നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചാല്‍ പി.വി. അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കാമെന്ന് മുന്നണി യോഗത്തില്‍ തീരുമാനം. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്താല്‍ മുന്നണിയില്‍ അസോസിയേറ്റ് മെമ്പറാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിച്ചാല്‍ അസോസിയേറ്റ് മെമ്പറായി അദ്ദേഹത്തെ കൊണ്ടുവരാമെന്നാണ് യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തത്. അത് അന്‍വറിനെ ടെലഫോണ്‍വഴി അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാളുകളില്‍ യുഡിഎഫുമായി സഹകരിച്ച് എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായ തീരുമാനം അന്‍വര്‍ കൈക്കൊള്ളുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 

യുഡിഎഫുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ മുന്‍പ് ഒരാവശ്യം ഉന്നയിച്ചിരുന്നു. തങ്ങള്‍ അത് കേള്‍ക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെ അദ്ദേഹം യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് എതിരായി ചില കാര്യങ്ങള്‍ ഉന്നയിച്ചു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ അദ്ദേഹത്തെ മോശക്കാരനാക്കി വര്‍ത്തമാനം പറയുന്നത് ശരിയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു.

യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നാലെയാണ് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. യുഡിഎഫ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോവുകയാണെന്നും പ്രകാശ് പറഞ്ഞു.