
കമലാഹാരിസിന് മുത്തുമാല ഇഷ്ടമാണെന്ന ഒറ്റക്കാരണംകൊണ്ട് മുത്തുമാല ധരിച്ച് നടക്കുന്നവളാണ് ചിക്കാഗോയില്‍ നിന്നുള്ള 64-കാരിയായ ജോയ് ഹാള്‍ട്സ്. ഇന്ത്യന്‍ പര്യടനത്തിനായി ഓഗസ്റ്റിലെത്തിയ അവര്‍ക്ക് അതുകൊണ്ടുതന്നെ ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നില്ല കമലാഹാരിസിന്റെ വേരുകളുള്ള തമിഴ്നാട്ടിലെ തുളസേന്ദ്രപുരം എന്ന ഗ്രാമത്തിലേക്കുള്ള വരവ്.
ട്രംപിന്റെ ആധികാരിക മുന്നേറ്റം വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഗ്രാമ ശ്രീകോവിലിനു മുന്നിലിരുന്ന അവരുടെ മുഖം വാടി. സ്ത്രീകളുടെ ഗര്‍ഭഛിദ്ര അവകാശം ഇല്ലാതാക്കുന്ന സമീപനമാണ് ട്രംപിന്റെ വിജയത്തെ ആരോഗ്യപ്രവര്‍ത്തക കൂടിയായ ജോയ് ഭയക്കാനുള്ള പ്രധാന കാരണം. അതവരുടെ സ്വസ്ഥത കെടുത്തി. ഇന്നലെവരെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ കമലാഹാരിസിനായി പ്രാര്‍ഥിച്ചും പൂജയര്‍പ്പിച്ചും ആകാംക്ഷയോടെ കാത്തിരുന്നവളാണ് ജോയ്. വാര്‍ത്തയുടെ ഞെട്ടലില്‍ കൂടുതൽനേരം ഇവിടെ നില്‍ക്കാനാവാതെ ഉച്ചയോടെ അവള്‍ മടങ്ങി. ആഘോഷാന്തരീക്ഷത്തിലായിരുന്നു ക്ഷേത്രപരിസരവും ഗ്രാമവും ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയായത് പെട്ടെന്നായിരുന്നു.
തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്രപുരം എന്ന കുഗ്രാമം ലോകമറിയുന്നത് മൂന്ന് വര്‍ഷം മുമ്പുള്ള കമലാ ഹാരിസ്സിന്റെ വൈസ് പ്രസിഡന്റ് പദവിയോടെയായിരുന്നു. അന്ന് കമല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പടക്കം പൊട്ടിച്ചാഘോഷിച്ച തുളസേന്ദ്രപുരം ഗ്രാമവാസികള്‍ ഇത്തവണ കമലയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെ അതിലേറെ പ്രതീക്ഷയോടെയാണ് വരവേറ്റിരുന്നത്.

കമലഹാരിസിന്‍റെ അമ്മവഴിക്കുള്ള കുടുംബക്ഷേത്രമായ തുളസേന്ദ്രപുരത്തെ ശാസ്താക്ഷേത്രത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി വിവിധതരം പൂജകളും പ്രാര്‍ഥനകളും അര്‍ച്ചനകളും കമലക്കായി നടത്തിവരികയായിരുന്നു നാട്ടുകാരും അഭ്യുദയകാംഷികളും. ഇന്ത്യാ സന്ദര്‍ശിക്കാനെത്തിയ വിദേശികളും പലവിധപൂജകളും പ്രാര്‍ഥനകളും നടത്തി. പ്രദേശത്തെ കൗണ്‍സിറുടെയും കുടുംബത്തിന്റെയും വകയായി ഗ്രാമത്തിലേക്കുള്ള പല കവലകളിലും കമലാഹാരിസിന് വിജയമാശംസിച്ചുകൊണ്ടുള്ള ഫ്ലക്സുകളും നിരന്നിരുന്നു. എന്നാല്‍ ഉച്ചയോടെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ട്രംപ് ആധികാരിക മുന്നേറ്റം ഉറപ്പിച്ചതോടെ ക്ഷേത്രവും പരിസരവും മൂകമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമസംഘങ്ങളുടെ മുഖത്തും നിരാശ പടര്‍ന്നു. കൂട്ടത്തില്‍ ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നും ഓസ്ട്രേലിയയില്‍നിന്നും വരെ വിജയവാര്‍ത്തയുടെ ആഘോഷം ജനങ്ങളിലേക്കെത്തിക്കാന്‍ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു.
കമലയുടെ ജയമാഘോഷിക്കാനായി തുളസേന്ദ്രപുരത്തെ കോവിലിലെത്തിയതായിരുന്നു അന്നാട്ടില്‍ വേരുകളുള്ള അമേരിക്കയിലെ സിയാറ്റിലില്‍ സ്ഥിരതാമസക്കാരിയായ ദുജാത. അമേരിക്കന്‍ പൗരത്വമുള്ള ദുജാത കമലയ്ക്കുള്ള തന്റെ വോട്ടു രേഖപ്പെടുത്തിയാണ് ഇന്ത്യയിലെത്തിയത്. 'അഭിമാനത്തോടെയാണ് ഞാന്‍ കമലാക്കക്കുള്ള വോട്ടു രേഖപ്പെടുത്തിയത്. ഈ ഫലത്തില്‍ നിരാശയുണ്ട്. പക്ഷെ, ഒബാമയെയും മിഷേലിനെയും പോലെ നേതൃത്വനിരയില്‍ അവരുണ്ടാകുമെന്നത് സന്തോഷമാണ്', ദുജാത പ്രതീക്ഷ പങ്കുവെച്ചു.
കഴിഞ്ഞ കുറെദിവസങ്ങളായി കമലാഹാരിസിനായി വിവിധ പൂജകളും അര്‍ച്ചനകളും ചെയ്യുന്ന വ്യക്തിയാണ് ക്ഷേത്ര പൂജാരിയായ നടരാജന്‍. 12 മണിക്കുള്ള അവസാന പൂജയം കഴിച്ച് നടയടച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തും കണ്ടു ചെറുദുഃഖ ഭാവം. ക്ഷേത്രത്തിനു സമീപം തന്നെയായിരുന്നു കമലയുടെ അമ്മ ശ്യാമള ഗോപാലന്റെ പിതാവ് പി.വി ഗോപാലന്‍ താമസിച്ചിരുന്ന അഗ്രഹാരം. പല വീടുകളിലും താമസക്കാരായുള്ളത് വയസ്സായ ചില മനുഷ്യര്‍. കമല തോറ്റുവെന്ന വാര്‍ത്ത എൺപത് കടന്ന മീനാക്ഷി, കമലാക്ഷി, നാഗലക്ഷ്മി സഹോദരങ്ങളെ അറിയിച്ചപ്പോള്‍ കടവുളൈ എന്ന് നെഞ്ചില്‍ നിന്നുള്ള നിസ്സഹായമായ വിളി മാത്രമാണ് അവരില്‍നിന്ന് വന്നത്.
Content Highlights: Kamala Harris Loses US Election: Disappointment in Her Ancestral Village
Published: 07 Nov 2024, 08:16 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented