തിരുവനന്തപുരം: സ്കൂൾ അധ്യാപകരാവാനുള്ള ബി.എഡിനു സമാനമായി, കോളേജ് അധ്യാപകരാവാൻ സംസ്ഥാനത്ത് പുതിയ കോഴ്‌സ് നടപ്പാക്കുന്നു.

To advertise here,

പുതിയ കാല വെല്ലുവിളികളെ നേരിടാൻ പ്രായോഗികപരിശീലനം നൽകാനുള്ള ലക്ഷ്യത്തോടെ, ‘മാസ്റ്റർ ഓഫ് കോളേജ് ടീച്ചിങ്’ എന്ന പേരിൽ ഒരു വർഷത്തെ കോഴ്‌സ് കൊണ്ടുവരാനാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനം. യു.ജി.സി., നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ.) എന്നിവയുടെ അംഗീകാരം നേടി, 2028-’29 അധ്യയനവർഷം കോഴ്‌സ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് കൗൺസിൽ.

കോളേജ് അധ്യാപകരാവാൻ രാജ്യത്തെവിടെയും പ്രത്യേക കോഴ്‌സില്ല. നിശ്ചിതവിഷയത്തിൽ, ചുരുങ്ങിയത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദത്തിനുപുറമേ, യു.ജി.സി.നെറ്റ് അല്ലെങ്കിൽ സി.എസ്.ഐ.ആർ. നെറ്റ് യോഗ്യത മതി. യു.ജി.സി., എൻ.സി.ടി.ഇ. അംഗീകാരത്തിനുശേഷമേ പുതിയ കോഴ്സ് നിർബന്ധിത യോഗ്യതയാക്കാനാവൂ.

2030-ഓടെ, അധ്യാപക വിദ്യാഭ്യാസ പരിപാടികളെല്ലാം നാലുവർഷബിരുദത്തിന്റെ ഭാഗമാക്കി ‘ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി.) നടപ്പാക്കാനാണ് കേന്ദ്രനിർദേശം. ഐ.ടി.ഇ.പി.യുടെ ആദ്യഘട്ടം 2028-’29 അധ്യയനവർഷം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഉന്നത വിദ്യാഭ്യാസകൗൺസിൽ.

ബി.എഡ്. കോളേജ് പൂട്ടില്ല; പുതിയ പഠനകേന്ദ്രമാവും

ഐ.ടി.ഇ.പി. നടപ്പാക്കുമ്പോൾ സ്വതന്ത്രമായ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാടില്ലെന്നാണ് കേന്ദ്രനിർദേശം. അതിനാൽ ബി.എഡ്. കോളേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സംസ്ഥാനത്തെ 188 ബി.എഡ്. കോളേജുകളിൽ നൂറെണ്ണം മറ്റു കോളേജുകളുമായി ലയിപ്പിച്ച് നിലനിർത്താനാവും.

ഒറ്റപ്പെട്ട ബി.എഡ്. കോളേജുകൾ ‘മാസ്റ്റർ ഓഫ് കോളേജ് ടീച്ചിങ്’ പഠനകേന്ദ്രങ്ങളാക്കി സംരക്ഷിക്കാനാവുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത്ശങ്കർ പറഞ്ഞു.