തിരുവനന്തപുരം: കിഫ്ബിക്ക്‌ കടിഞ്ഞാണിട്ടതിനുപിന്നാലെ കേരളത്തിന് ഈ വർഷം 10,143.87 കോടി രൂപകൂടി കടമെടുക്കാൻ അനുവദിച്ച് കേന്ദ്രം. ഇതോടെ ഈ സാമ്പത്തികവർഷം കേരളത്തിന് ആകെ 48,006 കോടി കടമെടുക്കാനാവും. കിഫ്ബിയുടെ കടം വീട്ടാനാണ് ഇത് ഉപയോഗിക്കേണ്ടതെങ്കിലും കേരളത്തിന് ആശ്വാസമേകുന്നതാണ് ഈ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭ്യർഥന അംഗീകരിച്ചാണ് കേന്ദ്ര തീരുമാനം.

To advertise here,

കിഫ്ബിക്കായി എടുത്ത കടം ബജറ്റിന് പുറത്തായതിനാൽ അംഗീകരിക്കാനാവില്ലെന്നായിരുന്നു സി.എ.ജി.യുടെയും കേന്ദ്രത്തിന്റെയും നിലപാട്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കിഫ്ബി എടുത്ത കടങ്ങളെല്ലാം സംസ്ഥാനത്തിന്റെ കടമായി കൂട്ടി, പൊതുകടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതോടെ കടമെടുപ്പ് കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. വെട്ടിക്കുറച്ച കടം പുനഃസ്ഥാപിക്കണമെന്ന് എൽ.ഡി.എഫ്. സർക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നിർദേശത്തിന് വഴങ്ങാത്തതിനാൽ അനുവദിച്ചില്ല. ഇത്തരത്തിൽ വെട്ടിക്കുറച്ച തുകയ്ക്ക് പകരമാണ് ഇപ്പോൾ കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്.

ഈ വർഷം ജൂൺ 30-വരെ കിഫ്ബി എടുത്ത വായ്പകളിൽ ബാക്കിനിൽക്കുന്നത് 10,143.87 കോടിയാണെന്ന് ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ അനുമതിപത്രത്തിൽ പറയുന്നു. ഇതിൽ ബാങ്കുകൾ, കെ.എസ്.എഫ്.ഇ., ഹഡ്‌കോ, റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയുണ്ട്. ഇത്രയും തുക പൊതുവിപണിയിൽനിന്ന് കേരളത്തിന് കടമെടുക്കാം. സംസ്ഥാനത്തിന്റെ കടമെടുപ്പിലുണ്ടായ പ്രതിസന്ധി ഒഴിവാക്കുന്നതിനുകൂടിയാണ് കിഫ്ബിക്കെതിരേ അന്വേഷണത്തിനും നടപടിക്കും യു.ഡി.എഫ്. സർക്കാർ മുൻഗണന നൽകിയത്. കിഫ്ബിയെ ധനവകുപ്പിന് കീഴിലാക്കി വായ്പയെടുക്കുന്നത് തടയുകയുംചെയ്തു.