അറേബിയൻ ഒറക്സ് | Photo: By Charles J. Sharp - Own work, from Sharp Photography, sharpphotography, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=31333868
ജോർദാൻ, ഒമാൻ, യു.എ.ഇ., ബഹ്‌റിൻ, ഖത്തർ എന്നീ രാജ്യങ്ങളുടെയെല്ലാം ദേശീയമൃഗമാണ് അറേബ്യൻ ഒറക്‌സ്. ഇടത്തരം വലിപ്പമുള്ള ഒരു മാൻവർഗ്ഗ ജീവിയാണിത്. മുതുകിൽ ഒരു മുഴയും നീണ്ടുനിവർന്ന കൊമ്പുകളും ഇതിന്റെ സവിശേഷതയാണ്. 1800-കൾക്കു മുൻപ് ആയിരക്കണക്കിനു ഒറക്‌സുകൾ അറേബിയയിലെങ്ങും മേഞ്ഞുനടന്നിരുന്നു. മരുഭൂമിയിൽ കുന്തവും വാളും ഉപയോഗിച്ച് ഇവയെ വേട്ടയാടുക എളുപ്പമായിരുന്നില്ല. എന്നാൽ ആധുനിക വാഹനങ്ങളുടെയും ആയുധങ്ങളുടെയും വരവോടെ 1930-കളിൽ അറബി രാജകുമാരന്മാരും എണ്ണക്കമ്പനി ഗുമസ്തന്മാരും വാഹനങ്ങളും തോക്കും ഉപയോഗിച്ച് ഇവയെ വേട്ടയാടി. വേട്ടയിൽ ചില സമയങ്ങളിൽ മൂന്നൂറോളം വാഹനങ്ങൾ വരെ ഉപയോഗിച്ച അവസരങ്ങൾ ഉണ്ട്.
അറേബിയൻ ഉപഭൂഖണ്ഡ വംശജനായ ഈ ഒറക്‌സിന് 1970-കൾ ആയപ്പോഴേക്കും അതിന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലെല്ലാം വംശനാശം സംഭവിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ നീണ്ടുവളഞ്ഞ കൊമ്പുകൾ വേട്ടയാടുന്നവർക്ക് ട്രോഫികളായി കൊണ്ടുപോകാൻ പ്രിയപ്പെട്ടതായിരുന്നു. അതുകൂടാതെ കൊമ്പിന് അവിടുത്തെ നാട്ടുവൈദ്യങ്ങളിൽ ഔഷധഗുണങ്ങൾ ഉണ്ടെന്ന് കരുതിപ്പോന്നിരുന്നു. ഇറച്ചിക്കു വേണ്ടിയും ഒറക്‌സിനെ വേട്ടയാടുന്നത് ആ പ്രദേശങ്ങളിലെ ചില സംസ്കാരങ്ങളിൽ സമ്പത്തിന്റെയും പദവിയുടെയും പ്രതീകം കൂടിയായപ്പോൾ ഒറക്‌സ് വന്യതയിൽനിന്നു പൂർണ്ണമായി അപ്രത്യക്ഷമായി. ചില സ്വകാര്യ റിസർവുകളിലും മൃഗശാലകളിലും മാത്രം അവ ബാക്കിയായി.
എങ്ങനെയെങ്കിലും ഈ ജീവിക്ക് വംശനാശം വരാതെ സംരക്ഷിക്കണം എന്നത് അന്താരാഷ്ട്രതലത്തിൽത്തന്നെ ചർച്ചയായി. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യമൃഗശാലയായ ഫീനിക്സ് മൃഗശാലയും ഫോന ആന്റ് ഫ്ലോറ ഇന്റർനാഷണലും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ സാമ്പത്തികസഹായത്തോടെ 1962-ൽ ഫീനിക്സ് മൃഗശാലയിൽ ഇവയുടെ വംശവർദ്ധനയ്ക്കായി നടപടികൾ ആരംഭിച്ചു. ഒൻപതു മൃഗങ്ങളെക്കൊണ്ട് ആരംഭിച്ച ഓപ്പറേഷൻ ഒറക്‌സ് എന്ന പദ്ധതിപ്രകാരം അവിടെ വിജയകരമായി 240 പ്രസവങ്ങൾ നടന്നു. അവിടെനിന്നു മൃഗങ്ങളെ മറ്റു മൃഗശാലകളിലേക്കും പാർക്കുകളിലേക്കും കൊണ്ടുപോയി. 1968 -ൽ അറേബിയയിലെ സുൽത്താൻ ഇത്തരം മൃഗങ്ങളെ, പ്രത്യേകമായി അറേബ്യൻ ഒറക്‌സിനെ, സംരക്ഷിക്കാനായി അൽ ഐനിൽ മൃഗശാല ഉണ്ടാക്കി.
1980 ആയപ്പോഴേക്കും തിരികെ വന്യതയിലേക്ക് വിടാൻ മാത്രം ഇവയുടെ എണ്ണം വർദ്ധിച്ചു. സാൻ ഡീയേഗോ വൈൽഡ് ആനിമൽ പാർക്കിൽനിന്നും എത്തിച്ച മൃഗങ്ങളെ ഒമാനിലാണ് ആദ്യമായി പുറത്തുവിട്ടത്. ഇപ്പോൾ പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഇവയെ കാണാം, അറേബ്യൻ ഒറക്‌സിന്റെ ഏറ്റവും വലിയ കൂട്ടം, ഏതാണ്ട് രണ്ടായിരത്തോളം എണ്ണം സൗദി അറേബിയയിലെ മഹാസാറ്റ് അസ്-സൈദ് സംരക്ഷിതമേഖലയിൽ ആണ്. മുഴുവൻ വേലികെട്ടിത്തിരിച്ച് സംരക്ഷിതമാക്കിയ ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം തിരുവനന്തപുരം ജില്ലയുടെ വലിപ്പത്തോളം വരും.
2011 ആയപ്പോഴേക്കും 1200 എണ്ണത്തോളം അറേബ്യൻ ഒറക്‌സ് അവയുടെ സ്വാഭാവിക സ്ഥലങ്ങളിൽ നിറഞ്ഞു. കൂടാതെ മറ്റു സംരക്ഷിത പ്രദേശങ്ങളിൽ ആറായിരത്തിനു മുകളിൽ എണ്ണവും ആയി. വന്യതയിൽനിന്ന് ഇല്ലാതായി എന്ന പട്ടികയിൽനിന്ന് ആദ്യമായി ഐ.യു.സി.എൻ. ഒരു ജീവിയെ വംശനാശഭീഷണിയുള്ളത് എന്ന പട്ടികയിലേക്ക് തിരികെ മാറ്റി. പിന്നീട് സംരക്ഷിതസ്ഥലത്തിന്റെ 90 ശതമാനവും എണ്ണപര്യവേഷണത്തിനു തുറന്നുകൊടുത്തതോടെ ഒമാനിലെ അറേബ്യൻ ഒറക്‌സ് സാങ്‌ച്വറിയെ യുനസ്കോ ലോകപൈതൃകപട്ടികയിൽനിന്നു നീക്കം ചെയ്തു. അവിടെ 1996-ൽ 450 എണ്ണം ഉണ്ടായിരുന്ന ഒറക്‌സിന്റെ എണ്ണം 2007 -ൽ അനധികൃത നായാട്ടും ജീവനോടെ പിടിക്കലും കാരണം 65 ആയി ചുരുങ്ങുകയും ചെയ്തു.
ഒറക്‌സ് ജനുസിൽ ആകെയുള്ള നാലു സ്പീഷിസുകളിൽ ഏറ്റവും വലിപ്പം കുറഞ്ഞ അറേബ്യൻ ഒറക്സ് മാത്രമാണ് ആഫ്രിക്കയ്ക്കു പുറത്തുള്ളത് . ഇവയ്ക്ക് മണലും കാറ്റും നിറഞ്ഞ കഠോരമായ ചുറ്റുപാടുകളെ അതിജീവിക്കാനുള്ള കഴിവുകൾ ഉണ്ട്. തിളങ്ങുന്ന വെള്ളനിറത്തിലുള്ള ഇവയുടെ പുറംഭാഗം സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ വിരിഞ്ഞ കുളമ്പുകളാവട്ടെ മണലിൽക്കൂടി എളുപ്പത്തിൽ നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കാതെ ദീർഘകാലം ജീവിക്കാൻ ശേഷിയുള്ള അറേബ്യൻ ഒറക്‌സ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ദൂരങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിവുള്ളവയുമാണ്. രാവിലെയും വൈകുന്നേരവും സജീവമാകുന്ന ഇവർ പകൽസമയത്തെ കനത്ത ചൂടിൽ തണലത്തുവിശ്രമിക്കാൻ ഇഷ്ടപ്പെടുന്നു, കുളമ്പുകൊണ്ട് മണൽ മാന്തി തണുപ്പുള്ള മണലിൽ കിടക്കാനും ഇവയ്ക്കാവും. 30 എണ്ണങ്ങൾ വരെയുള്ള കൂട്ടങ്ങളായി കാണപ്പെടുന്ന അറേബ്യൻ ഒറക്‌സ് പ്രതികൂലസാഹചര്യങ്ങളിൽ എണ്ണം പകുത്ത് വ്യത്യസ്ത കൂട്ടങ്ങളാകാറുണ്ട്, അങ്ങനെയുള്ളപ്പോൾ ആൺ ഒറക്‌സുകൾ കൂട്ടം വിട്ട് ദൂരങ്ങളിലേക്കും പോകാറുണ്ട്.
അറേബ്യൻ ഗൾഫ് നാടുകളിലെ രാജ്യങ്ങളുടെയും കമ്പനികളുടെയും ദേശീയചിഹ്നങ്ങളിലുമെല്ലാം അറേബ്യൻ ഒറക്‌സിന്റെ ചിത്രീകരണങ്ങൾ കാണാം. ഖത്തർ എയർവേയ്സിന്റെ ലോഗോയിൽ കാണുന്ന മാൻ അറേബ്യൻ ഒറക്സ് ആണ്. ഒമാനിലെ അൽ മഹാ എയർവേയ്സ്, അൽ മഹാ പെടോളിയം എന്നിവയുടെ ലോഗോകളിൽ ഒറക്‌സ് ഉണ്ട്. വശത്തുനിന്നും ചില പ്രത്യേകകോണുകളിൽനിന്നും നോക്കുമ്പോൾ ഇവയുടെ ഒരേ നിരയിലുള്ള രണ്ടു കൊമ്പുകളും ഒരെണ്ണമാണെന്നു തോന്നാറുണ്ട്. അതുപോലെ എങ്ങാനും ഒരു കൊമ്പു നഷ്ടപ്പെട്ടാൽ പിന്നീടു വളരാത്ത പൊള്ളയായ കൊമ്പുകളായതു കാരണം ഇവരാവാം പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന കുതിരയുടെ ശരീരവും ഒറ്റക്കൊമ്പും ഉള്ള യൂണികോൺ എന്നും കരുതിപ്പോരുന്നു. മരുഭൂമിയിലെ യൂണികോൺ എന്നും ഇവയെ വിളിക്കാറുണ്ട്. ഇന്ന് വംശനാശഭീഷണിയുള്ള ജീവികളുടെ സംരക്ഷണത്തിന്റെ പര്യായമാണ് അറേബ്യൻ ഒറക്‌സ്.
Content Highlights: all things you need to know about arabian oryx, ecostory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..