മൂക്കില്ലാത്തതിനാൽ പ്രാണികൾ മണമറിയുന്നത് പല വിധത്തിൽ ആണ്. ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഘ്രാണവ്യവസ്ഥകളിൽ (Olfactory System) ഒന്ന് അവയ്ക്കുണ്ട്. അതിൽ ഏറ്റവും പ്രധാനം അവയുടെ തലയിലെ ആന്റിനകൾ എന്ന് വിളിക്കുന്ന സ്പർശനികൾ ആണ്. വളരെ വ്യത്യസ്തമായ രൂപത്തിലും ഘടനയിലും വലിപ്പത്തിലുമുള്ളതാണ് ഓരോ തരം പ്രാണികളുടെയും ആന്റിനകൾ. തണ്ട് പോലുള്ളവ, ഗദപോലുള്ളവ, തൂവൽ പോലുള്ളവ, തെങ്ങോല പോലുള്ളവ ഒക്കെ കാണാം.

To advertise here,

നിശാശലഭങ്ങൾ രാത്രികളിൽ ഇരുളിൽ പൂക്കളെ കണ്ടെത്താനും ഇണകളെ കണ്ടെത്താനും ഒക്കെ മണത്തെ ആണല്ലോ കാര്യമായി ആശ്രയിക്കുന്നത് . അതിനാൽ അവയിലെ ആൺ നിശാശലഭങ്ങളുടെ ആന്റിനകൾ പലതിനും നല്ല വലിപ്പവും വിതർച്ചയും ഉള്ളതായിരിക്കും. ആന്റിന കൂടാതെ അവയുടെ വായ്ഭാഗങ്ങളോട് ചേർന്നുള്ള മാക്‌സിലറി പാൽപ്പുകൾ എന്ന ചെറുഘടനകൾ ഭക്ഷണത്തിന്റെ മണം വളരെ അടുത്തുനിന്ന് തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്.

ഇവരുടെ ആന്റിനകളിൽ ആയിരക്കണക്കിന് സൂക്ഷ്മമായ ഘ്രാണഗ്രാഹികൾ ഉണ്ടാകും. വായുവിലെ വളരെ കുറവ് എണ്ണം ഗന്ധ,രാസതന്മാത്രകളെ പോലും തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക സംവേദന അവയങ്ങളാണവ. ചില ഈച്ചകളുടെയും ചിത്രശലഭങ്ങളുടെയും കാലുകളുടെ അഗ്രഭാഗങ്ങളിലും രാസതന്മാത്രകളെ തിരിച്ചറിയുന്ന സെൻസറുകളുണ്ട്. നമ്മൾ കരുതുന്നതുപോലെ പൂക്കളുടെ മണം അറിഞ്ഞ് തേനും പൂമ്പൊടിയും തേടി എത്താൻ മാത്രമല്ല അത്.

പ്രാണിയുടെ ഏറ്റവും പ്രധാന അതിജീവന സംവിധാനം തന്നെ മണം അറിയലാണ്. പ്രാണികൾ തമ്മിൽ ആശയവിനിമയം നടത്താൻ പുറപ്പെടുവിക്കുന്ന രാസസന്ദേശങ്ങളാണ് ഫെറോമോണുകൾ. ഇതിന് പല ഗുണങ്ങളും ധർമ്മങ്ങളും ഉണ്ട്. പെൺപ്രാണികൾ ആൺ പ്രാണികളെ ആകർഷിക്കാൻ വായുവിലേക്ക് സെക്‌സ് ഫെറോമോണുകൾ തുറന്നുവിടും. കാറ്റിൽ അത് വളരെ ദൂരേക്കടക്കം എത്തും. അത്തരം രാസതന്മാത്രകളെ കിലോമീറ്ററുകൾ അകലെനിന്നുപോലും ആൺ നിശാശലഭങ്ങൾക്ക് അവയുടെ വലിപ്പമുള്ള ആന്റിനകളിലെ പ്രത്യേക റിസപ്റ്ററുകൾ വഴി തിരിച്ചറിയാൻ കഴിയും. പെൺ ശലഭത്തെ തേടി അവ പറന്നെത്തുകയും ചെയ്യും.

സാമൂഹ്യ ജീവിതം നയിക്കുന്ന ഉറുമ്പുകളെ പോലുള്ള പ്രാണികളിൽ ഭക്ഷണം കണ്ടെത്തിയാൽ ഇവ തിരികെ കൂട്ടിലേക്ക് നടക്കുമ്പോൾ വയർ ഭാഗം നിലത്തുരസി പ്രത്യേക രാസപാത നിർമ്മിക്കും. അതേ കോളനിയിലെ മറ്റ് ഉറുമ്പുകൾ ആന്റിനകൾ നിലത്തുതട്ടി ഈ രാസ അടയാളം പിന്തുടർന്ന് തീറ്റയുള്ള ഇടത്ത് എത്തും. ചിതലുകളും ഇത്തരത്തിലാണ് കൂട്ടത്തിലെ മറ്റുള്ള ജോലിക്കാരികളുമായി ആശയവിനിമയം നടത്തുന്നതും, വഴി കണ്ടെത്തുന്നതും.

തേനീച്ചകളും കടന്നലുകളും അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ മറ്റുള്ള സംഘാംഗങ്ങൾക്ക് അറിയിപ്പ് നൽകാനായും അപായസൂചനയായുള്ള പ്രത്യേക ഫെറോമോണുകൾ പുറപ്പെടുവിക്കും. തേനീച്ചയോ കടന്നലോ ഒരാളെ കുത്തിയാൽ ആ വിഷമുള്ളിൽ നിന്നും ഇത്തരം ഫെറോമോണൂകൾ കൂടെ ചുറ്റും പരക്കുന്നതിനാലാണ് ആ ആളെ തന്നെ ബാക്കി കുറേ ഈച്ചകളും കടന്നലുകളും വളഞ്ഞിട്ട് കുത്തുന്നത്.

അതുപോലെ തേനീച്ചക്കൂടുകളിൽ റാണി ഈച്ച പുറപ്പെടുവിക്കുന്ന ഫെറോമോണാണ് മറ്റ് പെൺ ഈച്ചകളെ, ജോലിക്കാരി ഈച്ചകളാക്കി മാറ്റുന്നത്.

ഇവരെ പ്രത്യുത്പാദന ശേഷി ഇല്ലാത്തവരാക്കി നിർജ്ജീവമാക്കി നിലനിർത്തും . അവയെ കൂട് നിർമ്മാണത്തിലും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കും. കന്യക റാണി വിവാഹപ്പറക്കലെന്ന ഇണചേരൽ സഞ്ചാരം ആകാശത്ത് കൂടി നടത്തുമ്പോൾ പുറപ്പെടുവിക്കുന്ന ഫെറോമോൺ ഗന്ധം പിന്തുടർന്നാണ് ഡ്രോണുകൾ എന്ന വിളിക്കുന്ന ആൺ തേനീച്ചകൾ റാണി തേനീച്ചയെ പിന്തുടർന്ന് പറക്കുന്നതും ആകാശത്ത് ഇണചേർന്ന് മരിച്ച് പോകുന്നതും.

ഭക്ഷണം കണ്ടെത്തുന്നതിനും ഇണകളെ കണ്ടെത്തുന്നതിനും ശത്രു സാന്നിദ്ധ്യം തിരിച്ചറിയാനും പ്രാണികളെ സഹായിക്കുന്നത് മണം അറിയാനുള്ള കഴിവാണ്. ഇത്രയധികം പ്രാധാന്യമുള്ള മണംപിടിക്കുന്നതിന് സ്പർശനികൾ എന്ന ആന്റിനകളും വദനഭാഗങ്ങളും മാത്രമാണ് പ്രധാന പങ്ക് വഹിക്കുന്നത് എന്നായിരുന്നു ഇത്രയും കാലം കരുതിയിരുന്നത്. എന്നാൽ, ഈ പരമ്പരാഗത ധാരണയെ തിരുത്തിക്കുറിക്കുന്ന പുതിയ പഠനം ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിക്കൽ ഇക്കോളജിയിലെ (Max Planck Institute for Chemical Ecology) ശാസ്ത്രജ്ഞർ നടത്തിയിരുന്നു. ജൂലായ് 2026 ലെ ജേണൽ ഓഫ് എക്‌സിപിരിമെന്റൽ ബയോളജി ജേണലിൽ ആ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില നിശാശലഭങ്ങൾക്ക് ചിറകുകൾ ഉപയോഗിച്ചും മണം തിരിച്ചറിയാൻ കഴിയുന്നു എന്നാണ് അതിൽ തെളിഞ്ഞത്. അതായത് നിശാശലഭങ്ങളുടെ മൂക്കാണവരുടെ ചിറക് എന്ന്.

ടൊബാക്കോ ഹോക്ക്‌മോത്ത് (Manduca sexta) എന്നയിനം നിശാശലഭങ്ങളിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. അതിവേഗം പറക്കുന്ന ഇവയുടെ ചിറകുകളുടെ അരികുകളും പ്രതലവും ആണ് പരിശോധിച്ചത് . സാധാരണ പ്രകാശത്തിന് പകരം അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇലക്ട്രോൺ ബീം ഉപയോഗിച്ച് വസ്തുക്കളുടെ ഉപരിതലത്തെ അതീവ വ്യക്തതയോടെ ത്രിമാന രൂപത്തിൽ വലുതാക്കി കാണിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയായ 'സ്‌കാനിംഗ് ഇലക്ട്രോൺ മൈക്രോസ്‌കോപ്പി' ഉപയോഗിച്ചാണ് പഠനങ്ങൾ നടത്തിയത്. സാധാരണ ലൈറ്റ് മൈക്രോസ്‌കോപ്പുകൾക്ക് പരമാവധി 1,000 മുതൽ 2,000 ഇരട്ടി വരെ മാത്രമേ വസ്തുക്കളെ വലുതാക്കി കാണിക്കാൻ കഴിയൂ എങ്കിൽ, ഒരു SEM-ന് വസ്തുക്കളെ അഞ്ചു ലക്ഷം ഇരട്ടിയിലധികം വലുതാക്കി അതിസൂക്ഷ്മ ഘടനകൾ പോലും വ്യക്തമായി കാണിക്കാൻ സാധിക്കും. ഓരോ ചിറകിന്റെയും അരികുകളിൽ ശരാശരി 21 മുതൽ 32 വരെ സൂക്ഷ്മമായ സെൻസറി ബ്രിസിലുകൾ കണ്ടു. കൂടാതെ പൊങ്ങിനിൽക്കുന്ന ചില സോക്കറ്റുകൾ കൊണ്ട് അവ മണം തൊട്ടറിയുന്നുണ്ടെന്നും. വായുവിലെ ഗന്ധകണികകളെ മാത്രമല്ല പറക്കുന്നതിനിടയിൽ തൊട്ട് പോകുന്ന ഇലകളുടെ സ്വഭാവവും കൂടി ഇവർ അറിയുന്നുണ്ട് എന്ന് സാരം.

ജനിതക വിശകലനത്തിലൂടെ (Gene expression analysis), രുചിയും മണവും തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്റർ ജീനുകൾ ചിറകുകളിൽ പ്രവർത്തിക്കുന്നതായി ഈ പഠനം സ്ഥിരീകരിച്ചു. അമീനുകളെ തിരിച്ചറിയുന്ന IR76b, ആസിഡുകളെ തിരിച്ചറിയുന്ന IR8a എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മറ്റ് ചില ഘ്രാണ റിസപ്റ്റർ ജീനുകളും കണ്ടെത്താനായി.

ചിറകുകളിലെ നാഡീ സ്പന്ദനങ്ങൾ അളന്നപ്പോൾ (Electrophysiological recordings), സസ്യങ്ങളിൽ കാണപ്പെടുന്ന ബാഷ്പീകരണ ശേഷിയുള്ള അമീനുകളായ പൈറോളിഡിൻ (Pyrrolidine), പൈപ്പറിഡിൻ (Piperidine) എന്നിവയോട് ചിറകുകൾ ശക്തമായി പ്രതികരിക്കുന്നതായി മനസിലാക്കി. കമ്പ്യൂട്ടർ മോഡലിംഗ് വഴി, നിശാശലഭങ്ങളിലെ 'IR7d' വിഭാഗത്തിൽപ്പെട്ട റിസപ്റ്ററുകളാണ് ഈ രാസവസ്തുക്കളെ പിടിച്ചെടുക്കുന്നത് എന്ന് തിരിച്ചറിഞ്ഞു.

ടൊബാക്കോ ഹോക്ക്‌മോത്തുകൾ മുട്ടയിടാൻ തിരഞ്ഞെടുക്കുന്ന സോളനേസിയെ കുടുംബത്തിലെ ചില ചെടികളിൽ കാണപ്പെടുന്ന പ്രധാന ആൽക്കലോയിഡുകളാണ് പൈറോളിഡിൻ, പൈപ്പറിഡിൻ എന്നിവ . ചുരുക്കത്തിൽ, നിശാശലഭങ്ങളുടെ ചിറകുകൾ പറക്കലിന് മാത്രമല്ല, സഹായ ഘ്രാണാവയവമായി (Accessory olfactory organ) പ്രവർത്തിച്ച് മുട്ടയിടാൻ ഏറ്റവും അനുയോജ്യമായ ചെടികൾ കണ്ടെത്താനും സഹായിക്കുന്നു എന്നാണ് ഈ കണ്ടെത്തലുകൾ തെളിയിക്കുന്നത്.

പറക്കലിന് മാത്രമായി ഉപയോഗിക്കുന്ന ചിറകുകൾ പോലുള്ള അവയവത്തിൽ ഇത്തരമൊരു സെൻസറി സിസ്റ്റം പരിണമിച്ചു വന്നതിന് പിന്നിൽ വ്യക്തമായ അതിജീവന തന്ത്രങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്

ആന്റിനകളെ അപേക്ഷിച്ച് ചിറകുകൾക്ക് വിസ്തൃതി വളരെ കൂടുതലാണല്ലോ. പറക്കുമ്പോൾ വായുവിലെ വലിയ ഭാഗം ചിറകുകളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നു. ഇത് ചുറ്റുപാടുകളിൽ നിന്നുള്ള സൂക്ഷ്മ ഗന്ധങ്ങളെ അതിവേഗം 'സ്‌കാൻ' ചെയ്‌തെടുക്കാൻ സഹായിക്കും .

രാത്രിയിൽ അതിവേഗം സഞ്ചരിക്കുമ്പോൾ പൂക്കളുടെയും ഇണകളുടെയും മണം ഏതുദിശയിൽ നിന്നാണ് വരുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ചിറകുകളിലെ ഈ സെൻസറുകൾ സഹായകരമാകും.

വിഷമയമല്ലാത്ത, ലാർവകൾക്ക് ഭക്ഷണയോഗ്യമായ സസ്യങ്ങളെ പറക്കുന്നതിനിടയിൽത്തന്നെ തിരിച്ചറിയാൻ ചിറകുകളിലെ ഘ്രാണഗ്രാഹികൾ സഹായിക്കുന്നു. ചെടികളെ പറക്കലിനിടയിൽ ചിറകുകൊണ്ട് തട്ടി അവയുടെ മണമറിഞ്ഞ്, മുട്ടയിടാൻ പറ്റുന്ന യോജ്യമായ ചെടിയാണോ എന്നുറപ്പിച്ച് തിരഞ്ഞെടുക്കാൻ കഴിയുന്നു. അതിനാൽ കാറ്റർപില്ലർ പിള്ളേർ പട്ടിണികിടക്കാതെ അതിജീവിക്കാൻ സാദ്ധ്യത കൂടും.

ഈ ജീവശാസ്ത്ര കണ്ടെത്തൽ ചെറുപ്രാണികളുടെ സങ്കീർണ്ണമായ ഫിസിയോളജി അറിവുകൾ വികസിപ്പിക്കും. ബയോ-ഇൻസ്പയേർഡ് റോബോട്ടിക്‌സ് (Bio-inspired Robotics), എയറോഡൈനാമിക്‌സ് എന്നീ മേഖലകളിൽ വലിയ സാധ്യതകൾ തുറന്നിടുകയും ചെയ്യും. വായുവിലൂടെ പറന്നുയർന്ന് അന്തരീക്ഷ മലിനീകരണമോ വിഷവാതക ചോർച്ചയോ പെട്ടെന്ന് കണ്ടെത്താൻ കഴിയുന്ന ഡ്രോണുകളും കൃത്രിമ സെൻസറുകളും വികസിപ്പിക്കാൻ പ്രാണികളുടെ ഈ ചിറക്-ഘടനയെ മാതൃകയാക്കാൻ സാധിക്കും.

ലക്ഷക്കണക്കിന് വർഷങ്ങളിലെ സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെയും പരിണാമത്തിലൂടെയും ഇത്തിരിപ്പോന്ന പ്രാണികളിൽ വികസിച്ച അദ്ഭുതകരമായ ജൈവ എഞ്ചിനീയറിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് നിശാശലഭങ്ങളുടെ ഈ 'ചിറകിലെ മൂക്ക്'

റഫറൻസ് : https://journals.biologists.com/jeb/article/229/14/jeb252047/372157/Noses-on-the-wing-the-olfactory-capacity-of