ചീറ്റ, ഫോട്ടോ: ഷാഫി റഷീദ്, Mathrubhumi | One Horned Rhino, Photo: AFP
പരിസ്ഥിതി സംരക്ഷകരും ജീവശാസ്ത്രകാരന്മാരും പലപ്പോഴും ജീവികളുടെ ചുവപ്പ് പട്ടികയെക്കുറിച്ച് (red list) സംസാരിക്കാറുണ്ട്. എന്താണീ റെഡ് ലിസ്റ്റ് അഥവാ ചുവപ്പ് പട്ടിക? 1964-ല്‍ സ്ഥാപിതമായ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍' (IUCN) പ്രസിദ്ധീകരിക്കുന്ന ഭൂമിയിലെ വംശനാശം സംഭവിച്ചതും വംശനാശഭീഷണി നേരിടുന്നതും ദുര്‍ബലമായതുമായ സസ്യങ്ങളും മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന, തുടര്‍ച്ചയായി പുതുക്കലിന് വിധേയമായ ഒരു പ്രസിദ്ധീകരണമാണ് 'വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്'. നിലവില്‍, ഭൂമിയില്‍ 20 ലക്ഷത്തിലധികം തിരിച്ചറിഞ്ഞ ജീവിവര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ റെഡ് ലിസ്റ്റിനായി വിലയിരുത്തപ്പെട്ടിട്ടുള്ളൂ.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രതീകങ്ങളിലൂടെ 'ചുവപ്പ് പട്ടികയില്‍' ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍, സമീപഭാവിയില്‍ പലതിനും വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. 'വംശനാശം സംഭവിച്ചത്' (extinct), 'അപകടാവസ്ഥ' (endangered), 'ദുര്‍ബലമായത്' (vulnerable), 'ഭീഷണി നേരിടുന്നത്' (threatened) എന്നിവ വംശനാശവുമായി ബന്ധപ്പെട്ട ജീവിവര്‍ഗങ്ങളുടെ അപകടാവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചില വിശേഷണങ്ങളാണ്. ആദ്യത്തെ മൂന്നു വിഭാഗങ്ങളും കൂടി ചേര്‍ന്നാല്‍ 'ഭീഷണി നേരിടുന്നവ''(threatened) ആയി. ജീവിവര്‍ഗങ്ങളുടെ വംശനാശത്തിന്റെ അപകടസാധ്യത വിലയിരുത്തുന്നത് ചില മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ്. ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്.
IUCN റെഡ് ലിസ്റ്റ് ലോകത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പൊതുവായ ഒരു ആശയം നല്‍കുന്നു. ജീവികളുടെ ആകെ എണ്ണം, ആവാസവ്യവസ്ഥ, പരിധി, ഉപയോഗവും വ്യാപാരവും, ഭീഷണികള്‍, ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിസ്റ്റിൽനിന്ന് കിട്ടും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വനം-വന്യജീവി വകുപ്പുകള്‍, ബയോഡൈവേഴ്സിറ്റി ബോര്‍ഡ്, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ (എന്‍.ജി.ഒ.കള്‍), പ്രകൃതിവിഭവ ആസൂത്രകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, ജൈവ വിഭവങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് റെഡ് ലിസ്റ്റ് ഉപയോഗപ്രദമായിരിക്കും.
സസ്തനികള്‍, ഉഭയജീവികള്‍, പക്ഷികള്‍, പവിഴപ്പുറ്റുകള്‍, പൈന്‍ മരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്പീഷിസ് ഗ്രൂപ്പുകളെ വംശനാശഭീഷണിയുമായി ബന്ധപ്പെടുത്തി സമഗ്രമായി വിലയിരുത്തിയിട്ടുണ്ട്.നിലവിലുള്ള സ്പീഷിസുകളെ വിലയിരുത്തുന്നതിന് പുറമെ പുതിയ സ്പീഷിസുകളുടെ ഇന്നത്തെ നിലയും IUCN റെഡ് ലിസ്റ്റ് വീണ്ടും വിലയിരുത്തും. ഉദാഹരണത്തിന്, ചിലപ്പോള്‍ IUCN റെഡ് ലിസ്റ്റ് വിഭാഗങ്ങളുടെ സ്‌കെയിലില്‍ നിരവധി സ്പീഷിസുകളുടെ ഡൗണ്‍ലിസ്റ്റിംഗ് സംഭവിക്കുന്നത് (അതായത് മെച്ചപ്പെടുത്തല്‍) സംരക്ഷണ ശ്രമങ്ങള്‍ മൂലമാണ്. പക്ഷേ, ജൈവവൈവിധ്യം പൊതുവേ കുറഞ്ഞുവരികയാണ് എന്നു മനസ്സിലാക്കണം.
നിലവില്‍ IUCN റെഡ് ലിസ്റ്റില്‍ 1,502,300 ജീവികളുടെ വിവരങ്ങളുണ്ട്. ഇവയില്‍ 42,100-ലധികം സ്പീഷീസുകള്‍ വംശനാശഭീഷണി നേരിടുവയാണ്. പുതുതായി വിവരിച്ചിട്ടുള്ള സ്പീഷീസുകളും അത്ര അറിയപ്പെടാത്ത ഗ്രൂപ്പുകളില്‍നിന്നുള്ള സ്പീഷീസുകളും ആദ്യമായി വിലയിരുത്തപ്പെട്ട ആകെ സ്പീഷീസുകളുടെ 28 ശതമാനം വരും. ലോകത്ത് 41 ശതമാനം ഉഭയജീവികള്‍, 37 ശതമാനം സ്രാവുകളും തിരണ്ടികളും, 34 ശതമാനം കോണിഫറുകള്‍, 36 ശതമാനം റീഫ് പവിഴങ്ങള്‍, 27 ശതമാനം സസ്തനികള്‍, 13 ശതമാനം പക്ഷികള്‍, 28 ശതമാനം തിരഞ്ഞെടുത്ത ക്രസ്റ്റേഷ്യനുകള്‍, 21 ശതമാനം ഉരഗങ്ങള്‍, 69 ശതമാനം ഈന്തുകള്‍ (cycads) എന്നിവ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജീവകളുടെ എണ്ണത്തിലെ ഇടിവിന്റെ നിരക്ക്, ആകെയെണ്ണം, ഭൂമിശാസ്ത്രപരമായ വിതരണത്തിന്റെ വലിപ്പം, വിതരണ വിഘടനം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 'വംശനാശം സംഭവിച്ചത് (extinct) മുതല്‍ 'മൂല്യനിര്‍ണയം ചെയ്യപ്പെടാത്തത്' (not evaluated) വരെ ഒമ്പത് ഗ്രൂപ്പുകളായി IUCN റെഡ് ലിസ്റ്റ് തരംതിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 8 ല്‍ നിന്നും 1 ലേക്ക് പോകുമ്പോള്‍ ഭീഷണി വര്‍ധിച്ചു വരുതായി കാണാം. ഒന്നാം ഗ്രൂപ്പില്‍ ജീവികളില്ല, വംശനാശം സംഭവിച്ചു കഴിഞ്ഞു. 'ദുര്‍ബലമായത്' (vulnerable) 'അപകടാവസ്ഥ' (endangered) 'ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവ' (critically endangered) എന്നീ വിഭാഗങ്ങളിലെ സ്പീഷീസുകളെ മൊത്തത്തില്‍ 'ഭീഷണി നേരിടുന്നവ' (threatened) എന്ന് വിശേഷിപ്പിക്കുന്നു.
1. വംശനാശം സംഭവിച്ചത് (Extinct, EX)
ഇവ വംശനാശം സംഭവിച്ചു കഴിഞ്ഞവയാണ്. സമഗ്രമായ സര്‍വേകള്‍ വഴി ഒരു ജീവിയെ രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഇത് ചെയ്യുന്നത്. മാമ്മത്ത്, ദിനോസര്‍, ഡോഡോ എന്നിവ ഉദാഹരണങ്ങള്‍, അടുത്തകാലത്ത് വംശനാശം സംഭവിച്ചവയാണ് പാസഞ്ചര്‍ പ്രാവും, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കറുത്ത കാണ്ടാമൃഗവും. ഇവ വംശനാശം സംഭവിച്ചതായി യഥാക്രമം 1914, 2011 എന്നീ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചു.
2. കാട്ടില്‍ വംശനാശം സംഭവിച്ചത് (Extinct in the wild, EW)
കൃഷിയിലോ, വളര്‍ത്തു കേന്ദ്രത്തിലോ, അല്ലെങ്കില്‍ തദ്ദേശീയമായ ഒരു ജനവാസമേഖലയിലോ മാത്രം ജീവിക്കുവയാണ് ഇവ. സാധാരണഗതിയില്‍ ഒരു ജീവിവര്‍ഗ്ഗത്തെ 50 വര്‍ഷമായി കാടുകളില്‍ കാണാതിരുന്നാല്‍ ഇതുപോലെ വംശനാശം സംഭവിച്ചതായി ലിസ്റ്റ് ചെയ്യും.
3. ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ (Critically endangered, CR)
വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയുടെ എണ്ണം ഗുരുതരമായ തലത്തിലേക്ക് കുറയുകയോ ആവാസ വ്യവസ്ഥകള്‍ ഗണ്യമായി മാറുകയോ ചെയ്യുമ്പോള്‍ വന്യജീവികള്‍ക്ക് വംശനാശം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവയെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളായി കണക്കാക്കും.
4. അപകടാവസ്ഥ (Endangered, EN)
വന്യാവസ്ഥയില്‍ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗത്തെ 'അപകടാവസ്ഥ' എന്ന പട്ടികയില്‍ പെടുത്തും. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഭീഷണി വര്‍ദ്ധിച്ചു വരും.
5. ദുര്‍ബലമായത് (Vulnerable,VU)
വംശനാശം സംഭവിക്കാനുള്ള അപകടസാധ്യത ഇവയ്ക്കുമുണ്ട്. ദുര്‍ബലമായ ഒരു ജീവിവര്‍ഗത്തിന്റെ കാര്യത്തില്‍, അമിതമായ ചൂഷണമോ ആവാസവ്യവസ്ഥയുടെ നാശമോ കാരണം അവയുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞേക്കാം. ദുര്‍ബലമായ ഒരു ജീവജാലം ഇപ്പോള്‍ സമൃദ്ധമായിരിക്കാം, എന്നാല്‍ അമിതമായ ചൂഷണമോ ആവാസവ്യവസ്ഥയുടെ നാശമോ പോലുള്ള ദുര്‍ബലതയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, അവ അപകട ഭീഷണിയില്‍ തന്നെയാണ്.
6. വംശനാശ ഭീഷണിക്കു അരികെ (Near threatened, NT)
ഒരു ജീവിവര്‍ഗത്തെ മുകളില്‍ പറഞ്ഞ മൂന്ന് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് 'ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ', 'അപകടാവസ്ഥ' അല്ലെങ്കില്‍ 'ദുര്‍ബലമായത്' എന്നീ അവസ്ഥകളില്‍ പെടുന്നില്ല, എന്നാല്‍, സമീപഭാവിയില്‍ ഇതിലേതെങ്കിലും ഭീഷണി നേരിടാന്‍ സാധ്യതയുള്ള ഒരു വിഭാഗം. ചിലപ്പോള്‍, അത്തരം ഒരു ജീവിയെ അപൂര്‍വ (rare) ജീവിയായും കരുതും.
7. ഏറ്റവും കുറഞ്ഞ ആശങ്ക (Least concern, LC)
മുകളില്‍ പറഞ്ഞ നാല് മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിലയിരുത്തിയപ്പോള്‍, ഒരു സ്പീഷീസ് ഏറ്റവും കുറഞ്ഞ ആശങ്കയുള്ളവ ആയാണ് കാണുന്നത്, എന്നാല്‍ 'ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ', 'അപകടാവസ്ഥ', 'ദുര്‍ബലമായവ', അല്ലെങ്കില്‍ 'വംശനാശ ഭീഷണിക്ക് അരികെ' എന്നിവയില്‍ ഉള്‍പ്പെടുന്നില്ല. അവക്ക് സമീപഭാവിയില്‍ വംശനാശം സംഭവിക്കാന്‍ സാധ്യതയില്ല. എന്തുകൊണ്ടാവും IUCN റെഡ് ലിസ്റ്റില്‍ ഏറ്റവും കുറഞ്ഞ ആശങ്കയുള്ള സ്പീഷീസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്? വംശനാശത്തിന്റെ സാധ്യത കുറവാണെങ്കിലും, ആഗോള ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ അവ ഇപ്പോഴും പ്രധാനമാണ്. ഈ ജീവിവര്‍ഗങ്ങളെ നിരീക്ഷിക്കുകയും ഭാവിയില്‍ അവ ഭീഷണിയിലാകാതിരിക്കാന്‍ ഉചിതമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
8. ഡാറ്റാ കുറവ് (Data deficient, DD)
ഒരു സ്പീഷിസിനെ അതിന്റെ വിതരണവും എണ്ണവും അടിസ്ഥാനമാക്കി വംശനാശത്തിന്റെ അപകടസാധ്യത നേരിട്ട് അല്ലെങ്കില്‍ പരോക്ഷമായി വിലയിരുത്തുന്നതിന് മതിയായ വിവരങ്ങള്‍ ഇല്ലെങ്കില്‍ 'ഡാറ്റാ കുറവുള്ള' വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഈ വിഭാഗത്തിലെ സ്പീഷീസിന്റെ സമൃദ്ധിയെയും വിതരണത്തെയും കുറിച്ച് മതിയായ വിവരങ്ങള്‍ ലഭ്യമായിരിക്കില്ല, അതിനാല്‍, ഈ വിഭാഗത്തെ ഭീഷണിയുടെ ഒരു വിഭാഗമായി പരാമര്‍ശിക്കാന്‍ കഴിയില്ല, കൂടാതെ 'ഡാറ്റ ഡിഫിഷ്യന്റ്' എന്ന് ലിസ്റ്റുചെയ്യുന്നത് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു.
9. മൂല്യനിര്‍ണ്ണയം ചെയ്യാത്തവ (Not evaluated, NE)
ഒരു സ്പീഷീസ് IUCN വെബ്സൈറ്റില്‍ ഇല്ലെങ്കില്‍, അതിനെ മൂല്യനിര്‍ണ്ണയം ചെയ്യാത്തവയായി (Not evaluated) കണക്കാക്കും.മതിയായ ഡാറ്റ ഇല്ലാത്തതിനാല്‍ ഒരു വിലയിരുത്തലും നടത്തിയിട്ടില്ല. IUCN റെഡ് ലിസ്റ്റ് ഉള്‍പ്പെടുന്ന വെബ്സൈറ്റില്‍ മൂല്യനിര്‍ണ്ണയം ചെയ്യാത്ത സ്പീഷീസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്നില്ല
Content Highlights: about all you need to know about iucn and red list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..