'മാര്ജ്ജാരച്ചുവടുകളോടെ സാക്ഷാല് അജിത് ഡോവലിനെപ്പോലെ ഫോറസ്റ്റർ ആ കൊടും കുറ്റവാളിയെ പിന്തുടര്ന്നു!'

കഴിഞ്ഞ ലക്കത്തിന്റെ തുടർച്ചയായി ഞാനും എന്റെ സ്വന്തം റെയ്ഞ്ച് ഓഫീസറും ആറ്റുകടവിലെ ദിവാകരന്റെ പഴയ ആ ചായക്കടയിൽത്തന്നെ ഇരിപ്പാണേ. അപ്പോഴും നമ്മുടെ സ്വന്തം റെയ്ഞ്ചറുടെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങളൊന്നുംതന്നെ പാവം ചായക്കടക്കാരനെ തങ്ങളുടെ ഭൂതകാലത്തെ സ്വപ്നതുല്യമായ ഓർമ്മകൾ അയവിറക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നേ ഉണ്ടായിരുന്നില്ല. അന്നത്തെ പുഷ്‌കലകാലവും പിന്നത്തെ സത്യാന്തരകാലവും തമ്മിലുള്ള നികത്താനാകാത്തതും അമ്പരപ്പിക്കുന്നതുമായ വിടവാണ് അവയുടെ താരതമ്യപ്പെടുത്തലിന് ഇപ്പോൾ കാരണഭൂതമായിരിക്കുന്നതെന്നു തോന്നുന്നു.
'ഇന്നിപ്പോ ആരാ സാറേ അതിനൊക്കെ ധൈര്യപ്പെടുന്നത്? പിന്നെ എല്ലാം പുതിയ പിള്ളേരല്ലേ. അവർക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതാണോ അതൊക്കെ..? അല്ലെങ്കിൽത്തന്നെ അവര് കൂട്ടിയാൽ കൂട്വോ..?' ഒന്ന് നിറുത്തിയാണ് അയാൾ ബാക്കി പറഞ്ഞത്.
'അല്ല, എന്റെ സാറിനെപ്പോലെ നട്ടെല്ലുള്ള ആമ്പിള്ളേരുണ്ടോ ഇന്ന് ഡിപ്പാർട്ട്‌മെന്റിൽ? ഇരുപത്തിനാല് മണിക്കൂറും മൊബൈലിൽ കളിച്ചും കുത്തിക്കുത്തി വീഡിയോ ഉണ്ടാക്കുന്നതും അല്ല സാറേ ശരിക്കുള്ള കഴിവ്!' അയാൾ കത്തിക്കയറുകയാണ്. സോഷ്യൽ മീഡിയ റീലുകളെയാണ് കക്ഷി ഉദ്ദേശിക്കുന്നതെന്നു വ്യക്തം.
ഇയാളോട് എന്ത് പറയാനാണ്? എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയുടെ 'നറുംവെളിച്ചത്തിൽ' (Lime Light) എത്തിപ്പെടാൻ വ്യഗ്രതപ്പെട്ട് നിന്നിരുന്ന എനിക്കും അതത്ര സുഖിച്ചില്ലെന്നതാണ് സത്യം! അതിനാൽത്തന്നെ ഞാനതൊന്നും കേട്ട ഭാവം കാട്ടിയില്ല. എന്തായാലും താൻ പറഞ്ഞ് കാടുകയറുന്നുവെന്നു സ്വയം തോന്നിയതിനാലാകണം 'ഒരു പൊടിക്ക് അടങ്ങിയ' നമ്മുടെ ദിവാകരൻ സ്വയം സമവായത്തിലേയ്ക്ക് കടന്നു.
'അല്ല, അവരേയും കുറ്റം പറയാൻ പറ്റില്ല. ഇപ്പോൾ എല്ലാരും ക്യാമറയും കൈയ്യിൽപ്പിടിച്ച് നടക്കുകയല്ലേ. വല്ലതും പിടിച്ചാൽ പിന്നെ കേസ്സായി വഴക്കായി പുലിവാലായി. ചിലപ്പോൾ നമ്മളും വണ്ടിയും അകത്തും പോകും. എന്തിനാ വേണ്ടാത്ത പൊല്ലാപ്പിന് പോകണതെന്ന് ആരായാലും ചിന്തിച്ച് പോകും.'
ആത്മവിചിന്തനത്തോട് കൂടിയ അയാളുടെ പ്രഭാഷണ പരമ്പര തുടരുമ്പോൾ 'വന്നത് കുരിശായല്ലോ' എന്ന് ചിന്തിച്ച് ഞാൻ പാതി കുടിച്ച ചൂടുചായയുമായി പതിയെ എണീറ്റ് പുറത്തേയ്ക്ക നടന്നു.
'ഇന്നിപ്പോൾ വല്ലപ്പോഴും അലിയാരുടേയും വാസൂന്റേയും ആൾക്കാർ തലച്ചുമടായി കുറച്ച് ചുമന്ന് അക്കരെയെത്തിച്ച് കൊണ്ടുപോയാലായി. അതുതന്നെ കൂന കൂട്ടിയിട്ടിരിക്കുന്നത് കണ്ടാൽ സാറന്മാര് വന്ന് വെട്ടി നിരത്തിക്കളയും...'
'എന്റെ അമ്മച്ചിയാണെ സത്യം ഒരുത്തനും 'കൊണം' പിടിക്കൂല്ല..!' (നന്നാകില്ല എന്നർത്ഥം.)
അയാളുടെ സന്തതസഹചാരി അടുത്തുള്ള ധൈര്യത്തിലാവണം ആ 'പരോപകാരി' വാചകക്കസർത്ത് തുടരുന്നത്. പക്ഷേ, അപ്പോഴേയ്ക്കും എന്റെ സുഹൃത്ത് കൂടിയായ ആ റെയ്ഞ്ചർ ദിവാകരന്റെ തിളയ്ക്കുന്ന 'സ്‌ട്രോങ്ങ് വിത്തൌട്ട്' തൊണ്ട തൊടാതെ വിഴുങ്ങിയിട്ട് പുറത്ത് അക്ഷമനായി ഞങ്ങളെ കാത്തുനിൽക്കുകയായിരുന്നു എന്നതാണ് സത്യം. വണ്ടിക്കരികിലായി പുറംതിരിഞ്ഞ് നിൽക്കുന്ന അയാളുടെ മുഖം എനിക്കിപ്പോൾ കാണാനേ വയ്യ.
'സത്യത്തിലിപ്പോൾ ഈ ദൈവമക്കൾക്ക് പൊരിയിടാൻ വരുന്നവരെക്കൊണ്ടാണ് ഞാനിന്ന് ജീവിക്കുന്നത് തന്നെ. അതുങ്ങള് സത്യമുള്ളവരാ സാറേ..ചതിക്കൂല.'
അടുത്തുതന്നെയുള്ള പ്രശസ്തമായ ഒരു ക്ഷേത്രത്തിനു സമീപം ഒഴുകുന്ന പുഴയിൽ കാണുന്ന സ്വർണ്ണമത്സ്യങ്ങളെയാണ് ദിവാകരൻ പരാമർശിക്കുന്നത്. മുൻപ് ഒരു വലിയ വെള്ളപ്പൊക്കത്തിൽ അപ്പാടെ ഒഴുകിയകന്ന് പോയെങ്കിലും നാൾപോകെ ഒറ്റയ്ക്കും തറ്റയ്ക്കും അവയൊക്കെ തിരിച്ചെത്തുകയായിരുന്നുവെന്നു കേട്ടിട്ടുണ്ട്. അത്തരം 'ഈശ്വരാംശങ്ങൾക്ക്' തീറ്റ കൊടുക്കാനായി മലരും പൊരിയുമൊക്കെ പാക്കറ്റുകളിലാക്കി കടയിലെ ചില്ലലമാരയിൽ അടുക്കി വച്ചിരിക്കുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നതുതന്നെ!
ഇനിയും അയാൾ തന്റെ പ്രാരാബ്ധങ്ങളുടെ മാറാപ്പ് അഴിച്ച് കുടയുമെന്ന് ഭയന്നാണോ റെയ്ഞ്ചർ നമുക്ക് മുന്നേ പുറത്തിറങ്ങിയത്? അങ്ങനെ വരാൻ വഴിയില്ല. കാശ് ചെലവാക്കുന്നതിൽ യാതൊരു ലോഭവും കാണിക്കാത്തവനാണ് അയാളെന്ന് എനിക്കറിയാം. ഒരു പക്ഷേ, വായ്ക്ക് ലൈസൻസില്ലാത്ത ആ ചായക്കടക്കാരൻ അടുത്തതായി എന്താവും തട്ടിമൂളിക്കുകയെന്ന് നിശ്ചയമില്ലാത്തതിനാലാകാം കക്ഷി സ്ഥലം കാലിയാക്കാൻ വ്യഗ്രത കാണിച്ചത്. ഞങ്ങളെ അവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയതേ അബദ്ധമാണെന്നാകും അയാളുടെ മനസ്സിലപ്പോൾ എന്നുറപ്പ്. ഒരർത്ഥത്തിൽ നമുക്കുപോലും അതാണല്ലോ സ്ഥിതി!
'ഈ @#$%^#@..നെ എന്ത് പറയാനാണ് സാറേ..? സാറായത് കൊണ്ട് കുഴപ്പമില്ല. വേറെ വല്ല ഡിഎഫ്ഓയും ആയിരുന്നെങ്കിൽ എന്നെപ്പറ്റി എന്ത് കരുതിയേനേ. അപ്പോഴും ആ @#$%^#@..ൻ ഇത് തന്നെ പറയില്ലേ..?'
ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ ജീപ്പിലിരിക്കുമ്പോൾ നിയന്ത്രണംവിട്ട റെയ്ഞ്ചർ ആത്മഗതമെന്നോണം പറഞ്ഞു. ഒരു മേലുദ്യോഗസ്ഥന്റെ മുന്നിൽ തന്നെ താറടിച്ച് കാട്ടിയതിലുള്ള ആത്മരോഷമാണ് ആ വാക്കുകളിൽ നിഴലിച്ചിരുന്നത്. പിന്നെ തെറി. അത് അദ്ദേഹത്തിന്റെ സരസമായ സംസാരശൈലിയിൽ സ്ഥിരം ഒരു ചേരുവ ആകയാൽ ഞാനതങ്ങ് ക്ഷമിച്ചു.
‘ങ്ഹാ...പോട്ടെ. വിട്ടുകള. ആ പാവം നിന്നെ കണ്ട സന്തോഷത്തിൽ ഓരോന്ന് പറഞ്ഞ് പോയതല്ലേ. എന്തായാലും ഞാനായത് നന്നായി. ഞാനിതാ ഒക്കെ ഇവിടെവച്ച് മറക്കുന്നു. നമ്മുടെ കൂടെയുള്ള ഫോറസ്റ്ററേയും നിനക്ക് നൂറ് ശതമാനം വിശ്വസിക്കാം. എന്താ പോരെ...?' അയാളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു.
'ങ്മൂം...' ആ മൂളലിന് അത്ര ശക്തിയില്ലായിരുന്നു എന്നത് വാസ്തവം.
വണ്ടിയോടിച്ചിരുന്ന ആ ഫോറസ്റ്ററെ അയാൾക്ക് നൂറ് ശതമാനം വിശ്വസിക്കാം എന്നത് ശരിയാണ്. ഞാനായത് കൊണ്ട് കുഴപ്പമില്ലെന്നു പറഞ്ഞതും ശരിയാണ്. കാരണം ഞാൻ ആരോടും ഒന്നും വിളിച്ച് പറഞ്ഞ് നടക്കുന്ന സ്വഭാവക്കാരനല്ലല്ലോ. പിന്നെയോ...? എന്നാലും എന്റെ സുഹൃത്തായ ആ റെയ്ഞ്ചർ ഇത് വായിക്കുന്നില്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് ശേഷം അയാൾ ഇന്നോളം ദിവാകരന്റെ ചായക്കടയിൽ പോകുകയോ ആർക്കെങ്കിലും ആ കട ശുപാർശ ചെയ്യുകയോ ചെയ്തതായി എനിക്കറിവില്ല.
പറയുമ്പോൾ എല്ലാം പറയണമല്ലോ. ഞാനിപ്പോൾ അന്നത്തെ സംഭവം നിങ്ങളോട് പറഞ്ഞ് എന്റെ സുഹൃത്തിന് അവമതിപ്പുണ്ടാക്കിയിരിക്കാം (കക്ഷിയുടെ പേര് ഇവിടെ പറഞ്ഞില്ലെങ്കിൽക്കൂടി) എന്ന് സന്ദേഹിക്കാൻ വരട്ടെ. പുള്ളി തന്നെ മുൻപ് എന്നോട് പറഞ്ഞ മറ്റൊരു സംഭവം പറയാം. ആ കൊടിയ ചെയ്ത്ത് കേട്ട ശേഷം ഈ പാവം 'ഞ്യാൻ' അദ്ദേഹത്തോട് ചെയ്തത് വിശ്വാസവഞ്ചനയാണോയെന്ന് സഹൃദയർ തീരുമാനിക്കട്ടെ. എല്ലാവരും ശ്രദ്ധിച്ച് കേൾക്കുമല്ലോ അല്ലേ.
ഉദ്ദേശം മൂന്ന് പതിറ്റാണ്ടിന് മേൽ പഴക്കമുള്ളതാണ് പ്രസ്തുത സംഭവം. നല്ലവനായ എന്റെ ആ റെയ്ഞ്ച് ഓഫീസർ അന്ന് തമിഴ്‌നാടിനോട് ചേർന്ന ഒരു റെയ്ഞ്ചിലെ ഫോറസ്റ്റർ ആയിരുന്നതാണ് രംഗം. വെറും ഫോറസ്റ്ററല്ല. ഒരു അന്തർസംസ്ഥാന വനംവകുപ്പ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഫോറസ്റ്റർ! അദ്ദേഹത്തിന് സിൽബന്തികളായി രണ്ട് ഗാർഡുമാരും രണ്ടോ മൂന്നോ വാച്ചറന്മാരും ഒക്കെ ഉണ്ട്. മുൻപ് സൂചിപ്പിച്ചത് മാതിരി 'അതിർത്തി കാക്കുന്ന' മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെപ്പോലെ അല്ലറച്ചില്ലറ വരുമാനമൊക്കെയായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലം!
പക്ഷേ, അന്ന് അവർക്ക് കല്ലുകടി ആയിരുന്നത് ആയിടെ സ്ഥലം മാറി വന്ന ഒരു റെയ്ഞ്ചറാണ്. ആളാകട്ടെ ഭൂലോക പിശുക്കനും! പറയുമ്പോൾ അദ്ദേഹത്തിന് വേറെ പ്രശ്‌നങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും അതിർത്തിയിലെ ചെക്ക് പോസ്റ്റിലെ വനംവകുപ്പ് സ്റ്റാഫുകൾക്കും മറ്റ് വകുപ്പുകളിലെ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ ഉള്ളവരെപ്പോലെ 'അല്ലറച്ചില്ലറ സഹായങ്ങൾ' കിട്ടുന്നതിനാൽ സ്വസ്ഥമായി കഞ്ഞികുടിച്ച് കഴിയുന്നത് കണ്ടിട്ട് അങ്ങേർക്ക് തീരെ സുഖിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് അവിടത്തെ വിഷയം!
ഓരോ മാസാവസാനവും കക്ഷി വന്ന് റെയ്ഞ്ചിലെ ജീപ്പിന് ഡീസൽ അടിക്കാൻ പോലും പൈസ കിട്ടുന്നില്ലെന്നും ആ പഴഞ്ചൻ വില്ലീസ് ജീപ്പിന് കുറെയേറെ പണികൾ ഉണ്ടെന്നും സമയത്തിന് 'എൽസി' വരാത്തതിനാൽ (LC: Letter of Credit. മുൻപ് വനംവകുപ്പിൽ ഓരോ ഡിവിഷനിലേയ്ക്കും ഓരോ ശീർഷകത്തിലും അനുവദിക്കുന്ന കാശ് മൂന്ന് മാസത്തിലൊരിക്കൽ എന്ന രീതിയിൽ നാല് ഗഡുക്കളായാണ് അനുവദിച്ചിരുന്നത്. ഇപ്പോൾ ആ സിസ്റ്റം മാറി) ഒന്നിനും നിർവ്വാഹമില്ലെന്നും ചെക്ക് പോസ്റ്റിൽ കിട്ടുന്ന മാമൂൽക്കാശിൽ ഒരു വിഹിതം അനാമത്ത് ചെലവുകൾക്കായി നൽകണമെന്നും പറഞ്ഞ് നിരന്തരം ശല്യമായിരുന്നത്രേ. അതുകൊണ്ട് തന്നെ ആ റെയ്ഞ്ചർ തന്റെ ജീപ്പുമായി എത്തുന്നത് കാണുന്നതേ ആ ചെക്ക്‌പോസ്റ്റിലെ സ്റ്റാഫുകൾക്ക് 'ചതുർത്ഥി' ആയിരുന്നുതാനും!
അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് ആറരയോട് കൂടി ആ റെയ്ഞ്ചർ ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വന്നിറങ്ങുന്നത് നമ്മുടെ ഫോറസ്റ്റർ കാണുന്നത്. എന്തിനാകാം അയാൾ യൂണിഫോമിൽ അല്ലാതെ സിവിൽ വേഷത്തിൽ... അതും ബസ്സ് കയറിയെത്തിയത്...? ഇനി ജീപ്പ് നടുറോഡിൽ കിടക്കുകയാണെന്നും കാശിന് പുറമേ തള്ളാൻ ആളുകൂടി വേണമെന്ന് പറയാനാണോ അയാളുടെ എഴുന്നള്ളത്തെന്ന് ന്യായമായും ആ ഫോറസ്റ്റർ സംശയിച്ചു. അതുകൊണ്ട് തന്നെ അയാൾ റെയ്ഞ്ചർക്ക് 'വെട്ടപ്പെടാതെ' ഒരു കടയുടെ തിണ്ണയിൽ പതുങ്ങി നിൽക്കുകയാണ് ഇപ്പോൾ!
പക്ഷെ, ബസ്സിറങ്ങിയ റെയ്ഞ്ചർക്ക് അവരെ അന്വേഷിക്കാനുള്ള ഭാവമൊന്നും ആയിരുന്നില്ല. ഇറങ്ങിയപാടെ അയാൾ ചുറ്റിനും ഒന്ന് പാളി നോക്കി. പരിചിത മുഖങ്ങൾ ഒന്നും കാണാത്തതിനാലാകണം വല്ലാത്ത 'ദുരിശത്തോടെ' (ദ്രുതിഗതിയിൽ) റോഡ് മുറിച്ചുകടന്ന് ഇടതുവശത്തുള്ള ഒരു ഇടവഴിയിലേയ്ക്ക് നടന്നുതുടങ്ങി!
'Smell a rat' എന്നൊക്കെ ഇംഗ്ലീഷിൽ പറയുന്നതുപോലെ നമ്മുടെ ഫോറസ്റ്ററുടെ മനസ്സിലൂടെ പല ചിന്തകളും നിമിഷാർദ്ധത്തിനുള്ളിൽ കടന്ന് പോയി. അങ്ങനെ അയാൾ മാർജ്ജാരച്ചുവടുകളോടെ തന്റെ മേലുദ്യോഗസ്ഥനായ ആ റെയ്ഞ്ചറെ പിന്തുടരാൻ തുടങ്ങി. ഇടയ്ക്കിടക്ക് തിരിഞ്ഞ് നോക്കിയും നെറ്റിയിലെ വിയർപ്പ് തുടയ്ക്കുന്നത് മാതിരി വലത് കൈകൊണ്ടും ഇടത് കൈകൊണ്ടും നെറ്റിത്തടം തുടച്ചും റെയ്ഞ്ചർ നടന്നുകൊണ്ടിരുന്നു. പിന്നിൽ ഒരു കൊടുംകുറ്റവാളിയെ പിന്തുടരുന്നത് മാതിരി പതിയെ ചുവടുകൾ എടുത്ത് വച്ചും ഒളിമറകളെ ആശ്രയിച്ചും സാക്ഷാൽ അജിത് ഡോവലിനെ അനുസ്മരിപ്പിച്ച് നമ്മുടെ ഫോറസ്റ്റർ പിന്നാലേയും...!
എന്തായാലും സംശയിച്ചത് മാതിരി ആ റെയ്ഞ്ച് ഓഫീസറുടെ ചുവടുകൾ അവസാനിച്ചത് ഓടിട്ട ഒരു വീടിന് മുന്നിലാണ്. ഒന്ന് കൂടി പരിസരം വീക്ഷിച്ചതിന് ശേഷം അദ്ദേഹം എടുപ്പുകൾ കയറിച്ചെന്ന് ചുവരിൽ ഘടിപ്പിച്ചിരുന്ന കോളിങ്ങ് ബെൽ സ്വിച്ചിൽ അമർത്തുന്നു!
നിമിഷങ്ങൾക്കകം വാതിൽ തുറന്ന് ഒരു തരുണീമണി പുറത്തേയ്ക്ക് മുഖം കാട്ടുന്നു. എല്ലാം ശരിയാണെന്ന് നല്ല ഉറപ്പുണ്ടെങ്കിലും അവസാനം എല്ലാം ഒന്നുകൂടി നോക്കി ശരിയാണെന്ന് ഉറപ്പാക്കണം എന്നാണല്ലോ പ്രമാണം. അതെ, പ്രതീക്ഷിച്ചത് മാതിരി ആ റെയ്ഞ്ചർ ഒന്നുകൂടി പുറകിലേയ്ക്ക് നോക്കി 'മുള്ളുകൾ' ആരും ഇല്ല എന്ന് ഉറപ്പാക്കിയതിന് ശേഷം ധൃതിയിൽ അകത്തേയ്ക്ക് കടക്കുന്നു!
പ്രസ്തുത സ്ഥലവും ആ വീടും നമ്മുടെ ഫോറസ്റ്റർക്ക് നല്ല പരിചയമുള്ളതാണ്. അവിടത്തെ താമസക്കാരിയായ ആയമ്മയുടെ ഗൾഫുകാരനായ കണവൻ കുറച്ച് നാളായി മുഴിച്ചിലിൽ (പരിഭവം) ആണെന്നും അങ്ങോട്ട് വരാറില്ലെന്നുമാണ് പുറത്ത് സംസാരം. തന്നെയുമല്ല ,ഒരു പരിഷ്‌കാരി കൂടിയായ ആ മഹിളാമണിയുടെ വീട്ടിലേയ്ക്ക് രഹസ്യമായി സ്ഥലത്തെ ചില പോലീസേമ്മാന്മാരുടെ വരത്തുപോക്ക് ഉണ്ടെന്നും കേൾവിയുണ്ട്.
എന്തായാലും ഇപ്പോൾ നമ്മുടെ ഫോറസ്റ്ററുടെ ആറാം ഇന്ദ്രിയം ഉണർന്ന് പ്രവർത്തിക്കുകയാണ്. അയാളിലെ അപസർപ്പകൻ ഷെർലക്ക് ഹോംസിനെപ്പോലെ അവിടെക്കണ്ട ഒരു കയ്യാലയുടെ മണ്ണിന്റെ ഗുണഗണങ്ങൾ പരിശോധിച്ച് നിഗമനങ്ങളിൽ എത്തിയും അതിന്റെ മറപറ്റിയും ആ വീടിനോട് കൂടുതൽ അടുക്കുന്നു!
പക്ഷെ, നമ്മുടെ കക്ഷിയുടെ പ്രതീക്ഷയ്ക്ക് വിപരീതമായി അപ്പോൾ വീടിന്റെ മുൻവാതിൽ അടഞ്ഞിരുന്നില്ല. കുറ്റിയോ താഴോ വീണിരുന്നതുമില്ല. ഇതെന്താണപ്പാ ഇത്തരമൊരു പരിഷ്‌കാരം! കാലം പോയ പോക്കേ എന്ന് മനസ്സിൽ തോന്നിയെങ്കിലും ആ പടുചിന്ത അയാൾ അപ്പാടെ അവഗണിച്ചു. ടിയാനങ്ങനെ ഓരോന്നാലോചിച്ച് നിൽക്കേ അകത്ത് നിന്ന് ഉറഞ്ഞ് തുള്ളുന്ന ആ കെട്ടിലമ്മയുടെ അട്ടഹാസം വീടും നാടും ഒരുപോലെ വിറപ്പിച്ചു.
'സാറെന്താണ് എന്നെപ്പറ്റി വിചാരിച്ചിരിക്കുന്നത്...? ഞാനെന്താ പിഴച്ചവളാണോ...? കെട്ടിയവൻ വരാറില്ലെന്ന് കരുതി എന്തും ആകാമെന്നോ...? കെട്ടിയവനേ ഇല്ലാതെയുള്ളൂ. തടിമിടുക്കുള്ള ആങ്ങളമാർ അയൽപക്കത്ത് മൂന്നെണ്ണമുണ്ട്. ഞാനൊന്ന് ഉറക്കെ കരഞ്ഞാൽ മതി അവന്മാർ ഓടിയെത്തും... സാറിന് കാണണോ...?'
അത് കേൾക്കെ വെള്ളിടിയേറ്റത് പോലെ എന്റെ സുഹൃത്തും വിറച്ചുപോയത്രേ. എന്തൊരു വിരോധാഭാസം! സ്വന്തം സുഷുമ്‌നയിലൂടെത്തന്നെ വിദ്യുത് സ്ഫുലിംഗങ്ങൾ പായുന്നതായിട്ടാണ് തോന്നിയതെന്നാണ് അദ്ദേഹം എന്നോട് പിന്നീട് പറഞ്ഞത്.
'അത് വേണ്ടെങ്കിൽ ഇപ്പോ എറങ്ങണം എന്റെ വീട്ടീന്ന്...! ഇപ്പം...!' അവർ നിന്ന് കോമരം തുള്ളുകയാണ്.
'മായേ.. ഒന്നടങ്ങ്...ഞാനിങ്ങോട്ട് വന്നെന്നല്ലേ ഉള്ളൂ... സ്റ്റാഫുകളൊന്നും കാണാതെ എത്താൻ എത്ര പാടുപെട്ടു എന്ന് നിനക്കറിയാമോ...? എനിക്ക് ഒന്ന് കാണണം എന്ന് തോന്നിയത് അത്ര വലിയ തെറ്റാണോ...?' തുടർന്നും ആ റെയ്ഞ്ച് ഓഫീസർ എന്തൊക്കെയോ അനുരജ്ഞന വാക്കുകൾ ചൊരിയുന്നത് പുറത്തുനിന്ന് കേൾക്കാം. അതൊന്നും അവരുടെ ക്രോധം തെല്ലും ശമിപ്പിക്കുന്നില്ലെന്നും അട്ടഹാസങ്ങളിൽനിന്ന് മനസ്സിലാക്കാം. കോപാവേശത്തിൽ അവരുടെ വാക്കുകൾക്ക് പോലും വ്യക്തതയില്ലാത്തത് മാതിരിയാണപ്പോൾ! തെല്ലിട കഴിഞ്ഞിരിക്കണം. റെയ്ഞ്ചർ വല്ലാത്ത ധൃതിയിൽ പുറത്തിറങ്ങുന്നതും ഇത്തവണ ആ വാതിൽ വലിയ ശബ്ദത്തിൽ അയാളുടെ പിന്നിലായി കൊട്ടിയടയുന്നതിന്റേയും ഒച്ച തുടർന്ന് കേട്ടു.
'ഗുഡ് ഈവനിങ്ങ് സാർ...!'
'അടിയും കൊണ്ടു പുളിയും കുടിച്ചു' എന്നത് മാതിരി പുറത്തിട്ടിരുന്ന പാദരക്ഷകൾ വല്ലവിധേനയും എടുത്തണിഞ്ഞ് ഗേറ്റിന് പുറത്തേയ്ക്കിറങ്ങിയ റെയ്ഞ്ചറുടെ മുന്നിൽ ചെവി പൊട്ടിപ്പോകുന്ന ഉച്ചയിൽ ബൂട്ടിട്ട് ചവിട്ടി അറ്റൻഷനായി നിൽക്കുന്ന കർമ്മധീരനായ നമ്മുടെ കീഴുദ്യോഗസ്ഥന്റെ അഭിവാദ്യം!
പണ്ടെന്നോ പഠിച്ച പരേഡിലെ മാതിരി വെടി പൊട്ടുന്ന ശബ്ദത്തിൽ നിലത്ത് ചവിട്ടി ശബ്ദമുണ്ടാക്കി അഭിവാദ്യം അർപ്പിച്ച് നിൽക്കുന്ന ആ കീഴുദ്യോഗസ്ഥനെ കാൺകെ റെയ്ഞ്ച് ഓഫീസറുടെ മുഖത്ത് രക്തം വറ്റിവരളുന്നത് പോലെയാണ് തോന്നിയത്! നിലത്ത് വീഴാതിരിക്കാൻ അദ്ദേഹം ശരിക്കും പണിപ്പെടുന്നത് പോലെ.
'ങ്ഹാ...'@@@@' (പേര്) ഇവിടെ ഉണ്ടായിരുന്നോ...? കുറേ നേരമായോ വന്നിട്ട്...?' ആ ശബ്ദത്തിന് ആജ്ഞാശക്തി ആയിരുന്നില്ല. പകരം ദൈന്യതയുടെ അനുരണനങ്ങൾ മാത്രം!
'സാറ് ബസ്സിറങ്ങി വരുന്നത് കണ്ട് ഇങ്ങോട്ട് വന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയാൻ. ഇപ്പോഴിങ്ങോട്ട് എത്തിയതേയുള്ളൂ സാർ...!' ആ കീഴുദ്യോഗസ്ഥന്റെ അപ്പോഴത്തെ ഒടുക്കത്തെ വിനയവും അഭിനയവും തത്ക്കാലം ക്ഷമിക്കാതെ ആ മേലുദ്യോഗസ്ഥന് വേറെ വഴിയില്ലായിരുന്നു!
ഇടറുന്ന കാലുകളിൽ തളർന്ന് പോയ ശരീരം താങ്ങി ആ റെയ്ഞ്ചർ സ്‌നേഹത്തോടെ ഫോറസ്റ്ററുടെ തോളിൽ കൈയ്യിട്ട് പ്രോട്ടോകോളുകൾ എല്ലാം മറന്ന് പതിവില്ലാതെ അയാളെ ചേർത്ത് പിടിച്ചു. കാലങ്ങളായി ഹിമാനികൾക്കുള്ളിൽ ഉറഞ്ഞ് കിടന്നിരുന്ന അനാഥശവത്തിന്റെ മാതിരി തണുപ്പായിരുന്നു ആ കൈകളിലപ്പോൾ എന്നാണ് ഫോറസ്റ്റർ എന്നോട് പറഞ്ഞത്.
''@@@@' റേ (പേര്) ഞാനൊരു കാര്യം പറയാം. നമ്മുടെ റെയ്ഞ്ചിലെ കാര്യങ്ങൾ നമ്മൾ നേരിട്ട് തന്നെ അന്വേഷിക്കണം. ആരേയും കണ്ണും പൂട്ടിയങ്ങ് വിശ്വസിക്കാൻ പറ്റില്ല. അവളുടെ ആങ്ങളമാർ ഇവിടത്തെ സ്ഥിരം വെടിക്കാരാണ് എന്നാണ് കേൾവി. ഞാനതൊന്ന് ചോദിച്ചറിയാൻ വന്നതാണ്. അപ്പോഴാണ് ആ '*&#$@^&' (പേര്) -യുടെ ഒടുക്കത്തെ ഒരു നാടകം. നമ്മളിതെത്ര കണ്ടിരിക്കുന്നു...!'
തീരെ പരിക്ഷീണമെങ്കിലും അപ്പോഴും ആ ശബ്ദത്തിൽ പ്രത്യാശ നിഴലിക്കുന്നുണ്ടായിരുന്നു. 'ഇനി എങ്ങാനും തനിക്കേറ്റ ഭർത്സനങ്ങൾ ഫോറസ്റ്റർ തത്സമയം കേട്ടിട്ടില്ലെങ്കിൽ താനായിട്ട് വിളിച്ച് കൂവണ്ടല്ലോ' എന്നാവും ആ റെയ്ഞ്ചർ അപ്പോഴും കരുതിയത്.
'സാറ്..നമ്മളോട് ഒരു വാക്ക് പറഞ്ഞാൽപ്പോരായിരുന്നോ..? അവന്മാരോട് റെയ്‌ഞ്ചോഫീസിൽ വന്ന് സാറിനെ കാണാൻ ഞാൻ പറയുമായിരുന്നല്ലോ… ഇതിപ്പോ... ?' കല്ലുവച്ച മാതിരിയാണ് ഫോറസ്റ്റർ അത് പറഞ്ഞതെന്ന് റെയ്ഞ്ചർക്ക് മനസ്സിലായി.
'ശവത്തിൽ കുത്താതെടാ..തെണ്ടീ..' എന്നൊരു ഭാവത്തിലാണ് പിന്നെ റെയ്ഞ്ചർ തന്നെ നോക്കിയതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അവസാനം നിവൃത്തി കെട്ട് ആ റെയ്ഞ്ചർ തന്നെ കുറ്റസമ്മതവും നടത്തിയത്രേ.
'@@@@'...റേ (പേര്) ഇന്ന് ഇവിടെ നടന്നത് ഞാനും നീയും മാത്രമേ കണ്ടിട്ടുള്ളൂ. ദയവായി മൂന്നാമതൊരാൾ ഇത് അറിയരുതേ. അല്ലെങ്കിൽത്തന്നെ ചുറ്റിനും ശത്രുക്കളാണ്. അല്ല, താൻ പറയില്ലെന്ന് എനിക്ക് ഉറപ്പാണ്.'
'ശ്ശെ.. ഞാനങ്ങനെ പറയുമോ സാർ...? അതിന് ഞാൻ വേറെ തന്തയ്ക്ക് ജനിക്കണം. സാറ് ധൈര്യമായിട്ട് പോ...ഞാനല്ലേ പറയുന്നത്.'
'അല്ല, സാറെങ്ങനെ പോകും? വണ്ടി വല്ലതും വിളിക്കണോ..?'
തന്റെ കീഴുദ്യോഗസ്ഥന്റെ ആത്മാർത്ഥതയിൽ അപ്പോൾ ആ റെയ്ഞ്ചറുടെ മനം നിറഞ്ഞു കാണണം. ഉറപ്പ്!
'വേണ്ട. ഞാൻ വീട്ടിലോട്ട് പോകുകയാണ് '@@@@'...റേ. രണ്ട് ദിവസം കഴിഞ്ഞേ വരു. ബസ് സ്റ്റോപ്പ് അടുത്തല്ലേ. നടന്ന് പൊയ്‌ക്കൊള്ളാം.'
'ഞാനും വരാം സാർ...!'
പിന്നെ അവരിരുവരും ഒരുമിച്ച് നടന്നു. ഇടവഴിയിലും റോഡിൽ ബസ് സ്റ്റോപ്പ് എത്തുന്നതുവരേയും ആരും ഒന്നും സംസാരിച്ചതേയില്ല. ആ നടത്തത്തിലും റെയ്ഞ്ചർ ഇടയ്ക്കിടയ്ക്ക് വിയർപ്പ് ഒപ്പിക്കൊണ്ടിരുന്നു. അവസാനം ബസ്സിൽ കയറി ഇടതുവശത്തായി ഇരുന്ന അദ്ദേഹം കൈവീശിക്കാണിച്ച് യാത്ര പറഞ്ഞപ്പോൾ തിരിച്ച് അഭിവാദ്യം ചെയ്ത് യാത്ര അയച്ചതിന് ശേഷം സമ്മിശ്രവികാരങ്ങളുമായാണ് ആ ഫോറസ്റ്റർ ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയത്. ഇനി അയാളുടെ വാക്കുകളിൽത്തന്നെ പറയുന്നതാകും ഉചിതം.
'ഞാനെന്ത് ചെയ്യാനാണ് സാറേ... സാറിന് അറിയാമല്ലോ എന്റെ മനസ്സിൽ കള്ളമില്ലെന്ന്. ഞാനൊരു ശുദ്ധഹൃദയനാണ്. എത്ര നാളെന്ന് കരുതി ഞാനതൊക്കെ മറച്ചുവയ്ക്കും..? അതുകൊണ്ട് പരിചയമുള്ള എല്ലാവരോടും പിറ്റേന്ന് തന്നെ ഞാൻ അതങ്ങ് പറഞ്ഞു. ശരിക്കും അപ്പോഴാണ് മനസ്സിന് കുറച്ച് സമാധാനം കിട്ടിയത്..!'
'പിന്നെ സാറിനറിയുമോ എന്നറിയില്ല. പണ്ട് മുതലേ എനിക്കങ്ങനെ മനസ്സിൽ ഒരു കാര്യം ഒളിപ്പിച്ച് വച്ചാൽ വല്ലാത്ത ടെൻഷനാണ്. അതൊരു തെറ്റാണോ..? അല്ലാതെ ഞാൻ ആർക്കും ഒരുപദ്രവും ചെയ്യില്ല സാറേ... '
കൂസലില്ലാതെ അയാൾ പറഞ്ഞത് കേട്ട് നിസ്തബ്ധനായി നിൽക്കുകയായിരുന്നു ഞാനപ്പോൾ.
'എന്തായാലും റെയ്ഞ്ചർ സാറ് സ്ഥലം മാറി പോകുന്നതുവരെ പിന്നെ എന്റെ മുഖത്ത് നോക്കീട്ടില്ല. ഞാനെന്തോ വലിയ തെറ്റ് ചെയ്‌തെന്ന ഭാവമാണ് അദ്യത്തിന്. എന്ത് പറയാനാണ് സാറേ.. എന്റെ ഭാഗ്യക്കേട്. അല്ലാതെന്താ..?'
'എന്തായാലും ജീപ്പിന്റെ പണിക്ക് കാശ് വേണമെന്നും പറഞ്ഞ് പിന്നെ സാറ് ചെക്ക് പോസ്റ്റിലോട്ട് വന്നിട്ടേയില്ല.'
'സൂർത്തുക്കളെ' ഇവിടെ ആര് ആരെയാണ് കുറ്റം പറയേണ്ടത്? നിങ്ങൾ തന്നെ പറയൂ. ശരിക്കും അന്ന് ദിവാകരന്റെ ചായക്കടയിലെ ആ സംഗമത്തിൽ അയാളുടേയും ദിവാകരന്റേയും സംഭാഷണ ശകലങ്ങൾ ചോർത്തി ഇലയ്ക്കും മുള്ളിനും ദോഷമില്ലാതെ ഇവിടെ അവതരിപ്പിച്ചതിൽ അപാകമുണ്ടോ..?
ഇനി ഉണ്ടെങ്കിൽത്തന്നെ എനിക്ക് ഈ 'വനപർവ്വം' മുന്നോട്ട് കൊണ്ട് പോയല്ലേ പറ്റൂ എന്നുകരുതി സമാധാനിക്കാനേ പറ്റൂ. അല്ലാതെ ഞാനും അറിഞ്ഞുകൊണ്ട് ആർക്കും ഒരുപദ്രവും ചെയ്യില്ലല്ലോ. അല്ലേ...?
Content Highlights: Reflections on the changing dynamics within the Forest Department over the last three decades., A candid look at the tension between senior officials and subordinates in rural outposts., The psychological impact of power, hierarchy, and professional integrity., A narrative blend of humor, social commentary, and personal anecdotes from the field., Insights into the operational challenges faced by forest staff in remote regions.
Published: 08 Jul 2026, 11:30 am IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented