള്ള യുറേക്ക എന്ന എണ്ണക്കിണര്‍ (റിഗ്) അടച്ചുപൂട്ടരുതേ എന്ന പ്രാര്‍ഥനയിലാണ് അവിടത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍. സമുദ്ര ജീവിതത്തിന്റെ തികച്ചും വിരോധാഭാസമായ ഒരു സംയോജന ഇടമാണ് ഇവിടം.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
1984-ല്‍ സ്ഥാപിതമായ 700 അടി ആഴമുള്ള ഈ ഓയില്‍ പ്ലാറ്റ്‌ഫോം അതിന്റെ ആയുസ്സിന്റെ അവസാന ദശകങ്ങളിലാണ് ഇപ്പോഴുള്ളത്. എണ്ണഖനനം അവസാനിപ്പിച്ചാല്‍ ഇവിടത്തെ റിഗ് എടുത്തുമാറ്റുമോ എന്ന ആശങ്കയിലാണ് പരിസ്ഥിതി സ്‌നേഹികള്‍. ഖനനത്തിന്റെ ശബ്ദവും പ്രകമ്പനവും അലോസരമുണ്ടാക്കി ആവാസവ്യവസ്ഥ നശിപ്പിക്കുന്ന പതിവിന് വിപരീതമായി വിവിധതരം കടല്‍ജീവികളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ഈ ഭീമാകാരമായ എണ്ണക്കിണര്‍. ഓരോ ചതുരശ്ര ഇഞ്ചും സമുദ്രജീവികളാല്‍ മൂടപ്പെട്ടിരിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് ഇവിടെയുള്ളത്. ചിലപ്പോള്‍ റിഗ്ഗിന്റെ താഴ്ത്തട്ടിലേക്കുപോലും കാണാന്‍ കഴിയാത്തത്ര മത്സ്യസമ്പത്തിനാല്‍ ഇവിടം നിറയാറുണ്ട്.

എണ്ണ കുഴിച്ചെടുക്കുന്നതിനായി നാല് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന യുറേക്കയുടെ ഉപരിതലത്തിന് താഴെയുള്ള പൈലിംഗുകളില്‍ പറ്റിനിന്ന് വളര്‍ന്ന പവിഴപ്പുറ്റുകള്‍ ഉള്‍പ്പടെയുള്ള ദശലക്ഷക്കണക്കിന് അകശേരുകികളാണ് (നട്ടെല്ലില്ലാത്ത ജീവികളും സസ്യങ്ങളും) ഇവിടത്തെ പുതിയ ആവാസവ്യവസ്ഥയ്ക്ക് തുടക്കമിട്ടത്. നീര്‍ക്കാക്കകള്‍ വെള്ളത്തിലേക്ക് ഊളിയിടുകയും സീലുകള്‍ ബീമിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി നീന്തുകയും ചെയ്യുന്നത് റിഗ്ഗിന്റെ ഉപരിതലക്കാഴ്ചകള്‍ക്ക് മിഴിവേറ്റുന്നു. ബീമിന് താഴെയുള്ള ഭാഗത്തിലൂടെ സമൃദ്ധമായ മത്സ്യസമ്പത്ത് നീന്തിനടക്കുന്ന മനോഹരമായ കാഴ്ച. പ്രകൃതിദത്ത പവിഴപ്പുറ്റുകളുടെ വലിയ ശേഖരംതന്നെയുണ്ട് ഇവിടെ. ഉപരിതലത്തോട് ചേര്‍ന്ന് പ്രകാശസംശ്ലേഷണം ധാരാളമായി നടക്കുന്നതിനാല്‍ ഇവിടെയുണ്ടാകുന്ന പ്ലവകങ്ങള്‍ കുഞ്ഞുമത്സ്യങ്ങള്‍ക്ക് ആഹാരമാക്കാന്‍ കഴിയും. പൈലിങ്ങില്‍നിന്ന് ആഴത്തിലേക്ക് മരത്തിന്റെ ശാഖകള്‍പോലെ വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പവിഴപ്പുറ്റുകള്‍ വ്യാപിച്ചുകിടക്കുന്നതും ഇവിടത്തെ കാഴ്ചയാണ്.

യുറേക്ക റിഗ്
കാലിഫോര്‍ണിയയുടെ തീരത്തുള്ള 23 ഓയില്‍ റിഗുകളില്‍ ഒന്നാണ് യുറേക്ക. ഇതുള്‍പ്പെടെ പതിനഞ്ചെണ്ണമാണ് നിലവില്‍ സജീവമായിട്ടുള്ള ഖനന ഇടങ്ങള്‍. 1967 നും 1989 നും ഇടയില്‍ നിര്‍മ്മിച്ച ഈ റിഗ്ഗുകള്‍ ഉല്‍പ്പാദന നിലവാരം കുറഞ്ഞ് ലാഭകരമല്ലാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
ലംബമായ സിലിണ്ടര്‍ പൈലിങ്ങുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മിക്ക റിഗുകളില്‍ നിന്നും വ്യത്യസ്തമാണ് യുറേക്ക. സമുദ്രത്തിന്റെ അടിത്തട്ടിലെ വിവിധ തലങ്ങളുടേതിനു സമാനമായി, പരന്ന പാവാട പോലുള്ള ഒന്നിലധികം പാളികളുടെ പൈലിംഗുകളാണ് യുറേക്കയില്‍ ഉപയോഗിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി, യുറേക്കയുടെ ഈ ആകൃതി സമുദ്രജീവികള്‍ക്ക് ഒളിക്കാനും ജീവിക്കാനുമുള്ള സ്ഥലങ്ങള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ ജീവിവര്‍ഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ തണുത്ത പ്രവാഹങ്ങളുടെ നിരന്തരമായ ഒഴുക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. കടല്‍ പ്രവാഹങ്ങളില്‍പ്പെട്ട് അവിടെ എത്തിച്ചിരുന്ന ചെറിയ മത്സ്യങ്ങളില്‍ ഭൂരിഭാഗവും അവിടം ചുറ്റിജീവിക്കുകയാണ് പതിവ്. 2014-ല്‍ പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, പ്ലാറ്റ്‌ഫോം ആവാസവ്യവസ്ഥ ചില പ്രകൃതിദത്ത പാറകളേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളതാണ്. പാറകളേക്കാള്‍ കൂടുതല്‍ ജീവികള്‍ സ്റ്റീലുമായി സമരസപ്പെട്ടിരിക്കുന്നു.

2055-ഓടെ ഭൂരിഭാഗം ഓഫ്ഷോര്‍ ഓയില്‍ പ്ലാറ്റ്ഫോമുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. എണ്ണക്കമ്പനികള്‍ റിഗുകള്‍ നിര്‍മ്മിക്കുമ്പോള്‍, അവ ഓരോന്നും പൊളിക്കുന്നതിനുള്ള അല്ലെങ്കില്‍ ഡീകമ്മീഷന്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍, അപ്രതീക്ഷിതമായ കടല്‍ജീവിതം യുറേക്ക റിഗ്ഗിന്റെ കാര്യത്തില്‍ കടന്നുവന്നതോടെ റിഗുകള്‍ പൊളിക്കണമോ എന്ന പുനരാലോചനയ്ക്കും അത് വഴിയൊരുക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നും സമുദ്ര പരിസ്ഥിതിയെ അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും വാദിക്കുന്ന ചിലരും അവിടെയുണ്ട്. നിലവില്‍ ആര്‍സെനിക്, ലെഡ് തുടങ്ങിയ വിഷ പദാര്‍ത്ഥങ്ങള്‍ സമുദ്ര പരിതസ്ഥിതിയിലേക്ക് ചോര്‍ന്നൊലിക്കുന്നില്ല. പക്ഷേ ഭൂകമ്പമുണ്ടാവുകയോ അല്ലെങ്കില്‍ മത്സ്യബന്ധന ഉപകരണങ്ങളില്‍ കുടുങ്ങിപ്പോകുന്നത് പോലെയുള്ള അവസ്ഥ ഉണ്ടാവുകയോ ചെയ്താല്‍ വിഷവസ്തുക്കള്‍ സമുദ്രജലത്തില്‍ കലര്‍ന്ന് വന്‍ നാശമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.
എന്നാല്‍ റിഗ്ഗുകള്‍ സംരക്ഷിതവും കൃത്രിമവുമായ പാറകളാക്കി മാറ്റണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. റിഗ് പൊളിക്കുന്നത് സമൃദ്ധമായ ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നാണ് അവരുടെ വാദം. ഇവിടത്തെ പ്ലാറ്റ്‌ഫോം നീക്കംചെയ്താല്‍ നശിക്കുന്നത് ദശലക്ഷക്കണക്കിന് ജീവജാലങ്ങളാണ്.എണ്ണക്കിണറുകള്‍ പൂര്‍ണ്ണമായി ഡീകമ്മീഷന്‍ ചെയ്യുന്നത് ചെലവേറിയ പ്രക്രിയയാണ്. അതിലെ കിണറുകള്‍ മൂടുകയും മുഴുവന്‍ ഘടനയും നീക്കം ചെയ്യുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ ചില എണ്ണക്കമ്പനികള്‍ ഭാഗികമായ ഡീകമ്മീഷനിംഗ് വിധേയമാവാറുണ്ട്. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിഗിന്റെ മുകള്‍ ഭാഗം ഒരു നിശ്ചിത ആഴത്തില്‍ നീക്കം ചെയ്ത് ബാക്കി ഭാഗം നിലനിര്‍ത്തുന്ന രീതിയാണിത്. താഴത്തെ ഭാഗം സമുദ്രജീവികളുടെ ഒരു സങ്കേതമായും വിനോദ ഡൈവിംഗിനും മത്സ്യബന്ധനത്തിനുമുള്ള ഒരു ലക്ഷ്യസ്ഥാനമായും മാറ്റാനും സാധിക്കുമെന്നും അവര്‍ പറയുന്നു. കാലിഫോര്‍ണിയ റിഗുകളില്‍ അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട ജീവജാലങ്ങളില്‍ ഘനലോഹങ്ങളുടെ അളവ് വലിയതോതില്‍ കാണിച്ചിട്ടില്ലെന്നതും അനുകൂല ഘടകമാണ്.എന്തൊക്കെയാണെങ്കിലും യുറേക്കയിലെ ജൈവ വൈവിധ്യം ആസ്വദിക്കാന്‍ ആളുകള്‍ ഇവിടേക്ക് എത്തിക്കൊണ്ടേയിരിക്കുകയാണ്.
Content Highlights: Environmentalists Refuse To Remove Eureka oil rig
Published: 20 Sept 2023, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented