നിലമ്പൂര്‍: പി.വി അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വറിന്റെ പ്രചാരണാര്‍ഥം നിലമ്പൂരിലെത്തിയതായിരുന്നു യൂസഫ്.

To advertise here,

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി തന്റെയും പിന്തുണ അന്‍വറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അന്‍വറെന്നും അതിനാല്‍തന്നെ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അദ്ദേഹത്തെ 'പ്ലെയര്‍ ഓഫ് ദ മാച്ചാ'ക്കുമെന്നും യൂസഫ് പറഞ്ഞു.

നിലമ്പൂരിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് അന്‍വറിനായി യൂസഫ് പത്താന്‍ നിലമ്പൂരിലെത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതല്‍ നിലമ്പൂര്‍ ടൗണ്‍വരെ പിവി അന്‍വറിനൊപ്പം യൂസഫ് പത്താന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താന്‍ സംസാരിക്കും.