
'പുലി കടുവ സിംഹ'ങ്ങളെപ്പോലെ അലറാനാകാത്ത, പൂച്ചകളെപ്പോലെ മുരളാൻ മാത്രം പറ്റുന്ന, നഖങ്ങൾ പൂർണ്ണമായും ഉൾവലിച്ച് മറച്ചുവെക്കാനാകാത്ത, മാർജ്ജാര കുടുംബക്കാരായ ഒരു വലിയ പൂച്ച മാത്രമാണ് ചീറ്റ. 'ബിഗ് കാറ്റ്‌സ്' എന്ന വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്താൻ ഇപ്പോഴും പൂർണ്ണസമ്മതമായിട്ടില്ല. നമ്മുടെ വീട്ടുപൂച്ചകളും പലതരം കാട്ടുപൂച്ചകളും ഉൾപ്പെടുന്ന Felinae ഉപകുടുംബത്തിൽ പെട്ടവരാണ് ഈ വേഗപ്പുലി. വലിപ്പത്തിലും ആക്രമണക്കരുത്തിലും പിറകിലാണെങ്കിലും ഓട്ടത്തിൽ ഒന്നൊന്നര പുലി തന്നെയാണ്. കരയിലെ ഏറ്റവും വേഗത്തിൽ ഓടുന്ന മൃഗം ഇതാണ്. മൂന്നു സെക്കന്റ് കൊണ്ട് 90 കിലോ മീറ്റർ/മണിക്കൂർ വേഗത കൈവരിക്കാനിവർക്ക് പറ്റും. 'ചീറ്റപ്പുലി' എന്ന പേര് കേൾക്കുമ്പോൾ, ചീറുന്ന- ചീറ്റുന്ന പുലിയായതിനാൽ അങ്ങിനെ വിളിക്കുന്നതാവും എന്നും കരുതിപ്പോവും. ഈറ്റപ്പുലി എന്ന പ്രയോഗത്തിലെ പുലി, 'ഈറ്റ്' അല്ലെങ്കിൽ പ്രസവം കഴിഞ്ഞ ഉടനെയുള്ള പുലി ആണല്ലോ. അരികിൽ ആരെങ്കിലും എത്തിയാൽ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തീവ്രമായി ആക്രമിക്കുന്ന സ്വഭാവത്തിൽനിന്നു പുലികൾക്ക് കിട്ടിയ വിശേഷണമാണത്. ചീറ്റ എന്ന പേരു വന്ന വഴി ഇതൊന്നുമല്ല. ദേഹം മുഴുവൻ മനോഹരമായ ചിത്രപുള്ളികൾ ഉള്ളതിനാൽ 'ചിത്രക' എന്ന സംസ്‌കൃതപദത്തിൽ നിന്നാണ് ചീറ്റകൾക്ക് ഈ രസികൻ പേര് കിട്ടിയത്.
പഴയകാലത്ത് സബ് സഹാറൻ പ്രദേശങ്ങൾ മുതൽ മിഡിൽ ഈസ്റ്റും കടന്ന് മദ്ധ്യേന്ത്യ വരെ നീളുന്ന വിശാല ഭൂപ്രദേശങ്ങളിൽ പതിനായിരക്കണക്കിന് ചീറ്റകൾ വിഹരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മുറിഞ്ഞ് മുറിഞ്ഞുള്ള പല ഇടങ്ങളിലെ ആവാസ വ്യവസ്ഥകളിലായി വളരെ കുറച്ചെണ്ണം മാത്രമാണ് ബാക്കിയുള്ളത്. ആഫ്രിക്കൻ സാവന്നകളിലും വരണ്ട സഹാറൻ മരുപ്രദേശങ്ങളിലെ മലകളിലും ഇറാനിലെ കുന്നുകൾ നിറഞ്ഞ മരുപ്രദേശങ്ങളിലും മാത്രമാണ് ഇവർ ഇന്ന് ബാക്കിയുള്ളത്. 2016-ലെ കണക്ക് പ്രകാരം 7100 ചീറ്റകൾ മാത്രമേ സ്വാഭാവികപ്രകൃതിയിൽ ഇനിയുള്ളു. കുറച്ചെണ്ണം മൃഗശാലകളിലും സ്വകാര്യ ശേഖരങ്ങളിലും ഉണ്ടാകും. Acinonyx jubatus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചീറ്റകളുടെ നാല് സബ് സ്പീഷിസുകളാണ് ഉള്ളത്. Asiatic cheetah എന്ന് വിളിക്കുന്ന Acinonyx jubatus venaticus ആണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. അതിപ്പോൾ ഇറാനിൽ മാത്രമേ ബാക്കിയുള്ളൂ. 2022-ലെ കണക്ക് പ്രകാരം ഇറാനിൽ ഒൻപത് ആണും മൂന്നു പെണ്ണും ഉൾപ്പെടെ ആകെ 12 ഏണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തെക്ക്കിഴക്കൻ ആഫ്രിക്കൻ ചീറ്റ (Acinonyx jubatus jubatus), വടക്ക് കിഴക്കൻ ആഫ്രിക്കൻ ചീറ്റ (Acinonyx jubatus soemmeringii), വടക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ ചീറ്റ (Acinonyx jubatus hecki) എന്നിവയാണ് ആഫ്രിക്കയിലുള്ള മൂന്ന് സബ് സ്പീഷിസുകൾ.
കടുവകളേയും സിംഹങ്ങളേയും പോലെ കനത്ത ശരീരമുള്ളവരല്ലാത്തതിനാൽ ആളൊരു പുലിയാണെങ്കിലും മനുഷ്യർക്ക് പണ്ടേ ചീറ്റയെ അത്ര പേടിയില്ല. മിന്നൽവേഗത്തിൽ ഓടുന്നതിനാൽ പണ്ട് മുതലേ വേട്ടപ്പട്ടികൾക്ക് പകരം മെരുക്കി പരിശീലിപ്പിച്ച ചീറ്റകളെ നായാട്ടിന് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. വേട്ടയ്ക്കും ആഘോഷ മത്സരങ്ങൾക്കുമായി നാട്ടുരാജാക്കന്മാർ മുതൽ ചക്രവർത്തിമാർ വരെ ചീറ്റകളെ പിടികൂടി വളർത്തിയിരുന്നു. അക്ബർ ചക്രവർത്തി തന്റെ ഭരണകാലത്ത് 9000 ചീറ്റകളെ ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ഒരേ സമയം ആയിരം ചീറ്റകൾ വരെ അക്ബറിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നു. ചീറ്റകൾ ഇന്ത്യയിൽ കുലംകുത്തിപ്പോകാൻ കാരണങ്ങളിൽ ഒന്ന് ഇത്തരത്തിൽ വേട്ടസഹായിയാക്കാൻ പിടി കൂടിയതും കൂടി ആണ്. അതുകൂടാതെ ചീറ്റകളെ വേട്ടയാടുക എന്നത് ആ കാലത്തെ പ്രമുഖരുടെ ഇഷ്ടവിനോദമായിരുന്നു. ചില വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി അണിഞ്ഞ് ഉപയോഗിക്കാനായി ഇവയുടെ തോലിനുവേണ്ടിയും വേട്ടകൾ നടന്നിട്ടുണ്ട്.
പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ കൊരിയ എന്ന നാട്ടുരാജ്യത്തിന്റെ നാട്ടുരാജാവായിരുന്ന രാമാനുജ് പ്രതാപ് സിങ് ആണ് ഇന്ത്യയിൽ ബാക്കിയുണ്ടായിരുന്ന അവസാനത്തെ മൂന്ന് ചീറ്റകളേയും 1947-ൽ വെടിവെച്ച് കൊന്നത്. എട്ടാം വയസിൽ മഹാരാജാവായ അദ്ദേഹം നാല്പത്തിയാറ് വയസാകുമ്പോഴേക്കും 1306 കടുവകളെ വെടിവെച്ച് കൊന്ന റെക്കോർഡ് നേടിയ വേട്ടക്കാരൻ കൂടിയാണ്. ഇദ്ദേഹം കൊന്ന ചീറ്റകളോടൊപ്പമുള്ള ചിത്രം ബോംബേ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ പ്രിസിദ്ധീകരണത്തിനായി രാജാവിന്റെ സെക്രട്ടറി അയച്ച് കൊടുത്തിരുന്നു. രാത്രി ഈ മൂന്ന് ആൺ ചീറ്റകളും ഒന്നിച്ച് ഇരിക്കുന്നത് കണ്ടെന്നും ഒന്നാം വെടിയിൽ ഒന്ന് ചത്തെന്നും രണ്ടാം വെടിയിൽ അടുത്തടുത്ത് ചേർന്ന് നിന്ന രണ്ടെണ്ണത്തിലും കൊണ്ട് അവയും ചത്തെന്നും ആണ് എഴുതിയിരിക്കുന്നത്. ആദ്യ വെടി പൊട്ടീട്ടും മറ്റേ രണ്ടെണ്ണവും ഓടിയില്ലേ എന്നൊന്നും കഥയിൽ ചോദ്യമില്ല. എന്തായാലും പിന്നീട് ചീറ്റയെ ആരും ജീവനോടെ കണ്ടിട്ടില്ല. കിണറ്റിൽ വീണു ചത്ത ഒരു ചീറ്റയുടെ മൃതദേഹം ഹൈദരബാദിൽ നിന്ന് 1952-ൽ കിട്ടിയതാണ് അവസാനത്തെ സൈറ്റിങ്. അദ്ദേഹം അന്ന് വെടിവെച്ച് കൊന്നില്ലായിരുന്നെങ്കിലും ഇന്ത്യയിൽ ചീറ്റകളുടെ കുലം മുടിയാറായിരുന്നു എന്ന് സാരം.

വംശനാശത്തിന്റെ വക്കിലെത്തിയ ഏഷ്യൻ ചീറ്റകളെ സംരക്ഷിക്കാനുള്ള പദ്ധതികൾ 1980 മുതലേ ഇന്ത്യ ശ്രമം ആരംഭിച്ചിരുന്നു. ഇറാനിൽ അന്ന് ധാരാളം ചീറ്റകൾ ഉണ്ടായിരുന്നു. നമുക്ക് കുറച്ച് ചീറ്റകൾ തരുന്നതിന് പകരമായി ഗുജറാത്തിലെ ഗിർ വനത്തിലെ ഏഷ്യാറ്റിക് സിംഹങ്ങളെ ആണ് പകരമായി ആവശ്യപ്പെട്ടത്. അതിന് നമുക്കും സമ്മതമല്ലായിരുന്നു. ആ ചർച്ചകൾ മുന്നോട്ട് പോയില്ല. പിന്നീട് ചീറ്റകളുടെ ബീജകോശങ്ങൾ കിട്ടിയാൽ ക്ലോണിങ്ങ് വഴി, നമ്മുടെ പുള്ളിപ്പുലികളിലെ പെണ്ണിനെ സരോഗേറ്റീവ് മദറാക്കി കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതി മുന്നോട്ട് വെച്ചു. അതും ഇറാൻ നിരാകരിച്ചു . വർഷങ്ങൾ കൊണ്ട് ഇറാനിലെ രാഷ്ട്രീയത്തിലും ഭരണത്തിലും വന്ന മാറ്റങ്ങളും ഗുരുതര ആഭ്യന്തര പ്രശനങ്ങളും മൂലം ചീറ്റ സംരക്ഷണപ്രവർത്തനങ്ങളിൽ ഒട്ടും ശ്രദ്ധ കൊടുക്കാൻ അവർക്കായില്ല. ഇപ്പോൾ വളരെ ഗുരുതരമായ രീതിയിൽ ഇവയുടെ ഏണ്ണം കുറഞ്ഞപ്പോഴാണ് ചീറ്റ സംരക്ഷണ ശ്രമങ്ങളിൽ ഇന്ത്യയും കാര്യമായി ഇടപെടാൻ തുടങ്ങിയത്. ഏഷ്യാറ്റിക് ചീറ്റകളും ആഫ്രിക്കൻ ചീറ്റകളും തമ്മിൽ ജനിതകപരമായ വലിയ അകൽച്ചയില്ലെന്നും അതിനാൽ ഏഷ്യാറ്റിക് ചീറ്റകൾക്ക് പകരമായി ഇന്ത്യയിൽ ആഫ്രിക്കൻ ചീറ്റകളെ വളർത്താനാകുമെന്നും ഒരു നിർദേശം വന്നു. അതിന്റെ ഭാഗമായി 2022-ൽ ആദ്യം എട്ട് ചീറ്റകളെ ഇന്ത്യയിൽ കൊണ്ടുവന്നു. മദ്ധ്യ പ്രദേശിലെ കുനോ വൈൽഡ് ലൈഫ് സാങ്ക്ചറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവയെ തുറന്നുവിട്ടു.

ഏറ്റവും കുറവ് ജനിറ്റിക് വേരിയേഷൻ ഉള്ള മാർജ്ജാരവംശ ജീവികളാണ് ചീറ്റകൾ. നമ്മുടെ രക്തബന്ധുക്കളുടെ തൊലിപോലും എടുത്ത് ഗ്രാഫ്റ്റ് ചെയ്താൽ പലപ്പോഴും നമുക്ക് അത് ചേരില്ല. എന്നാൽ ഏത് ചീറ്റയുടേയും തൊലിയും വേറൊന്നിൽ എടുത്ത് തുന്നിപ്പിടിപ്പിച്ചാലും അത് ചേരും. അത്രമാത്രം ജനിതകസാമ്യം ഉണ്ട് ചീറ്റകൾ തമ്മിൽ. ഇത് തന്നെയാണ് അവരുടെ കുലം മുടിക്കുന്നതും. ജനിതക വൈവിദ്ധ്യക്കുറവ് പെട്ടന്ന് ഇവരെ രോഗങ്ങൾക്ക് അടിപ്പെടുത്താം. കാലവസ്ഥ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാൻ വിഷമം നേരിടാം. വംശനാശത്തിന്റെ വക്കിലെത്തിയ രണ്ട് ബോട്ടിൽ നെക്ക് അവസ്ഥകളിലൂടെ ചീറ്റകൾ കടന്നുപോയിട്ടുണ്ടെന്ന് ഇവയുടെ ജനിതക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു ലക്ഷം വർഷം മുമ്പും പിന്നീട് പന്ത്രണ്ടായിരം വർഷം മുമ്പും ആയിരുന്നു ആ പ്രതിസന്ധികാലം. മനുഷ്യരുടെ ഇടപെടൽ കൊണ്ടല്ല, ഇവയുടെ ജനിതക പ്രത്യേകതകളായിരുന്നു ആ പ്രതിഭാസത്തിന് കാരണമായത്.
എന്തായാലും ഇന്ത്യയിൽ കൊണ്ടുവന്നത് ഇറാനിൽ ആകെ ബാക്കിയുള്ള (ഭൂമിയിൽ ഇനി അവിടെ മാത്രമാണല്ലോ ഉള്ളത് )12 ഏഷ്യാറ്റിക് ചീറ്റകളല്ലാത്തത് ഭാഗ്യം. ഇതുവരെയായി ഇരുപതെണ്ണത്തെ കൊണ്ടുവന്നെങ്കിലും ഒമ്പതെണ്ണം ഇപ്പോൾ തന്നെ ചത്തുകഴിഞ്ഞു. ഇന്ത്യയിലുണ്ടായിരുന്ന Acinonyx jubatus venaticus ചീറ്റകൾക്ക് പകരം ആഫ്രിക്കയിലെ Acinonyx jubatus jubatus സബ് സ്പീഷിസുകളെയാണ് കുനോവിലേക്ക് കൊണ്ടുവന്നത്. അതായത് വേറൊരു ഭൂഖണ്ഡത്തിലെ ജീവിയെ ഇവിടേക്ക് കൊണ്ടുവന്ന് സംരക്ഷിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നു പല വിദഗ്ദരും ചോദിക്കുന്നുണ്ട്. അതിനിടയിൽ കോടതി കുനോ വൈൽഡ് ലൈഫ് സാങ്ക്ച്വറിക്ക് പകരം വേറെ കാട് നോക്കിക്കൂടെ എന്ന അഭിപ്രായവും പ്രകടിപ്പിച്ചിരുന്നു.
അതിവേഗത്തിൽ ഓടാൻ കഴിയുമെങ്കിലും അധികസമയം ഈ വേഗത തുടരാൻ ഇവർക്ക് കഴിയില്ല. ശരം പോലെ ഓടുന്നതിനിടയിൽ വേഗത കുറക്കാതെയും ബാലൻസ് തെറ്റാതെയും വീണുപോകാതെയും പെട്ടെന്ന് വെട്ടിത്തിരിയാനും ദിശ മാറ്റാനും ചീറ്റകൾക്ക് കഴിയും. കണങ്കാലിലെ അസ്ഥികളുടെ പ്രത്യേകതയും നട്ടെല്ലിന്റെ വഴക്കവും ഒക്കെയാണ് ഇവരെ അതിന് സഹായിക്കുന്നത്. എയറോ ഡൈനാമിക്കായ ശരീരം കൂടാതെ കൂടുതൽ ഊർജ്ജത്തിനായി കൂടുതൽ ഓക്‌സിജൻ എത്തിക്കാൻ വിടർന്ന നാസ ദ്വാരങ്ങളും ശ്വാസക്കുഴലുകളും ഉണ്ട്. കൂടാതെ രക്തത്തിന്റെ ഒഴുക്ക് സഹായിക്കാനായി അവശ്യഘട്ടങ്ങളിൽ കട്ടിക്കുറവുവരുത്താനുള്ള കഴിവും പ്രധാന അനുകൂലനം ആണ്. 200- 300 മീറ്റർ ദൂരത്തേക്ക് മാത്രമാണ് ശരവേഗത നിലനിർത്താൻ ഇവർക്ക് സാധിക്കുക. അപ്പോഴേക്കും ശ്വസനനിരക്ക് മിനിറ്റിൽ അറുപത് എന്നത് നൂറ്റിയൻപതിലേക്ക് ഉയരും. നീണ്ട വാല് ഓട്ടത്തിൽ ദിശ നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഉൾവലിക്കാൻ കഴിയാത്ത നഖങ്ങളുള്ള കാൽപ്പാദങ്ങൾ ഓട്ടത്തിൽ സഹായിക്കുന്നുണ്ടെങ്കിലും മരങ്ങളിൽ കയറുന്നതിന് ചെറിയ തടസം ആകുന്നും. അതിനാൽതന്നെ മരം കയറ്റം അത്ര സാധാരണമല്ല. കയറിയാലും ദൂരക്കഴ്ചകൾ കണ്ട് താഴെയിറങ്ങും.

ചീറ്റയേയും ലെപ്പേർഡ് എന്നു വിളിക്കുന്ന പുള്ളിപ്പുലിയേയും തമ്മിൽ കാഴ്ചയിൽ പെട്ടെന്ന് മാറിപ്പോകും. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ രണ്ട് പേരുടെയും പുള്ളികൾ വ്യത്യാസമുള്ളതാണെന്നു കാണാം. ചീറ്റകളുടെ നീളമുള്ള കാലുകൾ ഇവയ്ക്ക് കൂടുതൽ ഉയരം നൽകുന്നുണ്ട്. ചീറ്റയുടെ പുള്ളികൾ വട്ടക്കറുപ്പ് പൊട്ടുകളാണെങ്കിൽ പുള്ളിപ്പുലികളുടേത് റോസാപ്പൂ ദലങ്ങൾ അടുപ്പിച്ച് വെച്ചപോലെ ആണ്. താടിയിലും തൊണ്ടയിലും കാലുകളുടെ ഉൾഭാഗത്തും പുള്ളികളില്ലാതെ വെളുപ്പ് നിറമാണുണ്ടാകുക. ശരീരത്തിന്റെ ബാക്കി ഭാഗം മുഴുവനുമായി രണ്ടായിരത്തിനടുത്ത് കറുത്ത പൊട്ടുകൾ ഉണ്ടാവും. ഓരോ ചീറ്റയുടേയും ദേഹത്തെ കുത്തുകൾ ഒരേ പോലെയല്ല. അവയെ തിരിച്ചറിയാൻ ഈ കുത്തുകൾ സഹായിക്കും. കൂടാതെ അഗ്രം വെളുത്ത ചീറ്റയുടെ വാലിന്റെ പിൻഭാഗത്തേക്ക് വരുമ്പോൾ കുത്തുകൾക്ക് പകരം കറുത്ത ചുറ്റുകളാണ് ഉണ്ടാകുക. മുഖത്ത് നോക്കിയാൽ ഇവരെ വേഗം തിരിച്ചറിയാം. കണ്ണീർചാൽ പോലെ കണ്ണിന്റെ ഉൾഭാഗത്തുനിന്ന് തുടങ്ങി വായയുടെ പുറംഭാഗത്തേക്ക് നീളുന്ന കറുത്ത പാടുകൾ രണ്ടു ഭാഗത്തും ഉണ്ടാകും. ഈ പാടുകളാണ് ഇവരെ പകൽ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശത്തിലും ഗ്ലെയറുകൾ തടഞ്ഞ് വ്യക്തമായ കാഴ്ച സാദ്ധ്യമാക്കുന്നത്. ഈ അനുകൂല ഘടകമാണ് മരുഭൂമികളിൽ ഇവരെ പകൽ ഇരതേടാൻ സഹായിക്കുന്നത്. സിംഹം, കടുവ, പുലികളിൽനിന്നു വ്യത്യസ്തമായി ഇവർ ഒരുവിധം പൂർണ്ണമായും പകൽ വേട്ടക്കാരാണ്. രാത്രി ഇറങ്ങിയാൽ വലിയ പുലികളും സിംഹങ്ങളും ഇവരെ തിന്നുകളയും എന്ന പ്രശ്‌നവും ഉണ്ട്. ദേഹത്തെ പുള്ളികൾ ഇരകളും ഇരപിടിയന്മാരും കാണാതെ മറഞ്ഞിരിക്കാൻ ഇവർക്ക് വലിയ സഹായം ചെയ്യുന്നുണ്ട്.

ചീറ്റകൾ ശരിയായ അർത്ഥത്തിലുള്ള സാമൂഹിക ജീവികളല്ല. പെൺ ചീറ്റകൾ ഏകാന്ത ജീവികളാണ്. വളർച്ച പൂർത്തിയാകും വരെ മക്കൾ ഉള്ളപ്പോൾ അവരെ കൂടെ കൂട്ടും എന്നു മാത്രം. കുട്ടികളെ വളർത്തുന്നതും സംരക്ഷിക്കുന്നതും ഒക്കെ പെൺ ചീറ്റ മാത്രമായാണ്. ആൺ കൂടപ്പിറപ്പുകളും മറ്റ് ആൺചീറ്റകളും ചെറുകൂട്ടമായി കഴിയും. ഇണചേരലിന് പ്രത്യേക കാലമൊന്നുമില്ല. വർഷത്തിൽ ഏത് കാലത്തും ഇവ ഇണചേരും. ഡോമിനന്റ് ആയ ഒരു ആൺചീറ്റ തന്നെ പല പെൺചീറ്റകളുമായി ഇണ ചേരും. അതോടെ ബന്ധം വിടും. മൂന്നു മാസം നീളുന്നതാണ് ഗർഭകാലം. പ്രസവത്തിൽ മൂന്നു നാല് കുഞ്ഞുങ്ങൾ ഉണ്ടാകും. ഏറ്റവും കൂടുതൽ അതിജീവന ഭീഷണികൾ നേരിടുന്നവരാണ് ചീറ്റക്കുട്ടികൾ. പിറന്ന കുഞ്ഞുങ്ങൾ മുഴുവനും ബാക്കിവരാനുള്ള സാദ്ധ്യത വളരെ കുറവാണ് . ഭൂരിഭാഗവും മറ്റ് ഇരപിടിയന്മാരുടെ വായിൽ പോകും. വലിയ മാർജ്ജാരന്മാർ മാത്രമല്ല കഴുതപ്പുലി, കുറുക്കൻ, കഴുകൻ തുടങ്ങിയവരൊക്കെ കുഞ്ഞുങ്ങളെ നോട്ടമിടും. അതിനാൽ തന്നെ അമ്മച്ചീറ്റ കുഞ്ഞുങ്ങളെ ഇടക്കിടെ സ്ഥലം മാറ്റി ഒളിച്ചുവെച്ച് കൊണ്ടിരിക്കും. മുതിർന്ന ചീറ്റകളുടെ ദേഹത്തെ പുള്ളികൾ തീരെ ചെറിയ കുട്ടികളിൽ കാണില്ല. മുഷിഞ്ഞ ചാരനിറമുള്ള രോമങ്ങളാണ് മുകളിൽ ഉണ്ടാവുക. അതിനാൽ മറഞ്ഞിരിക്കാൻ അത് സഹായിക്കും. എന്തായാലും ഏഷ്യാറ്റിക് ചീറ്റകൾ വംശ നാശത്തിന്റെ വക്കിൽ തന്നെയാണിപ്പോഴുള്ളത്.
Content Highlights: Bandhukkal mithrangal,all about Cheetah,kuno,Vijayakumar blathur,environment,mathrubhumi
Published: 03 Aug 2023, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented