പ്രതീകാത്മക ചിത്രം |Pixabay
പരിസ്ഥിതി സൗഹൃദനാടാണ് കേരളമെന്ന് അഭിമാനപൂരിതമാകുന്നവരാണ് മലയാളികള്‍. അതിനായി നമ്മള്‍ ഏതറ്റംവരെയും പോകും. എന്തും സഹിക്കും. റോഡുകള്‍, തീവണ്ടിപ്പാതകള്‍ എന്നിവ ഉണ്ടാക്കുന്നത് തടയും, നാട്ടില്‍ ഇറങ്ങി കൃഷി അസാധ്യമാക്കുന്ന കാട്ടുപന്നിയെ കൊല്ലുന്നതിനെപ്പോലും നഖശിഖാന്തം എതിർക്കും. കാട്ടിൽ പെരുകി വരുന്ന ആനയും കടുവയും നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നു. അവയെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുന്നതുപോലും നമുക്കു ചിന്തിക്കാന്‍ വയ്യ. എന്നിട്ടൊന്നും ലോകത്തെ പരിസ്ഥിതി സൗഹൃദപ്രദേശങ്ങളുടെ പട്ടികകളില്‍ നമ്മളെവിടെയും എത്തുന്നുമില്ല. എന്താവും കാരണം? അതിനായി നമുക്ക് ഹരിതരാജ്യങ്ങള്‍ അഥവാ പരിസ്ഥിതിസൗഹൃദരാജ്യങ്ങള്‍ എന്നു പറയപ്പെടുന്ന രാജ്യങ്ങള്‍ എങ്ങനെയാണ് വന്യമൃഗപ്രശ്‌നം കൈകാര്യം ചെയ്യുന്നതെന്നു നോക്കാം.
ലോകത്തെ പരിസ്ഥിതിസൗഹൃദ രാജ്യങ്ങളുടെ പട്ടിക എടുത്താല്‍ മുന്നിൽ നിൽക്കുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലൻഡ്. സ്വിറ്റ്സര്‍ലൻഡിൽ മൃഗവേട്ട അനുവദനീയമാണ്. എന്നാല്‍, അത് കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. 26 കാന്റണുകള്‍ (സംസ്ഥാനങ്ങള്‍) ഉള്ളവയില്‍ 25 എണ്ണത്തിലും നായാട്ട് നിയമവിധേയമാണ്.
മനുഷ്യരുടെ ജീവനു ഭീഷണിയായതു കൊണ്ടല്ല അവര്‍ മൃഗങ്ങളെ വേട്ടയാടുന്നത്. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ഭക്ഷണത്തിനും വേണ്ടിയാണ് സ്വിറ്റ്‌സര്‍ലൻഡിൽ വന്യമൃഗങ്ങളെ പ്രത്യേക സീസണുകളില്‍ വേട്ടയാടുന്നത്.
സ്വിറ്റ്‌സര്‍ലൻഡിൽ സജീവമായി 30,000 വേട്ടക്കാര്‍ ഉണ്ട്, അതില്‍ 1500 പേര്‍ സ്ത്രീകളാണ്. 2016-ല്‍ അവിടെ 43,616 റോ മാനുകളെയും 11,873 ചുവന്ന മാനുകളെയും 11,170 ചമോയ്‌സ് എന്ന കാട്ടാടിനെയും അവര്‍ വേട്ടയാടിയിട്ടുണ്ട്. ഇതു കൂടാതെ ഐബക്‌സ്, കുറുക്കന്‍, അണ്ണാന്‍, മുയല്‍ എന്നിവയെയെല്ലാം വേട്ടയാടാവുന്നതാണ്. ഇങ്ങനെ വേട്ടയാടിയിട്ടും സ്വിറ്റ്‌സര്‍ലൻഡിലെ റെസ്റ്ററന്റുകളില്‍ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് കാട്ടിറച്ചി മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവ അവര്‍ ഇറക്കുമതി ചെയ്യുകയാണ്. കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ശല്യമായതിനാല്‍ സംരക്ഷിതമൃഗമായ ചെന്നായയേയും നിയന്ത്രിതമായി കൊല്ലാന്‍ സ്വിറ്റ്‌സര്‍ലൻഡ് തീരുമാനിച്ചിട്ടുണ്ട്.

https://commons.wikimedia.org/w/index.php?curid=2110911
പട്ടികയില്‍ രണ്ടാമതു വരുന്ന രാജ്യമാണ് ഫിന്‍ലൻഡ്. സ്‌കാൻഡിനേവിയന്‍ രാജ്യങ്ങള്‍ എന്നു കേള്‍ക്കുമ്പോഴേ അവിടുത്തെ പരിസ്ഥിതി സൗഹൃദമാര്‍ഗങ്ങള്‍ നമുക്കൊരു ഉള്‍പ്പുളകം നല്‍കാറുണ്ട്. കേരളത്തിന്റെ എട്ടിരട്ടിയിലേറെ വലിപ്പമുള്ള ഫിന്‍ലൻഡിൽ 300 ചെന്നായ്ക്കളാണ് ഉള്ളത്. അതിന്റെ എണ്ണം നിയന്ത്രിക്കാനായി 20 എണ്ണത്തിനെ അവര്‍ ഇക്കൊല്ലം കൊല്ലും. ഫിന്‍ലൻഡിൽ ലൈസന്‍സുള്ള വേട്ടക്കാര്‍ മൂന്നു ലക്ഷത്തോളം ഉണ്ട്.
കൊന്നു കഴിഞ്ഞാല്‍ കംഗാരുവിനെ അവര്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയല്ല, മറിച്ച് ആഹാരമാക്കുകയാണ് ചെയ്യുന്നത്.
സ്വീഡനില്‍ ആകെയുള്ള 400 ചെന്നായ്ക്കളില്‍ 200 എണ്ണത്തേയും കൊല്ലാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. ആടുകള്‍ക്ക് ഭീഷണിയായതിനാല്‍ നോര്‍വേയില്‍ ആകെയുള്ള 68 ചെന്നായ്ക്കളിലെ 70 ശതമാനത്തെയും കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ഇത് 15 എണ്ണത്തില്‍ ഒതുക്കിയിരുന്നു. ജര്‍മനിയില്‍ പലവിധ വേട്ടയ്ക്കുള്ള ലൈസന്‍സുകള്‍ ഉണ്ട്. ഈ ലൈസന്‍സ് ഫീസുകള്‍ അവര്‍ക്ക് വലിയ വരുമാന മാര്‍ഗമാണ്. മാനുകള്‍, കാട്ടുപന്നി, മുയല്‍, പലതരം പക്ഷികള്‍ എന്നിവയെ വേട്ടയാടാന്‍ സാധിക്കും. ഓസ്ട്രേലിയയുടെ ദേശീയമൃഗമായ കംഗാരുവിനെയും കൊല്ലാറുണ്ട്. പ്രതിവർഷം 20 ലക്ഷത്തിനെ വരെ അവര്‍ വെടിവെച്ചിടുന്നു. കംഗാരു ഉപദ്രവകാരിയായതുകൊണ്ടല്ല, എണ്ണം പെരുകുന്നതുകൊണ്ടാണ് കൊല്ലാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നത്. തലയ്ക്ക് വെടിവച്ച് കൊല്ലണമെന്നാണ് നിയമം, കൊന്നു കഴിഞ്ഞാല്‍ കംഗാരുവിനെ അവര്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയല്ല, മറിച്ച് ആഹാരമാക്കുകയാണ് ചെയ്യുന്നത്. ഓസ്ട്രേലിയയിൽ കംഗാരുക്കളെ കൊല്ലുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ വന്യമൃഗവേട്ട.

ന്യൂസീലൻഡിൽ മൃഗവേട്ട നിയമവിധേയമാണ്. ദേശീയോദ്യാനങ്ങളില്‍പ്പോലും ഏതു മൃഗത്തെയും വേട്ടയാടാം. ആയുധം കയ്യില്‍ വയ്ക്കുന്നതിന് കാര്യമായ നിയന്ത്രണങ്ങളും ഇല്ലാത്ത ന്യൂസിലൻഡിൽ മൃഗവേട്ട വളരെ ജനകീയമായ വിനോദവുമാണ്. മനുഷ്യര്‍ എത്തുന്നതുവരെ ന്യൂസിലൻഡിൽ ആകെ ഉണ്ടായിരുന്ന സസ്തനികള്‍ രണ്ടു തരം വവ്വാലുകളും രണ്ടു തരം സീലുകളും മാത്രമായിരുന്നു. യൂറോപ്പില്‍നിന്നു വന്നവര്‍ വേട്ടയാടാനും ഭക്ഷണത്തിനുമായി മൃഗങ്ങളെയും അവിടെയെത്തിച്ചു. ധാരാളം എണ്ണമുള്ളതും നല്ല വലിപ്പം വയ്ക്കുന്നതുമായ ചുവന്ന മാനുകള്‍ വേട്ടക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വേട്ടയാടിക്കിട്ടിയ മാനുകളെ അവര്‍ക്ക് തിന്നാനോ ഭിത്തികള്‍ അലങ്കരിക്കാനായി സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനോ അനുമതിയുണ്ട്.
സമ്മാനമായി ന്യൂസീലൻഡിലേക്ക് ഇന്ത്യയില്‍നിന്ന് 1903 -ല്‍ അയച്ച മൂന്നു ജോഡി ഹിമാലയന്‍ താറുകള്‍ പെരുകി 1970 -കളില്‍ 40,000-ത്തോളം ആയി. വേട്ടയാടി എണ്ണം ചുരുങ്ങി രണ്ടായിരത്തില്‍ത്താഴെ എത്തിയപ്പോള്‍ 1984-ല്‍ വേട്ടയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് അവയുടെ എണ്ണം പത്തായിരത്തോളമായിട്ടുണ്ട്. വിവിധയിനം മാനുകളെ കൂടാതെ പന്നികളെയും താറാവുകളെയും ന്യൂസീലൻഡിൽ വേട്ടയാടാം. 110 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന പന്നികളെ നായ്ക്കളുടെ സഹായത്തോടെയാണ് വേട്ടയാടുന്നത്. പ്രകൃതിയില്‍ വളരുന്നവയുടെ ഇറച്ചിക്ക് രുചിയേറിയതിനാലും വന്‍തോതില്‍ പാരിസ്ഥിതിക നാശമുണ്ടാക്കുന്നവയും ആയതിനാല്‍ പന്നിവേട്ട ന്യൂസീലൻഡിൽ വളരെ ജനകീയമാണ്. വേട്ടയ്ക്ക് എത്തുന്നവരെ സഹായിക്കാനും കൂടെപ്പോകാനും എല്ലാമായി പലവിധ പാക്കേജുകള്‍ ന്യൂസീലൻഡിൽ ഉണ്ട്. അഞ്ചു ദിവസത്തെ വേട്ടയ്ക്കും നാലു രാത്രി താമസത്തിനും രണ്ടാള്‍ കൂടെ സഹായത്തിനും ട്രോഫി ആയി വലിയൊരു മാനിന്റെ തല കൊണ്ടുപോകാന്‍ തയ്യാറാക്കുന്നതിനും ഏതാണ്ട് നാലു ലക്ഷം രൂപ ചെലവു വരും.
അമേരിക്കന്‍ ഐക്യനാടുകളിലാവട്ടെ രാജ്യത്തിന്റെ പൊതുപ്രദേശങ്ങളുടെ 60 ശതമാനം സ്ഥലങ്ങളിലും വേട്ട അനുവദനീയമാണ്. ദേശീയോദ്യാനങ്ങളില്‍പ്പോലും വേട്ടയാടാന്‍ കഴിയും.
വര്‍ഷംതോറും അമേരിക്കയിലെ ഒന്നരക്കോടി വേട്ടക്കാര്‍ കൊല്ലുന്നത് 20 കോടിയിലേറെ മൃഗങ്ങളെയാണ്. അത് അവിടുത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരും. കാനഡയില്‍ വര്‍ഷംതോറും 30 ലക്ഷത്തോളം ജീവികളെ അവിടുത്തെ 13 ലക്ഷത്തോളം നായാട്ടുകാര്‍ വേട്ടയാടുന്നു.

ഇതൊക്കെയാണ് പരിസ്ഥിതി സൗഹൃദ വിദേശരാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആരും കാട്ടില്‍ കയറി മൃഗങ്ങളെ വേട്ടയാടാനോ, ഇനി നാട്ടില്‍പ്പോലും വന്യമൃഗങ്ങളെ നായാടാനോ അനുവാദം ചോദിക്കുന്നില്ല. മറിച്ച്, മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കൃഷി നശിപ്പിക്കുന്ന നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ഒഴിവാക്കിത്തരണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, അതുപോലും എന്തോ വലിയ തെറ്റു ചെയ്യുന്നപോലെ, അരുതാത്തതെന്തോ ആവശ്യപ്പെടുന്നതുപോലെ ഇവിടുത്തെ പരിസ്ഥിതിസ്‌നേഹികള്‍ മനസ്സിലാക്കുന്നു. കോഴിയെയും ആടിനെയും തിന്നുന്നത് കൊണ്ട് ആരെയും മൃഗസ്‌നേഹമില്ലാത്തവര്‍ എന്ന് വിളിക്കാറില്ലല്ലോ. അതുപോലെതന്നെയാണ് മനുഷ്യന് ശല്യമാകുന്ന മൃഗങ്ങളെ നിയന്ത്രിക്കണമെന്ന് പറയുന്നവരും മൃഗസ്‌നേഹികള്‍ തന്നെയാകുന്നതും. നമ്മുടെ നാട്ടില്‍ ഇതിനൊക്കെ എതിരുനില്‍ക്കുന്നവരും ഒരു അവസരം കിട്ടിയാല്‍ വന്യമൃഗങ്ങളെ കാട്ടില്‍ക്കയറിപ്പോലും കൊല്ലുന്ന, വേട്ടയാടല്‍ നിയമവിധേയമായ നാടുകളിലേക്കാണ് വിദ്യാഭ്യാസത്തിനും യാത്രയ്ക്കും കുടിയേറാനും ശ്രമിക്കുന്നത്.
വന്യമൃഗശല്യത്തിനു പോംവഴിയായി മൃഗങ്ങളെ പിടികൂടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു മാറ്റുന്നതേപ്പറ്റിയും വന്ധ്യംകരിക്കുന്നതേപ്പറ്റിയും കേരളത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോ?
എന്തൊക്കെയാവും വേട്ടയാടി കൊല്ലുന്നതിനു പകരം ശല്യക്കാരായ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ വന്ധ്യംകരിക്കാനോ വിദേശത്ത് ശ്രമിക്കാത്തത്? ഈ രണ്ടു കാര്യം ചെയ്യുമ്പോഴും മനുഷ്യന്‍ ജീവനുള്ള മൃഗങ്ങളുമായി ഇടപെടുകയും പിന്നെയും അവയെ തുറന്ന കാട്ടിലേക്ക് വിടുകയും ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. അതുവഴി ഏതെല്ലാം നാടന്‍ രോഗങ്ങള്‍/രോഗാണുക്കള്‍ ആവും കാട്ടിലെ മൃഗങ്ങളുടെ അടുത്തേക്ക് എത്തുക എന്നു പറയാന്‍ വയ്യ. ഈ ആവശ്യങ്ങള്‍ക്കായി പിടിക്കുമ്പോള്‍ പരിക്കേല്‍ക്കാന്‍ ഇടയാവുന്ന മൃഗങ്ങള്‍ പിന്നെ കാടുകളില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയേക്കാം. ഒരിടത്തുനിന്നു പിടിക്കുന്നവയ്ക്ക് മറ്റൊരിടത്ത് ജീവിക്കാന്‍ സാധിക്കും എന്ന് ഉറപ്പുമില്ല. ആഫ്രിക്കയില്‍ ആണ് ആനയെ വന്ധ്യംകരിക്കാന്‍ ശ്രമിച്ചത്. തുറസ്സായ കാടാണ് അവിടെ. ആന പോലെയുള്ള മൃഗങ്ങളെ വന്ധ്യംകരിക്കുക അത്ര എളുപ്പമൊന്നുമല്ല. നമ്മുടെ ഇടതൂര്‍ന്ന മഴക്കാടുകളില്‍ അവയെ കണ്ടുപിടിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്, പിന്നെയല്ലേ പിടിച്ചു കൊണ്ടുവന്ന് വന്ധ്യംകരിച്ച് തിരികെ കാട്ടിലേക്ക് വിടുന്നത്.
(ഒരു തരത്തിലുമുള്ള നായാട്ട് അനുവദിക്കരുതെന്നു വാദിക്കുന്നയാളാണ് ലേഖകന്‍. മനുഷ്യജീവിതം പരമപ്രധാനമാണെന്നും അതിനു ദ്രോഹമാകുന്ന വന്യമൃഗങ്ങളെ മനുഷ്യന്‍ വസിക്കുന്ന ഇടങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ രാഷ്ട്രീയതീരുമാനങ്ങള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ആളുമാണ്. മലയാളി ഇഷ്ടപ്പെടുന്ന രാജ്യങ്ങള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന രീതികളെ എടുത്തുകാണിക്കാന്‍ ആണ് ശ്രമിച്ചിരിക്കുന്നത്)
Content Highlights: Eco story, Vinay Raj, culling,eco friendly countries, environment, Mathrubhumi,switserland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..