
വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിർണായകമായ വോട്ടെടുപ്പ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ പോളിംഗ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷെയറിലെ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടാണ് ഇവിടെ ലഭിച്ചത്. ഇവിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ 33 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. വെർമോൺട് സംസ്ഥാനത്തും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരും സാധാരണക്കാരുമെല്ലാം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോൾ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 5.30-നും 7.30-നുമിടയിൽ വോട്ടെടുപ്പ് അവസാനിക്കും. വോട്ടെടുപ്പ് പൂർത്തിയായാൽ എക്സിറ്റ് പോൾ ഫലം പുറത്തെത്തും. അപ്പോൾ വിജയിയെ അറിയാനാകും. എന്നാൽ, ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനേ ഉണ്ടാകൂ. 17 കോടി വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 7.5 കോടി പേർ ബാലറ്റിലൂടെയും ഇ-മെയിൽ മുഖേനയും മുൻകൂർ വോട്ട് ചെയ്തിട്ടുണ്ട്.
ട്രംപ് ജയിച്ചാൽ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യു.എസ്. പ്രസിഡന്റാകുന്ന വ്യക്തിയെന്ന ഖ്യാതി അദ്ദേഹത്തിന് സ്വന്തമാകും. കമലയ്ക്കാകട്ടെ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ഏഷ്യൻ വംശജ എന്നീ നേട്ടങ്ങളും.
Content Highlights: Voting for the 47th US President is underway across various states
Published: 05 Nov 2024, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented