
ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പുകൾ ഓരോന്നു കഴിയുമ്പോഴും 'പൊതുജനം കഴുത' ആണെന്നോ അല്ലെന്നോ ഒക്കെയുള്ള പല പല അഭിപ്രായങ്ങൾ ഉയർന്നുവരും. ശരികൾ മനസ്സിലാക്കാനും മികച്ചവരെ തിരഞ്ഞെടുക്കാനും ഉള്ള വിവേചനബുദ്ധി ഉണ്ടോ ഇല്ലയോ എന്നാണ് ചർച്ചയുടെ സത്ത. പക്ഷെ, അതിലും പാവം കഴുതയെ അവഹേളിക്കാനായി കൂട്ടുപിടിക്കും. മനുഷ്യർ മെരുക്കി കൂടെകൂട്ടിയ പലതരം മൃഗങ്ങളുണ്ടെങ്കിലും നായ കഴിഞ്ഞാൽ മനുഷ്യരോട് ഏറ്റവും അടുപ്പവും ബുദ്ധിയും പ്രകടിപ്പിക്കുന്നത് കഴുതയാണ്. പക്ഷെ, കഴുതയോട് മനുഷ്യർക്കെന്തോ തീരാത്ത പുച്ഛമാണ്. ബുദ്ധിയില്ലാത്ത, പ്രതികരണമില്ലാതെ എന്തും സഹിക്കുന്ന, ഏത് വിഴുപ്പും ചുമക്കുന്ന വിഡ്ഢിയുടെ ഒരു ഹാസ്യജന്മം. തല്ലിയാലും തള്ളിയാലും ചില സമയങ്ങളിൽ, അനങ്ങാപ്പാറപോലെ ഒറ്റ നിൽപ്പ് നിൽക്കുന്ന, ജോലി ചെയ്യാൻ മടിയനായ തീറ്റപ്രാന്തൻ!. അരോചാകമായ 'കഴുതരാഗ'ത്തിൽ കരഞ്ഞ് ബഹളമുണ്ടാക്കി കാമം തീർക്കുന്ന അരസികർ. ഒരു മനുഷ്യനെ സംബന്ധിച്ചടുത്തോളം 'കഴുത' എന്ന് വിളിക്കപ്പെടുന്നത് പോലെ അപമാനകരമായി വേറൊന്നില്ല. ഗ്രേഡു കൂടിയ 'മരക്കഴുത' എന്ന ചീത്തവിളിയിലെ 'മരം' അനങ്ങാതെ നിൽക്കുന്ന കഴുതയുടെ സ്വഭാവം കൂടി ചേർത്ത്‌കെട്ടി ഉണ്ടായതാവാം. ചീട്ട് കളികഴിഞ്ഞ് തോറ്റാൽ പോലും കഴുതയാവും. പണ്ട് മുതലേ പല നാടോടിക്കഥകളിലെ മണ്ടൻ കഥാപാത്രമായി കേട്ട് കേട്ടാണ് ഇത്തരത്തിലൊരു സ്വരൂപം കഴുതയ്ക്ക് കിട്ടിയത്.
'കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം'- എന്ന് ജ്ഞാനപ്പാനയിൽ പൂന്താനം ചോദിക്കുന്നത് പോലും ഇത്തരമൊരു മുൻവിധിയോടെ ആണ്. കഴുതയുമായി നടന്നുപോകുന്ന അച്ഛനോടും മകനോടും കഴുതപ്പുറത്ത് കയറിപ്പോയിക്കൂടെ എന്നുള്ള പല പല അഭിപ്രായങ്ങൾ കേട്ട് അവസാനം കഴുതയെ അവർ തണ്ടിൽ കെട്ടി ചുമന്ന് കൊണ്ടുപോകുന്ന കഥയിലെ മണ്ടൻ ശരിയ്ക്കും ആരാണ്?. എന്തായാലും കഴുതയല്ല.

സത്യത്തിൽ കഴുത ബുദ്ധിയില്ലാത്ത ജീവിയാണോ? മടിയനാണോ?
ചരിത്രത്തിൽ എല്ലാ കാലവും കഴുതയോടുള്ള മനുഷ്യരുടെ മനോഭാവം അങ്ങിനെ ആയിരുന്നില്ല. ഈജിപ്തിലെ ആദ്യ ഫറോവമാരായിരുന്ന നർമറിന്റെയോ (King Narmer) ഹൊർ അഹയുടേയോ (King Hor-Aha) ശവകുടീരം 2003-ൽ കണ്ടെത്തി തുറന്ന് നോക്കിയപ്പോൾ അതിൽ ഉന്നതരായ രാജസഭാംഗങ്ങൾക്കൊപ്പം പത്ത് കഴുതകളേയും അടക്കം ചെയ്തതിന്റെ തെളിവുകൾ കിട്ടിയിരുന്നു. ഈജിപ്തിലെ സുവർണ്ണകാലമായിരുന്ന നാലാം ഡൈനാസ്റ്റിയുടെ കാലത്ത് ബി. സി . 2675-നും 2565-നും ഇടയിൽ പ്രമുഖരായ വ്യക്തികൾക്ക് സ്വന്തമായി ആയിരത്തോളം കഴുതകൾ ഉണ്ടായിരുന്നു. പാലിനും മാംസത്തിനും കൃഷിപ്പണിക്കും കച്ചവടത്തിന് ചരക്ക് കൊണ്ടുപോകാനും ഒക്കെ കഴുതകളായിരുന്നു ആശ്രയം.
ലോകത്തിൽ ഇതുവരെ ജീവിച്ചതിൽ വെച്ച് ഏറ്റവും സുന്ദരിയെന്ന് കൊണ്ടാടപ്പെടുന്ന ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു. യേശുവിന്റെ ജനനകഥയിലും കഴുത സഹായിയായ ജീവിയായാണ് വരുന്നത്.
ആടിനേയും പശുവിനേയും ഒക്കെ മെരുക്കി കൂടെ കൂട്ടിയതിനു ശേഷമാണ് മനുഷ്യർ കഴുതയെ മെരുക്കുന്നത്. അയ്യായിരത്തിനും ഏഴായിരത്തിനും കൊല്ലങ്ങൾക്ക് ഇടയിലെപ്പഴോ ആണ് ആഫ്രിക്കയിലെ കാട്ടുകഴുതകളായ African wild ass - Equus africanus ന്റെ നുബിയയിലേയും സോമാലിയയിലേയും ഉപ സ്പീഷിസുകളെ ആട്ടിടയന്മാർ ആദ്യമായി മെരുക്കി വളർത്തി കഴുതകളാക്കിയത്. അതിനാൽ തന്നെ Equus africanus asinus എന്ന സബ് സ്പീഷിസായോ Equus asinus എന്ന മറ്റൊരു സ്പീഷിസായോ ഒക്കെ മെരുങ്ങിയ കഴുതകളെ വിളിക്കാറുണ്ട്. ഇന്ന് ലോകത്തെങ്ങുമായി നൂറ്റി എൺപത്തഞ്ചിലേറെ ബ്രീഡുകളിലായി നാലു കോടിയിലേറെ കഴുതകൾ ഉണ്ട്. അവയുടെ ഭൂരിപക്ഷവും നാലാം ലോക രാജ്യങ്ങളിലാണുള്ളത്. ഇപ്പോഴും അവിടങ്ങളിൽ വലിയ തോതിലുള്ള കായികജോലികൾക്ക് കഴുതകളെ ഉപയോഗിക്കുന്നുണ്ട്.
കുതിരകളും കഴുതകളും ദശലക്ഷക്കണക്കിന് വർഷം മുമ്പ് ഒരു പൊതു പൂർവികനിൽനിന്നു വേർതിരിഞ്ഞ് പരിണമിച്ചവരാണെങ്കിലും ചില സമാനതകളും വ്യത്യാസങ്ങളും ഇവർക്കിടയിൽ ഉണ്ട്. വലിപ്പം കുറവുണ്ടെങ്കിലും ഏകദേശം കുതിരയുടെ കായികശേഷിതന്നെ കഴുതയ്ക്കും ഉണ്ട്. കുതിരയുടെ അത്ര തീറ്റ വേണം എന്നും ഇല്ല. പലതരം കാലാവസ്ഥകളോടും സാഹചര്യങ്ങളോടും വേഗത്തിൽ ഇണങ്ങി ജീവിക്കാൻ കഴുതകൾക്ക് കഴിയും. അതിനാൽ മരുഭൂമിയിലെ ചൂടിലും കൊടുംതണുപ്പിലും ഒക്കെ ഇവർക്ക് സഞ്ചരിക്കാൻ കഴിയും. വലിയ ഭാരങ്ങൾ ശരീരത്തിൽ വെച്ച് കെട്ടിയാലും നടന്നോളും. ലോകത്തിന്റെ ഒരു വിധം എല്ലാ പ്രദേശങ്ങളിലും കഴുതകളെ ജോലിക്കായി ഉപയോഗിക്കാൻ കഴിയുന്നത് അതിനാലാണ്.
സിൽക്ക് റൂട്ടിലടക്കം ദീർഘ സഞ്ചാരങ്ങൾക്ക് കഴുതകളെ ഉപയോഗിച്ചിരുന്നല്ലോ. മേഞ്ഞ് തിന്നുന്ന മറ്റ് നാൽക്കാലികൾ അയവിറക്കാനായി ഇടക്ക് വിശ്രമിച്ച് സമയം നഷ്ടപ്പെടുത്തുമ്പോൾ കഴുതയ്ക്ക് ആ പ്രശ്‌നവുമില്ല. മുന്നിലെ വലിയ ചക്കപ്പല്ലുകളും വീതിയേറിയ കീഴ്ചുണ്ടും കാടും പടലും വേഗത്തിൽ വായിലാക്കാനും ചവച്ചരയ്ക്കാനും സഹായിക്കും. കാട്ടിൽ പലതരം ഇരപിടിയന്മാർ ഇവർക്കുണ്ട്. സിംഹവും ചെന്നായയും കുറുക്കനും ഒക്കെ കാട്ടുകഴുതകളെ വേട്ടയാടും. അതിനാൽ തന്നെ ആഫ്രിക്കൻ കാട്ടുകഴുതകളുടെ എണ്ണം വളരെ കുറഞ്ഞ് കഴിഞ്ഞു.
ഒരൊ കഴുതയ്ക്കും പ്രത്യേകമായ ശബ്ദമുണ്ട്. ഇരുപത് സെക്കന്റ് വരെ നീളുന്ന ആ മനോഹര ശബ്ദത്തെ കർണകഠോരമായ കരച്ചിൽ എന്നൊക്കെ നമ്മൾ വിശേഷിപ്പിക്കുന്നതാണ്. മരുഭൂമികളിൽ ഇവയുണ്ടാക്കുന്ന ശബ്ദം മൂന്നു കിലോ മീറ്റർ അപ്പുറം വരെ കേൾക്കും. വിദൂരത്തുള്ള മറ്റ് കഴുതകളെ സാന്നിദ്ധ്യം അറിയിക്കാനും മറ്റുമായാണ് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്. വലിയ ചെവിക്കൂടകൾ നേർത്ത ശബ്ദം പോലും പിടിച്ചെടുക്കാൻ സഹായിക്കുന്നതു കൂടാതെ കഴുതയുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്.
ഏകാന്തത ഇഷ്ടമല്ലാത്ത ജീവിയാണ് കഴുത. കൂട്ടായി കഴിയാനാണ് ഇഷ്ടം. സ്വന്തമായി വ്യക്തിത്വം ഉണ്ട്. വേറൊരു കഴുതയെ കൂട്ട് കിട്ടിയില്ലെങ്കിലും മറ്റ് ജീവികളോടും അടുപ്പത്തോടെ കഴിയാൻ ഇഷ്ടമാണ്. അത് കുതിരയോ ആടോ പശുവോ ആയാലും പ്രശ്‌നമില്ല. കൂടെയുള്ള മറ്റ് ജീവികളെ സംരക്ഷിക്കുന്നതിൽ ഇവർക്ക് ശ്രദ്ധയുണ്ട്. അതിനാൽ തന്നെ ആട്ടിടയന്മാർ കാവലായി ആട്ടിൻപറ്റങ്ങളെ നായകളും കുറുക്കന്മാരും ആക്രമിക്കുന്നതും ആടുകൾ കൂട്ടം വിട്ടുപോകാതെ നോക്കാനും കാവലായി കഴുതകളെ കൂടെകൂട്ടാറുണ്ട്. എത്രയോ മുമ്പ് നടന്ന യാത്രാവഴികൾ ഓർത്ത് വെച്ച് സഞ്ചരിക്കാനാകുമെന്നതിനാൽ ദിശ തെറ്റിയ കച്ചവടസംഘങ്ങളെ ചിലപ്പോൾ കൂടെയുള്ള കഴുതകൾ വഴികാട്ടി രക്ഷിക്കും. എത്രയോ കാലമായിട്ട് കണ്ടിട്ടില്ലെങ്കിലും പഴയ ഉടമയേയും മറ്റും ഇവർക്ക് തിരിച്ചറിയാനാകും.
മണ്ടൻ, മടിയൻ എന്നീ പേരു കിട്ടിയത് ഇവരുടെ പ്രത്യേകമായ അതിജീവന തന്ത്രം മൂലമാണ്. എന്തെങ്കിലും അപകട സാദ്ധ്യത തോന്നിയാൽ ഇവ പിന്നെ മുന്നോട്ട് നടക്കില്ല.
ചിലപ്പോൾ അപരിചിതരെ കണ്ടാകാം, വെള്ളമോ, തീയോ, പ്രത്യേക നിറമുള്ള വസ്തുവോ എന്തുമാകാം. എത്ര നിർബന്ധിച്ചാലും ഒരേ നിൽപ്പ് നിന്ന് കളയും. വലിയ ചെവിക്കുടകൾ പല ദിശകളിലേക്ക് തിരിച്ച് അപായപ്പെടുത്താൻ ഏതെങ്കിലും ജീവി വരുന്നുണ്ടോ എന്ന് അവ എപ്പോഴും ജാഗ്രതപ്പെട്ട് കഴിയും. ഒരു വിധം എല്ലാ ജീവികളും ഭയന്നാൽ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയാണല്ലോ സ്വാഭാവികമായും ആദ്യം ചെയ്യുക. എന്നാൽ കഴുത ചിലപ്പോൾ പകരം അനങ്ങാതെ നിന്നുകളയും. പരിണാമപാരമായി ഇരപിടിയന്മാരിൽനിന്നു രക്ഷപ്പെടാൻ കാര്യമായ മറ്റ് കഴിവുകൾ ഇല്ലാത്തതിനാലാവും ഈ അമിത ശ്രദ്ധയും ഭയവും ഇത്തരം പ്രതികരണവും. എങ്കിലും വിശ്വാസം ആർജ്ജിച്ച് കഴിഞ്ഞാൽ കഴുത വളരെ അനുസരണയോടെ കൂടെ നടക്കും. എങ്കിലും ആക്രമിക്കുന്നവരേ കടിച്ചും തൊഴിച്ചും കുത്തിയും ഒക്കെ എതിർക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യും.

ആൺ ജാക്ക് അല്ലെങ്കിൽ ജാക്കാസ്; പെണ്ണ് ജെന്നി അല്ലെങ്കിൽ ജെന്നെറ്റ്
ആൺകഴുതയ്ക്കും പെൺകഴുതയ്ക്കും വേറെവേറെ പേരൊന്നും മലയാളത്തിൽ ഇല്ലെങ്കിലും ഇംഗ്ലീഷിൽ ആണിന് ജാക്ക് അല്ലെങ്കിൽ ജാക്കാസ് എന്നും പെണ്ണിന് ജെന്നി അല്ലെങ്കിൽ ജെന്നെറ്റ് എന്നും വിളിക്കും. ആസ് എന്ന പ്രയോഗം ഇപ്പോൾ സാധാരണമല്ല പകരം ഡോങ്കി എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. 11-14 മാസമാണ് ഗർഭകാലം. അപൂർവമയേ ഇരട്ടക്കുട്ടികൾ ജനിക്കാറുള്ളു. ആൺകഴുതയ്ക്ക് പെൺകുതിരയിൽ ഉണ്ടാകുന്ന കുട്ടിയെ മ്യൂൾ (Mule) എന്നാണ് വിളിക്കുക. ആൺകുതിരയ്ക്ക് പെൺകഴുതയിൽ ഉണ്ടാവുന്ന കുഞ്ഞിന് ഹിന്നി (Hinny) എന്നും വിളിക്കുന്നു. മ്യൂളുകളാണ് ഏറ്റവും കൂടുതൽ ഹൈബ്രിഡായി ഉണ്ടാക്കി ലോകത്തെങ്ങും ഉപയോഗിക്കുന്നത്. കുതിരയുടെ രൂപവും കഴുതയുടെ അനുസരണയും ഒക്കെ ഉള്ളതിനാൽ മ്യൂളുകളെന്ന കോവർക്കഴുതകളെയാണ് ധാരാളമായി യാത്രകൾക്കും ഭാരം ചുമക്കാനും ഒക്കെ ഉപയോഗിക്കുന്നത്. കുതിരയ്ക്ക് 64 ക്രോമോസോമുകളും കഴുതയ്ക്ക് 62 ക്രോമോസോമുകളും ആണുള്ളത്. അതിനാൽതന്നെ ഇവ ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളായ കോവർകഴുതയ്ക്ക് 63 ക്രോമോസോം മാത്രമേ ഉണ്ടാകു. അവയ്ക്ക് സന്താനശേഷി ഉണ്ടാകുകയില്ല. എങ്കിലും 1984-ൽ സാന്റിയാഗോയിലെ ഒരു മൃഗശാലയിൽ കോവർകഴുത പ്രത്യുൽപ്പാദനം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. വരയൻ കുതിരകൾ എന്ന് വിളിക്കുന്ന സീബ്രകളുമായും ഇണ ചേർത്ത് കഴുതകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകും. അവയെ സോങ്കി (Zonkey) എന്നാണ് പറയുക.
ആൺ കഴുതയ്ക്ക് പെൺ കുതിരയിൽ ഉണ്ടാകുന്ന കുട്ടിയെ മ്യൂൾ ആൺ കുതിരയ്ക്ക് പെൺ കഴുതയിൽ ഉണ്ടാവുന്ന കുഞ്ഞിന് ഹിന്നി (Hinny) . സീബ്രകളുമായും ഇണചേർത്ത് കഴുതകൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളെ സോങ്കി (Zonkey) എന്നും വിളിക്കും

വികസിത രാജ്യങ്ങളിൽ പ്രധാനമായും ബ്രീഡിങ്ങ് ആവശ്യങ്ങൾക്ക് വേണ്ടിയും പാർക്കുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സവാരിക്കും ആടുകളെ സംരക്ഷിക്കാനും മറ്റും ഉള്ള ആവശ്യങ്ങൾക്ക് മാത്രമായാണ് കഴുതകളെ ഉപയോഗിക്കുന്നത്. എന്നാൽ, മറ്റുള്ള രാജ്യങ്ങളിൽ കഴുതകൾ കൃഷി മുതൽ ചരക്കുകൾ കൊണ്ടുപോകൽ വരെ നിരവധി കായികജോലികൾക്ക് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ചൈനയിലെ പാരമ്പര്യ വൈദ്യത്തിൽ ചില രോഗങ്ങൾക്കുള്ള സിദ്ധൗഷധക്കൂട്ടിൽ ചേർക്കാൻ ഉപയോഗിക്കുന്നത് കഴുതയുടെ തുകലിൽനിന്നു നിർമ്മിക്കുന്ന ഒരു ജെലറ്റിൻ പദാർത്ഥമായ എജിയാഒ (ejiao) ആണ്. യാതൊരു ശാസ്ത്രീയ തെളിവുകളും ഇവയുടെ ഔഷധഗുണം തെളിയിക്കുന്നതായി ഇല്ലെങ്കിലും Donkey-hide gelatin നിർമ്മിക്കാനായി പതിനായിരക്കണക്കിന് കഴുതകളെയാണ് ഒരോ വർഷവും കൊലചെയ്യുന്നത്.

കഥകളിൽ മണ്ടൻ കഥാപാത്രമാണെങ്കിലും കഴുതയെ വളരെ കാര്യമായി പരിഗണിച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ജോൺ അബ്രഹാം സംവിധാനം ചെയ്ത 'അഗ്രഹാരത്തിൽ കഴുതൈ' എന്ന തമിഴ് ചലച്ചിത്രം. ഗ്രാമത്തിൽ അലഞ്ഞ് നടക്കുന്ന ഒരു കഴുതയെ പ്രഫസർ നാരായണസ്വാമി തന്റെ വീട്ടിൽ വളർത്താൻ തീരുമാനിക്കുന്നതോടെ അഗ്രഹാരത്തിൽ ഉണ്ടാകുന്ന തുടർ സംഭവങ്ങളാണതിൽ കാണിക്കുന്നത്. അതുപോലെ ലോകപ്രശസ്തമായ മറ്റൊരു ചിത്രമാണ് 1966-ൽ റൊബർട്ട് ബ്രെസൻ സംവിധാനം ചെയ്ത 'ഒ ഹസാർഡ ബൽത്തസർ'' എന്ന ഫ്രഞ്ച് സിനിമ. മേരി എന്ന സാധു പെൺകുട്ടിയുടേയും ബൽത്തസർ എന്ന കഴുതയുടേയും ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ.
സാധാരണ കാർട്ടൂൺ സിനിമകളിലെ വിഡ്ഡിരൂപമല്ല ബൽത്തസാറിന്.. സ്വന്തം ജീവിതത്തിനുമേൽ യാതൊരു സ്വാധീനവുമില്ലാത്ത വെറും ഒരു കഴുതമാത്രമാണത്. മേരിയും അതുപോലെ തന്നെ. ഇവർ തമ്മിലുള്ള സൗഹൃദം ചെറുപ്പം മുതൽ മരണം വരെ തുടരുന്നു. ജീവിതത്തിന്റെ പെരുവഴിയിൽ പലപ്പോഴും പിരിയുന്നുണ്ടെങ്കിലും വീണ്ടും അവർ കണ്ടുമുട്ടുന്നുണ്ട്. പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടുപോകുകയും,വഴിപിഴച്ചുപോകുകയും ചെയ്ത്, പാപിനിയായി കണക്കാക്കപ്പെടുന്ന ഒരു നിഷ്‌കളങ്ക ജന്മമാണ് മേരിയുടേത്. അവൾ കരുതും പോലെ സ്വനിയന്ത്രണത്തിലാണോ അവളുടെ ജീവിതം?
ബൽത്തസർ എന്ന കഴുതയുടെ ജീവിതത്തിന്റെ വർത്തമാനവും ഭാവിയും ഒന്നും അവന്റെ തീരുമാനങ്ങളല്ല. അനുസരിക്കുകയും പിന്തുടരുകയും ചെയ്യാൻ മാത്രം അനുവാദമുള്ള ഒരു നിരീക്ഷകന്റെ സ്വാതന്ത്ര്യമേ അവനു സ്വജീവിതത്തിലുള്ളു. എല്ലാ ക്രൂരതകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു നഷ്ടജന്മം. ഓരോ മനുഷ്യനും അവരുടെ ജീവിതം നിർണ്ണയിക്കുന്നതിൽ എത്രമാത്രം പങ്കുണ്ട് എന്ന ഗഹനമായ ചോദ്യം ബൽത്തസറിന്റെ നിർവികാര നേത്രങ്ങളിൽ തിളങ്ങുന്നത് കാണാം. നമ്മളൊക്കെയും ഏതെല്ലാമോ വിധത്തിൽ ഒരു കഴുത മാത്രമാണെന്ന് ആ സിനിമ പറയും.
Content Highlights: all about donkey, bandhukkal mithrangal column,vijayakumar blathur, environment
Published: 05 Sept 2023, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented