
നിലമ്പൂര്‍: രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. 74.35 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ല. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്മെന്റ് എല്‍പി സ്കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര്‍ കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 നാള് നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്.
പോളിംഗ് നില
രാവിലെ 7 മുതൽ 9 വരെ - 13.15 %
11 മണി വരെ - 30.15 %
1 മണി വരെ - 46.73 %
3 മണി വരെ - 59.68 %
5 മണി വരെ - 70.76 %
Content Highlights: Nilambur by-election concludes, Peaceful voting amidst rain
Published: 19 Jun 2025, 06:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented