പ്രതീകാത്മക ചിത്രം | Photo: Gettyimage
മനുഷ്യര്‍ക്ക് വഴി തെറ്റും; മുന്‍പരിചയമില്ലാത്ത കാട്ടിലോ മേട്ടിലോ ചെന്നുപെട്ടാല്‍! ദേശാടനപ്പക്ഷികള്‍ക്ക് പൊതുവേ വഴി തെറ്റാറില്ല! ഏതാനും ഗ്രാം മാത്രം ശരീരഭാരമുള്ള 'ചൈനീസ് മൈന' ( വൈറ്റ് ഷോള്‍ഡേഡ് സ്റ്റാര്‍ലിങ്ങ്), മുൻപരിചയം തീരെയില്ലാതെ കിഴക്കന്‍ ചൈനയില്‍നിന്നു പുറപ്പെട്ട് വെള്ളായണി പുഞ്ചക്കരി പാടത്ത് കൃത്യമായി എത്തുന്നതിലെ വിസ്മയം ചെറുതല്ല! എന്താവും അവരുടെ പറക്കലിന്റെ അടിസ്ഥാനം? ദേശാടനപ്പക്ഷിയുടെ കണക്കുകൂട്ടലുകള്‍ കിടക്കുന്നതെവിടെയാണ്? റഷ്യന്‍ ശാസ്ത്രജ്ഞര്‍ ദേശാടനപ്പക്ഷിയുടെ മുട്ട കൃത്രിമമായി വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തി. വലുതായപ്പോള്‍ പറക്കാന്‍ വിട്ടു. അപ്പോഴും അവ തണുപ്പുകാലത്ത് കൃത്യമായി റഷ്യയില്‍നിന്നു ബംഗ്ലാദേശില്‍ പോയി തിരികെ വന്നു! അന്വേഷണം എത്തിച്ചേർന്നത് ദേശാടനപ്പക്ഷികളുടെ ജനിതകത്തില്‍.
ഇന്ന്, പക്ഷികളെക്കുറിച്ച് പഠിക്കാനും അവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും ആളുകളില്‍ വന്‍താല്‍പ്പര്യമുണ്ട്. ഗ്ലോബല്‍ ജൈവവൈവിധ്യ സംരംഭം 'ഇബേര്‍ഡില്‍' വര്‍ഷം 20 കോടി പക്ഷികളാണ് ലോകമെങ്ങുമുള്ള പക്ഷിനിരീക്ഷകരാല്‍ രേഖപ്പെടുത്തപ്പെട്ടത്! അതേസമയം, പക്ഷികളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തിക്കൊണ്ടിരിക്കയാണ് ശാസ്ത്രലോകം. കാലാവസ്ഥാമാറ്റങ്ങളില്‍നിന്നു ഭൂമിയെ സംരക്ഷിക്കാനുള്ള പ്രയത്‌നങ്ങളുടെ ഭാഗമാണ് ഈ പരിശ്രമങ്ങള്‍. പക്ഷികളെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഡോപ്‌ളര്‍ റഡാര്‍ സൈറ്റുകളുടെ സംവിധാനമായ nexrad ഇന്ന് ശാസ്ത്രജ്ഞരുടെ പ്രിയ ഉപാധിയാണ്. സാറ്റലൈറ്റ് ടെലിമെറ്ററി പഠനത്തിലും പുതിയ സാങ്കേതികവിദ്യകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു.
.jpg?$p=1963ebf&&q=0.8)
' ബേഡ്ഫ്‌ളോ' എന്ന പേരില്‍, ഓരോ ദേശാടനപ്പക്ഷിയുടേയും നീക്കവും ലൊക്കേഷനുകളും കൃത്യമായി പ്രവചിക്കുന്ന ഒരു മോഡല്‍ സോഫ്റ്റ്‌വെയര്‍, മസാച്ചുസെറ്റ്‌സ് ആംഹെസ്റ്റ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ ഉണ്ടാക്കിക്കഴിഞ്ഞു! മെഷീന്‍ ലേണിങ്ങാണ് പ്രസ്തുത കംപ്യൂട്ടര്‍ മോഡലിന്റെ ബേസ്. ഇബേര്‍ഡില്‍നിന്നും സാറ്റലൈറ്റ് ട്രാക്കിങ്ങില്‍നിന്നും ആഴ്ച തോറും ലഭിക്കുന്ന ഡാറ്റയാണ് 'ബേഡ്ഫ്‌ളോ' മോഡലിലൂടെ പരിശോധിക്കുക. ഡാറ്റ ഉപയോഗിച്ചുള്ള പരിശോധന ആയതിനാല്‍ത്തന്നെ പക്ഷികളെ പിടി കൂടേണ്ടതില്ല, കാലില്‍ ചിപ്പ് പിടിപ്പിക്കേണ്ടതുമില്ല എന്നീ മെച്ചങ്ങളുമുണ്ട് !
തൂക്കം 3-4 ഗ്രാം,പറന്നത് 600 മൈല്‍
20 ശതമാനം പക്ഷി സ്പീഷിസുകളും ദേശാടനം നടത്തുന്നു. തണുപ്പ് രാജ്യങ്ങളില്‍നിന്നു തണുപ്പ് കുറഞ്ഞ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും രണ്ടു തവണ. അപകടങ്ങള്‍ നിറഞ്ഞതാണ് ഈ യാത്രകള്‍. ദീര്‍ഘവും തളര്‍ത്തുന്നതുമാണ്. സുഖകരമായ ഉറക്കമില്ല; എങ്കിലും പറക്കലിന്നിടയില്‍ സെക്കന്റുകള്‍ ഒന്ന് കണ്ണടച്ചേക്കും! വഴിയില്‍ അക്രമിക്കപ്പെട്ടേക്കാം. കാലാവസ്ഥാക്ഷോഭങ്ങളില്‍ ജീവന്‍ നഷ്ടമായേക്കാം. ചെന്നെത്തുന്ന നാടു സുരക്ഷിതമാവുമെന്ന് ഉറപ്പില്ല. അപ്പോഴേക്കും പുല്‍മേടുകള്‍ കത്തിപ്പോയിരിക്കാം. പുഴകളില്‍ വെള്ളം കുറഞ്ഞിരിക്കാം. വേട്ടക്കാര്‍, മനുഷ്യരോ മറ്റു ജീവികളോ, കാത്തുനില്‍പ്പുണ്ടാവാം.
ഏറ്റവും കൂടുതല്‍ ദൂരം നിര്‍ത്താതെ പറന്ന് ദേശാടനം നടത്തിയത് 'ബാര്‍ ടെയില്‍ഡ് ഗോഡ്വിറ്റ്' എന്ന ഒരു കൊച്ചുപക്ഷിയാണ്. ''സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ച് പറത്തിവിട്ട 'ബാര്‍ ടെയില്‍ഡ് ഗോഡ്വിറ്റ്' അമേരിക്കയിലെ അലാസ്‌കയില്‍നിന്നു ഓസ്‌ട്രേലിയയിലെ ടാസ്മാനിയ വരെ 13,560 കിലോ മീറ്റര്‍ ദൂരമാണ് ഒരിടത്തും ഇറങ്ങാതെ സഞ്ചരിച്ചത്. 2022 ഒക്ടോബര്‍ 13-ന് തുടങ്ങിയ ആ ഐതിഹാസികയാത്ര പതിനൊന്ന് ദിവസവും ഒരു മണിക്കൂറും നീണ്ടു.''- ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വെബ്‌സൈറ്റ് പറയുന്നു. വന്‍കരകള്‍ കടന്നുള്ള പ്രയാണത്തിന് പക്ഷികള്‍ക്ക് ശരീരഭാരം തടസ്സമല്ല. 3-4 ഗ്രാം തൂക്കമുള്ള റൂബി ത്രോട്ടഡ് ഹമ്മിങ്ങ് ബേഡ് 600 മൈല്‍ ദൂരമാണ് എവിടേയും തങ്ങാതെ, 'നോണ്‍സ്‌റ്റോപ്പ് 'ദേശാടനം ചെയ്യുന്നത്! അമേരിക്കന്‍ തീരത്തുനിന്നു മെക്‌സിക്കന്‍ ഉള്‍ക്കടലിന് കുറുകെ മെക്‌സിക്കോയിലെ യുകാതാന്‍ പെനിന്‍സുല വരെ...

ദേശാടനപ്പക്ഷികള്‍ അതിരില്ലാത്ത ലോകത്തിലെ പൗരന്മാരാണ്. ഗ്‌ളോബല്‍ സിറ്റിസണ്‍സ്. അവര്‍ക്ക് ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ടും വേണ്ട! ഇന്ത്യയില്‍ ദേശാടനപ്പക്ഷികളെത്താറുള്ളത് പ്രധാനമായും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. മുപ്പതോളം രാജ്യങ്ങളില്‍നിന്നായി ഏകദേശം 370 വ്യത്യസ്ത സ്പീഷീസ് പക്ഷികള്‍ ഇന്ത്യയിലെത്തുന്നു. സെബീരിയന്‍ കൊക്കുകളും ഗ്രേറ്റര്‍ ഫ്‌ളെമിംഗോകളും ഡാമോസെല്‍ കൊറ്റികളും മറ്റനവധി സൈബീരിയന്‍ പക്ഷികളും അക്കൂട്ടത്തില്‍ പെടും. നൂറ്റന്‍പതിലധികം വ്യത്യസ്ത സ്പീഷീസുകളില്‍ പെടുന്ന ദേശാടനപ്പക്ഷികള്‍ കേരളത്തിലും എത്തുന്നുണ്ട്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും പുഴയോരങ്ങളും കടലോരങ്ങളും കാടുകളും പാടങ്ങളുമൊക്കയാണ് ആകര്‍ഷണം. യൂറോപ്യന്‍ റോളര്‍, അമുര്‍ ഫാല്‍ക്കണ്‍ എന്നീ അപൂര്‍വങ്ങളായ ദേശാടനപ്പക്ഷികളെ കേരളത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
യൂറോപ്പില്‍നിന്നുള്ള പക്ഷികള്‍ പൊതുവെ ഇന്ത്യയിലേക്ക് വരാറില്ലെന്നാണ് പക്ഷിനിരീക്ഷകനും സംരക്ഷകനുമായ സുജന്‍ ചാറ്റര്‍ജിയെപ്പോലുള്ളവരുടെ പക്ഷം. '' യൂറോപ്പില്‍നിന്ന് ഇന്ത്യയിലെത്തുന്നത് കുറച്ച് ദേശാടനപ്പക്ഷികള്‍ മാത്രമാണ്. പക്ഷികള്‍ എപ്പോഴും എളുപ്പമുള്ള വഴികള്‍ തിരഞ്ഞെടുക്കുന്നു. ദേശാടനത്തിന് ദൂരത്തുള്ള ഇന്ത്യയേക്കാള്‍ അവര്‍ക്ക് സ്വീകാര്യം അടുത്തുള്ള ആഫ്രിക്കയാണ്. യൂറോപ്പില്‍നിന്ന് ഇന്ത്യയിലെത്താന്‍ അവയ്ക്ക് ആറിലധികം പര്‍വ്വതനിരകള്‍ താണ്ടേണ്ടതുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നുള്ള പക്ഷികള്‍ റോക്ക് ഓഫ് ജിബ്രാള്‍ട്ടര്‍ കടന്ന് ആഫ്രിക്കയിലേക്ക് പോവുന്നു. ഇന്ത്യയില്‍ കാണുന്ന ദേശാടനപ്പക്ഷികള്‍ മിക്കവയും റഷ്യ,സൈബീരിയ, മംഗോളിയ, ചൈന,കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. ''
യൂറേഷ്യന്‍-മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ജലാശയങ്ങള്‍ തണുത്തുറയുമ്പോള്‍, നോര്‍തേണ്‍ പിന്‍ടെയില്‍, ഗഡ്‌വാള്‍, ഗാര്‍ഗണി, കര്‍ല്യു തുടങ്ങിയ പക്ഷികള്‍ കൊല്‍ക്കത്തയിലെത്തുന്നു. യൂറോപ്പില്‍ വസന്തം തുടങ്ങുമ്പോള്‍ ഇവ ഹിമാലയം കടന്ന് തിരികെപ്പോകുന്നു. കാടുകളിലെ ആനത്താരകള്‍ പോലെ പക്ഷികള്‍ക്കുമുണ്ട് ആകാശത്തില്‍ സ്ഥിരപാതകള്‍! ബേഡ് ഫ്‌ളൈവേയ്‌സ്. ഈ സ്ഥിരപാതയിലൂടെ പക്ഷികള്‍ കൂട്ടം ചേര്‍ന്ന് ദേശാടനത്തിനിറങ്ങുന്നു. ഒരു ആകാശത്താരയിലൂടെ മണിക്കൂറില്‍ 9,000 പക്ഷികള്‍ വരെ സഞ്ചരിക്കുന്നതായി റഡാറില്‍ പതിഞ്ഞിട്ടുണ്ടത്രെ!

എപ്പോള്‍, എവിടേക്ക്, ഏത് വഴി ?
എപ്പോഴാണ്, എവിടേക്കാണ് പോവേണ്ടതെന്ന കാര്യങ്ങള്‍ പക്ഷികള്‍ എങ്ങനെയാവും മനസ്സിലാക്കുന്നത്? യാത്രക്കായി അവര്‍ക്ക് പ്രത്യേകം തയ്യാറെടുപ്പുകളുണ്ടോ? പക്ഷികളില്‍ ഒരു തരം ആന്തരിക ഘടികാരം (ബയോളജിക്കല്‍ ക്‌ളോക്ക്) ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. ദേശാടനത്തിനുള്ള സമയമാകുമ്പോള്‍, കൂട്ടിലിട്ട പക്ഷികള്‍ പോലും അസ്വസ്ഥത പ്രകടിപ്പിക്കുമത്രെ! ദീര്‍ഘയാത്രയ്ക്ക് തൊട്ടുമുന്‍പ് ശാരീരികമായ ചില ഒരുക്കങ്ങള്‍ പക്ഷികളില്‍ സംഭവിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് തത്കാലം അധികം ചെലവഴിക്കില്ല. ചില ആന്തരികാവയവങ്ങള്‍ക്കും ഇക്കാലമാവുമ്പോള്‍ മാറ്റം സംഭവിക്കുന്നുണ്ടത്രെ. പറക്കാനുപയോഗിക്കുന്ന മസിലുകള്‍ക്കും ഹൃദയത്തിനും വലുപ്പം കൂടും. കരളും വയറും ആമാശയവും ചുരുങ്ങും. അതേസമയം, യാത്രയ്ക്കിടയില്‍ ഇടത്താവളമുണ്ടെങ്കില്‍ ഈ അവയവങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും. ശരീരം രണ്ട് അവസ്ഥകളിലേക്കും ഫലപ്രദമായി മാറിക്കൊണ്ടിരിക്കും.
ഈയടുത്ത്, യൂറേഷ്യയില്‍നിന്നുള്ള 'യുറേഷ്യന്‍ ഓയിസ്റ്റര്‍ കാച്ചര്‍' എന്ന പക്ഷിയെ ബംഗാളിലെ സുന്ദര്‍ബന്‍സില്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. അതുപോലെ, കൊല്‍ക്കത്തയ്ക്കടുത്ത് ഹൂഗ്‌ളിയില്‍ കണ്ട പരുന്ത് ഗണത്തില്‍ പെട്ട ' ഹെന്‍ഹാരിയര്‍' എന്ന പക്ഷി! വടക്കന്‍ യൂറോപ്പിലേയും റഷ്യ, സൈബീരിയ, മംഗോളിയ രാജ്യങ്ങളിലേയും പുല്‍മേടുകളാണ് ഹെന്‍ഹാരിയറിന്റെ താവളങ്ങള്‍. അതുവരെ ചെന്നെത്തിയിട്ടില്ലാത്ത ഒരു ഭൂവിഭാഗത്തില്‍ എങ്ങനെയാണവ ചേക്കേറുന്നത്! പറക്കുന്നതിന്നിടയില്‍ തങ്ങള്‍ എവിടെയെത്തിയെന്ന് എങ്ങനെ തിരിച്ചറിയുന്നു? ചെന്നെത്തിയ പ്രദേശം സൗഹൃദപരമല്ലെങ്കില്‍ അടുത്ത മെച്ചപ്പെട്ട നാട്ടിലേക്ക് മാറിപ്പോവുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷ്യത്തിലെത്താനും ലൊക്കേഷന്‍ മനസ്സിലാക്കാനും വഴി തെറ്റിയാല്‍ ശരിയായ വഴി തിരിച്ചുപിടിക്കാനുമുള്ള പക്ഷികളുടെ കഴിവ്, വടക്കേ അമേരിക്കയിലെ വൈറ്റ് ക്രൗണ്‍ഡ് സ്പാറോസിനെ നീരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാഭേദങ്ങള്‍ പക്ഷികളെ വഴി മാറ്റിക്കാം. എന്നാല്‍, നല്ല കാലാവസ്ഥയിലും ചിലപ്പോള്‍ പക്ഷികള്‍ സ്ഥിരപാത തെറ്റിപ്പറക്കാറുണ്ട്. വാഗ്രാന്‍സി എന്നാണ് ഈ പ്രതിഭാസത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. പക്ഷികള്‍ക്ക് അവയുടെ കണ്ണുകളിലുള്ള മാഗ്നെറ്റോ റിസെപ്‌റ്റേഴ്‌സ് ഉപയോഗിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലെ മാറ്റങ്ങള്‍ അറിയാനാകുമെന്ന് വര്‍ഷങ്ങള്‍ നീണ്ട ലാബ് റിസര്‍ച്ച് ഡാറ്റ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വരുന്ന മാറ്റങ്ങള്‍ പക്ഷികളെ വഴി മാറ്റാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള പുതിയ ഗവേഷണപ്രബന്ധവും അനുമാനിക്കുന്നു.
''പരിചയമുള്ള ഭൂവിഭാഗങ്ങളില്‍ ഭൂമിശാസ്ത്രവും, അറിയാത്ത മേഖലകളില്‍ ജിയോമാഗ്നെറ്റിസവുമാവാം പക്ഷികള്‍ സഞ്ചാരത്തിന് ആശ്രയിക്കുന്നത്.'' പ്രബന്ധത്തിന്റെ ഓതര്‍ മോര്‍ഗന്‍ടെിംഗ്‌ളെ പറയുന്നു. ഭൂമിയുടെ കാന്തികമണ്ഡലം, കടല്‍ത്തീരം പോലുള്ള സുപ്രധാന അടയാളങ്ങള്‍, സൂര്യന്റെ സ്ഥാനം, രാത്രിയാണെങ്കില്‍ നക്ഷത്രങ്ങളുടെ സ്ഥാനം. പ്രകൃതിയെ ആശ്രയിച്ചാണ് പക്ഷികളുടെ സഞ്ചാരം. ശബ്ദം, മര്‍ദ്ദം, ധ്രുവദീപ്തി, ഗന്ധം എന്നിങ്ങനെ ഇനിയും പഠിച്ചിട്ടില്ലാത്ത എത്രയോ കാര്യങ്ങള്‍ ദേശാടനപ്പറവകളുടെ യാത്രാരഹസ്യങ്ങളായി അവശേഷിക്കുന്നു.
Content Highlights: all you need to know about migratory pattern in birds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..