
രണ്ടു ശബ്ദങ്ങള്‍ ഒരിക്കലും ഒരുപോലെയല്ല! ഓരോ ശബ്ദത്തിനും വ്യത്യസ്തമായ എന്തോ ഒന്ന് പറയാനുണ്ട്. മനുഷ്യരുടെ ലോകത്തില്‍ വ്യക്തിപരമായ ശബ്ദം സ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തിന്റേയും ശക്തമായ പ്രതീകമാണ്. യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ ഓരോരുത്തരും സ്വന്തം ശബ്ദം ഉപയോഗിക്കുമ്പോള്‍ ലോകം മെച്ചപ്പെട്ടതാകുന്നു. പക്ഷികളുടെ ലോകത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല! പക്ഷിക്കൂട്ടത്തില്‍ ഓരോരുത്തരും പ്രത്യേകം തിരിച്ചറിയപ്പെടുന്നതിന് വ്യക്തിഗത ശബ്ദം സഹായിക്കുന്നുണ്ടെന്നാണ് റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അര്‍ഥങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ ഓരോ കിളിപ്പേച്ചിലും ഊറിക്കിടപ്പുണ്ടെന്ന്! മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ബിഹേവിയറും മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സസ് ഓഫ് ബാഴ്‌സലോണയും ചേര്‍ന്ന് 'സന്യാസി തത്ത'കളെക്കുറിച്ച് (Monk parakeet or Quaker parakeet) നടത്തിയ ഗവേഷണത്തിലാണ് തത്തകളുടെ 'ശബ്ദവ്യക്തിത്വം' വെളിപ്പെട്ടത്.

സന്യാസി തത്തകളുടെ വാമൊഴി
സംസാരപ്രിയരാണ് തത്തകള്‍. തത്തകളെ സംസാരിക്കാന്‍ പരിശീലിപ്പിക്കുക മനുഷ്യരുടെ ചിരകാല ഹോബിയാണ്. ജീവിതകാലം മുഴുവന്‍ പുതിയ ശബ്ദങ്ങള്‍ അനുകരിച്ച് ഉച്ചരിക്കാന്‍ തത്തകള്‍ക്ക് അസാമാന്യ കഴിവുണ്ട്. ഇക്കാര്യത്തില്‍ തെക്കേ അമേരിക്കയിലെ മോങ്ക് പാരാകീറ്റ് അഥവാ സന്യാസി തത്തകളെ വെല്ലാന്‍ മറ്റാരുമില്ല! പക്ഷിശബ്ദങ്ങളെ ചികഞ്ഞ് പോയ ഗവേഷകര്‍ സന്യാസി തത്തകളെയാണ് പരീക്ഷണങ്ങള്‍ക്ക് തിരഞ്ഞെടുത്തത്. സന്യാസിn തത്തകള്‍ക്ക് ക്വാക്കര്‍ പാരാകീറ്റ് എന്നും പേരുണ്ട്. പൊതുവെ ഇവയ്ക്ക് അതിജീവനശേഷി കൂടുതലാണ്. നാട്ടിലും കാട്ടിലും ഒരുപോലെ ജീവിക്കാനാവും. കാലാവസ്ഥാമാറ്റങ്ങളെ ചെറുക്കാനും ശേഷിയുണ്ട്. സവിശേഷമായ കൂടുനിര്‍മ്മാണരീതി കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടവ കൂടിയാണ് ഈ ഇനം തത്തകള്‍.
വലിയ കോളനികളായാണ് സന്യാസി തത്തകളുടെ താമസം. ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വമ്പന്‍ കൂടുകളില്‍ 20 തൊട്ട് 200 വരെ അറകള്‍ ഉണ്ടാവും. വര്‍ഷം മുഴുവന്‍ തത്തകള്‍ കൂട്ടില്‍ കോളനിയായി താമസിക്കുന്നു. വലിയ കൂട്ടുകുടുംബമായുള്ള ജീവിതം കടുത്ത തണുപ്പുകാലത്തെ അതിജീവിക്കാന്‍ അവയെ സഹായിക്കുന്നുണ്ട്. 5 അടി വീതിയൊക്കെ ഉള്ള കൂടിന് ഒരു ടണ്‍ ഭാരമൊക്കെ ഉണ്ടാവാറുണ്ട്. ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച് കൂട് പണിയുന്ന ഏക തത്തവര്‍ഗമാണ് സന്യാസി തത്തകള്‍. കൂട്ടമായി ജീവിക്കുന്ന ശീലമുള്ളതുകൊണ്ടാവാം, ഇവ വളരെയധികം സോഷ്യല്‍ ആയ തത്തകളാണ്. വളര്‍ത്തുതത്തയാണെങ്കില്‍ അതിന് ഉടമയുമായിട്ടായിരിക്കും വൈകാരികബന്ധം.
ഒരേ പോലുള്ള വിളികള്‍
നമുക്ക് തത്തകളുടെ വിളി ('കാള്‍') എല്ലാം ഒരേപോലെ തോന്നും! യഥാര്‍ഥത്തില്‍ ഓരോ തത്തയുടെ വിളിയും പ്രത്യേകമാണെന്ന് പുതിയ പഠനം പറയുന്നു. '' മനുഷ്യര്‍ക്ക് പല തരത്തില്‍ വൈവിധ്യമുണ്ടാക്കി സംസാരിക്കാനാവും. എന്നാല്‍ ഒരു വ്യക്തി ഉച്ചരിക്കുന്ന ഓരോ വാക്കിനും സമാന്തരമായി ഒരു പ്രത്യേക ടോണ്‍ ഉണ്ട്. 'വോയിസ് പ്രിന്റ്' എന്ന് പറയും. അത് ആ വ്യക്തിയുടെ വിരലടയാളം പോലെ അന്യാദൃശമാണ്. മനുഷ്യശബ്ദത്തിനുള്ളതുപോലെ ഓരോ തത്തയുടെ ശബ്ദത്തിനും പ്രത്യേകമായ ഓരോ ടോണ്‍ ഉണ്ട്. അതിനെ തത്തകളുടെ വോയിസ് പ്രിന്റ് ആയി കണക്കാക്കുന്നു.''- മാക്‌സ് പ്‌ളാങ്കിലെ ശാസ്ത്രജ്ഞനും പ്രബന്ധത്തിന്റെ ആദ്യ ലേഖകനുമായ സിമോണ്‍ സ്മീല്‍ പറയുന്നു. തത്തകളുടെ വലിയ സംഘത്തിലെ ഓരോ തത്തയ്ക്കും അതിന്റേത് മാത്രമായ ശബ്ദവ്യത്യാസവും തനിമയും ഉണ്ട്. ഓരോ തത്തയും തത്തക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നത് ഈ വ്യത്യസ്തത (വോയിസ് പ്രിന്റ്) കൊണ്ടത്രെ!

വലിയ തത്തക്കോളനികളില്‍ ഇടപഴകാന്‍ സന്യാസിതത്തകള്‍ എങ്ങനെയാണ് ശബ്ദവിന്യാസം ഉപയോഗിക്കുന്നതെന്നാണ് സിമോണ്‍ സ്മീല്‍ അന്വേഷിച്ചത്. മനുഷ്യരെപ്പോലെ തത്തകളും ശബ്ദമുണ്ടാക്കാന്‍ നാവും വായയും ഉപയോഗിക്കുന്നു. തത്തയുടെ നീട്ടിയും കുറുകിയുമുള്ള ചിലപ്പുകള്‍ക്ക്, ഒരു പാട്ടുപക്ഷിയുടെ തുറന്ന ചൂളം വിളിയേക്കാള്‍, മനുഷ്യശബ്ദത്തോടാണ് സാമ്യം. മനുഷ്യരെപ്പോലെ തത്തകളും വലിയ, അയഞ്ഞ ഒരു തത്തസമൂഹത്തില്‍ ജീവിക്കുന്നു. ''തത്തകളുടെ കോളനിയില്‍ ഒരേസമയം തന്നെ അനവധി തത്തകള്‍ ശബ്ദിക്കുന്നുണ്ടാവും. ആരാണ് ഒരു പ്രത്യേക ശബ്ദമുയര്‍ത്തിയതെന്നറിയേണ്ടത് അവയുടെ സാമൂഹിക ആവശ്യമാണ്.''
ബാഴ്‌സലോണയിലെ തത്തക്കോളനി
സന്യാസി തത്തകളുടെ, ലോകത്തിലെ ഏറ്റവും വലിയ കോളനി ബാഴ്‌സലോണയിലാണ്. ബാഴ്‌സലോണയില്‍, സന്യാസി തത്തകള്‍ തെക്കേ അമേരിക്കയില്‍ നിന്നെത്തിയ 'അധിനിവേശക്കാരാ'ണ് (Invasive species). ഗവേഷണാര്‍ഥം സിമോണ്‍ സ്മീല്‍ ബാഴ്‌സലോണയിലേക്ക് പോയി. സ്‌പെയിനിന്റെ കാറ്റലന്‍ തലസ്ഥാനമായ ബാഴ്‌സലോണയില്‍ എവിടെത്തിരിഞ്ഞാലും സന്യാസി തത്തകളുടെ വിളയാട്ടമത്രെ! ഒരു ചെറിയ ഇനം പച്ചതത്തയാണ് കക്ഷി!
ചാരനിറമുള്ള നെഞ്ച്. ചിറകില്‍ നീലയും പച്ചയും തൂവലുകള്‍. നല്ല തെളിഞ്ഞ ശബ്ദത്തില്‍ മനുഷ്യനെ അനുകരിച്ച് സംസാരിക്കും. 20-30 വര്‍ഷം ആയുസ്സുണ്ട്. വിത്തുകളും പഴങ്ങളും പൂക്കളും കായകനികളുമാണ് പ്രധാന ആഹാരം. പക്ഷേ, ബാഴ്‌സലോണക്കാര്‍ക്ക് സന്യാസി തത്തകളെ പ്രിയമില്ല! ഇവയുടെ രാത്രി മുഴുവന്‍ നീളുന്ന ഉച്ചത്തിലുള്ള ചിലപ്പ് കേട്ട് മിക്ക ബാഴ്‌സലോണക്കാരുടെയും ഉറക്കം നഷ്ടപ്പെട്ടത്രെ! മരമുകളില്‍ പണിയുന്ന ഒരു ചെറുകാറിനോളം വലുപ്പമുള്ള കൂടുകളും തങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

20 വര്‍ഷമായി ബാഴ്‌സലോണയിലെ സന്യാസി തത്തകളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സസ് ഓഫ് ബാസിലോണ. മൂവായിരം തത്തകളെക്കുറിച്ച്, ഓരോന്നിനേയും പ്രത്യേകമായിത്തന്നെ, അവര്‍ പഠിച്ചിരുന്നു. തത്തകളിലെ വ്യക്തിപരമായ ശബ്ദസാധ്യതകളെക്കുറിച്ചുള്ള സിമോണ്‍ സ്മീലിന്റെ പുതിയ അന്വേഷണത്തിന് ഈ ഡാറ്റ സഹായകരമായി. മൈക്രോഫോണ്‍ ഉപയോഗിച്ച് 5000-ത്തിലധികം സന്യാസി തത്തകളുടെ ശബ്ദം സിമോണ്‍ റെക്കോഡ് ചെയ്തു.
രണ്ടുവര്‍ഷത്തിന് ശേഷം, മുന്‍പ് പരീക്ഷണത്തിനുപയോഗിച്ച അതേ തത്തകളുടെ ശബ്ദം ഒരിക്കല്‍ കൂടി റെക്കോഡ് ചെയ്തു. ശബ്ദങ്ങളുടെ സ്ഥിരത ഉറപ്പുവരുത്താനായിരുന്നു അത്. 'കോണ്‍ടാക്റ്റ് കോളുകള്‍' തമ്മില്‍ ഉയര്‍ന്ന വ്യത്യാസം ഉള്ളതായാണ് കണ്ടത്. കോണ്‍ടാക്റ്റ് കോളുകളില്‍ സ്ഥിരതയുള്ള വ്യക്തിഗത സിഗ്‌നല്‍ അടങ്ങിയിട്ടുണ്ടെന്ന ദീര്‍ഘകാല അനുമാനത്തെ ഇത് അസാധുവാക്കി. തത്തകളുടെ ശബ്ദത്തില്‍ വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റു ഘടകങ്ങളുണ്ടോ എന്നായി അന്വേഷണം. തത്തകളുടെ ശബ്ദത്തിന് വോയിസ് പ്രിന്റ് ഉണ്ടോ? മനുഷ്യരില്‍ ശബ്ദം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു എ ഐ മോഡല്‍ പ്രയോഗിച്ചുള്ള പരീക്ഷണത്തില്‍ സന്യാസി തത്തകളിലെ 'വോയിസ് പ്രിന്റിന്റെ' സാന്നിധ്യം തെളിയിക്കപ്പെട്ടു. സമാനമായി സാമൂഹികപരതയും ശബ്ദവൈവിധ്യവുമുള്ള മറ്റുജീവികളിലും വോയിസ്
പ്രിന്റുണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. തത്തകളുടെ ശാരീരിക സവിശേഷതകളും സങ്കീര്‍ണമായ സാമൂഹികജീവിതവും ആയിരിക്കുമോ അവയില്‍ വോയിസ് പ്രിന്റ് രൂപമെടുക്കാന്‍ കാരണമായിരിക്കുക? തത്തകളിലെ വോയിസ് പ്രിന്റിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
Content Highlights: How does a parrot's voice stand out, new study finds out, nature future
Published: 02 Nov 2023, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented